എന്തു പറയുന്നു എന്നതിനേക്കാള്‍ എങ്ങനെ പറയുന്നു എന്നതാണ് സിനിമയെ വ്യത്യസ്തമാക്കുന്നത്. അത്തരത്തില്‍ വ്യത്യസ്തമായൊരു ചിത്രമാണ് കുട്ടന്‍പിള്ളയുടെ ശിവരാത്രി. വളരെ ലളിതമായ പ്രമേയം ആഖ്യാനരീതിയിലെ വ്യത്യസ്തതകൊണ്ട് ശ്രദ്ധേയമായിരിക്കുന്നു. കൊല്ലം പരവൂര്‍ വെടിക്കെട്ട് ദുരന്തത്തിന്റെ ഒന്നാം വാര്‍ഷികത്തിലാണ് കഥ നടക്കുന്നത്. വെടിക്കെട്ട് ദുരന്തത്തില്‍ മരിച്ചവരുടെ ആത്മാക്കള്‍ കഥപറയുന്ന തരത്തിലുള്ള അവതരണം ചിത്രത്തെ ശ്രദ്ധേയമാക്കി. ഒരേസമയം വെടിക്കെട്ട് ദുരന്തദിനത്തിലെ കഥയും, ഒരുവര്‍ഷത്തിനുശേഷമുള്ള കഥയും പറഞ്ഞുപോകുന്ന അവതരണ രീതിയാണ് സംവിധായകന് ചിത്രത്തില്‍ ഉപയോഗിച്ചത്.
പോലീസ് കോണ്‍സ്റ്റബിളായ കുട്ടന്‍പിള്ളയുടെ വീട്ടിലെ പ്ലാവിനെ ചുറ്റിപ്പറ്റിയാണ് കഥ. പ്ലാവ് മുറിക്കാനാഗ്രഹിക്കുന്ന കുട്ടന്‍പിള്ളയുടെ മരുമകനും അതിനെ എതിര്‍ക്കുന്ന കുട്ടന് പിള്ളയും ചിത്രത്തെ ആകാംക്ഷയോടെ മുന്നോട്ടു നയിക്കുന്നു. വെടിക്കെട്ടു ദിനത്തിലെ കഥകള്‍ ചിന്തയ്ക്കും ചിരിക്കും അവസരം തരുന്നവയാണ്. കാമുകിയെത്തേടി ഇറങ്ങുന്ന പള്ളിവികാരി, സ്വന്തം നാട്ടിലേക്ക് യാത്രചെയ്യുന്ന വേശ്യ, അന്നേദിവസം അവള്‍ക്കൊപ്പം കഴിഞ്ഞ യുവാവും കാമുകിയും, കാമുകനൊപ്പം കേരളത്തിലെത്തിയ വിദേശ വനിത, ലൊക്കേഷന്‍ തേടി ഇറങ്ങിയ സംവിധായകനും പ്രൊഡക്ഷന്‍ കണ്ട്രോളറും, ഭാര്യയുടെ ജാരനെ കണ്ടെത്താനുറച്ച് പുറപ്പെട്ട ബസ് ഡ്രൈവര്‍. ഇവര്‍ തിരുവനന്തപുരത്തേക്കുള്ള കെഎസ്ആര്‍ടിസിയില്‍ ഒരുമിച്ച് യാത്രചെയ്ത് അപകടത്തിന് ഇരയാകുന്നതാണ് ദുരന്ത ദിനത്തിലെ കഥ.
ചിത്രം മുന്നോട്ടുവയ്ക്കുന്ന സംശയങ്ങളും ചോദ്യങ്ങളും വളരെ പ്രസക്തമാണ്. വെടിക്കെട്ട് ദുരന്തത്തില്‍ കണക്കില്‍പ്പെടാത്ത എത്രപേര്‍കൂടി മരിച്ചിട്ടുണ്ടാകാം. ബസ്സില്‍ യാത്രചെയ്തിരുന്നവരെ തിരിച്ചറിഞ്ഞിട്ടില്ലായെന്നും അവര്‍ ഇപ്പോഴും ആത്മാവായി ക്ഷേത്രപരിസരത്ത് ചുറ്റുന്നുണ്ടെന്നും ചിത്രം പറഞ്ഞുവയ്ക്കുന്നു. അവരാണ് കുട്ടന് പിള്ളയുടെ കഥ പറയുന്നത്.
താന്‍ ഒത്തിരി സ്നേഹിച്ച പ്ലാവിലെ ചക്ക വീണുതന്നെയാണ് കുട്ടന്‍പിള്ളയുടെ അന്ത്യം. മരണാനന്തരം, തന്നെ ആരെല്ലാം ആത്മാര്‍ത്ഥമായി സ്നേഹിച്ചിരുന്നു, ആരെല്ലാം ഭയംകൊണ്ട് സ്നേഹിച്ചിരുന്നു എന്നെല്ലാം ആത്മാവായിനിന്ന് കുട്ടന്‍പിള്ള തിരിച്ചറിയുന്നു. മരണവീട്ടിലെ രംഗങ്ങള്‍ ഹാസ്യത്തിലുപരി, ആത്മപരിശോധനയുടെകൂടി നിമിഷങ്ങളാണ്.
ദുരന്തം നടന്ന് ഒരു വര്‍ഷത്തിനുശേഷം കണക്കില്‍പ്പെടാത്ത മരണങ്ങള് ഇനിയുമുണ്ടായിരുന്നു എന്ന സത്യം തിരിച്ചറിയുന്നു. അവര്‍ ആരെല്ലാമെന്നു തിരിച്ചറിയുമ്പോള്‍ ആത്മാക്കള്‍ പ്രേതശരീരം വെടിഞ്ഞുപോകുന്നത് ഒത്തിരി ചോദ്യങ്ങള്‍ ബാക്കിയാക്കിയാണ്. ഓരോ വന്‍ ദുരന്തങ്ങളിലേയും കാണാപ്പുറങ്ങള്‍ വളരെയല്ലേ എന്ന സംശയം ബാക്കിവെയ്ക്കുന്നു സിനിമ.
കുട്ടന് പിള്ളയുടെ മരണശേഷം പ്ലാവ് മുറിക്കാനുള്ള മരുമകന്റെ തീരുമാനത്തെ കുട്ടന്‍പിള്ളയുടെ ആത്മാവ് എതിര്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പ്രേതശരീരത്തിന് അതിന് സാധിക്കുന്നില്ല. എന്നാല്‍ കുട്ടന്‍പിള്ളയുടെ ആഗ്രഹം തിരിച്ചറിയുന്ന മറ്റ് കുടുംബാംഗങ്ങള്‍ പ്ലാവ് മുറിക്കുന്നതിനെ എതിര്‍ക്കുന്നു. തന്റെ സ്ഥലത്തോടും, അതില്‍ നിലനില്‍ക്കുന്ന വൃക്ഷ മൃഗാദികളോടുമുള്ള കുട്ടന് പിള്ളയുടെ സ്നേഹത്തിന്റെ വിജയത്തോടെ ചിത്രം പൂര്‍ണ്ണമാകുന്നു.
സംവിധായകന് ജീന്‍ മാര്‍ക്കോസിന്റെ രണ്ടാമത്തെ ചിത്രമാണ് കുട്ടന്‍പിള്ളയുടെ ശിവരാത്രി. സംവിധാനത്തോടൊപ്പം രചനയിലും ജീന്‍ പങ്കാളിയാണ്. ലളിതമായ തിരക്കഥയും, കൈയടക്കത്തോടെയുള്ള സംവിധാനവും ചിത്രത്തെ മനോഹരമാക്കുന്നു. പോലീസുകാരനായ ഗൃഹസ്ഥനായി സുരാജ് വെഞ്ഞാറമ്മൂട് എത്തുമ്പോള്‍ അദ്ദേഹത്തിന്റെ കൈയില്‍ ഏതു കഥാപാത്രവും സുരക്ഷിതമാണെന്ന് തെളിയുകയാണ്. വെടിക്കെട്ടപകടത്തിന്റെ ചിത്രീകരണം അതിമനോഹരമാക്കിയിട്ടുണ്ട് സംവിധായകന്. അതിന് അദ്ദേഹത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. മുഖ്യധാരാ താരങ്ങളോ പുകള്‍പെറ്റ ബാനറോ ഇല്ലാതെ ചിത്രം ജനഹൃദയങ്ങളില്‍ ഇടംനേടുന്നത് മലയാളസിനിമയ്ക്ക് ഒരു ഉണര്‍വ് തന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: