കൊച്ചി : പ്രളയം കേരളത്തിലെ സിനിമാ മേഖലയെയും പ്രതിസന്ധിയിലാക്കി. ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന ഓണ സീസണിലെ റിലീസുകള്‍ അനിശ്ചിതത്വത്തിലായി. സിനിമാ ഷൂട്ടിങ്ങുകള്‍ നിലച്ചതും തിരിച്ചടിയായി.
നിവിന്‍പോളിയും മോഹന്‍ലാലും ഒന്നിക്കുന്ന ‘കായംകുളം കൊച്ചുണ്ണി’, മമ്മൂട്ടിയുടെ ‘ഒരു കുട്ടനാടന്‍ ബ്ളോഗ്’ , ഫഹദ് ഫാസിലിന്റെ ‘വരത്തന്’, ബിജുമേനോന്റെ ‘പടയോട്ടം’, ടൊവിനോയുടെ ‘തീവണ്ടി’ എന്നീ ചിത്രങ്ങളാണ് ഓണറിലീസിനായി തയാറെടുത്തിരുന്നത്. ഇതില്‍ ‘കായംകുളം കൊച്ചുണ്ണി’യുടെ മാത്രം നിര്‍മാണചെലവ് 45 കോടി രൂപയാണ്. മറ്റു ചിത്രങ്ങളുടെ നിര്‍മാണചെലവ് കൂടിയാവുമ്പോള്‍ 100 കോടിയോളം രൂപ മുതല്‍മുടക്കിയ ചിത്രങ്ങളുടെ റിലീസാണ് അനിശ്ചിതത്വത്തിലായത്. ജനങ്ങള്‍ ദുരിതത്തിലായതോടെ ഇത്തവണത്തെ ഓണാവധിക്ക് ജനങ്ങള്‍ തീയേറ്ററിലെത്തില്ല. തിരുവനന്തപുരം, കൊല്ലം, കാസര്‍കോട് ജില്ലകള്‍ ഒഴികെയുള്ളയിടങ്ങളില്‍ നിരവധി തീയേറ്ററുകളില്‍ വെള്ളപ്പൊക്കം കനത്ത നാശനഷ്ടമുണ്ടാക്കിയിട്ടുണ്ട്.
വെള്ളമിറങ്ങിയശേഷം ഈ തീയേറ്ററുകളുടെ അറ്റകുറ്റപ്പണികള്‍ക്കും നാളുകള്‍ വേണ്ടി വരും. പ്രളയം തുടങ്ങിയതോടെ ചുരുക്കം ചില മാളുകളില്‍ മാത്രമാണ് സിനിമാ പ്രദര്ശനമുള്ളതും. സിനിമകള്‍ കാണാന്‍ ആളില്ലാതായതോടെ തീയേറ്റര്‍ ജീവനക്കാര്‍ക്ക് ഓണത്തിന് ബോണസ് പോലും കൊടുക്കാനാവാത്ത സ്ഥിതിവിശേഷമാണ് പലയിടത്തും.
സിനിമാ ഷൂട്ടിങ്ങുകള്‍ നിര്‍ത്തിവച്ചത് സിനിമാ വ്യവസായത്തിന് കോടികളുടെ നഷ്ടമുണ്ടാക്കിയിട്ടുണ്ട്. തിരുവനന്തപുരത്ത് ‘ലൂസിഫര്‍’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ് മാത്രമാണ് നടക്കുന്നത്. ഷൂട്ടിങ് ഷെഡ്യൂള്‍ തെറ്റിയത് പല ചിത്രങ്ങളുടെയും നിര്‍മാണത്തിന് ഇരട്ടി ചെലവുണ്ടാക്കും. നടീനടന്മാര് നല്കിയ ഡേറ്റുകള്‍ നഷ്ടപ്പെടുന്നത് മുന്നിരചിത്രങ്ങള്ക്ക് പ്രതിസന്ധിയുണ്ടാക്കും. സിനിമാമേഖലയിലെ പ്രതിസന്ധി പരിഹരിക്കപ്പെടാന്‍ മാസങ്ങള്‍ വേണ്ടിവരുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രസിഡന്റ് ജി.സുരേഷ്കുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: