ഓര്‍മകളില്‍ ബലിക്കാക്കകള്‍ ശ്രാദ്ധമുണ്ണുന്ന യാമങ്ങളുമായി വീണ്ടും കര്‍ക്കടക വാവുബലി. കൈകൊട്ടി വിളിക്കുമ്പോള്‍ പറന്ന് ബലിച്ചോറുണ്ണാനെത്തുന്ന കാക്കകളില്‍ തങ്ങളുടെ പിതൃസ്വരൂപങ്ങളെ കാണുന്ന സങ്കല്‍പ്പം തന്നെ എത്ര മഹത്തരമാണ്. പിതൃക്കള്‍ക്ക് ബലിയിട്ടുകൊണ്ട് ജീവിക്കുന്നവര്‍ തങ്ങളുടെ കടമകള്‍ നിര്‍വഹിച്ച് നാളേക്കുളള മോക്ഷ പ്രാപ്തിക്കായി മരിച്ചവരെ തൃപ്തരാക്കുന്ന ദിനം. ക്ഷേത്രങ്ങളും മനുഷ്യമനസുകളും ഒരുപോലെ ഈ പുണ്യകര്‍മത്തിലേക്ക് ഉണര്‍ന്നു കഴിഞ്ഞു. ഇത് പിതൃക്കളും ദേവന്മാരും ഉണര്‍ന്നിരിക്കുന്ന മദ്ധ്യാഹ്നവേളകൂടിയാണ്. അവര്‍ ഭക്ഷണത്തിന് സജ്ജരായിരിക്കുന്ന നേരം. നിലാവിന്റെ പാലാഴി കവിഭാവനയുടെ വിസ്തൃത കേദാരമാകാമെങ്കിലും ഭാരതീയ സങ്കല്പ്പങ്ങളില് അനവധിയാണ് ചന്ദ്രനുള്ള ഇരിപ്പിടങ്ങള്‍. മരണശേഷമുള്ള ആത്മാവിന്റെ എത്തിച്ചേരലിനെക്കുറിച്ചുള്ള അന്വേഷണങ്ങളില്‍ നിറയുന്നത് ചന്ദ്രവിശേഷങ്ങളാണ്. മരിച്ചെത്തുന്നത് ചന്ദ്രനിലേക്കെന്ന് ഉപനിഷത്ത് പറയുന്നു. ചന്ദ്രന് ഭൂമിക്ക് അനഭിമുഖമായി വരുന്നിടത്താണ് പിതൃക്കളുടെ വാസം.
മരിച്ചാലും ബന്ധംമുറിയാത്ത തലമുറ ചാര്‍ച്ചകളും അതിലൂടെ അവരില്നിന്നുംകിട്ടുന്ന അനുഗ്രഹവും കരുതലുമാണ് ജീവിക്കുന്നവരുടേയും ആയുസെന്നുളള സങ്കല്‍പ്പം നമ്മെ ജീവിതത്തോട് കൂടുതല്‍ കരുതലുള്ളതാക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. ഓരോ ജന്മവും മഹത്തായ ദാനത്തിന്റെ പിന്തുടര്ച്ചയാണെന്നുള്ള ചിന്തകള്‍ മനുഷ്യനെ മനോഗുണത്തിലേക്കും അതിന്റെ ശൂദ്ധീകരണത്തിലേക്കും നയിക്കും അതുകൊണ്ട് പിതൃക്കളെ തൃപ്തരാക്കാന്‍ നമുക്കു കഴിയണം. ഇത്തരം ആചാരാനുഷ്ഠാനങ്ങള്‍ മറക്കുകയും ചെയ്യാതിരിക്കുകയുമാകുമ്പോള് വന്നു ചേരുന്ന വിഘ്്നങ്ങള് എന്താണെന്ന് നമുക്കു ബോധ്യപ്പെടാറുണ്ട്. മറവികളെ ഓര്‍മകള്‍കൊണ്ട് തിരിച്ചുപിടിക്കലുമാണിത്.
അമാവാസി നാളിലെ ഈ വാവുബലി ഹിന്ദുക്കളുടെ ആചാരമാണ്. പിതൃക്കളോടുള്ള സ്നേഹവും കടമയുമാണ് ഇതിലൂടെ പ്രകടിപ്പിക്കുന്നത്. അതൊരു ഭൂതകാലത്തേക്കുള്ള പിന്മടക്കവും ഗൃഹാതുരത്വവുംകൂടിയാണ്. നടന്നുന്ന വഴികള്‍ ഒന്നുകൂടി ഓര്‍ത്ത് മുന്നോട്ടുള്ള വഴിതെറ്റാതിരിക്കാന്‍ പിതൃക്കളുടെ അനുഗൃഹത്തിനായുള്ള ബലിതര്‍പ്പണം.ആലുവയിലും വര്‍ക്കലയിലും പിതൃതര്‍പ്പണം നടത്തുന്നതിന് പതിനായിരക്കണക്കിനാണ് ആളുകളെത്തുന്നത്. ബലി, പിതൃതര്‍പ്പണം, ബലിക്കാക്ക തുടങ്ങിയ വാക്കുകള്ക്ക്് നമ്മുടെ ഇതിഹാസ പുരാണങ്ങളോളം തന്നെ പഴക്കവും വലിപ്പവുമുണ്ട്. പ്രാചീന ആധുനിക കൃതികള്‍ ഒരുപോലെ ഈ വാക്കുകള്കൊണ്ടാടുന്നു. നമുക്കു നന്മയും ഐശ്വര്യവും ആയുസും ഉണ്ടാക്കുന്ന ഇത്തരം കര്‍മങ്ങളെ മറക്കരുതെന്ന് ഓര്‍മ്മിപ്പിക്കുകകൂടിയാണ് ഈ ദിവസം. അതെ, ഓര്‍മകള്‍ ഉണ്ടായിരിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: