വിവാഹ ദിവസം നവദമ്പതികള്‍ക്ക് അതിഥികളില്‍ നിന്ന് അനുഗ്രഹങ്ങളും മറ്റും ലഭിക്കുക സ്വാഭാവികം. എന്നാല്‍ ദമ്പതികള്‍ക്ക് ലഭിക്കുന്ന പ്രാര്‍ത്ഥനകളും അനുഗ്രഹങ്ങളും അര്ത്ഥവത്തുള്ളതായി തീരണമെന്ന് ആഗ്രഹിക്കുന്നിടത്താണ് ഔറംഗബാദിലെ ഈ വിവാഹം വ്യത്യസ്തമാകുന്നത്.
ഔറംഗബാദിലെ ഓംകാര്‍ ദേശ്പാണ്ഡെയുടെ സഹോദരി പൂജയും ദേവേന്ദ്ര പതക്കുമായുള്ള വിവാഹ ചടങ്ങാണ് ഇത്തരത്തില്‍ വ്യത്യസ്തമായത്. ക്ഷണിക്കപ്പെട്ടെത്തിയ അതിഥികള്‍ക്ക് നട്ടുവളര്‍ത്താന്‍ ചെടികള്‍ നല്‍കിയും അവരിലേയ്ക്ക് അവയദാനത്തിന്റെയും രക്ത ദാനത്തിന്റേയും മഹത്വം പകര്‍ന്നു നല്‍കിയുമായിരുന്നു വിവാഹ ചടങ്ങുകള്‍ വേറിട്ട് നിന്നത്.
അതിഥികള്‍ക്കായി 50 വൃക്ഷതൈകളാണ് ഓംകാറിന്റെ കുടുംബം നല്‍കിയത്. അതിന്റെ പരിപാലനങ്ങള്‍ക്ക് ചെറിയൊരു തുക അതിത്ഥികള്‍ക്ക് മുടക്കേണ്ടി വരും. 132 കോടി ജനങ്ങളുള്ള രാജ്യത്ത് ഓരോരുത്തരും ഓരോ വൃക്ഷ തൈയെങ്കിലും നട്ടുവര്ത്തിയാല് നമ്മുടെ രാജ്യം പച്ചപ്പുള്ളതായി തീരുമെന്ന കാഴ്ചപാടാണ് ഇതിന് പിന്നില്‍. വെറും അനുഗ്രഹവാചകങ്ങളിലൊതുക്കുന്നതിലും എത്രയോ നല്ലതാണ് പ്രവര്‍ത്തിയിലൂടെ അത് തെളിയിക്കുന്നത്. സ്വയം സുരക്ഷിതത്വവും ഭാവി തലമുറയ്ക്ക് നല്ലൊരു അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനും ഈ പ്രവര്‍ത്തികള്‍ ഉതകുമെന്ന് ഓംകാര്‍ ചൂണ്ടിക്കാട്ടുന്നു.
രക്തദാനത്തിന്റെ മഹത്വത്തെ കുറിച്ച് അതിഥികളെ ബോധവാന്മാരാക്കാനും വിവാഹ ചടങ്ങ് വേദിയായി. വില്ക്കുന്നതിനേക്കാള് എത്രയോ പുണ്യമാണ് സൗജന്യ രക്തദാനമെന്ന് വിളിചോതുന്ന ചടങ്ങില്‍ 16 അതിഥികളാണ് രക്തം ദാനം ചെയ്തത്. ഔറംഗബാദ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ദാദാജി ഭലേ രക്ത ബാങ്കിന്റെ സന്നദ്ധ സഹകരണവും ഓംകാറിന്റെ പുണ്യപ്രവര്‍ത്തിക്ക് കൂട്ടായി ഒപ്പം നിന്നു.
രക്തദാനത്തോളം തന്നെ മഹത്തരമാണ് അവയവദാനവുമെന്ന പാത പിന്തുടര്ന്ന് വധുവും വരനുമടക്കം 20 പേരാണ് അവയവദാനത്തിനായി രജിസ്റ്റര്‍ ചെയ്തത്.
പാനീയങ്ങള്‍ സ്റ്റീല്‍ ഗ്ലാസുകളിലും കപ്പുകളിലും നല്കി പ്ലാസ്റ്റിക്കിന്റെ ഉപഭോഗം കുറച്ചും വിവാഹ ചടങ്ങ് മാതൃകയായി. ചടങ്ങില്‍ ധാന്യമണികള്‍ വര്‍ഷിക്കുന്നതിന് പകരം പൂക്കളാണ് ഉപയോഗിച്ചത്. ദശലക്ഷ കണക്കിന് ആളുകള്‍ ഒരുനേരത്തെ ആഹാരത്തിന് കഷ്ടപ്പെടുമ്പോള്‍ എന്തിന് അത് പാഴാക്കുന്നു എന്നതാണ് ഇതിന് പിന്നിലെ ചിന്താഗതിയെന്ന് ഓംകാര്‍ പറയുന്നു. കൂടാതെ വായൂമലിനീകരണം കണക്കിലെടുത്ത് ചടങ്ങില്‍ പടക്കങ്ങളും ഒഴുവാക്കിയിരുന്നു.
അതിഥികള്‍ക്ക് നല്കിയ വൃക്ഷ തൈയ്ക്കൊപ്പമുള്ള സെല്‍ഫികള്‍ ഉപയോഗിച്ച് ഒരു വാട്സാപ്പ് ഗ്രൂപ്പും ഓംകാര്‍ ലക്ഷ്യം വയ്ക്കുന്നുണ്ട്. വൃക്ഷ തൈയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടവും അറിയാനും അതോടോപ്പമുള്ള സെല്‍ഫികളും ഈ ഗ്രൂപ്പില്‍ പങ്കുവയ്ക്കാം. സഹോദരിയുടെ വിവാഹ വാര്‍ഷികം ഓരോ വൃക്ഷ തൈകളുടെയും പിറന്നാളായും ഇതിലൂടെ ആഘോഷിക്കാന്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: