ഇന്നു രാവിലെ ഒന്‍പതു മണി മുതല്‍(ഇന്ത്യന്‍ സമയം രാവിലെ 6 )സിംഗപ്പൂരില്‍ നിന്നും ലോകം കാണാനും കേള്‍ക്കാനും ആഗ്രഹിക്കുന്ന കാഴ്ചകളും വാര്‍ത്തകളും ചരിത്രപരം. അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് ട്രംപും നോര്‍ത്ത് കൊറിയന്‍ ഏകാധിപതി കിം ജോങ് ഉനും സിംഗപ്പൂരിലെ പ്രസിദ്ധമായ സെന്റോസ ദ്വീപിലെ കാപെല്ല പഞ്ചനക്ഷത്ര ഹോട്ടലില്‍ ഒത്തുകൂടുമ്പോള്‍ പ്രതീക്ഷയിലും ഒപ്പം ആശങ്കയിലുമാണ് ലോകം.
ഏതാനും മാസങ്ങള്‍ക്കു മുന്‍പുവരെ പരസ്പ്പരം ഭീഷണി മുഴക്കി് മൂന്നാം ലോക മഹായുദ്ധത്തിന്റെ വക്കിലേക്കുവരെ എത്തിച്ചിരുന്നു ട്രംപിന്റേയും കിമ്മിന്റേയും വെളിവില്ലാത്ത വാക്കുകള്‍. ഭ്രാന്തനെന്നും വയസനെന്നുംവരെ ഇരിക്കുന്ന പദവിപോലും നോക്കാതെ കൊള്ളിവെച്ച വാക്കുകള്‍ തുപ്പിയിരുന്നവരാണ് ഇപ്പോള്‍ സമാധാനത്തിന്റെ വക്താക്കളായി ഇന്നു നേര്‍ക്കുനേര്‍ ഇരിക്കുന്നത്.
ആണവ നിര്‍വ്യാപനവുമായി ബന്ധപ്പെട്ട് ഭാവിയില്‍ ഉണ്ടാകാനിരിക്കുന്ന കാല്വെപ്പുകള്ക്കുള്ള ആദ്യ ശ്രമമെന്ന നിലയിലാണ് രണ്ടു രാഷ്ട്ര മേധാവികളും സിംഗപ്പൂരില്‍ ഒത്തുകൂടുന്നത്. കഴിഞ്ഞിടെ രണ്ടു ദിവസം ലോകം അറിയാത്തപോലെ ഇത്തരം നിര്വ്യാപനവുമായുള്ള കാര്യാലോചനകള്‍ക്ക് എന്ന പേരില്‍ കിം ചൈന സന്ദര്‍ശിച്ചിരുന്നു. കിം അതിര്‍ത്തി കടന്നപ്പോള്‍ മാത്രമാണ് കിമ്മിന്റെ സന്ദര്‍ശനത്തെക്കുറിച്ച് ചൈന ഔദ്യോഗികമായി വെളിപ്പെടുത്തിയത്. തുടര്‍ന്ന് സമാധാന ശ്രമത്തെക്കുറിച്ച് അന്നു വലിയ വായില്‍ ട്രംപ് സംസാരിക്കുകയും ചെയ്തു. തുടര്‍ന്നാണ് ഇത്തരമൊരു കൂടിക്കാഴ്ചയ്ക്കു തിയതി കുറിച്ചത്. അതിനിടയില്‍ അമേരിക്കയും ദക്ഷിണ കൊറിയയും സംയുക്തമായി നടത്തിയ സൈനികാഭ്യാസത്തെ ഉത്തരകൊറിയ വിമര്‍ശിച്ചുവെന്നു പറഞ്ഞ് ഈ കൂടിക്കാഴ്ച അനിശ്ചയത്തിലാകുകയും തുടര്‍ന്ന് ഇന്നത് സാക്ഷാല്ക്കരിക്കപ്പെടുകയുമാണ്.
വന്‍ സന്നാഹങ്ങളാണ് കൂടിക്കാഴ്ചയുടെ പേരില്‍ സിംഗപ്പൂരില്‍ ഒരുക്കിയിരിക്കുന്നത്. ദിവസങ്ങള്‍ക്കു മുന്നേ ഇതുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ ഔദ്യോഗിക തലത്തില്‍ നീക്കിയിരുന്നു. തിങ്കളാഴ്ച അവസാന ഒരുക്കങ്ങളും നടന്നു.രണ്ടായിരത്തോളം മാധ്യമപ്രവര്‍ത്തകരാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും സിംഗപ്പൂരില്‍ പറന്നിറങ്ങിയിട്ടുള്ളത്.ദ്വിഭാഷികളായിരിക്കും ആദ്യം ട്രംപിനും കിമ്മിനുമിടയില് ഉണ്ടാവുക.അപ്പോള്‍ ഉപദേശികള്‍ക്കോ സഹായികള്‍ക്കോ പോലും പ്രവേശനാനുമതി ഉണ്ടാകില്ല.അതിനുശേഷമായിരിക്കും മറ്റുള്ളവര്‍ക്കു പ്രവേശനം.
നോര്‍ത്ത് കൊറിയയുമായി അമേരിക്ക ഇങ്ങനെയൊരു കൂടിക്കാഴ്ച സമാധാനത്തിന്റെ പേരില്‍ നടത്തുന്നത് ആദ്യമായിട്ടാണ്. കിമ്മിന്റേതാകട്ടെ രണ്ടാമതു വിദേശ സന്ദര്‍ശനവും.കാര്യങ്ങള്‍ പ്രതീക്ഷിച്ചതിലും വേഗത്തില്‍ മുന്നോട്ടുപോകട്ടെയെന്നാണ് യുഎസ് വക്താവ് പറഞ്ഞത്. ശാശ്വത സമാധാനം നിലനില്ക്കാനുള്ളതാകട്ടെ കൂടിക്കാഴ്ചയെന്നും അമേരിക്കയുമായി നല്ലൊരു ബന്ധമാണ് ഇതുവഴി തുറക്കുന്നതുമെന്നാണ് ഉത്തരകൊറിയ പറഞ്ഞത്. അങ്ങനെ ആയിത്തീരട്ടെ എന്നാണ് ലോകത്തിന്റെ പ്രാര്‍ഥനയും.
ട്രംപ് വലിയ കളിക്കാരനാണ്. അതിലും കളിക്കാരനാണ് കിം.കിമ്മിന്റെ ചൈനാ സന്ദര്‍ശത്തിനു പിന്നില്‍ അങ്ങനെയൊന്ന് ലോകംസംശയിച്ചിരുന്നു. കുറഞ്ഞ പക്ഷം അമേരിക്കയെങ്കിലും. ട്രംപുമായുള്ള കിമ്മിന്റെ കൂടിക്കാഴ്ച ചൈനയും സംശയത്തോടെയാണ് കാണുന്നത്. സെന്റോസ ദ്വീപിനെക്കുറിച്ച് പലകഥകളുമുണ്ട്. ശാന്തി സമാധാനം എന്നൊക്കെയാണ് സെന്റോസയുടെ അര്‍ഥം. അങ്ങനെ നോക്കുമ്പോള്‍ മറ്റൊരു പേരും രണ്ടാലോക മഹായുദ്ധകാലത്ത് ഉണ്ടായിരുന്നു, പിന്നില്‍നിന്നുള്ള മരണത്തിന്റെ ദ്വീപെന്ന്. എന്നാല്‍ ലോകം കാത്തിരിക്കുന്നത് ആ ദ്വീപിന് ഇപ്പോഴുള്ള പേര് എന്നും നിലയനില്ക്കട്ടെ എന്നായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: