അവര്‍ ഭയപ്പെട്ടപോലെ ഒടുവില്‍ അതുസംഭവിച്ചു. റിയോ ഡി ജാനിറോവിലെ ബ്രസീല്‍ നാഷണല്‍ മ്യൂസിയം അഗ്നിക്കിരയായി. മ്യൂസിയത്തിലെ അനവധി ജീവനക്കാരും അതുമായി ബന്ധപ്പെട്ട നിരവധി ഗവേഷകരും ഇത്തരമൊരു ആപത്തിനെക്കുറിച്ച് പലവട്ടം അധികൃതരെ കാര്യങ്ങള്‍ അറിയിച്ചിരുന്നു. വേണ്ടത്ര ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ കഴിഞ്ഞ തിങ്കളാഴ്ചത്തെ തീപിടിത്തത്തില്‍നിന്നും ഈ ലോകപ്രശസ്ത മ്യൂസിയത്തെ ഒഴിവാക്കാമായിരുന്നു.
ആയിരക്കണക്കിന്, ഒരുപക്ഷേ ദശലക്ഷക്കണക്കിനുള്ള ചരിത്രത്തിന്റെ അടയാളങ്ങളില്‍ പലതും നഷ്ടമായി. തൊണ്ണൂറു ശതമാനവും കത്തിച്ചാമ്പലായതായി കണക്കാക്കുന്നു. ഏതാണ്ട് 20 ദശലക്ഷം വസ്തുതകളാണ്, വസ്തുക്കളാണ് ഇങ്ങനെ കത്തിനശിച്ചത്. ചിലത് പാതികരിഞ്ഞും പോയിട്ടുണ്ട്. പന്തീരായിരം വര്‍ഷത്തെ പഴക്കമുള്ള ലൂസിയ എന്നപേരില്‍ അറിയപ്പെടുന്ന തലയോട്ടിയുള്‍പ്പെടെ അമൂല്യമായ പലതും വെന്തു വെണ്ണീറായി. നൂറുകണക്കിന് ആള്‍ക്കാരാണ് തീയും പുകയുംകണ്ട് ഓടിക്കൂടിയത്. അവര്‍ കരച്ചിലിനൊപ്പം സംരക്ഷണജോലിയും ഏറ്റെടുത്തിരുന്നു. മ്യൂസിയം കത്തുന്ന പുക നഗരത്തില്‍ കണ്ടത് വലിയൊരു അസ്വസ്ഥതയുടെ അടയാളമായിട്ടാണ് ബ്രസീലുകാര്‍ കരുതുന്നത്. ആളപായമില്ല. ഇരുന്നൂറു വര്‍ഷം പഴക്കമുള്ള മ്യൂസിയത്തിന്റെ ഇരുന്നൂറാം വാര്‍ഷികം ആഘോഷിക്കാനിരിക്കെയാണ് തീപടര്‍ന്നത്. ലാറ്റിന്‍ അമേരിക്കയിലെ ഏറ്റവും വലിയ മ്യൂസിയമാണിത്. എങ്ങനെ കത്തിപിടിച്ചെന്ന അന്വേഷണത്തിലാണ് അധികൃതര്‍. ഷോര്‍ട്ട് സര്‍ക്യൂട്ട് ആയിരിക്കാമെന്ന് നിഗമനമുണ്ട്.
കുറെനാളായി അരക്ഷിതാവസ്ഥയുടെ നാളുകളിലാണ് ബ്രസീല്‍. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒളിംമ്പിക്സിന്റെകാലത്തുണ്ടായിരുന്ന ഉണര്‍വും ഉണര്‍ച്ചയും പെട്ടെന്ന് ഇല്ലാതായി. തൊഴിലില്ല. സ്ക്കൂളുകളും ലൈബ്രറികളുംപോലും അടച്ചിടേണ്ടിവന്നു.അഴിമതിയും കെടുകാര്യസ്ഥതയുംകൊണ്ട് പൊറുതി മുട്ടുന്നതിനിടയിലാണ് ഇപ്പോള്‍ ഈ അഗ്നിനാശവും. ബ്രസീലുകാര്‍ക്ക് അഞ്ഞൂറു വര്‍ഷത്തെ ചരിത്രമേയുള്ളൂ. മ്യൂസിയത്തിന് ഇരുന്നൂറുവര്ഷത്തേയും. പക്ഷേ എന്നന്നേയ്ക്കുമായി കത്തിനശിച്ചത് എക്കാലത്തേയും ചരിത്രമാണ്. ചാരത്തില്‍നിന്നും ഞങ്ങള്‍ എല്ലാംവീണ്ടെടുക്കുമെന്നും തങ്ങളിപ്പോള്‍ കരയുന്നതിനൊപ്പം ജോലി ചെയ്യുകയാണെന്നും മ്യൂസിയവുമായി ബന്ധപ്പെട്ടവര്‍ പറയുന്നു. ബി.സി.48ലെ മഹത്തായ അലക്സാണ്ട്റിയ ലൈബ്രറി കത്തിയതിനു തുല്യമായിട്ടാണ് ചിലര്‍ ഈ നാശത്തെ കാണുന്നത്. റിയോ ഡി ജാനിറോയുടേയോ ബ്രസീലിന്റെയോ മാത്രമല്ല ലോകത്തിന്റെ ചരിത്രം തന്നെയാണ് കത്തി നശിച്ചതെന്ന് മ്യൂസിയം ഡയറക്ററര്‍ അലക്സാണ്ടര്‍ കെല്‍നര്‍ വേദനയോടെ പറയുന്നു. തങ്ങള്‍ക്ക് സമൂഹത്തിന്റെ സഹായമാണ് ഇപ്പോള്‍ ആവശ്യം. പൈതൃകത്തിന്റെ ഒരു ഭാഗം തങ്ങളില്‍നിന്നും എടുക്കപ്പെട്ടിരിക്കുന്നു. ചരിത്രം നമ്മളില്‍നിന്നും നഷ്ടപ്പെടാന്‍ നാം അനുവദിച്ചുകൂടാ. കാരണം അത് ബ്രസീലിന്റെ മാത്രം ചരിത്രമല്ല,നമ്മുടെ ഓരോരുത്തരുടേയും ചരിത്രമാണ്, കെല്‍നര്‍ പറയുന്നു.
മ്യൂസിയം വേണ്ടുംവിധം സംരക്ഷിച്ചില്ലെന്നും ഗ്രാന്റ് വെട്ടിക്കുറച്ചെന്നും പണ്ടേ ആരോപണമുണ്ട്. പ്രതിക്കൂട്ടിലായ സര്‍ക്കാരിനോടുള്ള പ്രതിഷേധം പോലീസുമായി ഏറ്റുമുട്ടിയാണ് ജനം തീര്‍ത്തത്. ലോകപ്രശസ്ത ബ്രസീലിയന്‍ എഴുത്തുകാരന് പൗലോ കൊയ്ലോ പറഞ്ഞത് ബ്രസീല്‍ ഗംഭീര രാജ്യമാണ്, മനോഹരമായ രാജ്യമാണ്. പക്ഷേ വിദ്യാഭ്യാസമില്ലാതെ കെട്ടുപോയിരിക്കുന്നു എന്നാണ്. എല്ലാം അതിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: