പിണറായിയുടെ പോലീസ് വീണ്ടും തനിനിറം കാട്ടിയിരിക്കുന്നു. എടപ്പാളിലെ തിയറ്ററില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച വിവരം പുറത്തറിയിച്ച തീയറ്റര്‍ ഉടമയോട് പ്രതികാരം ചെയ്യാനുള്ള പോലീസിന്റെ ശ്രമം കടുത്ത പ്രതിഷേധം ക്ഷണിച്ചു വരുത്തിയിരിക്കുകയാണ്. പോലീസിനെ വിവരം അറിയിക്കാന്‍ വൈകിയെന്ന കാരണം പറഞ്ഞ്, കുട്ടികള്‍ക്കെതിരായ ലൈംഗികപീഡനം തടയുന്ന ‘പോക്സോ’ നിയമപ്രകാരം ജാമ്യം ലഭിക്കാത്തവിധം കടുത്ത വ്യവസ്ഥകള്‍ ചുമത്തി അറസ്റ്റ് ചെയ്യാനാണ് പോലീസ് ശ്രമിച്ചതെങ്കിലും ജനരോഷം ഭയന്ന് അറസ്റ്റ് രേഖപ്പെടുത്തി രണ്ടാളുടെ ജാമ്യപ്രകാരം സ്റ്റേഷനില്‍നിന്ന് വിട്ടയയ്ക്കുകയായിരുന്നു.
കുട്ടികള്‍ക്കെതിരായ ലൈംഗികപീഡന വിവരം അറിയിക്കുന്നവര്‍ക്ക് ‘പോക്സോ’ നിയമപ്രകാരം പ്രത്യേക സുരക്ഷ ഉറപ്പുവരുത്തണമെന്ന് വ്യവസ്ഥയുള്ളപ്പോഴാണ് കടകവിരുദ്ധമായ രീതിയില്‍ പെരുമാറി കേരളാ പോലീസ് രാജ്യത്തിനുതന്നെ മാനക്കേടുണ്ടാക്കിയിരിക്കുന്നത്.
പെണ്‍കുട്ടിയെ പീഡിപ്പിച്ച വിവരം സിസിടിവി ദൃശ്യങ്ങള്‍ സഹിതം ചൈല്‍ഡ്ലൈനെയാണ് തീയറ്റര്‍ ഉടമയായ സതീഷ് അറിയിച്ചത്. ചൈല്‍ഡ് ലൈന്‍ പരാതിപ്പെട്ടിട്ടും നടപടിയെടുക്കാതിരുന്ന പോലീസ്, ചാനലുകളില്‍ വാര്‍ത്ത വന്നതിനെത്തുടര്‍ന്നാണ് പ്രതികളെ അറസ്റ്റുചെയ്യാന്‍ നിര്‍ബന്ധിതരായത്. അതിക്രൂരവും ലജ്ജാകരവുമായ ഒരു സംഭവത്തില്‍ ആരോപണവിധേയരായവരെ സംരക്ഷിക്കാന്‍ തുനിഞ്ഞിറങ്ങിയ പോലീസാണ്, വിവരം അറിയിക്കാന്‍ വൈകിയെന്ന ‘കുറ്റം’ ചുമത്തി പീഡനവിവരം പുറത്തുകൊണ്ടുവന്നയാളെ ക്രൂശിക്കാന്‍ ശ്രമിക്കുന്നത്.
കേസിലെ മുഖ്യപ്രതിയായ മൊയ്തീന് സിപിഎമ്മുകാരനാണെന്ന് പറയുന്നു. പാര്‍ട്ടിക്ക് പല നിലയ്ക്കും വേണ്ടപ്പെട്ടവനുമാണത്രെ. കേസന്വേഷിക്കുന്ന കാര്യത്തില്‍ ബോധപൂര്‍വം വീഴ്ച വരുത്തിയ എഎസ്ഐയെയും സ്പെഷ്യല്‍ ബ്രാഞ്ച് ഉദേ്യാഗസ്ഥനെയും സസ്പെന്റ് ചെയ്തിരിക്കുകയാണ്. ഇതാണ് പ്രതികാര നടപടിയുമായി രംഗത്തിറങ്ങാന്‍ പോലീസിനെ പ്രേരിപ്പിച്ചതെന്ന് കരുതണം.
മറ്റ് കുറ്റകൃത്യങ്ങളുടെ കാര്യത്തിലെന്നപോലെ ലൈംഗികപീഡനക്കേസുകളുടെ കാര്യത്തിലും അലസമായ സമീപനമാണ് മുഖ്യമന്ത്രി പിണറായി വിജയന് ഭരിക്കുന്ന പോലീസിനുള്ളത്. ഇടതുഭരണത്തില്‍ 2017-ല്‍ മാത്രം ഏകദേശം 3500 പീഡനസംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. പലതിലും ‘പോക്സോ’ നിയമപ്രകാരം കേസെടുത്തെങ്കിലും പ്രതികള്‍ ശിക്ഷിക്കപ്പെടുമെന്നതിന് യാതൊരുറപ്പുമില്ല.
കാരണം പീഡനങ്ങള്‍ ഒറ്റപ്പെട്ട സംഭവമായാണ് സിപിഎമ്മും പിണറായി സര്‍ക്കാരും കാണുന്നത്. കോളിളക്കം സൃഷ്ടിച്ച സൂര്യനെല്ലി പെണ്‍വാണിഭക്കേസിന്റെ കാലത്ത് ബലാല്‍സംഗത്തെ ചായകുടിക്കുന്നതിനോട് ഉപമിച്ച മുഖ്യമന്ത്രി നമുക്കുണ്ടായിരുന്നല്ലോ.
ഇ.കെ. നായനാര്‍ എന്ന ആ മുഖ്യമന്ത്രിയുടെ സ്വന്തം പാര്‍ട്ടിക്ക് ഇപ്പോഴും മനോഭാവത്തില്‍ വലിയ മാറ്റമൊന്നും വന്നിട്ടുണ്ടെന്നു തോന്നുന്നില്ല. വേട്ടക്കാര്‍ക്കൊപ്പം നില്ക്കുന്ന സര്‍ക്കാരാണ് ഇപ്പോഴും. എടപ്പാള്‍ പീഡനക്കേസില്‍ കുറ്റവാളികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കുന്നതിനു പകരം ഇരയ്ക്കൊപ്പം നിന്നയാളെ ക്രൂശിക്കാന്‍ ശ്രമിക്കുന്നത് ഒരുതരത്തിലും അംഗീകരിക്കാനാവില്ല. പോലീസിന്റെ പ്രതികാര നടപടിക്കെതിരെയും, കാക്കിക്കുള്ളിലെ കുറ്റവാളികള്‍ക്കെതിരെയും കടുത്ത പ്രതിഷേധം ഉയരേണ്ടിയിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: