അങ്ങയുടെ വിധിന്യായങ്ങളില്‍നിന്ന് തുടങ്ങാം. ഒരു കേസില്‍ ഇരുപതോ ഇരുപത്തഞ്ചോ പ്രതികളുണ്ടെങ്കിലും ശിക്ഷിക്കപ്പെടുന്നത് രണ്ടോ മൂന്നോ പേരായിരിക്കും. ഒരാള്‍ മാത്രം വന്ന കേസുമുണ്ട്.
ഞാന്‍ ഒരുപാട് ക്രിമിനല്‍ കേസുകള്‍ നടത്തിയ വക്കീലായിരുന്നു. അതിന്റെ പരിചയമാണ് എന്നെ സഹായിച്ചത്. പല കേസിലും കക്ഷികള്‍ വരുമ്പോള്‍ നമുക്കറിയാം. ശിക്ഷിക്കപ്പെട്ടാലും അതില്‍ ഒരു പങ്കാളിത്തവും ഇല്ലാത്തവരായിരിക്കും. പോലീസ് രേഖകളില്‍ വന്നുപോകുന്നതാകാം. ധര്‍മ്മവും അധര്‍മവും വിവേചിച്ചറിയാനുള്ള ദാഹംതന്നെ എനിക്കുണ്ട്. ശരിയുടെ പക്ഷത്തേ നില്‍ക്കാനാവൂ. ശരിയല്ലാത്തതില് ഇടപെടരുത്. മനസ്സിന്റെ വാഞ്ഛയാണത്. 16 പേരെ ജീവപര്യന്തം ശിക്ഷിച്ച കേസില്‍ 15 പേരെയും ഞാന്‍ വെറുതെ വിട്ടിട്ടുണ്ട്. ആ കേസ് നടത്തിയ വക്കീലന്മാര് പില്ക്കാലത്ത് എന്നോടു പറഞ്ഞു. രണ്ടുമൂന്നുപേര് ആ പ്രദേശത്തുപോലും ഉണ്ടായിരുന്നവരല്ലെന്ന്. വേറെ ചിലര്‍ ഓടിക്കൂടിയവരും നോക്കിനിന്നവരുമാണ്. അവരും കേസില്‍ പ്രതികളായി.
$നിയമത്തിലുള്ള പരിജ്ഞാനത്തിനും നീതിബോധത്തിനും പുറമെ ഗ്രെയ്സ്, അനുഗ്രഹം എന്നൊരു ഘടകം ഇതിലുണ്ടോ?
ഒടുവില്‍ പറഞ്ഞതുമാത്രമേ അതിലുള്ളൂ. വിവേകത്തിന് വലിയ കാര്യമൊന്നുമില്ല. സര്‍വ്വേശ്വരന്റെ കൃപ, അത് അനുഭവിച്ചിട്ടുള്ളയാളാണ് ഞാന്‍. ഒരുപാട് കേസുകളുടെ വിധി പറഞ്ഞു. ഞാന്‍ സുപ്രീംകോടതിയില്‍നിന്ന് വിരമിച്ചശേഷം ഇപ്പോള്‍ 16 വര്‍ഷം കഴിഞ്ഞു. ഒരു കേസിലെങ്കിലും വിധിച്ചത് തെറ്റിപ്പോയി എന്നെനിക്ക് തോന്നിയിട്ടില്ല. ഇന്ന് വാദം കേള്‍ക്കുകയാണെങ്കിലും മറിച്ച് വിധിക്കുമായിരുന്നുവെന്ന് തോന്നിയിട്ടില്ല. വിധി പറയുന്നതിനു മുന്‍പ് ഒന്നു രണ്ടു കേസുകളില്‍ തെറ്റിപ്പോയെന്ന് തോന്നിയതിനാല്‍ വിധിന്യായം മാറ്റിയെഴുതി. എന്നിട്ടേ ഒപ്പിട്ടുള്ളൂ. കേസ് നടത്തിയ വക്കീലിന്റെ പെരുമാറ്റം എന്റെ മനസ്സിനെ സ്വാധീനിച്ച് കാണുമോയെന്ന് സംശയം വന്നു. അതുകൊണ്ട് ആ വിധി ഒപ്പിടാതെ വീട്ടില്‍ കൊണ്ടുവച്ച് ഒരാഴ്ചമുഴുവന്‍ പഠിച്ചപ്പോള്‍ തെറ്റിപ്പോയെന്ന് മനസ്സിലായി. രണ്ടാമത് വാദം കേള്‍ക്കണമെന്ന് പറഞ്ഞ് പോസ്റ്റ് ചെയ്തു. രണ്ടാമത് കേട്ട്, ആദ്യം ആര്‍ക്കെതിരായിട്ടാണോ വിധി എഴുതിയത്, അയാള്‍ക്ക് അനുകൂലമായിട്ട് വിധി പറഞ്ഞു. ഇങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കില്‍ അത് അനീതിയായേനെ.
$കാല്‍നൂറ്റാണ്ടുകാലം ജുഡീഷ്യറിയില്‍ ഉണ്ടായിരുന്നല്ലോ. സാധാരണ സൂപ്രീംകോടതിയില്നിന്നൊക്കെ വിരമിച്ച ഒരാള്‍ വലിയ പദവികളിലേക്ക് പോകും. പക്ഷേ അങ്ങ് അങ്ങനെ…?
ഒരു സുപ്രീംകോടതി ജഡ്ജി വിരമിച്ചുകഴിഞ്ഞാല്‍ ഒന്നുരണ്ടു വര്‍ഷത്തേക്ക് സര്‍ക്കാരുകളുടെ കീഴില്‍ ശമ്പളത്തോടെയുള്ള ജോലിയൊന്നും സ്വീകരിക്കരുത്, കമ്മീഷനുകളാവാം. ഞാന്‍ വിരമിച്ചപ്പോള്‍ നിയമ കമ്മീഷന്റെ ചെയര്‍മാനാക്കാന്‍ ആലോചനയുണ്ടായി. അന്ന് നിയമമന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ്. സോളിസിറ്റര്‍ ജനറലായിരുന്ന ഹരീഷ് സാല്‍വെ എന്നെ സമീപിച്ചു. അപ്പോള്‍ ഞാന്‍ പറഞ്ഞു, ഉടനെയൊന്നും മനസ്സുവരുന്നില്ല. ഞാന്‍ തിരിച്ച് വീട്ടില്‍ വന്നയുടന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷനിലേക്ക് നിയമിച്ചെന്ന് രാഷ്ട്രപതിയുടെ ഉത്തരവ് വന്നു. ഞാന്‍ ഉടന്‍ രാഷ്ട്രപതിക്കെഴുതി. മാനസികമായി വിയോജിപ്പുണ്ടെന്ന് പറഞ്ഞു. സാധാരണ ഗതിയില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് ആരും വേണ്ടെന്നുവയ്ക്കാറില്ല. സുപ്രീംകോടതി ജഡ്ജിയുടെ ശമ്പളം, ബംഗ്ലാവ്, വാഹന സൗകര്യം, ഒന്നും രണ്ടും മാസം കൂടുമ്പോള്‍ വിദേശപര്യടനം തുടങ്ങിയ സൗകര്യങ്ങളുണ്ട്. ഇത് ഉപേക്ഷിക്കുന്നത് ബുദ്ധിശൂന്യതയാണെന്ന് എന്നെ ഉപദേശിച്ചിട്ടുള്ള മുന്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന് അംഗങ്ങളുണ്ട്. ഞാന്‍ അതിന് നിന്നുകൊടുത്തില്ല.
$സുപ്രീംകോടതിയില്‍ത്തന്നെ വളരെ നിര്‍ണായകമായ വിധിന്യായങ്ങള്‍ അങ്ങയുടേതായുണ്ട്. രാജീവ് ഗാന്ധി കൊലക്കേസ് വിധി ഇതിലൊന്നാണ്.
ഇരുപത്തിയാറ് പേര്‍ക്ക് വധശിക്ഷ കൊടുത്ത കേസ് ഞങ്ങളുടെ അടുത്തുവന്നപ്പോള്‍ ആറായിട്ട് കുറഞ്ഞു. അതില്‍ മൂന്നുപേര്‍ക്ക് ഞാന്‍ വധശിക്ഷ വിധിച്ചു. കൂടെയിരുന്നവര് നാലുപേര്‍ക്ക് കൊടുത്തു. അതിലൊരാളായിരുന്നു നളിനി. നളിനിയുടെ വധശിക്ഷയോട് ഞാന്‍ യോജിച്ചില്ല. ഞാന്‍ വിയോജനക്കുറിപ്പെഴുതി. പുനഃപരിശോധനാ ഹര്‍ജി വന്നു. അതിനുള്ള സാധ്യത വളരെ കുറവായിരുന്നു. എന്തെങ്കിലും വലിയ പിഴവുകളുണ്ടെങ്കിലേ, പ്രത്യക്ഷത്തിലുള്ള തെറ്റിന് മാത്രമേ പുനഃപരിശോധനയുള്ളൂ. വാദംകേള്‍ക്കാന്‍ തുടങ്ങിയപ്പോള്‍ കൂടെയുണ്ടായിരുന്ന രണ്ടുമൂന്നുപേര് പറഞ്ഞു: അഭിപ്രായം മാറിയെന്നല്ലാതെ വലിയ പിഴവൊന്നും ആര്ക്കുംപറ്റിയിട്ടില്ലോ.
രാത്രി വീട്ടില്‍ വന്നപ്പോള്‍ പുതിയ തോന്നല്‍ വന്നു. വധശിക്ഷ ഭരണഘടനാ വിരുദ്ധമാണെന്നുള്ള പ്രസിദ്ധമായ വിധിയുണ്ടല്ലോ, ബച്ചന് സിങ് കേസ്.ആര്‍ട്ടിക്കിള്‍ 21-ന്റെ ലംഘനമാണ് എന്ന വാദമായിരുന്നു ഈ കേസ് കേട്ട ഭൂരിപക്ഷം ജഡ്ജുമാര്‍ക്കും. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസുകളില്‍ ജീവപര്യന്തം തടവ് തീരെ അപര്യാപ്തമാണ്. എല്ലാക്കാരണങ്ങളാലും അതൊഴിവാക്കേണ്ടതാണ് എന്നുംകൂടി വന്നാലേ വധശിക്ഷ കൊടുക്കാവൂ എന്നുപറഞ്ഞു. അത് എന്നെ സംബന്ധിച്ചിടത്തോളം ഭരണഘടനാപരമായ ചോദ്യമായി വന്നു ആ രാത്രിയില്‍. മൂന്ന് ജഡ്ജുമാരില്‍ ഭൂരിപക്ഷം പറയുന്നു വധശിക്ഷ കൊടുക്കണമെന്ന്. ന്യൂനപക്ഷം പറയുന്നു, വധശിക്ഷ കൊടുക്കേണ്ടെന്ന്. സുപ്രീം കോടതി ജഡ്ജുമാരാണ്. എല്ലാ കാരണങ്ങളാലും തീര്‍ത്തും അപര്യാപ്തമാണെന്ന് പൂര്‍ണബോധ്യമുണ്ടെങ്കില്‍ മാത്രമേ വധശിക്ഷ കൊടുക്കാവൂ. അതുകൊണ്ട് വധശിക്ഷ ഭരണഘടനാ വിരുദ്ധമാണെന്ന് ഞാന്‍ വിധിയെഴുതി.
$ഈ പ്രതികള്‍ 21 വര്‍ഷം വിചാരണത്തടവ് അനുഭവിച്ചു. അതുകൊണ്ട് അവരെ ഒഴിവാക്കണമെന്ന് പിന്നീട് അങ്ങ് അഭിപ്രായപ്പെട്ടു.
വെറുതെ വിടണമെന്നല്ല. അവര്‍ക്ക് റിവിഷന്‍ കൊടുക്കണമെന്ന് പറഞ്ഞു. ജീവപര്യന്തമാക്കിക്കഴിഞ്ഞപ്പോള് രണ്ടു കാര്യങ്ങള്‍ ആ കേസിലുണ്ടായിരുന്നു. വധശിക്ഷയ്ക്ക് വിധിച്ചവരെ, സാധാരണ ജീവപര്യന്തക്കാരെ എല്ലാവരേയുംകൂടി ഒരുമിച്ചിടും. ഇവരെ എത്ര വര്‍ഷമായി വധശിക്ഷ കൊടുക്കാതെ ഏകാന്ത തടവില്‍ ഇട്ടിരിക്കുന്നു. മനുഷ്യാവകാശ ലംഘനമാണത്. നേരത്തെ വധശിക്ഷ നടപ്പിലാക്കാന്‍ സാധിക്കാത്തതിന് അവര്‍ ഉത്തരവാദികളല്ല. ജീവപര്യന്തം തടവിലായിരുന്നെങ്കില് 14 വര്‍ഷം കഴിഞ്ഞാല്‍ മോചിപ്പിച്ച് കിട്ടാന്‍ അവകാശമുണ്ടായിരുന്നു. ജീവപര്യന്തമായി മാറ്റിക്കിട്ടിയ കേസില്‍ കാലം മുഴുവന്‍ ഏകാന്ത തടവില്‍ ഇട്ടിരിക്കുന്നതുകൊണ്ടാണ് അവര്‍ക്ക് ഇളവ് നല്‍കണമെന്ന് ഞാന്‍ പറഞ്ഞത്. ‘വെറുതെ വിടണം’ എന്നു പറയുമ്പോഴാണ് ആളുകള്‍ തെറ്റിദ്ധരിക്കുന്നത്. പ്രധാനമന്ത്രിയെ കൊന്നയാളെ വെറുതെ വിടണമെന്ന് പറഞ്ഞു എന്നൊക്കെ വ്യാഖ്യാനങ്ങള്‍ വന്നു. ഞാന്‍ പറഞ്ഞത് ഇനിയുള്ള കാലത്തേക്ക് അവര്‍ക്ക് ഇളവ് കൊടുക്കണമെന്നാണ്.
$ആളുകളുടെ ഇടയില്‍ ഇപ്പോഴുമുള്ള ഒരു ആശയക്കുഴപ്പമാണ് ജീവപര്യന്തം എന്നത് ജീവിതാവസാനംവരെയാണോ അതോ…?
ജീവപര്യന്തം എന്നുപറഞ്ഞാല്‍ മരണംവരെ. അതാണ് നിയമത്തില്‍. എന്നാല്‍ കാലാകാലങ്ങളില്‍ തടവുകാരുടെ സ്വഭാവവും മറ്റു കാര്യങ്ങളും പരിഗണിച്ച് സര്‍ക്കാര്‍ ഇളവുകൊടുക്കും. കൊലക്കുറ്റത്തിനും മറ്റും ശിക്ഷിച്ചയാളെ 14 വര്‍ഷത്തിനു മുന്‍പ് വിടരുതെന്ന പുതിയ നിയമം 1974 ലോ മറ്റോ പാസ്സാക്കി. ജീവപര്യന്തം 14 വര്‍ഷംകൊണ്ട് അവസാനിക്കുന്നതാണ് സാധാരണഗതിയില്‍. വളരെ അപൂര്‍വമായി, പുറത്തുവിട്ടാല്‍ അപകടകാരിയാണെന്നു വരുന്ന കേസുകള്‍, രാജ്യാന്തരമായി അപകടം വരുന്നവയില്‍ മാത്രമേ വിടാതിരിക്കേണ്ടതുള്ളൂ. അല്ലെങ്കില്‍ 14 വര്‍ഷം കഴിഞ്ഞ് പുറത്തുവിടണമെന്നാണ്. അതിന് ഞാന്‍ ചൂണ്ടിക്കാണിച്ചത് മഹാത്മാഗാന്ധി വധക്കേസാണ്. നാഥുറാം ഗോഡ്സെയേയും ആപ്തെയേയും വധശിക്ഷയ്ക്ക് വിധിച്ചു. അവരുടെ വധശിക്ഷ ഉടന്‍ നടപ്പാക്കി. ബാക്കി ജീവപര്യന്തം തടവിന് വിധിക്കപ്പെട്ടവരെയെല്ലാം 14 വര്‍ഷം കഴിഞ്ഞപ്പോള്‍ ഇളവ് നല്കി വിട്ടു. മഹാത്മാഗാന്ധിയുടെ കേസില്‍ അത് ആകാമെങ്കില്‍, അതിനേക്കാള്‍ നിയമം അനുകമ്പ കാണിക്കേണ്ട പല കേസുകള്‍ പില്ക്കാലത്ത് വന്നു. അത്തരം കേസുകളില്‍ ഇളവു നല്‍കണം എന്നാണ് എന്റെ പക്ഷം.
$വധശിക്ഷ, ക്യാപ്പിറ്റല്‍ പണിഷ്മെന്റ് ഇപ്പോഴും സജീവ ചര്‍ച്ചാവിഷയമാണ്.
എല്ലാക്കാലത്തും പ്രത്യക്ഷത്തില്‍ ഞാന്‍ വധശിക്ഷയോട് യോജിക്കാത്തയാളാണ്. വധശിക്ഷ ഒരു ശിക്ഷയല്ല. രാജ്യം സ്വന്തം പൗരന്മാരെ ശിക്ഷിക്കുന്നത് മാതാപിതാക്കള്‍ അവരുടെ മക്കളെ ശിക്ഷിക്കുന്നതുപോലെയേ ആകാവൂ. അവര്‍ നന്നാവണം. ഒരു ശിക്ഷയ്ക്ക് നാല് ഉദ്ദേശ്യങ്ങളുണ്ട്. ഒന്ന്, ഒരുവനെ ഇങ്ങനെ ചെയ്തതുകൊണ്ട് ആളുകള്‍ പേടിക്കണം. രണ്ട്, ഒരുവന് ചെയ്തതിനോടുള്ള പ്രതികാരം. മൂന്ന്, ശിക്ഷയോടുകൂടെ അവന് പുനരധിവാസം ചെയ്യപ്പെടണം. നാല്, അവനെ നന്നാക്കിയെടുക്കണം. ഇതില്‍ നാലാമത്തേതാണ് പരിഷ്കൃത രാഷ്ട്രം ചെയ്യേണ്ടത്. പ്രതികാരം എന്നുപറയുന്നത് പ്രാകൃതമാണ്. പുനരധിവാസം വധശിക്ഷക്കാര്ക്ക് ബാധകമല്ല. പിന്നെ അവശേഷിക്കുന്നത് ഇങ്ങനെ ശിക്ഷിക്കുന്നതു കണ്ട് ആളുകള്‍ ഭയപ്പെടണം. അതിനെ ഡിറ്ററന്‍സ് എന്നുപറയും.
വധശിക്ഷയെ മാത്രം നോക്കിയിട്ടു കാര്യമില്ല. ജീവപര്യന്തവും വധശിക്ഷയും തമ്മില്‍ താരതമ്യപ്പെടുത്തിയാല്‍ വധശിക്ഷ കിട്ടുമെന്ന് വിചാരിച്ച് കുറ്റം ചെയ്യുന്നതില്‍നിന്ന് ആളുകള്‍ മാറിപ്പോകുന്നതും, ജീവപര്യന്തമേയുള്ളൂ എന്നതുകൊണ്ട് കുറ്റം ചെയ്തേക്കാമെന്ന് വിചാരിക്കുമെന്നതും മിഥ്യാ ധാരണയാണ്. ഇക്കാര്യത്തില്‍ നിരവധി ഗവേഷണങ്ങള്‍ നടന്നിട്ടുണ്ട്. വധശിക്ഷ മറ്റാളുകളെ കുറ്റകൃത്യങ്ങളില്‍നിന്ന് പിന്തിരിപ്പിക്കാനുതകും എന്നുപറയുന്നത് ശരിയല്ല. എനിക്ക് ഒരാളെ കൊല്ലാനുള്ള അവകാശമുണ്ട് നിയമത്തില്‍, എന്റെ ജീവന് അപകടത്തിലായാല്‍. എന്റെയോ ഞാന്‍ അറിയുന്ന ഒരാളുടെയോ ജീവന് അപകടത്തിലായാല്‍, നിങ്ങളുടെ ജീവന് അപകടത്തിലായെന്ന് എനിക്ക് ബോധ്യപ്പെട്ടാല്‍ അവരെ കൊല്ലാന്‍ എനിക്ക് അവകാശമുണ്ട്. ഞാന്‍ നിങ്ങളെ ആദ്യം കാണുകയാണെങ്കിലും നിങ്ങളെ ആരെങ്കിലും കൊല്ലാന്‍ വന്നാല്‍ അയാളെ എനിക്ക് വെടിവച്ചു കൊല്ലാം. അതാണ് നിയമം. ഈ തത്ത്വചിന്ത വച്ച് വധശിക്ഷ കൊടുക്കാവുന്ന കേസുകള്‍ നിരവധിയുണ്ട്.
രാജ്യാന്തരബന്ധമുള്ള കൊടുംഭീകരന്മാരെ പിടികൂടി അവരെ ജീവപര്യന്തത്തിനു മാത്രം ഇട്ടാല്‍ കാണ്ഡഹാര്‍ പോലെയുള്ളത് ആവര്‍ത്തിക്കാന്‍ ഇടയുണ്ട്. ഇവരുടെ സുരക്ഷയ്ക്ക് ഖജനാവില്‍നിന്ന് ചെലവാകുന്ന സംഖ്യ ഭീമമാണ്. മരിക്കുന്നതുവരെ അവരെ ഇട്ടോണ്ടിരുന്നാല്‍ ഓരോ ദിവസവും കാണ്ഡഹാര്പോലെയുള്ള സംഭവങ്ങള്‍ക്ക് സാധ്യതയുണ്ട്. ഇനി വിമാന റാഞ്ചല്‍ നടക്കുകയില്ലെന്ന് വിചാരിച്ചാലും, ഒരു പള്ളിക്കൂടം വളയാന്‍ സാധിക്കുമല്ലോ. ബസ്സ് വളയാന്‍ സാധിക്കുകയില്ലേ, ഒരു ബോട്ടു വളയാന്‍ സാധിക്കുകയില്ലേ. അതുകൊണ്ട് രാജ്യാന്തര ബന്ധങ്ങളുള്ള ഭീകരന്മാര്ക്ക് വധശിക്ഷതന്നെ കൊടുക്കണം. അത് സ്വയരക്ഷയ്ക്കാണ്. നിയമത്തിന്റെ ഒരു പ്രത്യേകതയാണത്. ഇതില്‍ മാത്രമേ വധശിക്ഷ നല്കുന്നതില് ഞാന്‍ അപവാദം കാണുന്നുള്ളൂ.
$ഇപ്പോള്‍ ജഡ്ജുമാരെ തെരഞ്ഞെടുക്കുന്ന സംവിധാനമായ കൊളീജിയവും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള ഒരു പ്രശ്നമുണ്ടല്ലോ?
ഒരു പ്രശ്നവുമില്ല. പത്രക്കാരുണ്ടാക്കുന്ന പ്രശ്നമേയുള്ളൂ. ഉദാഹരണത്തിന് കൊളീജിയം ശുപാര്‍ശ ചെയ്യുന്നയാളുകളില്‍ സര്‍ക്കാരിന് വിയോജിക്കാന്‍ അവകാശമുണ്ടെന്ന് കൊളീജിയം സൃഷ്ടിച്ച വിധിന്യായത്തില്‍ പറയുന്നുണ്ട്. കൊളീജിയം തന്നെ ഒരു വിധിന്യായത്തിലൂടെ ഉണ്ടാക്കിയതല്ലേ.
ഒന്‍പതംഗ ബെഞ്ചിന്റെ വിധിയാണത്. വാജ്പേയി സര്‍ക്കാര്‍ ഭരിക്കുന്ന കാലത്താണ് ഇപ്പോഴത്തെ കൊളീജിയം ഉണ്ടായത്. അതിനു മുന്‍പ് കൊളീജിയം ഉണ്ടായിരുന്നു. അഞ്ച് ജഡ്ജിമാര്‍ സുപ്രീംകോടതിയിലും, മൂന്ന് ജഡ്ജിമാര്‍ ഹൈക്കോടതിയിലും എന്നൊക്കെയുള്ള വ്യവസ്ഥ കൊണ്ടുവന്നത് ഒമ്പതംഗ ബെഞ്ചാണ്. ആ വിധിന്യായത്തില്‍ പറയുന്നുണ്ട്, കൊളീജിയം അങ്ങോട്ടയയ്ക്കുന്ന പേരുകളില്‍ രണ്ടു ജഡ്ജുമാരുടെ എതിര്‍പ്പുണ്ടെങ്കില്‍ അത് സ്വീകരിക്കാന്‍ രാഷ്ട്രപതിക്കോ കേന്ദ്രസര്‍ക്കാരിനോ ബാധ്യതയില്ലെന്ന്. സ്വീകരിച്ചുകൂടായ്കയുമില്ല. അതുകൊണ്ട് ഫലത്തില്‍ രണ്ടു ജഡ്ജിമാര്‍ എതിര്‍ക്കുന്ന കേസുകളൊന്നും അവര്‍ അയയ്ക്കാറില്ല. നാലുപേരുടെവരെ അയയ്ക്കാറുണ്ട്. അഞ്ചുപേരുടെവരെ അയയ്ക്കുന്നത് കേന്ദ്രസര്‍ക്കാരിന് തിരിച്ചയയ്ക്കാം എന്നുള്ളത് ആ വിധിന്യായത്തില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. എന്നാല്‍ അത് പുനഃപരിശോധിച്ച് തിരിച്ചയച്ചാല്‍ ബാധകമാണ്. തിരിച്ചയയ്ക്കാനുള്ള അവകാശം വിധിന്യായത്തില്‍ പറയുമ്പോള്‍, അത് അയയ്ക്കാനേ പാടില്ലെന്നു പറയുന്നത് തെറ്റല്ലേ.
$അങ്ങ് രാജീവ് ഗാന്ധി വധക്കേസില്‍ വിധി പറഞ്ഞവരില്‍ ഒരാളാണ്. ആ കേസിനെ സംബന്ധിച്ച് നമ്മള് പുറമേയ്ക്ക് അറിയുന്ന കാര്യങ്ങള്മാത്രമാണോ ഉള്ളത്?
കേസ് സത്യമാണ്. കൂടുതല്‍ അന്വേഷിച്ചിരുന്നെങ്കില്‍ കൂടുതല്‍ കണ്ടുപിടിക്കാമായിരുന്നു എന്ന അഭിപ്രായമാണെനിക്കുള്ളത്. സംഭവം തീര്‍ച്ചയായും കേസിനകത്ത് വന്നതുതന്നെയാണ്. യാതൊരു തര്‍ക്കവുമില്ല. സംഭവം നടക്കുന്നതിന് ഫണ്ടിങ് വേറെയെവിടുന്നെങ്കിലും കിട്ടിയിട്ടുണ്ടോയെന്ന അന്വേഷണം പൂര്‍ണമാക്കിയില്ല. ഉദാഹരണത്തിന് പ്രതികളെ പിടികൂടുമ്പോള്‍ അവരുടെ കയ്യില്‍നിന്ന് 46 ലക്ഷം രൂപ കിട്ടി. ഞാന്‍ ചോദിച്ചു: അത് ശ്രീലങ്കന്‍ കറന്‍സിയല്ലല്ലോ, ഇന്ത്യന്‍ കറന്‍സിയല്ലേ. ഒരു ലക്ഷമൊക്കേയുള്ളൂവെങ്കില്‍ കാര്യമാക്കില്ലായിരുന്നു. 46 ലക്ഷം വരണമെങ്കില്‍ ഒരു ‘ഇന്ത്യന്‍ സോഴ്സ്’ വേണ്ടേ. നിങ്ങളന്വേഷിച്ചിട്ടുണ്ടോ? നാളെ ഉത്തരം പറയാമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ അഫ്താഫ് അഹമ്മദ് പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥന്റെ മേധാവിയും ഉണ്ടായിരുന്നു കൂടെ. രണ്ടുപേരുംകൂടി പിറ്റേദിവസം വന്നുപറഞ്ഞു: ക്ഷമിക്കണം, അന്വേഷിക്കാന്‍ സാധിച്ചില്ല.
$തീര്‍ച്ചയായും അന്വേഷിക്കേണ്ടിയിരുന്നില്ലേ?
അന്വേഷിക്കാത്തത് ഒരു പിഴവായിട്ട് ഞാന്‍ വിധിന്യായത്തില്‍ എഴുതാനിരുന്നതായിരുന്നു. അപ്പോള്‍ എന്റെ കൂടെയിരുന്ന ജസ്റ്റിസ് വാധ്വ എന്നോടു പറഞ്ഞു: ഇത്രയും അവര്‍ നേടിയതല്ലേ. ഒരു പിഴവ് തന്നെ കണ്ടുപിടിച്ച് എഴുതുന്നത് ശരിയല്ലല്ലോ. ശരിയാണ്. അതിനകത്ത് ഒത്തിരി കാര്യങ്ങള്‍ നേടിയെടുത്തിട്ടുണ്ട്. ചിലത് അവര്‍ക്ക് യാദൃച്ഛികമായി കിട്ടിയതാണ്. ഒരു ഫോട്ടോ കിട്ടിയതുകൊണ്ടല്ലേ മനുഷ്യബോംബ് തനുവിനെയും മറ്റും തിരിച്ചറിയുന്നതുതന്നെ. അവര്‍ ഒത്തിരി നേടിയെടുത്തു. 95 ശതമാനവും നേട്ടങ്ങളാണ്. ബാക്കി അഞ്ച് ശതമാനം ഞാന്‍ എടുത്തുപറഞ്ഞാല്‍ കൂടെയിരിക്കുന്ന ജഡ്ജുമാര്‍ക്ക് പ്രയാസമുണ്ടാകും. മാധ്യമങ്ങളും അതേ പറയുകയുള്ളൂ. അന്വേഷണം നടത്തിയവര്‍ക്കെല്ലാം അത് പ്രയാസമാകും. അതുകൊണ്ട് ഞാന്‍ മിണ്ടാതിരിക്കാമെന്ന് വിചാരിച്ചു. പക്ഷേ, വാധ്വയുടെ വിധിയില്‍ അന്വേഷണസംഘത്തെ മുക്തകണ്ഠം പ്രശംസിക്കുകയാണ് ചെയ്തത്. അങ്ങനെയായിരുന്നുവെങ്കില്‍ ഞാന്‍ എനിക്കു പറയാനുള്ളതുകൂടി എഴുതിയേനെ. ഞങ്ങള്‍ വെറുതെ വിട്ടവരാണല്ലോ ഭൂരിപക്ഷവും. അതില്‍ ഒരു പ്രതി ഇറങ്ങിവന്ന സമയത്ത് ‘ദ വീക്ക്’ വാരികയുടെ പ്രതിനിധിയോടു പറഞ്ഞു, പണം തരുന്നതുമുഴുവന്‍ ചന്ദ്രസ്വാമിയാണെന്ന്. ആരും അന്വേഷിക്കാന്‍ തയ്യാറായില്ല.
$മറ്റൊരു പ്രശ്നം, കുറെക്കാലമായിട്ട് ഉയര്‍ന്നുകേള്‍ക്കുന്നതാണ്. അധികാരത്തില്‍ മോദി സര്‍ക്കാരാണ്. ജനാധിപത്യം തകരുന്നു, ജുഡീഷ്യറി തകരുന്നു എന്നൊക്കെയാണ് മുറവിളികള്‍.
അതൊരു മാധ്യമ സൃഷ്ടിയല്ലേ. ജനാധിപത്യം തകരുകയല്ലല്ലോ. കുറച്ചുകൂടി സുശക്തമാകുകയല്ലേ ചെയ്തത്. മുന്നണി ഭരണത്തെക്കാള്‍ എപ്പോഴും നല്ലത് ഏകകക്ഷി ഭരണമല്ലേ. മുന്നണികള്‍ വരുമ്പോഴാണ് പല ബലഹീനതകളും ഉണ്ടാവുന്നത്. പലതിനകത്തും വീണുകൊടുക്കേണ്ടിവരുന്നത്. മുന്നണിയേക്കാള്‍ ഒറ്റ കക്ഷിക്ക് സ്വന്തമായി ഭൂരിപക്ഷം ലഭിക്കുന്നതാണ് നല്ലത്. സുശക്തമായ സര്‍ക്കാരാണ് എല്ലാക്കാലത്തും നല്ലത്. സമ്പദ്വ്യവസ്ഥയ്ക്കും രാജ്യരക്ഷയ്ക്കും നല്ലത്.
$അങ്ങയ്ക്ക് എത്രത്തോളം പ്രതികരിക്കാനാവുമെന്ന് എനിക്കറിഞ്ഞുകൂടാ. അയോധ്യ പ്രശ്നം ഇപ്പോള്‍ സുപ്രീംകോടതിയിലാണ്. കോടതിക്കു പുറത്ത് ഇക്കാര്യത്തില്‍ തീര്‍പ്പ് സാധ്യമാണോ?
അയോധ്യാ വിഷയത്തില്‍ എനിക്കൊരു ആഗ്രഹമുണ്ട്. ശബരിമലയില്‍ മേല്‍ശാന്തി നിയമനത്തില്‍ 20 കൊല്ലം നടന്ന കേസ് സുപ്രീംകോടതിയില്‍ എത്തിയപ്പോള്‍ മധ്യസ്ഥതയ്ക്ക് വിട്ട് അത് തീര്‍ക്കാന്‍ പറ്റുമോ എന്നു നോക്കാന്‍ പറഞ്ഞു. നാലു കക്ഷികളായിരുന്നു. അവര്‍ സമ്മതിച്ചു. ആദ്യമേ ജസ്റ്റിസ് പരിപൂര്‍ണന്റെ പേരാണ് നിര്‍ദ്ദേശിച്ചത്. തന്ത്രിയെക്കുറിച്ച് ടിവിയിലെ ചര്‍ച്ചയില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച ആളായതുകൊണ്ട് തന്ത്രി പ്രയാസം പറഞ്ഞു. പിന്നെ പി.കെ. ബാലസുബ്രഹ്മണ്യത്തിന്റെ പേര് പറഞ്ഞു. സുബ്രഹ്മണ്യം ദേവസ്വത്തിനുവേണ്ടിയോ ദേവസ്വത്തിനെതിരായോ വക്കാലത്ത് കൊടുത്തിട്ടുള്ള വക്കീലായിരുന്നു. പിന്നെ വന്നത് അഹിന്ദുക്കളായിരുന്നു. അതില്‍ എന്റെ പേര് പറഞ്ഞപ്പോള്‍ നാലു കൂട്ടര്‍ക്കും സമ്മതമായി. അപ്പോള്‍ കോടതിയില്‍നിന്ന് എന്നെ വിളിച്ചു ചോദിച്ചു. ഞാന്‍ പറഞ്ഞു, വലിയ കാര്യം. ഇന്ത്യയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രത്തിന്റെ മേല്‍ശാന്തി സംബന്ധിച്ചുള്ള തര്‍ക്കത്തിന് ഞാന്‍ മധ്യസ്ഥത വഹിച്ചു. സൗജന്യമായി ചെയ്തോളാമെന്ന് അറിയിച്ചെങ്കിലും അത് സമ്മതിച്ചില്ല. അദ്ഭുതം! ആ മീഡിയേഷനില്‍ ഞാന്‍ വിജയിച്ചു. എട്ട് ദിവസത്തെ സിറ്റിങ്ങുകൊണ്ട് നാലു കൂട്ടര്‍ക്കും പൂര്‍ണസമ്മതത്തോടുകൂടി ഞാന്‍ മിനുട്ട്സ് എഴുതി അയച്ചു. സുപ്രീംകോടതിയില്‍നിന്ന് പറഞ്ഞതനുസരിച്ച് എട്ട് ലക്ഷം രൂപ എനിക്ക് കിട്ടി. വരുമാനനികുതി കൊടുത്തു കഴിഞ്ഞപ്പോള്‍ അഞ്ചുലക്ഷത്തി നാല്‍പ്പതിനായിരം രൂപ കിട്ടി. അറുപതും കൂടി ഇട്ട് ആറ് ലക്ഷമാക്കി ഞാന്‍ ഒരു എന്‍ഡോവ്മെന്റ് ഉണ്ടാക്കി. ആ എന്‍ഡോവ്മെന്റ് ശബരിമലയില്‍ പോകുന്ന തീര്‍ത്ഥാടകരില്‍, പഠിക്കാന്‍ സമര്‍ത്ഥരും, അതേസമയം പാവപ്പെട്ടവരുമായ ആളുകളെ കണ്ടുപിടിച്ച് അവര്‍ക്ക് ഇതിന്റെ പലിശ എല്ലാക്കൊല്ലവും സ്കോളര്‍ഷിപ്പായി കൊടുക്കാന്‍ തീരുമാനിച്ചു. ഒരു കൊല്ലം 25 പേരെങ്കിലും വരുന്നുണ്ട്. അത് അഞ്ചുകൊല്ലമായി കൊടുത്തുകൊണ്ടിരിക്കുകയാണ്.
$അയോധ്യ പ്രശ്നത്തില്‍ മധ്യസ്ഥത വഹിക്കണമെന്ന് അഭ്യര്‍ത്ഥന വന്നാല്‍ എങ്ങനെയാവും പ്രതികരിക്കുക?
എനിക്ക് അതില്‍ താല്‍പ്പര്യമുണ്ട്. ഒരു മധ്യസ്ഥതയ്ക്ക് എന്റെ അടുത്ത് വിടാമെങ്കില്‍ ഞാന്‍ അത് തീര്‍ത്തു കൊടുക്കാം. ഇപ്പോള്‍ കോടതിയുെട പരിഗണനയിലാണ്. കേസ് തീര്‍ത്തുകൊടുക്കാമെന്ന് ഞാന്‍ പറയുന്നത് അങ്ങനെയൊരു ആത്മവിശ്വാസം ഉള്ളതുകൊണ്ടാണ്. അല്ലെങ്കില്‍ അയോധ്യ പ്രശ്നം തീരരുതെന്ന് വിചാരം ഉള്ളയാളായിരിക്കണം. അതില്‍ കൂടുതലൊന്നും അയോധ്യ കേസ് സംബന്ധിച്ച് എനിക്ക് പറയാനാവില്ല. എനിക്ക് 82 വയസ്സായി. ഇപ്പോഴാണെങ്കില്‍ എന്റെ ‘മെന്റല്‍ ഫാക്കല്‍റ്റി’ക്കൊന്നും കുറവുവന്നതായിട്ട് തോന്നുന്നില്ല. അത് തീരുന്നതിനു മുന്‍പേ കേസ് വിട്ടുകിട്ടിയിരുന്നെങ്കില് രണ്ടുകൂട്ടരേയും സമ്മതിപ്പിച്ച് അഭിപ്രായ ഐക്യത്തില്‍ എത്തിച്ചേരാനാവും. പക്ഷേ, കോട്ടയത്താണെങ്കിലേ അത് ഞാന്‍ ചെയ്യുകയുള്ളൂ. പാര്‍ട്ടികള്‍കൂടി ഇവിടെ വരണം. അയോധ്യയില്പ്പോയി ചെയ്യേണ്ട കാര്യമില്ലല്ലോ. കഴിയുന്നിടത്തോളം അവിടുന്ന് മാറുന്നതാണ് നല്ലത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: