ബാലചന്ദ്രമേനോൻ
അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്കാര സായാഹ്നത്തില്‍ അസ്വസ്ഥതകള്‍ നിറഞ്ഞതിലുള്ള കടുത്ത വിഷമത്തില്‍ നിന്നാണ് ഞാനിതെഴുതുന്നത്. ദേശീയ പുരസ്കാരത്തിന് അര്‍ഹരായ കലാകാരന്മാര്ക്കൊപ്പം നിന്നുകൊണ്ടാണ് എന്റെ വികാരം പ്രകടിപ്പിക്കുന്നത്. ഭാരതത്തിന്റെ പ്രഥമ പൗരനായ രാഷ്ട്രപതിയില്‍ നിന്ന് പുരസ്കാരം ലഭിക്കണമെന്ന ആഗ്രഹത്തെ മാനിക്കുകയും അതങ്ങനെ സംഭവിക്കണമായിരുന്നുവെന്ന് അഭിപ്രായമുള്ളയാളുമാണ് ഞാന്‍. എങ്കിലും ആ ചടങ്ങില്‍നിന്ന് പ്രതിഷേധിച്ചിറങ്ങിപ്പോയവരുടെ നടപടി ‘വിളമ്പിയ പന്തിയില്‍ നിന്ന് ഉണ്ണാതെ എഴുന്നേറ്റു പോയ’ അവസ്ഥയാണുണ്ടാക്കിയത്.
രാഷ്ട്രപതിയുടെ കയ്യില്‍നിന്ന് അവാര്‍ഡ് നേരിട്ട് വാങ്ങാനുള്ള ഓരോ ജേതാവിന്റെയും ആഗ്രഹത്തെയോ അഭിനിവേശത്തെയോ ഞാന്‍ ഒട്ടും കുറച്ചുകാണില്ല. അത് വലിയ ബഹുമതിയായി കരുതുന്നു. എങ്കിലും അവാര്‍ഡ് സായാഹ്നത്തില്‍ പ്രതിഷേധമുയര്‍ത്തി അതിന്റെ മാറ്റുകുറയ്ക്കാന്‍ നമ്മുടെ കലാകാരന്മാര് ഒപ്പം ചേരരുതായിരുന്നു. ദേശീയ പുരസ്കാരം കഴിവുകൊണ്ട് മാത്രം ലഭിക്കുന്നതല്ല. ഭാഗ്യവും യോഗവുമൊക്കെയുണ്ടങ്കിലേ അത് തേടിവരൂ. അത്രയ്ക്ക് അപൂര്‍വ്വമായി ലഭിക്കുന്ന ബഹുമതി നല്കുന്ന ചടങ്ങിന് പവിത്രതയേറെയാണ്. ദേശീയ പുരസ്കാരം ആര് നല്കിയാലും അതിന്റെ മാറ്റ് കുറയില്ല. ബാലചന്ദ്രമേനോന്റെ പേരില്‍ പുരസ്കാരം ഏര്‍പ്പെടുത്തി ബാലചന്ദ്രമേനോന് തന്നെ വാങ്ങുന്ന കാലമാണിത്. നല്ല കാര്യങ്ങള്‍ ആരും ശ്രദ്ധിക്കാതെയും അംഗീകരിക്കാതെയും പോകുന്ന കാലം. സെല്ഫ്മാര്ക്കറ്റിങ്ങിനു വേണ്ടി മാത്രം കാര്യങ്ങള്‍ ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വര്‍ദ്ധിച്ചുവരുന്നു.
അങ്ങനെയുള്ള സാഹചര്യത്തിലാണ് മലയാളത്തില്‍നിന്ന് പുതിയ കലാകാരന്മാര്ക്കടക്കം ഇത്തരമൊരു വലിയ ബഹുമതി ലഭിച്ചത്. രാജ്യം നല്കിയ ബഹുമതിയെ വളരെ ചെറുതായി കണ്ടതുകൊണ്ടാണ് അവിടെ പ്രതിഷേധമുയര്‍ത്തി ചടങ്ങിന്റെ മാറ്റുകുറച്ചത്. അത് വാങ്ങാന്‍ കഴിയാതെപോയ കന്നിക്കാരായ കലാകാരന്മാരുടെ മനസ്സില്‍ നിരാശമാത്രമാകും ഉണ്ടാകുക. ദേശീയ പുരസ്കാരം എപ്പോഴും സംഭവിക്കുന്നതല്ല. പുരസ്കാരത്തിനാണോ അതോ അത് നല്കുന്ന ആളിനാണോ നാം മുന്‍തൂക്കം കൊടുക്കുന്നത് എന്നതാണ് പ്രശ്നം.
1997-ല്‍ ഏറ്റവും നല്ല നടനുള്ള പുരസ്കാരം ‘സമാന്തരങ്ങള്‍’ എന്ന ചിത്രത്തിന് വേണ്ടി ഞാനും ‘കളിയാട്ടം’ എന്ന ചിത്രത്തിനുവേണ്ടി എന്റെ സുഹൃത്ത് സുരേഷ് ഗോപിയുമാണ് പങ്കിട്ടത്. ആര് ആദ്യം രാഷ്ട്രപതിയില്‍നിന്ന് പുരസ്കാരം വാങ്ങണം എന്നൊരു സംശയം ന്യായമായും ഉണ്ടാകാം. അതിനായി സര്‍ക്കാര്‍ രണ്ടു പരിഗണനകള്‍ ഉണ്ടാക്കിയിട്ടുണ്ട്. ഒന്ന് സീനിയോറിറ്റി. അല്ലെങ്കില്‍ അക്ഷരമാലാ ക്രമത്തില്‍ ആരുടെ പേരാണ് ആദ്യം വരിക. രണ്ടായാലും അര്‍ഹത എനിക്കുതന്നെ. എന്നാല്‍ അവാര്‍ഡിന് തലേദിവസത്തെ റിഹേഴ്സല്‍ സമയത്ത് നല്ല നടന്റെ പേര് സംഘാടകര്‍ ആദ്യം വിളിച്ചത് സുരേഷ് ഗോപിയെ ആയിരുന്നു. എനിക്ക് പെട്ടെന്ന് വിഷമം തോന്നി. പ്രതിഷേധിക്കണമെന്ന് ഉപദേശിക്കാന്‍ അന്നും പലരുമുണ്ടായി. അവകാശങ്ങള്‍ക്കായി ശബ്ദമുയര്‍ത്തണമെന്ന് ചിലര്‍ പറഞ്ഞു. പക്ഷേ, ആരുടെയും ഉപദേശം ഞാന്‍ കേള്‍ക്കാതെ സ്വന്തമായി തീരുമാനമെടുത്തു; ഈ ചടങ്ങിന്റെ മാറ്റ് ഞാനായിട്ട് കുറയ്ക്കില്ലെന്ന്. ആ തീരുമാനമായിരുന്നു ശരി.
സുരേഷ് ഗോപിയുടെ പേര് വിളിക്കുമ്പോള്‍ ഞാന്‍ ചെന്ന് അധികൃതരുടെ ചെവിയില്‍ പ്രതിഷേധമറിയിച്ച് കുശുകുശുത്താല്‍, അടുത്ത ദിവസത്തെ പത്രത്തില്‍ വരുന്ന വൃത്തികെട്ട വാര്‍ത്ത ആ മനോഹരമായ മുഹൂര്‍ത്തത്തിന്റെ ശോഭ കെടുത്തും. അത് കലാകേരളത്തിന് തന്നെ അപമാനമാകും. എത്രയൊക്കെ വിഷമം ഉണ്ടായിട്ടും ഞാന്‍ അന്ന് പുരസ്കാര വിതരണ വേദിയില്‍ ട്രേഡ് യൂണിയനിസം കളിക്കാതിരുന്നത് അതിനാലാണ്. സുരേഷ് ഗോപി തന്നെ ആദ്യം അവാര്‍ഡു വാങ്ങുകയും ചെയ്തു. ഞാന്‍ പിന്നീട് സുരേഷിനെ ഫോണില്‍ വിളിച്ച് രണ്ടു പേര് ബഹുമതി പങ്കിടുമ്പോള്‍ ഉള്ള നിബന്ധനകള്‍ സൂചിപ്പിക്കുകയും ചെയ്തു.
ഇപ്പോള്‍ പ്രതിഷേധിച്ചവര്‍ ഉന്നയിക്കുന്ന സാങ്കേതിക പ്രശ്നങ്ങളൊക്കെ ശരിയായിരിക്കും. രാഷ്ട്രപതി പുരസ്കാരം നല്‍കുമെന്നാണ് അവരെ അറിയിച്ചിട്ടുള്ളത്. അതുപറഞ്ഞാണവരെ ദില്ലിയിലേക്ക് വിളിപ്പിച്ചത്. അങ്ങനെയല്ലെന്നറിയുമ്പോള്‍ നിരാശയുമുണ്ടാകം. പക്ഷെ, രാഷ്ട്രപതിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് പ്രതിഷേധിക്കുന്നത് ശരിയല്ല. രാഷ്ട്രപതി എന്നാല്‍ സര്‍വ്വസൈന്യാധിപനും ഭരണഘടനയുടെ അമരക്കാരനുമാണ്.
ഒരു രീതിയിലും ഒരു വിവാദത്തിനും വിധേയമാക്കാന്‍ പാടില്ലാത്ത ശ്രേഷ്ഠ പദവി. അദ്ദേഹം വിതരണം ചെയ്യുമെന്ന് വിളംബരം ചെയ്ത അവാര്‍ഡുകള്‍ വാര്‍ത്താവിതരണ മന്ത്രി ഭാഗികമായി നല്കുന്നതില് പ്രതിഷേധിച്ചു സംഘം ചേര്‍ന്ന് ആ ചടങ്ങു ബഹിഷ്ക്കരിച്ച നടപടിയെ ന്യായീകരിക്കാനാകില്ല. മുദ്രാവാക്യം വിളിച്ച് ട്രേഡുയൂണിയനിസം കാട്ടേണ്ട അവസരമായിരുന്നില്ല അത്. രാഷ്ട്രപതിയുടെ മഹത്വം നിസ്സാരവല്‍ക്കരിച്ച ഈ പ്രതികരണം ഒരിക്കലും സ്വീകരിക്കാന്‍ കഴിയാത്തതാണ്.
രാഷ്ട്രപതി തരേണ്ട പുരസ്കാരം മന്ത്രി നല്കുമെന്നു പറഞ്ഞ് പ്രതിഷേധിച്ചിറങ്ങിപ്പോയവര്ക്ക് ഇപ്പോള്‍ പോസ്റ്റ്മാനാണ് ദേശീയ പുരസ്കാരം നല്കാന് പോകുന്നത്. വാങ്ങാതെ പോയ പുരസ്കാരങ്ങളെല്ലാം കേന്ദ്രസര്‍ക്കാര്‍ പോസ്റ്റോഫീസ് വഴിയോ കൊറിയര്‍ വഴിയോ അയച്ചുകൊടുക്കാന്‍ പോകുകയാണ്. അപ്പോള്‍പ്പിന്നെ പോസ്റ്റുമാന്റെയോ കൊറിയര്കാരന്റെയോ കയ്യില്‍നിന്ന് പുരസ്കാരം വാങ്ങുന്നതില്‍ ഇവര്‍ക്കാര്‍ക്കും അഭിമാനക്കേടില്ലെ? പുരസ്കാരം വാങ്ങാതെ തിരികെ പോയവര്‍ അവാര്‍ഡ് തുകയും നിരസിക്കുമോ എന്ന് ജയരാജ് ചോദിച്ചിട്ടുണ്ട്.
വിപ്ലവം കാണിക്കാന്‍ ദില്ലിവരെയൊന്നും പോകേണ്ടതില്ല. പ്രതിഷേധിക്കാനുള്ള ധാരാളം കാര്യങ്ങള്‍ കേരളത്തില്‍തന്നെ ഓരോ ദിവസവും ഉണ്ടായിക്കൊണ്ടിരിക്കുന്നു. അതൊന്നും കാണുന്നില്ല. എനിക്ക് ദേശീയ പുരസ്കാരം ലഭിച്ചപ്പോള്‍ ആ ആഴ്ച പുറത്തിറങ്ങിയ ‘ഇന്ത്യടുഡേ’ മാസിക ഇന്ത്യയിലെ നല്ല നടന് എന്ന കവര്‍ ചിത്രമായിരുന്നു. ആ ചിത്രത്തില്‍ ഞാനുണ്ടായിരുന്നില്ല. ഞാന്‍ ഇല്ലാതായതിനുള്ള കാരണം ഇന്നും അജ്ഞാതം. ആധുനിക പത്രപ്രവര്ത്തനമാകാമെന്നു ഞാന്‍ സമാധാനിച്ചു. അപ്പോഴും ആരോടും പ്രതിഷേധിക്കാന്‍ പോയില്ല. അതൊക്കെയാണ് പ്രബുദ്ധ കേരളത്തിലും കാലങ്ങളായി നടന്നുവരുന്നതെന്നുകൂടി ഓര്‍ക്കണം.
അപൂര്‍വ്വമായി മാത്രം ലഭിക്കുന്ന ദേശീയ ബഹുമതി അതിന്റെ പൂര്‍ണ്ണതയില്‍ ആസ്വദിക്കാന്‍ കഴിയാതെ വന്ന സാഹചര്യത്തെ ദൗര്ഭാഗ്യമെന്നേ പറയാന്‍ കഴിയൂ. അതും ആദ്യമായി ഈ അവസരം കൈവന്ന കലാകാരന്മാര്‍ക്കുണ്ടാകുന്ന നിരാശ ഏവര്‍ക്കും ഊഹിക്കാവുന്നതേയുള്ളൂ. അത്തരമൊരു സാഹചര്യം സൃഷ്ടിക്കരുതായിരുന്നു. പ്രതിഷേധിക്കാന്‍ ധാരാളം വഴികളുണ്ട്. നമ്മുടെ പുരസ്കാര ജേതാക്കള്‍ തെരഞ്ഞെടുത്തത് ശരിയായ വഴിയായിരുന്നില്ല. ചിന്തിക്കാതെയുള്ള പ്രവൃത്തിയായിരുന്നു അവരുടേത്.
(ആര്. പ്രദീപിനോട് പറഞ്ഞത്)
പ്രതികരിക്കാൻ ഇവിടെ എഴുതുക: