ഹാസ്യകുലത്തില്‍ കുഞ്ചനുശേഷമുളളവരില്‍ ഒരാള്‍കൂടി യാത്രയായി. നേരത്തേ സഞ്ജയന്‍പോയിരുന്നു. ഇപ്പോള്‍ കവി ചെമ്മനം ചാക്കോയും. വാള്‍മൂര്‍ച്ചയുള്ള വാക്കുകളാല്‍ സാമൂഹ്യവിമര്‍ശനത്തിനായി കവിതയെ പണിതെടുത്ത ജനകീയ കവിയാണ് ചെമ്മനം.
നര്‍മത്തിലെഴുതുന്ന യാഥാര്‍ഥ്യങ്ങള്‍ക്ക് ഉറപ്പുകൂടുമെന്ന ബോധ്യത്തില്‍ കവിതയെ ഇത്തരമൊരു മാനത്തിലേക്കു വഴിതിരിച്ചുവിടുകയായിരുന്നു കവി ചെമ്മനം. കവിതയും ലേഖനങ്ങളും കഥയും ബാലസാഹിത്യവുമായി അന്‍പതോളം രചനകള്‍ ചെമ്മനം രചിച്ചിട്ടുണ്ട്. അതിലേറേയും കവിതകളാണ്. ഇരുപത്തി മൂന്ന് കവിതാ സമാഹാരങ്ങളുണ്ട്. 1947 ല്‍ പ്രകാശിതമായ വിളംബരമാണ് ആദ്യകൃതി.
കവിതകളേറേയും ഹാസ്യരസപ്രദമായിരുന്നു. സമൂഹത്തിലെ പുഴുക്കുത്തിനെതിരേയും വസ്തുതകളുടെ സ്വാഭാവികതയ്ക്കുമായി ഹാസ്യം ഉപയോഗിക്കാമെന്ന തിരിച്ചറിവില്‍നിന്നാണ് ചെമ്മനം ഹാസ്യകവിതകള്‍ എഴുതിയത്. സ്വാനുഭവങ്ങളുടെ സമ്മര്‍ദങ്ങളാണ് ഇത്തരം കവിതകള്‍ അദ്ദേഹത്തെക്കൊണ്ട് എഴുതിച്ചത്. ലളിതവും വികാരപരവുമായ ഭാഷയില്‍ സര്‍വസാധാരണമായവാക്കുകളിലൂടെയാണ് ചെമ്മനം എഴുതുന്നത്. ഇത്തരം ജനകീയ സവിശേഷതകളാണ് അദ്ദേഹത്തെ ജനങ്ങളുടെ കവിയാക്കിയത്. ഓരോആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഓഫീസുകളില്‍ കേറിയിറങ്ങി ശരീരവും മനസും തേഞ്ഞുപോകുന്ന ശരാശരി മലയാളികളുടെ അവസ്ഥയാണ് ആളില്ലാക്കസേരകള്‍ എന്ന രചനയ്ക്ക് ആധാരം. ദിവസങ്ങളോളം സര്‍ക്കാര്‍ ഓഫീസില്‍ കേറിയിറങ്ങി അപമാനവും വേദനയും സഹിച്ചതിന്റെ പ്രതിഷേധക്കുറിപ്പായിരുന്നു ഈ കവിത. വലിയ ചലനമാണ് ഇക്കവിത അന്നുണ്ടാക്കിയത്. അതുപോലെ കമ്യൂണിസ്റ്റു പാര്‍ട്ടിയിലെ പടലപിണക്കത്തിനെതിരെ എഴുതിയതാണ് ഉള്‍പ്പാര്‍ട്ടി യുദ്ധം എന്ന കവിത. നല്ലൊരുഭാഷാസ്നേഹിയായിരുന്ന ചെമ്മനം എന്നും മലയാളത്തിനുവേണ്ടി വാദിക്കുകയും നിലകൊള്ളുകയുംചെയ്ത വ്യക്തിയാണ്. അതുകൊണ്ടുതന്നെ മലയാള ഭാഷയെ കുറച്ചുകാണിക്കുന്ന ഒന്നിനോടും സന്ധിയാല്ലാത്ത നിലപാടായിരുന്നു അദ്ദേഹത്തിന്. അമ്മയ്ക്കു പകരം മമ്മി എന്നു വിളിക്കുന്നതിനെ ചെമ്മനം എതിര്‍ത്ത് കവിത എഴുതിയത്. മമ്മി എന്നു തന്നെയാണ് ആ കവിതയുടെപേര്. മമ്മി എന്നാല്‍ മൃതദേഹം, മരവിച്ചത് എന്നര്ഥത്തിലാണ് കവിതയിലെ പ്രയോഗം.
വൈക്കത്ത് ജനിച്ചു വളര്‍ന്ന ചെമ്മനം ചാക്കോ അരനൂറ്റാണ്ടുകാലം തിരുവനന്തപുരത്തായിരുന്നു താമസം. കുറെക്കാലമായി എറണാകുളത്തായിരുന്നു. അങ്ങനെ കൊച്ചിക്കാനുമായി കവി. മലയാള കവിതയിലെ ഹാസ്യസാമ്രാജ്യത്തിന്റെ സിംഹാസനമാണ് ചെമ്മനം ചാക്കോയുടെ വിടപറച്ചിലോടെ ഒറ്റപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: