സംസ്ഥാനം ഇതുവരെ കാണാത്ത തരത്തിലുള്ള കാലവര്‍ഷദുരന്തമാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇടയ്ക്കൊന്ന് ശാന്തമായിരുന്നെങ്കിലും കാലവര്‍ഷം വീണ്ടും ശക്തി പ്രാപിച്ചിരിക്കുകയാണ്. ഇന്നലെ പുലര്‍ച്ചെ മുതലുള്ള പേമാരിയിലും മലയിടിച്ചിലിലും പെട്ട് 22 ഓളം പേര് മരണമടഞ്ഞു. ഒരു തരത്തിലുള്ള ഭീതി തന്നെ സമൂഹത്തില്‍ പടര്‍ന്നു കേറിയിരിക്കുന്നു. ഇത്രയും ഭീകരമായ അവസ്ഥയുണ്ടാകുന്നതിന്റെ കാരണം എന്തു തന്നെയായാലും പ്രകൃതി സര്‍വശക്തിയുമെടുത്ത് മനുഷ്യനുമേല്‍ ആക്രമണം നടത്തുകയാണെന്ന് സംശയിച്ചുപോയാല്‍ തെറ്റാവില്ല. സര്‍വതും നഷ്ടപ്പെട്ട് ഹതഭാഗ്യര്‍ മുന്നോട്ടുള്ള ജീവിതം എങ്ങനെ തള്ളിക്കൊണ്ടുപോവുമെന്ന് ആശങ്കപ്പെടുകയാണ്.
ഇടുക്കി ജില്ലയും വയനാട് ജില്ലയും ഏതാണ്ട് ഒറ്റപ്പെട്ട നിലയിലാണ്. വാഹനങ്ങള്‍ പലയിടത്തുമായി നിര്‍ത്തിയിട്ടിരിക്കുന്നു. പലയിടത്തും മലയിടിച്ചില്‍ ഭീഷണി മൂലം വാഹനങ്ങള്‍ക്ക് പോകാനാവുന്നില്ല. സംഗതിവശാല്‍ ദുരിതമേഖലകള്‍ സന്ദര്‍ശിക്കാനെത്തിയ കേന്ദ്ര സംഘത്തിന് സ്ഥിതിഗതികള്‍ വ്യക്തമായി മനസ്സിലാക്കാന്‍ ഇതു മൂലം കഴിയുമെന്നതാണ് ഇതിലെ ആശ്വാസകരമായ സംഗതി. ദുരിതത്തിന്റെ വ്യാപ്തിയും മറ്റും ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് കൂടുതല്‍ പരിശ്രമം നടത്തേണ്ടതില്ല.
കഴിഞ്ഞ കാലങ്ങളിലൊക്കെ പ്രളയവും ദുരിതവും കഴിഞ്ഞ് വരള്‍ച്ച തുടങ്ങുമ്പോഴാണ് കേന്ദ്ര സംഘം എത്തിയിരുന്നത്. അതുകൊണ്ടു തന്നെ കെടുതികള്‍ക്ക് ആനുപാതികമായ തരത്തില്‍ ഫണ്ട് അനുവദിച്ചുകിട്ടാറുമില്ല. കുട്ടനാടന്‍ മേഖലയുള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ ജനങ്ങള്‍ ഏതാണ്ട് 40 ദിവസമായി വെള്ളത്തില്‍ തന്നെയാണ്. പ്രാഥമികാവശ്യങ്ങള്‍ പോലും നിര്‍വഹിക്കാന്‍ കഴിയാത്തവണ്ണം ദുരിതത്തിലാണവര്‍. സഹായങ്ങളൊക്കെ എത്തുന്നുണ്ടെന്ന് പറയുന്നുവെങ്കിലും ഒറ്റപ്പെട്ടുകിടക്കുന്നയിടങ്ങളില്‍ ദുരിതം അതിന്റെ ഉച്ചസ്ഥായിയില്‍ തന്നെയാണ്. ഉദ്യോഗസ്ഥര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ കൊടുത്തിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അവിടം സന്ദര്‍ശിക്കാതെ വിട്ടു നില്ക്കുന്നു.
വാര്‍ത്താ ലേഖകരോടുപോലും ധിക്കാരപരമായാണ് മുഖ്യമന്ത്രിയുടെ പെരുമാറ്റം. ചോദ്യങ്ങള്‍ക്ക് മറുപടിയില്ലെന്നു മാത്രമല്ല വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ പാടില്ലെന്ന് ആദ്യമേ നിര്‍ദ്ദേശിക്കുന്നു. പ്രകൃതി ഇങ്ങനെ സംഹാര താണ്ഡവമാടുന്ന സംഭവത്തില്‍ മാനുഷിക വികാരത്തിന് അങ്ങേയറ്റത്തെ വില കല്‍പ്പിച്ചുകൊണ്ട് ഭരണാധികാരികള്‍ പെരുമാറേണ്ട സമയത്ത് ധിക്കാരത്തിന്റെ കൊമ്പുമായാണ് മുഖ്യമന്ത്രി നടക്കുന്നത്. പാര്‍ട്ടിയുടെ അസഹിഷ്ണുത അങ്ങനെ തന്നെ ഉള്‍ക്കൊണ്ടാണ് അദ്ദേഹം മുന്നോട്ടുപോവുന്നത്. സുതാര്യമായ രീതിയില്‍ കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ അദ്ദേഹം താല്പര്യപ്പെടുന്നില്ല.
മുഖ്യമന്ത്രി പദത്തിലിരുന്ന ഇഎംഎസ്, നായനാര്‍, അച്യുതാനന്ദന് തുടങ്ങിവരൊക്കെ എങ്ങനെയായിരുന്നു ജനങ്ങള്‍ക്കൊപ്പം നിന്ന് ഭരണചക്രം ചലിപ്പിച്ചതെന്നതിനെക്കുറിച്ച് ഇപ്പോഴത്തെ മുഖ്യമന്ത്രി വ്യക്തമായി ഗൃഹപാഠം ചെയ്യണം; അത് മനസ്സിലാക്കണം. പ്രകൃതി ദുരന്തങ്ങള്‍ വാപിളര്‍ത്തി നില്ക്കുന്ന അവസരത്തില്‍ ധാര്‍ഷ്ട്യസമീപനം കൂടിയായാല്‍ ജനങ്ങള്‍ സമാശ്വാസത്തിന് ഏതു വഴി തേടുമെന്ന് ചിന്തിക്കേണ്ടതാണ്. അവര്‍ എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുകയാണ്. സിപിഎമ്മിന്റെ പല മുഖങ്ങളില്‍ അസഹിഷ്ണുത മാത്രം കൈവശപ്പെടുത്തി മുന്നോട്ടുപോകുന്നതാണ് പ്രശ്നത്തിന് കാരണമാകുന്നത്. ഇത്രയൊന്നും ഉപദേശികളും, ഉപദേശകരുമില്ലാതെയായിരുന്നു അവരൊക്കെ ഭരിച്ചിരുന്നത് എന്നറിയുമ്പോഴാണ് ആ ഭരണപാടവം മനസ്സിലാകുന്നത്.
നിസ്സഹായരും നിരാലംബരുമായവര്‍ക്ക് അങ്ങേയറ്റത്തെ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കാനെങ്കിലും മുഖ്യമന്ത്രി രംഗത്തിറങ്ങണം. ദുരന്തമുഖങ്ങളില്‍ ഉദ്യോഗസ്ഥ സാന്നിധ്യം മാത്രം പോര, മുഖ്യമന്ത്രിയും എത്തണം. കേന്ദ്രത്തില്‍ നിന്ന് കൂടുതല്‍ ഫണ്ട് ആവശ്യപ്പെടുമ്പോള്‍ തന്നെ ഏറ്റവും ഒടുവിലത്തെ നിസ്സഹായനും ആശ്വാസം കിട്ടാന്‍ വ്യക്തമായ നടപടികള്‍ സ്വീകരിക്കണം.
പാലത്തിനും റോഡിനും കെട്ടിടത്തിനും വാരിക്കോരി ഫണ്ട് അനുവദിക്കുമ്പോള്‍ കോണ്‍ട്രാക്ടര്‍മാര്‍ തടിച്ചുകൊഴുക്കാനാണ് ഇടവരികയെന്ന ഓര്മ വേണം. ദുരിതാശ്വാസം ദുരിതം ഇല്ലാതാക്കണമെങ്കില്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സുതാര്യമായ നടപടിക്രമങ്ങള്‍ സ്വീകരിച്ചേ തീരൂ. പലതും രഹസ്യമാക്കിവെക്കുന്ന രീതി മുഖ്യമന്ത്രി അതിനൊപ്പം അവസാനിപ്പിക്കുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: