തൊഴുതുനിന്ന് ഭൂമിയും ആകാശവും വണങ്ങി തിരിഞ്ഞുവെട്ടി ഇടതു കൈ അടിതട്ടി വലതുകാല്‍ നേരു കാല് കുത്ത് കൊടുത്ത് തിരിഞ്ഞു നിന്ന് അമര്‍ത്തി തൊഴുത്… ഇത് പാര്‍വ്വതിയും കാര്‍ത്തികയും. ആറിലും നാലിലും പഠിക്കുന്ന സഹോദരിമാര്‍. കുഞ്ഞുനാളില്‍ത്തന്നെ കളരി മുറകളിലും ചുവടുകളിലും തഴക്കവും വഴക്കവും വന്നിരിക്കുന്ന കൊച്ചുമിടുക്കികള്‍.
കളരി അഭ്യാസിയായ അച്ഛന്റെ പ്രോത്സാഹനത്തില്‍ പൂങ്കുളം ചന്ദ്രന് ഗുരുക്കളുടെ കളരിയിലാണ് അഭ്യാസമുറകള്‍ പരിശീലിക്കുന്നത്. സ്പോര്‍ട്സ് കൗണ്‍സിലിനുകീഴില്‍ നാഷണല്‍ സ്റ്റേറ്റ് ചാമ്പ്യന്‍ ഷിപ്പില്‍ പങ്കെടുത്തിട്ടുണ്ട്. സംസ്ഥാന തലത്തില്‍ നിരവധി സമ്മാനങ്ങള്‍ നേടി. കൈപ്പോര്, കുറുവടി, ചുവട് വിഭാഗങ്ങളിലാണ് സമ്മാനം നേടിയിട്ടുള്ളത്. സ്കൂള്‍ കലോത്സവവേദികളില്‍ നിരവധി തവണ കളരി അവതരിപ്പിച്ചു. പ്രധാന ക്ഷേത്രങ്ങളിലെ ഉത്സവത്തിനും പൊതുപരിപാടികളിലും കളരിയിലെ മെയ്വഴക്കം കാണിച്ച് കാണികളുടെ കൈയടി നേടിയ ഈ കുട്ടികള്‍ നാട്ടുകാരുടെ പ്രിയങ്കരികളാണ്.
യോഗ, കളരിപ്പയറ്റ്, മെയ്പ്പയറ്റ്, മര്‍മ്മം, കുറുവടിപയറ്റ്, കഠാര പയറ്റ്, വാളും പരിചയും എന്നിവയില്‍ പ്രാവീണ്യം നേടിയിട്ടുണ്ട്. എയര്‍പോര്‍ട്ട് സുലൈമാന്‍ സ്ട്രീറ്റില്‍ താമസിക്കുന്ന ഓട്ടോറിക്ഷ തൊഴിലാളിയായ മുരളീധരന് നായരുടെയും മായയുടെയും മക്കളാണ് പാര്‍വ്വതിയും അനുജത്തി കാര്‍ത്തികയും. മണക്കാട് കാര്‍ത്തിക തിരുനാള്‍ ടിടിഐ സ്കൂളുകളില്‍ ആറിലും നാലിലുമാണ് ഇവര്‍ പഠിക്കുന്നത്. നാടകത്തിനും മോണോ ആക്ടിനും സ്കൂളില്‍ സമ്മാനങ്ങള്‍ നേടിയിട്ടുള്ള പാര്‍വതി നല്ലൊരു കലാകാരികൂടിയാണ്. പഠനത്തിലും ഇവര്‍ പുറകിലല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: