‘അമ്മ’ യെക്കുറിച്ച് നിലവാരമില്ലാത്ത ചര്‍ച്ച കൊഴുക്കുമ്പോഴും പൊട്ടിപ്പൊളിഞ്ഞു പാളീസാകുന്ന സിനിമകളെക്കുറിച്ചും നിര്മാതാക്കളെപറ്റിയും ആലോചനയില്ലാത്തത് ഖേദകരമാണ്. സിനിമയുണ്ടെങ്കിലേ സിനിമാ അമ്മ ഉണ്ടാവുകയുള്ളൂ. ചര്‍ച്ച കേട്ടാല്‍ തോന്നും അമ്മയാണ് സിനിമ നിലനിര്‍ത്തുന്നതെന്ന്. അമ്മ ഉണ്ടെങ്കിലും ഇല്ലെങ്കിലും സിനിമയ്ക്കൊന്നും സംഭവിക്കാനില്ല. പക്ഷേ ഈ അമ്മയെക്കാള്‍ ഗുരുതരമാണ് സിനിമാപ്രശ്നങ്ങള്‍. സിനിമാ വ്യവസായം തകരുകയും സിനിമാക്കാര് വളരുകയും ചെയ്യുന്ന പഴയ അവസ്ഥ തന്നെയാണ് ഇപ്പോഴും മലയാള സിനിമയ്ക്ക്. ലക്ഷങ്ങള്‍കൊണ്ട് തീര്‍ക്കാവുന്ന ചില അളിഞ്ഞ പടങ്ങള്‍ രണ്ടും മൂന്നുംകോടി രൂപ ഇറക്കിച്ച് നിര്‍മാതാക്കളെ കുത്തുപാള എടുപ്പിക്കുകയാണ്.
ആറുമാസത്തിനുള്ളില്‍ ഇറങ്ങിയ 84 ചിത്രങ്ങളില്‍ നിന്ന് 150കോടി നഷ്ടമെന്ന് പറയപ്പെടുമ്പോള്‍ ആറുമാസവുംകൂടി കഴിഞ്ഞാല്‍ സഞ്ചിത നഷ്ടം 300കോടിയാവില്ലെന്നാരു കണ്ടു. വന്‍ ഹിറ്റായത് രണ്ടു ചിത്രങ്ങള്‍ മാത്രമാണ്. പ്രണവ് മോഹന്‍ലാലിന്റെ ആദിയും മമ്മൂട്ടിയുടെ അബ്രഹാമിന്റെ സന്തതികളും. അന്‍പതും മുപ്പത്തഞ്ചുകോടികളിലുമായി ഈ ചിത്രങ്ങള്‍ തകര്‍പ്പന്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കിയതായാണ് വാര്‍ത്ത. അതുപോലെ പത്തും ഇരുപതുകോടിയും നേടിയ പടങ്ങളുമുണ്ട്. ആട്2, ക്വീന്‍, അരവിന്ദന്റെ അതിഥികള്‍, സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, ക്യാപ്റ്റന്‍, അങ്കിള്‍, സുഡാനി ഫ്രം നൈജീരിയ തുടങ്ങി ചിത്രങ്ങള്‍ ലോ കോസ്റ്റില്‍ തീര്‍ന്നവയും പ്രേക്ഷക പ്രീതി നേടിയവയുമാണ്.
മമ്മൂട്ടിയുടെ അഞ്ചു ചിത്രങ്ങളില്‍ മാസ്റ്റര്‍ പീസ്, സ്ട്രീറ്റ് ലൈറ്റ്, പരോള്‍ തുടങ്ങിയവ ഓളമില്ലാതെയാണ് പോയതെങ്കിലും സാറ്റ്ലൈറ്റിന്റെ പേരില്‍ നിര്‍മാതാവിന്റെ കൈപൊള്ളിയില്ല. അങ്കിള്‍ നല്ല അഭിപ്രായമാണെങ്കിലും വലിയ കളക്ഷന്‍ നേടിയിട്ടില്ല. എന്നാല്‍ അബ്രഹാമിന്റെ സന്തതികള്‍ നല്ല പ്രേക്ഷക പ്രീതിയിലും സാമ്പത്തിക നേട്ടത്തിലുമാണ്. മമ്മൂട്ടി ചിത്രമാണെങ്കിലും അത് തിരക്കഥാകൃത്തിന്റേയും സംവിധായകന്റേയും പടമാണ്. ദിലീപിന്റെ മഹാ സംഭവമായി വന്ന കമ്മാരസംഭവം വേണ്ടത്ര വിജയിച്ചില്ല.
മലയാള സിനിമ 2018 ന്റെ പകുതിയാകുമ്പോള്‍ ജയസൂര്യതന്നെയാണ് മികച്ച നേട്ടം ഉണ്ടാക്കിയിരിക്കുന്നത്. ആട്2 വലിയ കോമഡി ഹിറ്റായപ്പോള്‍ ക്യാപ്റ്റനും ഞാന്‍ മേരിക്കുട്ടിയും നല്ല പ്രതികരണത്തിലാണ്. ഇപ്പോഴും മേരിക്കുട്ടി ഓടുന്നുണ്ട്. എന്നാല്‍ ഒരാഴ്ചപോലും ഓടാതെ ദാ വന്നു പോയി എന്ന മാതിരി ആളുകാണാത്ത സിനിമകളാണ് ഈ എണ്‍പത്തിനാലു ചിത്രങ്ങളില്‍ അധികവും. കോപ്രായങ്ങള്‍ മാത്രമുള്ള ഈ ചിത്രങ്ങള്‍ മൂന്നാം തരക്കാരും നാലാം തരക്കാരും പുതുമുഖങ്ങളും മാത്രം ഉള്‍ക്കൊണ്ട് കോടികളിറക്കി നിര്‍മാതാവിന്റെ കൈപൊള്ളിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: