ആരോഗ്യ വകുപ്പിന്റെ പിടിപ്പുകേടില്‍ പിടിവിട്ടു പായുന്ന നിപ വൈറസ് ഒരു ജീവന് കൂടി കവര്‍ന്നതോടെ സംസ്ഥാനത്ത് നിപ മരണം 17 ആയി. വൈറസ് ബാധയുടെ സാധ്യതാ പരിധിയുടെ വ്യാപ്തി കൂടിയതായാണ് അവസാനം നടന്ന മരണം സൂചിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസം മരിച്ച രെസില്‍ എന്ന യുവാവിനു നിപ ബാധിച്ചത് ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ നിന്നാണെന്നാണ് കണ്ടെത്തല്‍. പേരാമ്പ്ര ഗവ.ആശുപത്രിയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നും മാത്രമാണ് വൈറസ് ബാധയുണ്ടായതെന്നായിരുന്നു ഇതുവരെ ആരോഗ്യ വകുപ്പിന്റെ നിഗമനം. മരണം കൂടും തോറും വൈറസ് എത്ര പേരിലേയ്ക്ക് പടര്‍ന്നിട്ടുണ്ടാവും എന്ന ആശങ്കയും വളരുകയാണ്. വൈറസ് ബാധിതരുമായി അടുത്ത് ഇടപഴകുന്നവര്‍ക്കും രോഗബാധയുണ്ടാകുമെന്നതിനാല് ആരോഗ്യ വകുപ്പും ഉദ്യോഗസ്ഥരും എന്തുചെയ്യണമെന്ന് അറിയാന്‍ കഴിയാത്ത നിലയിലാണ്.
ആയിരത്തിനാനൂറിലേറെപ്പേര് ഇതിനകം സമ്പര്‍ക്കപ്പട്ടികയിലുണ്ട്. ഇതില്‍ രണ്ടു പേര് ചികിത്സയിലാണ്. ഒന്‍പത് പേര് നിരീക്ഷണത്തിലും. രോഗത്തിന്റെ നീരാളിക്കൈ എവിടെ വരെ നീണ്ടിട്ടുണ്ട് എന്നു കണ്ടെത്താന്‍ കഴിയാത്തത് തലവേദനയായി തുടരുന്നു. നിപ ബാധിതര്‍ ചികിത്സ തേടിയെത്തിയ ദിവസവും സമയവും കാണിച്ച് ആ സമയത്ത് ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഒപി, സ്കാന്‍ സെന്റര്‍, വിശ്രമമുറി എന്നിവിടങ്ങളിലും എത്തിയവരെ കണ്ടെത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഇത്തരക്കാര്‍ ഉടന്‍ നിപ സെല്ലുമായി ബന്ധപ്പെടണമെന്ന് അറിയിപ്പുണ്ട്. അടുത്ത ദിവസങ്ങളില്‍ മരിച്ചവരുമായി അടുത്ത് ഇടപഴകിയവരും നിപ സെല്ലുമായി ബന്ധപ്പെടാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത്തരക്കാരെ കണ്ടെത്തുക എന്നതാണ് നിപയ്ക്കെതിരായ പോരാട്ടത്തിലെ നിലവിലെ കടുത്ത വെല്ലുവിളി.
കഴിഞ്ഞ ദിവസം മരിച്ച രെസില്‍ എന്ന 25 കാരന് നിപ പടര്‍ന്നത് വൈറസ് ബാധയുണ്ടായിരുന്ന ഇസ്മായില്‍ എന്ന രോഗിയില്‍ നിന്നാണെന്നാണ് നിഗമനം. ഇരുവരും ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഒരേ സമയം ചികിത്സയിലൂണ്ടായിരുന്നു. ഇസ്മായില്‍ പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചു. പനിമാറി വീട്ടില്‍ തിരിച്ചെത്തിയ ശേഷം രോഗം മൂര്ഛിച്ചതിനേത്തുടര്ന്നാണ് രസിലും മെഡിക്കല്‍ കോളജിലെത്തിയത്. ഇവര്‍ ഇരുവരേയും ചികിത്സിക്കുകയും പരിചരിക്കുകയും ചെയ്ത ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലെ ആറു ഡോക്ടര്‍മാരോടും എട്ട് നഴ്സുമാരോടും അവധിയില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പകരം ബാക്കിയുള്ളവര്‍ ഊഴംവച്ച് ചികിത്സ തുടരണമെന്നാണ് നിര്‍ദ്ദേശം. കോഴിക്കോട് ജില്ലാക്കോടതി സീനിയര്‍ സൂപ്രണ്ട് ടി.പി. മധുസൂദനന്, കുടയത്തൂര്‍ സ്വദേശി അഖില്‍ എന്നിവര്‍ രണ്ടു ദിവസം മുന്‍പ് മരിച്ചിരുന്നു. ബാലുശ്ശേരി ആശുപത്രിയില്‍ നിന്നുകൂടി രോഗബാധയുണ്ടായി എന്ന കണ്ടെത്തല്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കി.
കോഴിക്കോട് ജില്ലാ കോടതിയിലെ സൂപ്രണ്ട് മധുസൂദനന് നിപ ബാധയോടെ മരിച്ചതിനേത്തുടര്‍ന്ന് കോടതി നിര്‍ത്തിവയ്ക്കണമെന്ന ബാര്‍കൗണ്‍സിലിന്റെ നിര്‍ദ്ദേശം ജില്ലാ കലക്ടര്‍ ഹൈക്കോടതിയുടെ അനുമതിക്കായി അയച്ചിരിക്കുകയാണ്. അപകടത്തില്‍പ്പെട്ട ഒരാളുമായി മെഡിക്കല്‍ കോളജില്‍ എത്തിയപ്പോഴാണ് മധുസൂദനന് വൈറസ് ബാധയുണ്ടായതെന്നാണ് നിഗമനം.
ആദ്യഘട്ടത്തില്‍ത്തന്നെ ഗൗരവം മനസ്സിലാക്കാന്‍ വൈകിയ ആരോഗ്യ വകുപ്പ് ഏറെ വിമര്‍ശനത്തിനു വിധേയമായതാണ്. തുടരെത്തുടരെയുള്ള മരണങ്ങള് വല്ലാത്ത ഭീതി പടര്‍ത്തുകയും ചെയ്തിരുന്നു. പിന്നീട്, എല്ലാം നിയന്ത്രണത്തിലായി പരിഭ്രാന്തി വേണ്ട എന്നു സമൂഹത്തോടു സര്‍ക്കാര്‍ പറഞ്ഞെങ്കിലും വൈറസ് പടരുന്നത് തടയാന്‍ വേണ്ടത്ര ശ്രദ്ധാപൂര്‍വമുള്ള നീക്കമുണ്ടായില്ല. വീണ്ടും മരണം കടന്നുവന്നപ്പോഴാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ഉണരുന്നത്. സ്ഥിതി ഗുരുതരമാണെന്ന് ആരോഗ്യ വകുപ്പ് ഇപ്പോള്‍ പറയുന്നുണ്ട്. 17 പേരുടെ മരണ കാരണം നിപ വൈറസ് ആണെന്നു സ്ഥിരീകരിക്കാനേ ഇതുവരെ ആരോഗ്യ വകുപ്പിനു കഴിഞ്ഞിട്ടുള്ളു. വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനോ പകരുന്നതു തടയാനോ കഴിഞ്ഞിട്ടില്ല. പ്രസ്താവനകൊണ്ടു ജനത്തെ ആശ്വസിപ്പിക്കാനേ കഴിയൂ. നിപയെ തടയാന്‍ നടപടി തന്നെ വേണം.
ആസ്ട്രേലിയയില്‍ നിന്നുള്ള പുതിയ പ്രതിരോധ മരുന്ന കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തി എന്നതാണ് ആശ്വാസം തരുന്ന കാര്യം. ജപ്പാനില്‍ നിന്നു കൂടുതല്‍ മരുന്ന് എത്തിക്കാനും ശ്രമമുണ്ട്. അതിനിടെ കോഴിക്കോട് കണ്ണൂര്‍ തലശ്ശേരി ഭാഗങ്ങളില്‍ ജപ്പാന് ജ്വരം പടരുന്നതായും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: