കൊച്ചി: മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്റെ 2018-19 സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ത്രൈമാസ കണക്കുകള്‍ പ്രകാരം 2018 ജൂണ്‍ 30ന് അവസാനിച്ച ആദ്യ ത്രൈമാസ ബിസിനസ്സില്‍ 18.72 ശതമാനത്തിന്റെ വര്‍ധന. 198.77 കോടി രൂപയാണ് സംയോജിത ആകെ ലാഭം.
ഈ ത്രൈമാസത്തില്‍ ഗ്രൂപ്പിന്റെ സംയോജിത പ്രവര്‍ത്തന വരുമാനം 12.56 ശതമാനം ഉയര്‍ന്ന് 935.82 കോടിയായി. കഴിഞ്ഞ വര്‍ഷം ഇത് 831.38 കോടി ആയിരുന്നു. മണപ്പുറം ഗ്രൂപ്പിന്റെ ആകെ ആസ്തിയില്‍ 24.20 ശതമാനത്തിന്റെ കുതിപ്പാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തില്‍ ആകെ ആസ്തി 13,379. 84 കോടിയായിരുന്നെങ്കില്‍ ഈ വര്‍ഷമിത് 16,617.78 കോടി രൂപയായി.
അതേസമയം, രണ്ടു രൂപ മുഖവിലയ്ക്കുള്ള ഓഹരികളില്‍ 0.55 രൂപ ഇടക്കാല ലാഭവിഹിതമായി ഓഹരി ഉടമകള്‍ക്കു നല്കാന് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു.
സ്വര്‍ണവായ്പ ഇനത്തിലും ഗ്രൂപ്പ് വന്‍ വളര്‍ച്ചയാണ് കരസ്ഥമാക്കിയത്. ഗ്രൂപ്പിനു കീഴിലുള്ള സ്ഥാപനങ്ങളിലെ സ്വര്‍ണവായ്പ ആസ്തി 16.19 ശതമാനം വളര്‍ച്ച നേടി 12,463.60 കോടി രൂപയിലെത്തി.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ത്രൈമാസത്തില്‍ ഇത് 10,727.31 കോടി ആയിരുന്നു. സ്വര്‍ണവായ്പയില്‍ 3.42 ലക്ഷം പുതിയ ഉപഭോക്താക്കളെ ചേര്‍ത്ത് ഈ ത്രൈമാസത്തില്‍ ആകെ നല്കിയ സ്വര്‍ണവായ്പ 23,119 കോടിയിലേക്ക് ഉയര്‍ന്നു.
ഗ്രൂപ്പിന്റെ കീഴിലുള്ള ചെറുകിട ഫിനാന്‍സ് സ്ഥാപനമായ ആശിര്‍വാദ് മൈക്രോഫിനാന്‍സ് ഈ ത്രൈമാസത്തില്‍ ആകെ ബിസിനസ് 33.43 ശതമാനത്തിന്റെ വര്‍ധനവോടെ 2,437.94 കോടി രൂപയിലെത്തി. കഴിഞ്ഞ വര്‍ഷമിത് 1,827.12 കോടി ആയിരുന്നു. ഗ്രൂപ്പിന്റെ മറ്റു വായ്പാ സ്ഥാപനങ്ങളായ മണപ്പുറം ഹോം ഫിനാന്‍സ് ലിമിറ്റഡിന്റെ ബിസിനസ് 319.63 കോടിയില്‍ നിന്ന് ഉയര്‍ന്ന് ഈ ത്രൈമാസത്തില്‍ 406.51 കോടി രൂപായായി. വാഹന വായ്പ 343.74 കോടിയില്‍ നിന്നു 717.73 കോടിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: