മനുഷ്യനെ കൊന്നുകൂട്ടിയ ചോരകൊണ്ട് അവനെ ശുദ്ധീകരിക്കാന്‍ ശ്രമിച്ച പേപിടിച്ച വിപ്ളവങ്ങള്‍ ചരിത്രത്തിനു നല്കിയ ശാപോര്‍മകളില്‍ നിന്നും മോചനമില്ലാത്ത ഭൂതകാലങ്ങള്‍ വായനക്കാരെ വേട്ടയാടുന്നതാണ് മാഡെലിന് തെയ്ന്റെ നോവല്‍ ഡു നോട്ട് സേ വി ഹാവ് നത്തിംഗ്. കനേഡിയന്‍ നോവലിസ്റ്റായ തെയ്ന്റെ മറ്റൊരു നോവല്‍ ഡോഗ്സ് അറ്റ് ദി പെരിമീറ്റര്‍ പറയുന്നതും ഇത്തരമൊരു വിപ്ളവ തുടച്ചു നീക്കലില്‍ ആവിയായിപ്പോയ മനുഷ്യരുടെ കഥകളാണ്. ആദ്യനോവല്‍ ചൈനയിലെ സാംസ്ക്കാരിക വിപ്ളവ പശ്ചാത്തലത്തിലുള്ളതാണെങ്കില്‍ രണ്ടാം നോവല്‍ കംമ്പോഡിയായിലെ കമ്മ്യൂണിസ്റ്റ് നരമേധത്തെപ്പറ്റിയാണ്.
രണ്ടുനോവലുകളും ചരിത്രത്തിന്റെ വികൃതികള്‍ തല്ലിയുടച്ച കണ്ണായിക്കഷ്ണങ്ങള്‍ ചേര്‍ത്തുവെച്ചു നോക്കുകയാണ്. എന്നാലിത് ചരിത്രനോവല്‍ എന്നുള്ള നൂലാമാലകളില്‍ നിന്നും രക്ഷപെട്ടിട്ടുണ്ട്. സാഹിത്യത്തിന്റെ ആഴവും പരപ്പുമുള്ള കടലായ നോവലിലേക്ക് എത്തിച്ചേരാനുള്ള പുഴയുടെ അദമ്യതയാണ് ഇതില്‍ ചരിത്രം. മാവോയുടെ സാംസ്ക്കാരിക വിപ്ലവ കാലവും ടിയാനന്‍ മെന്‍ സ്ക്വയര്‍ കൂട്ടക്കൊലക്കാലവും പശ്ചാത്തലമാക്കി മനുഷ്യന് അവന്റെ സംഗീതവും അവനവനെത്തെന്നേയും എങ്ങനെ നഷ്ടപ്പെടുന്നുവെന്ന് വിവിധ പ്രായത്തിലുള്ള നിരവധി കഥാപാത്രങ്ങളുടെ ഓര്‍മകളിലൂടേയും മറ്റും അവതരിപ്പിക്കുകയാണ് തെയ്ന്‍. അതിനിടയില്‍ കമ്പോസറും വയലിനിസ്റ്റും പിയാനോയിസ്റ്റുമായ മൂന്നു സംഗീതജ്ഞരേയും കാട്ടി എല്ലാറ്റിനും മീതെ സംഗീതമുണ്ടെന്നും നോവലിസ്റ്റ് ദര്‍ശിക്കുന്നു. ഭാഷയിലും പ്രമേയത്തിലും ആവിഷ്ക്കാര സ്വഭാവത്തിലും വായനയെ ഞെട്ടിക്കുന്ന നോവലാണ് ഡു നോട്ട് സേ വി ഹാവ് നത്തിംഗ്.
1989 കാലഘട്ടത്തിലെ ടിയാനന്മെന് ചത്വരത്തിലെ ആയിരക്കണക്കായ വിദ്യാര്‍ഥികളെ കൂട്ടക്കൊല ചെയ്ത ഇടത്തില്‍ നിന്നും അമ്മയോടൊപ്പം അഭയാര്‍ഥിയായി രക്ഷപെട്ടോടിയ പതിനൊന്നുകാരിയെയാണ് നോവലില്‍ ആദ്യം കണ്ടുമുട്ടുന്നത്. ഒറ്റവര്‍ഷം രണ്ടുതവണയാണ് അച്ഛനെ ഞങ്ങള്‍ക്ക് നഷ്ടമായത്. ആദ്യം വിവാഹത്തിന്റെ അവസാനത്തിലും രണ്ടാമത് അച്ഛന് സ്വന്തം ജീവിതമെടുത്തപ്പോഴും. ഭാഷയുടെ ഊക്കുള്ള ലാളിത്യവും അതിലൂടെ തുളച്ചുകയറുന്ന വലിയ യാഥാര്‍ഥ്യവും ഇങ്ങനെ കാട്ടിക്കൊണ്ടാണ് നോവലിന്റെ ആരംഭം. നിങ്ങള്‍ക്ക് നിങ്ങളുടെ സംഗീതം നഷ്ടപ്പെട്ടാല്‍ എന്തു ചെയ്യും നിങ്ങളെന്ന് ചോദ്യമുണ്ടിതില്‍. സ്വാതന്ത്ര്യത്തിന്റെ ്അപാരസാന്നിധ്യത്തെക്കുറിച്ചുള്ള പ്രണയവും ആശങ്കയും ഒരുപോലെ ഈ വാക്കില്‍ ത്രസിക്കുന്നു.
എഴുപതുകളുടെ മധ്യത്തില്‍ കമ്പോഡിയയിലെ ലക്ഷങ്ങളുടെ കൂട്ടക്കൊലയിലെ രക്ത സമ്പന്നതയ്ക്കിടയില്‍ മനുഷ്യന് നേരിടേണ്ടിവന്ന വിവരണാതീത അവസ്ഥകളുടെ കൊടിയ അനുഭവങ്ങളാണ് ഡോഗ്സ് അറ്റ് ദി പെരിമീറ്ററിന്റെ പ്രമേയം. ചരിത്രം നോവലിലൂടേയും അതിലെ ജീവിതത്തിലൂടേയും വായിക്കാം. സ്വപ്നങ്ങളെ മാത്രമല്ല സ്വന്തം ഭൂതകാലത്തേയും അസ്തിത്വത്തേയും പേരു തന്നേയും മറക്കേണ്ടി വരുന്ന ഭീകര കാലത്തിന്റെ നടുക്കമാണ് നേവലില്‍ നിറയുന്നത്. ഭൂതകാലത്തെ മറക്കുക. സ്വയം മറന്ന് സ്റ്റേറ്റിനുവേണ്ടി നിലനില്ക്കുക. കുടുംബം ഭൂതകാലത്തിന്റെ രോഗമാണ് എന്നൊക്കെ അവനവനെ ഇല്ലായ്മ ചെയ്തുകൊണ്ട് പുതിയ പാഠങ്ങള്‍ ബുദ്ധിജീവികളെ ഉള്‍പ്പെടെ പഠിപ്പിക്കുന്നത് അക്ഷര ജ്ഞാനംപോലുമില്ലാത്ത കേവലം ബാലസംഘങ്ങളാണ്. എല്ലാവരേയും എല്ലാറ്റില്‍നിന്നും പലതായി വിഭജിച്ച് കൂട്ടുകൃഷികളിലേക്കും തടവറകളിലേക്കും കൊലക്കളത്തിലേക്കും പറഞ്ഞുവിടുകയായിരുന്നു ഈ ഇത്തിരി പയ്യന്മാര്.
മനുഷ്യജീവിതത്തിലെ അതിസംഭ്രമങ്ങളെ ഭാഷയുടെ ചെത്തികൂര്‍പ്പിച്ചതും ശൈലിയുടെ നവ ലവണവുംകൊണ്ട് പുഷ്ടിപ്പെടുത്തുന്നുണ്ട് തെയ്ന്‍. രണ്ടു നോവലിലും വര്‍ത്തമാനത്തിന്റെ ഊര്‍ജവും ഭാവിയുടെ സ്രോതസും ഭൂതകാലമാണെന്ന് പറഞ്ഞുവെക്കുന്നു . ഭൂതകാലം ഒരിക്കലും മരിക്കില്ലെന്ന് വില്യം ഫോക്നര്‍ പറഞ്ഞത് ഈ എഴുത്തുകാരിയും ആവര്‍ത്തിക്കുന്നു. ചരിത്രം വര്‍ത്തമാനകാലത്തില്‍നിന്നും മാറി നില്ക്കുന്ന ഒന്നാമെന്നു ഇവര്‍ പറയുന്നുണ്ട്. എഴുത്തിന്റേയും ചിന്തകളുടേയും പുതിയ സാധ്യതകളുടെ ഭാവിയെയാണ് മാഡെലിന് തെയ്ന്റെ രചനകള്‍ ഉന്നംവെക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: