കാള പെറ്റെന്നു കേട്ടാല്‍ കയറെടുക്കുന്നത് കുറച്ചുകാലമായി ബിജെപി, മോദി വിരുദ്ധരുടെ ശീലമാണല്ലോ. കേന്ദ്ര സര്‍വീസില്‍ ജോയിന്റ് സെക്രട്ടറി തലത്തിലേയ്ക്ക് പ്രഗല്ഭരെ നേരിട്ടു നിയമിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരേയും അങ്ങനെ കയറെടുത്തുള്ള പ്രതികരണങ്ങളുണ്ടായിരുന്നു. ഐഎഎസുകാരെ തഴയുന്നു, അവര്‍ക്കുമേലേ സ്വകാര്യ മേഖലയില്‍ നിന്നുള്ളവരെ പ്രതിഷ്ഠിക്കുന്നു, ആര്‍എസ്എസ്സുകാരെ തിരുകിക്കയറ്റാനുള്ള ഗൂഢശ്രമം എന്നൊക്കെയായിരുന്നു പ്രതികരണം. എന്തിനേയും സംശയ ദൃഷ്ടിയോടെ നോക്കുന്നവരുടെ വികല ദൃഷ്ടിമാത്രമാണതെന്നും യാഥാര്‍ഥ്യവുമായി അതിനു ബന്ധമൊന്നുമില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഇതു പുതിയ സംഭവമൊന്നുമല്ല. മുന്‍പും നടന്നിട്ടുണ്ട്. അത്തരം നിയമനത്തിനു നിയമതടസ്സമില്ല. നിലവില്‍ സര്‍വീസിലുള്ളവരെ ബാധിക്കുന്നതുമല്ല. മനുഷ്യ വിഭവശേഷി ആവുംവിധം രാജ്യത്തിനു പ്രയോജനപ്പെടുത്താനുള്ള ഒരു പദ്ധതിമായേ ഇതിനെ കാണാനൊക്കൂ. മന്മോഹന് സിങ്ങിനെയും സാം പിത്രോദയേയും മൊണ്ടേക്സിങ് അലുവാലിയയേയും നന്ദന് നിലേക്കനിയേയും എം.എസ്. സ്വാമിനാഥനേയും കെ.പി.പി. നമ്പ്യാരേയും പോലുള്ളവരുടെ സേവനം മുന്‍പ് പ്രയേജനപ്പെടുത്തിയിട്ടുമുണ്ട്. അവരൊന്നും ആര്‍എസ്എസ്സുകാരാണെന്ന് ആരും പറഞ്ഞിട്ടുമില്ല. അത്തരക്കാരുടെ അനുഭവസമ്പത്തും പ്രവര്‍ത്തന വൈദഗ്ധ്യവും കാഴ്ചപ്പാടും രാജ്യത്തിന് അവകാശപ്പെട്ടതാണ്.
അതതു മേഖലകളില്‍ ശ്രദ്ധേയമായ പ്രഫഷണല്‍ മികവുള്ളവരുടെ സേവനം പ്രയോജനപ്പെടുത്തുക എന്നതായിരുന്നു കേന്ദ്രത്തിന്റെ ലക്ഷ്യം. കേന്ദ്ര സര്‍ക്കാര്‍ കേഡറിലെ ഏറ്റവും ഉയര്‍ന്ന തസ്തികകളില്‍പ്പെട്ടവയിലേയ്ക്കാണ് ഈ തെരഞ്ഞെടുപ്പ്. ഐഎഎസുകാര്‍ ഭരണതലത്തില്‍ മികവു തെളിയിച്ചവരായിരുന്നാലും സമസ്ത മേഖലകളിലും അവര്‍ക്കു വൈദഗ്ധ്യം ഉണ്ടായിക്കൊള്ളണമെന്നില്ല. അത്തരം തസ്തികകളില്‍ തെരഞ്ഞെടുപ്പു പ്രക്രിയയുടെ അടിസ്ഥാനത്തിലാണ് ഇത്തരക്കാരെ നിയമിക്കുന്നത്. മുന്‍പു പലപ്പോഴും ഇത്തരം നിയമനങ്ങള്‍ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിലായിരുന്നില്ല. ഇത്തവണ വിജ്ഞാപനമിറക്കി എന്നതു മാത്രമാണു പ്രത്യേകത. ഡയറക്ടര്‍, ജോയിന്റ് സെക്രട്ടറി, സെക്രട്ടറി തുടങ്ങിയ പദവികള്‍ കേഡര്‍ തസ്തികയല്ല. ഐഎഎസ് പോലെ ഏതെങ്കിലും സര്‍വീസിന്റെ ഭാഗമല്ലെന്ന് അര്‍ഥം. അതുകൊണ്ടു തന്നെ നിയമപ്രകാരം ത്തരം സര്‍വീസില്‍ നിന്നു തന്നെ നിയമനം നടത്തേണ്ടകാര്യവുമില്ല. സര്‍ക്കാരിനു നേരിട്ടു നിയമനം നടത്താവുന്ന സെലക്ഷന് തസ്തികയാണിത്.
16വര്‍ഷത്തിലേറെ പ്രവര്‍ത്തി പരിചയമുള്ള ഐഎഎസ്സുകാരരെയും 18 മുതല്‍ 25 വര്‍ഷം വരെ പരിചയമുള്ള മറ്റുവിദഗ്ധരേയും പ്രവര്‍ത്തി പരിചയത്തിന്റെ പേരില്‍ തെരഞ്ഞെടുക്കുകയായിരുന്നു മുന്‍ പതിവ്. അങ്ങനെ തെരഞ്ഞെടുക്കപ്പെട്ട 14 പേര് നിലവില്‍ത്തന്നെ സര്‍വീസിലുണ്ട്. പുതിയതായി പത്തുപേര്‍ കൂടി തെരഞ്ഞെടുക്കപ്പെടുന്നു എന്നു മാത്രം. മുന്‍ പതിവില്‍ നിന്നു വ്യത്യസ്തമായി ഇവരെ, വിജ്ഞാപനമിറക്കി പ്രമുഖരുടെ പട്ടിക തയ്യാറാക്കി യോഗ്യതയുള്ളവരെ പരിഗണിച്ച് അതില്‍നിന്നു തെരഞ്ഞെടുക്കുന്നു എന്നുമാത്രം. ഈ പുതിയ രീതിയാണ് കൂടുതല്‍ അഭികാമ്യം. അതിനു കൂടുതല്‍ സുതാര്യതയുമുണ്ട്. ചട്ടങ്ങള്‍ക്കപ്പുറം മികവ് ആധാരമാക്കുന്നു എന്നതു മാത്രമാണു വ്യത്യാസം. എതിര്‍പ്പിനു പിന്നില്‍, എന്തിലും ആര്‍എസ്എസ് സാന്നിദ്ധ്യം സംശയിച്ചു പേടിക്കുന്നവരുടെ മനോവിഭ്രാന്തി മാത്രമാവാനെ തരമുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: