കൊച്ചി: ഇന്റര്‍നാഷണല്‍ ചേംബര്‍ ഓഫ് കോമേഴ്സ്(ഐസിസി) ചട്ടങ്ങളിലുണ്ടായ ഭേദഗതികള്‍ രാജ്യാന്തര വാണിജ്യ ഇടപാടുകള്‍ക്ക് കൂടുതല്‍ സുതാര്യതയും കാര്യക്ഷമതയും നല്‍കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഓഫീസര്‍ ഇന്‍ ചാര്‍ജ് ജനറല്‍ മാനേജര്‍ കമല്‍ പി പട്നായിക് പറഞ്ഞു.
ഐസിസി നിയമപരിഷ്കാരങ്ങളെക്കുറിച്ച് ഐസിസിയും ഫെഡറേഷന് ഓഫ് ഇന്ത്യന്‍ ചേംബേഴ്സ് ഓഫ് കോമേഴ്സും (ഫിക്കി) ചേര്‍ന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ച് സംഘടിപ്പിച്ച ഏകദിന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യാന്തര ബിസിനസിലെ ദുഷ്പ്രവണതകള്‍ നിയന്ത്രിക്കുന്നതില്‍ ഐസിസി നല്കുന്ന സേവനം വളരെ വലുതാണ്. വ്യാജ ഉല്പന്നങ്ങളും കൃത്രിമങ്ങളും തടയുന്നതില്‍ നിര്‍ണായക സംഭാവന നല്കുന്ന ഐ സി സിയുടെ പ്രവര്‍ത്തനം ഇന്റര്‍നെറ്റ് ഗവര്ണന്സ്, ഡാറ്റാ പ്രൊട്ടക്ഷന്‍, പ്രൈവസി, സെക്യൂരിറ്റി, ഇന്റര്‍നെറ്റ് കോ ഓര്‍ഡിനേഷന്‍, എന്റര്‍പ്രണര്‍ഷിപ്പ് ഇന്നവേഷന്‍, നിയമസഹായം, തര്‍ക്കപരിഹാരം തുടങ്ങി രാജ്യാന്തര ബിസിനസിന്റെ സമസ്ത മേഖലയിലും വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഇത് അന്താരാഷ്ട്ര വാണിജ്യത്തിന് നല്കുന്ന മേന്മയും ഗുണനിലവാരവും വളരെ വലുതാണെന്ന് പട്നായിക് പറഞ്ഞു.
ഇന്റര്‍നാഷണല്‍ ട്രേഡ് ആന്റ് ഫിനാന്‍സ് കോര്‍പറേറ്റ് ട്രെയിനറും ഉപദേശകനുമായ കെ പരമേശ്വരന് നയിച്ച സെമിനാറില്‍ ഐസിസി ചട്ടങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്നിട്ടുള്ള വിവിധ പ്രശ്നങ്ങള്‍, ട്രേഡ് ഫിനാന്‍സ്, ഐസിസി ബാങ്കിംഗ് കമ്മീഷന് തീരുമാനങ്ങള്‍, ഐ സി സി യുടെ തര്‍ക്കപരിഹാര സേവനം, ലെറ്റര്‍ ഓഫ് ക്രെഡിറ്റ് ട്രാന്‍സാക്ഷനുമായി ബന്ധപ്പെട്ട വിഷയങ്ങള്‍, ഡോക്യുമെന്ററി ക്രെഡിറ്റ് മുഖേനയുള്ള എക്സ്പോര്ട് ട്രാന്സാക്ഷന്, വാണിജ്യത്തിന്റെ മറവില്‍ നടക്കുന്ന കള്ളനോട്ട് വെളുപ്പിക്കല്‍ തുടങ്ങിയ നിരവധി വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു.
ഐസിസി ഇന്ത്യ അസിസ്റ്റന്റ് ഡയറക്ടര്‍ ഉല്പല് കാന്ത്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഡിജിഎം (ഐബിജി) എച്ച് ഡി രതി, ഫിക്കി കേരള സ്റ്റേറ്റ് കൗണ്‍സില്‍ മേധാവി സാവിയോ മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: