കഷ്ടം തന്നെ ഏമാന്മാരേ..! കീഴ്ജീവനക്കാരുടെ നിസ്സഹായതയുടെ മേല്‍ ചവിട്ടിനിന്ന് അധികാര പ്രമത്തത കാണിക്കുന്ന നിങ്ങള്‍ സ്വയം നാണംകെടുക മാത്രമല്ല, പോലീസ് സംവിധാനത്തെയാകെ നാണം കെടുത്തുക കൂടിയാണു ചെയ്തത്. പരീക്ഷ ജയിച്ച്, യൂണിഫോമിട്ട്, കുപ്പായത്തില്‍ നക്ഷത്രങ്ങളും കുത്തിയാല്‍ പോലീസാവില്ല. ആ യൂണിഫോമും ചിഹ്നവും തങ്ങളില്‍ നിന്നു പ്രതീക്ഷിക്കുന്ന ഉത്തരവാദിത്തത്തെക്കുറിച്ചു ബോധം വേണം. ഉത്തരവിടാനും ഭരിക്കാനുമുള്ള അധികാരം മാത്രമല്ല സേവനം ചെയ്യാനുള്ള ബാധ്യതകൂടി ആ യൂണിഫോം നല്കുന്ന സന്ദേശത്തിലുണ്ട്.
അത് ഉള്‍ക്കൊണ്ടിരുന്നെങ്കില്‍ കേരളത്തിലെ പോലീസ് ഇങ്ങനെയാവില്ലായിരുന്നു. അടിയും ഇടിയും ചവിട്ടിക്കൊല്ലലും ഗുണ്ടാപ്പണിയും കഴിഞ്ഞ് കീഴ്ജീവനക്കാരെക്കൊണ്ട് അടിമപ്പണി ചെയ്യിക്കുന്ന കഥവരെയെത്തി നില്ക്കുന്നു കേരളാ പോലീസിലെ ഉന്നതന്മാരുടെ വിളയാട്ടം. റാങ്കില്‍ താഴെയാണെങ്കിലും വിദ്യാഭ്യാസ യോഗ്യതയില്‍ ഒട്ടും പിന്നിലല്ലാത്ത ഈ സഹപ്രവര്‍ത്തകരെ മനസ്സിലാക്കാനുള്ള മാനുഷിക നിലവാരം ഇല്ലാത്തവര്‍ എത്ര വലിയ ഉദ്യോഗസ്ഥരായാലും അവരില്‍ നിന്ന് ആര്‍ക്കാണു നീതി കിട്ടുക?
നിഷേധിക്കാനോ തിരിച്ചു പറയാനോ കഴിയാത്ത പാവങ്ങള്‍, മേലുദ്യോഗസ്ഥരുടെ കാര്‍ക്കശ്യത്തിനു മുന്നില്‍ നിസ്സഹായരാകുന്നതു സ്വാഭാവികം. അവര്‍ നായ്ക്കളെ കുളിപ്പിക്കും, പച്ചക്കറി വാങ്ങും, അത് അരിഞ്ഞുകൊടുക്കും, മീന്‍ വാങ്ങും, ഇറച്ചിവാങ്ങും, അതൊക്കെ പാചകം ചെയ്യും. ഇതൊന്നും അവരുടെ കടമയല്ല. ചെയ്യിക്കുന്നവരുടെ അവകാശവുമല്ല. അതിനു നിയമവുമില്ല. എങ്കില്‍പ്പിന്നെ എന്തുകൊണ്ട് ഇതൊക്കെ നടക്കുന്നുവെന്ന് കണ്ടെത്തിയാല്‍ ഈ കാര്യങ്ങള്‍ക്കു പരിഹാരമാകും. പക്ഷേ, അത് അന്വേഷിച്ചു കണ്ടെത്തേണ്ട ഭരണവര്‍ഗം തന്നെ ഈ മാടമ്പിത്തരത്തിന്റെ പങ്കുപറ്റുന്നുവെങ്കില്‍പ്പിന്നെ ആരാണു നടപടിയെടുക്കുക?
ബ്രിട്ടീഷുകാര്‍ ഉപേക്ഷിച്ചുപോയ ദുശ്ശീലങ്ങളില്‍ ഒന്നാണു നമ്മള് ഇന്നും കൊണ്ടാടുന്ന ഈ ശൈലി. അവര്‍ അതിനെ ഓര്‍ഡര്‍ലി എന്നു വിളിച്ചു. നമ്മള് അത് പെഴ്സണല്‍ സെക്യുരിറ്റി ഓഫീസര്‍ എന്നും വര്‍ക്കിങ് അറേഞ്ച്മെന്റ് എന്നുമൊക്കെയാക്കി മാറ്റി. ക്യാംപ് ഫോളോവേഴ്സ് എന്നും ഒരു വിഭാഗമുണ്ട്.
ഏതായാലും ഉന്നതരുടെ ദൃഷ്ടിയില് എല്ലാവരും വിടുപണിക്കു വിധിക്കപ്പെട്ടവര്‍ തന്നെ. ഉത്തരവില്ലാതെയും ചിലരെ വിടുപണിക്കായി ഉപയോഗിക്കുന്നതായി പരാതിയുണ്ട്. ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ സഹായത്തിനും സുരക്ഷയ്ക്കും നിയോഗിക്കപ്പെട്ടവരാണ് ഫലത്തില്‍ അവരുടെ വീട്ടുവേലക്കാരായി മാറിയത്. ജനങ്ങളുടെ നികുതിപ്പണംകൊണ്ടു ശമ്പളം നല്കുന്ന രണ്ടായിരത്തോളം പോലീസുകാരാണ് ഇത്തരത്തില്‍ അടിമപ്പണിക്കു വിധിക്കപ്പെട്ടത്. അധികാരത്തിന്റെ മറവിലും അച്ചടക്കത്തിന്റെ വാള്‍മുനയിലും കാലാകാലമായി നടന്നുപോന്ന ഈ പ്രാകൃത നടപടി പുറത്തറിയാന്‍ ഇവരില്‍പ്പെട്ട ഒരാള്‍ക്ക് ഒരു പോലീസ് ഉന്നതന്റെ മകളുടെ തല്ലുകൊള്ളേണ്ടിവന്നു.
പറഞ്ഞിട്ടു കാര്യമില്ല, നിയമത്തിന്റെ പേരില്‍ സ്വയം രൂപപ്പെടുത്തിയ അധികാരത്തിന്റെ ഇരുമ്പുമറയ്ക്കുള്ളില്‍ ശബ്ദം നഷ്ടപ്പെട്ടവരായിരുന്നു ഇവര്‍. നിയമാനുസൃത ജോലിക്കേ ഇവരെ നിയോഗിക്കാവൂ എന്ന ഉത്തരവൊന്നും ഉന്നതരുടെ മുന്നില്‍ വിലപ്പോയില്ല.
ഇത്തരക്കാരെ സേനയിലേയ്ക്കു തിരിച്ചയയ്ക്കാന്‍ തീരുമാനമായി എന്നതു സ്വാഗതാര്‍ഹം തന്നെ. അപ്പോഴും, പ്രശ്നം തണുത്താല്‍ ഇവരെ തിരികെ കിട്ടിയിരിക്കണമെന്ന ആവശ്യവും അല്ലാത്തപക്ഷം പലതും പുറത്തറിയിക്കുമെന്ന ഭീഷണിയും ചിലരില്‍ നിന്ന് ഉണ്ടായി എന്നതു മറ്റു പലതിലേയ്ക്കും വിരല്‍ചൂണ്ടുന്നു. ഭീഷണി ആര്‍ക്കു നേരേയാണ്? അതു കേട്ട് പേടിക്കുന്നത് ആരാണ്? അതിനു പിന്നിലെ രഹസ്യം എന്തായിരിക്കും? എവിടെയോ എന്തോ ചീഞ്ഞുനാറുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: