ആദ്യ കണ്മണിയെ കാണുംമുന്‍പേ കാലത്തിരശ്ശീലയ്ക്കു പിന്നിലായ പിതൃവേദനയ്ക്ക് എന്തുപേരിടും. രാജീവ് ബാലകൃഷ്ണന് എന്ന സംവിധായകനോടും വിധി ചെയ്തത് അതാണ്. ആദ്യ സിനിമ വെളിച്ചംകാണുംമുന്പേ തിരിച്ചുവിളിക്കുകയായിരുന്നു. രാജീവ് സംവിധാനം ചെയ്ത ചിത്രം ‘ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ’ റിലീസിനു തയ്യാറെടുക്കുകയാണ്.
ഹൃദയസ്തംഭനംമൂലം കഴിഞ്ഞവര്‍ഷമാണ് രാജീവ് ബാലകൃഷ്ണന് മരിച്ചത്. സ്വതന്ത്രമായ ആദ്യസിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി തിരക്കഥയിലില്ലാത്ത ഒരു ട്വിസ്്റ്റുപോലെ ജീവിതത്തില്നിന്നുതന്നെയൊരു പിന്മടക്കം.
പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജിത്തിന്റെ ജ്യേഷ്ഠനാണ് രാജീവ്. രഞ്ജിത്തിന്റെ ഒട്ടുമിക്ക ചിത്രങ്ങളിലും അദ്ദേഹം സഹകരിച്ചിട്ടുണ്ട്. രാജീവുമായുള്ള അടുത്ത ബന്ധവും സംവിധായകനെന്ന നിലയിലുള്ള വേറിട്ട കാഴ്ചപ്പാടുമാണ് അദ്ദേഹത്തെ തങ്ങളുടെ ആദ്യ ചിത്രമായ ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെയുടെ സംവിധാനം ഏല്‍പ്പിക്കാന്‍ കാരണമെന്ന്് നിര്‍മാതാക്കളായ റഷീദ് വയനാടും വിനോദ് ഐസക്കും പറഞ്ഞു. ഷൂട്ടിങ് പൂര്‍ണ്ണമായും തീര്ന്ന്് എഡിറ്റിങ് നടന്നുകൊണ്ടിരിക്കെ വീട്ടില്‍പോയശേഷം നെഞ്ചുവേദനയെതുടര്‍ന്ന് ആശുപത്രിയില്വെച്ചു മരിക്കുകയായിരുന്നു. നേരത്തെ വൃക്ക സംബന്ധിച്ച് അസുഖമുണ്ടായിരുന്നു.
തകര്ന്നുപോയെന്നല്ല തങ്ങള്‍ മരിച്ചവരെപ്പോലെയായെന്ന് നിര്‍മാതാക്കള്‍ പറയുന്നു. സംവിധായകനെക്കാളും നല്ലൊരു മനുഷ്യനേയും സുഹൃത്തിനേയുമാണ് നഷ്ടപ്പെട്ടത്. സിനിമാക്കാരന്റെ അഹന്തയോ നാട്യമോ ഒട്ടുമില്ലാതെ സര്‍വസാധാരണക്കാരനായി എല്ലാവരോടും ഇടപഴകുകയും അവരിലൊരാളായി മാറുകയും ചെയ്യുന്ന അസാധാരണ വ്യക്തിത്വം. എസി മുറി വേണ്ടെന്നു പറഞ്ഞ് സാധാരണ മുറിയില്‍ തങ്ങുന്ന ഒരു സിനിമാസംവിധായകനെക്കുറിച്ച് സങ്കല്‍പ്പിക്കാമോ. അതായിരുന്നു രാജീവ് ബാലകൃഷ്ണന്. നല്ല മനുഷ്യനായ സംവിധായകനും സംവിധായകനിലെ നല്ല മനുഷ്യനും.
സിനിമാ സെറ്റിലെത്തുന്നവര് സംവിധായകന് എവിടെയെന്നു തിരക്കുമായിരുന്നു. പ്രൊഡക്ഷനിലെ ആള്‍ക്കാര്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്ന സംവിധായന് അവര്‍ക്ക് അതിശയമായിരുന്നു. ടെന്‍ഷനില്ലാത്ത സെറ്റായിരുന്നു രാജീവിന്റേത് . എല്ലാവര്ക്കും അവരവരുടേതായ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. സെറ്റിലെ അനാവശ്യ ഒച്ചയും ബഹവുമൊന്നുമില്ലാതെ സ്നേഹവായ്പ്പോടെ വ്യക്തമായ നിര്‍ദേശങ്ങള്‍ കൊടുത്തിരുന്ന വേറിട്ടൊരാള്‍. കഥാസന്ദര്‍ഭവും പശ്ചാത്തലവും മൂഡുമൊക്കെയായി ഓരോ സീനും ക്യാമറാമാനുമായി സവിസ്തരം ചര്‍ച്ച ചെയ്യുമായിരുന്നു.
നഷ്ടപ്പെട്ടത് സംവിധായകനെ മാത്രമല്ല ഒപ്പം നടന്നൊരാളിനെക്കൂടിയാണ്. അതുകൊണ്ടുതന്നെ ആ വേര്‍പാട് സഹിക്കാനായില്ല. ഒന്നും ചെയ്യാനാവാത്ത വലിയൊരു അനാഥത്വത്തിന്റെ എന്തെന്നില്ലാത്ത ഏകാന്തതയിലായിരുന്നു. അങ്ങനെ കുറച്ചുനാള്‍ വെറുതെയിരുന്നു. അതിനാലാണ് സിനിമ നീണ്ടുപോയത്. ആഗസ്റ്റ് 31 ന് റിലീസ് വെച്ചിരുന്നത് പ്രളയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ നീട്ടിവെക്കേണ്ടിവന്നു.
സാധാരണ കോമഡിച്ചിത്രങ്ങളുടെ രീതിയില്‍നിന്നും മാറി വ്യത്യസ്തമായ നര്‍മഭാവനയില്‍ ഉരുത്തിരിഞ്ഞ ചിത്രമാണ് ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ. സിനിമയ്ക്കുളളിലെ സിനിമയാണ് പ്രമേയം. സിനിമയെക്കുറിച്ച് ഒന്നും അറിയാത്ത ഒരാള്‍ സിനിമാ നിര്‍മാതാവായി എത്തുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങളാണ് ഇതിവൃത്തം.
ഡിവൈന്‍ ഫിലിംസിന്റെ ബാനറില്‍ വയനാട്ടിലും എറണാകുളത്തുമായി ചിത്രീകരിച്ച, സിനിമാ ടിവി രംഗത്തെ 150-ലധികം താരങ്ങള്‍ അണിനിരക്കുന്ന ചിത്രം. ദേവന്, കോട്ടയം നസീര്‍, ജാഫര്‍ ഇടുക്കി, ശശി കലിംഗ, നാരായണന് കുട്ടി, തെസ്നി ഖാന്, കൊളപ്പുള്ളി ലീല, കനകലത, അര്‍ച്ചന, ഗീതാ വിജയന് തുടങ്ങിയവരാണ് അഭിനേതാക്കള്‍. ശെല്‍വരാജ് പെലിക്കോട് കഥയും മിത്രന് വെള്ളാഞ്ചിറ തിരക്കഥയും സംഭാഷണവും എഴുതുന്നു. ഗാനരചന തമലം തങ്കപ്പന്. സംഗീതം വി കെ ഹരീഷ് മണി. ക്യാമറ സുഭാഷ്. എഡിറ്റിംഗ് സാജന്.വിജയ് യേശുദാസ്, അഫ്സല്, സരിത എന്നിവര്‍ പാടിയിരിക്കുന്നു. പി.ആര് .ഒ എ എസ് ദിനേശ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: