മോഹിപ്പിക്കുന്ന സിവില്‍ സര്‍വീസ് മേഖല, അവിടേക്കെത്താന്‍ കുറുക്കുവഴിയുണ്ടോ… ഇല്ല, പക്ഷേ ഇത്തിരി ശ്രമം; അത് ആത്മാര്‍ത്ഥമായിരുന്നാല്‍ ആര്‍ക്കും എത്തിച്ചേരാവുന്ന പടവാണ് സിവില്‍ സര്‍വീസ്. ഇതു പറയുന്നത് ഉറച്ചചുവടുകളുമായി അവിടേക്ക് നടന്നുകയറിയ എറണാകുളം വടയമ്പാടി കാവനാക്കുടിയില്‍ ശിഖ സുരേന്ദ്രന്.
16-ാം റാങ്ക് നേട്ടത്തിനു പിന്നില്‍ വര്‍ഷങ്ങള്‍ നീണ്ട പഠനമുണ്ടായിരുന്നില്ല; മൂന്നു വര്‍ഷം മാത്രം. ആ മൂന്നു വര്‍ഷം ഈയൊരു സ്വപ്നസാഫല്യത്തിനായി പൂര്‍ണമായും മാറ്റിവെച്ചു. വിജയത്തിനു പിന്നിലെ മനസ്സുതുറക്കുകയാണ് ശിഖ, ജന്മഭൂമിയോട്.
വിഷയം തെരഞ്ഞെടുക്കുന്നതില്‍ തുടങ്ങുന്നു വിജയത്തിന്റെ ആദ്യപടി. അവനവന്റെ അഭിരുചിയാവണം പരിഗണിക്കേണ്ടത്. ഇതാണ് സിവില്‍ സര്‍വീസ് മോഹിക്കുന്നവര്‍ പ്രഥമ പരിഗണന നല്‍കേണ്ട കാര്യമെന്നാണ് ശിഖയുടെ പക്ഷം. ശിഖയുടെ വാക്കുകളിലൂടെ…
-ഈ വിജയത്തിനു പിന്നില്‍
സിവില്‍ സര്‍വ്വീസിനായി ചെറുപ്പം മുതലേ പഠനം ഉണ്ടായിരുന്നില്ല. ബിടെക്കിനു ശേഷമാണ് അങ്ങനെയൊരു ശ്രമം തുടങ്ങിയത്.
-സിവില്‍ സര്‍വ്വീസ് തിരഞ്ഞെടുക്കാന്‍ കാരണം?
സാമൂഹ്യ സേവനത്തിനായി പല മാര്‍ഗ്ഗങ്ങളുണ്ട്. എങ്കിലും ഭരണതലത്തില്‍ നിന്ന് ചെയ്യുമ്പോഴാണ് ജനങ്ങളിലേക്ക് കൂടുതലായി എത്താന്‍ സാധിക്കുക. അതിനുള്ള പ്ലാറ്റ്ഫോം സിവില്‍ സര്‍വ്വീസ് തന്നെയാണ്. ശമ്പളം നോക്കിയല്ല ഇത് തിരഞ്ഞെടുത്തത്. ഐടി മേഖലകളിലും സ്വകാര്യ ബാങ്കുകളിലും ചിലപ്പോള്‍ ഇതില്‍ കൂടുതല്‍ ശമ്പളം ലഭിച്ചേക്കാം. സംതൃപ്തി നോക്കിയാണ് ഈ വഴി തിരഞ്ഞെടുത്തത്.
-സിവില്‍ സര്‍വ്വീസ് ലക്ഷ്യമാക്കിയുള്ള പഠനം
സിവില്‍ സര്‍വ്വീസ് എന്ന മോഹം കുട്ടിക്കാലം മുതലേ ഉണ്ടായിരുന്നു. 2015 ല്‍ ബിടെക് പൂര്‍ത്തിയാക്കിയതിനുശേഷമാണ് ഇതിലേക്കുള്ള പഠനം തുടങ്ങുന്നത്.
-ഐച്ഛിക വിഷയം തെരഞ്ഞെടുക്കുമ്പോള്‍
ഓപ്ഷണല്‍ സബജ്ക്ട് നമ്മുടെ റാങ്ക് ഒത്തിരി മാറ്റുന്നതാണ്. ഏറ്റവും കൂടുതല്‍ അറിവുള്ളതും കൂടുതല്‍ ചെയ്യാന്‍ സാധിക്കുന്നതുമായ വിഷയം എടുക്കുന്നതാണ് നല്ലത്. എല്ലാവര്ക്കും പ്രിയപ്പെട്ട വിഷയം ഉണ്ടാകും. വിഷയം നിശ്ചയിച്ച ശേഷം ഏതെങ്കിലും പുതിയ അഞ്ച് ചോദ്യപേപ്പര്‍ ശേഖരിച്ച് അത് ചെയ്യാന്‍ ശ്രമിക്കുന്നത് നല്ലതായിരിക്കും. ഇതിനായി നല്ലൊരു ഗൈഡന്‍സ് ആവശ്യമായി വരും. ഇഷ്ടമുള്ള വിഷയം ഇഷ്ടത്തോടെ പഠിക്കുന്നതായിരിക്കും നല്ലത്.
-പേഴ്സണാലിറ്റി ടെസ്റ്റ് എങ്ങനെ?
പങ്കെടുക്കുന്നവരുടെ വ്യക്തിത്വമറിയുകയെന്നതാണ് ഈ ടെസ്റ്റിന്റെ ലക്ഷ്യം. ഇതിലൂടെ പങ്കെടുക്കുന്ന വ്യക്തി സിവില്‍ സര്‍വ്വീസിലേക്ക് വരാന്‍ യോഗ്യതയുള്ള ആളാണോയെന്ന് അറിയുകയാണ്. ചോദ്യങ്ങള്‍ കൂടുതലായി ഉണ്ടാകും. കറന്റ് അഫയേഴ്സ് ചോദ്യങ്ങള്‍ ഉണ്ടാകും. ചുറ്റും നടക്കുന്ന സംഭവങ്ങളെ എങ്ങനെ കാണുന്നു എന്നാണ് നോക്കുക. അപേക്ഷകന് രേഖപ്പെടുത്തിയിരിക്കുന്ന പരീക്ഷാ വിജയങ്ങള്‍, ഹോബികള്‍, ലഭിച്ച സമ്മാനങ്ങള്‍ എന്നീ വിവരങ്ങള്‍ ഉള്ളതാണോ എന്നറിയാനാണ് ഇത്. ഓരോരുത്തരും എങ്ങനെയാണോ, അതായിരിക്കണം അവിടെ പ്രകടിപ്പിക്കേണ്ടത്. മറിച്ചായാല്‍ പെട്ടെന്ന് മനസ്സിലാകും.
-ഏതു മേഖലയില്‍ പ്രവര്‍ത്തിക്കാനാണ് താല്പര്യം
സ്ത്രീശാക്തീകരണത്തിനായി പ്രവര്‍ത്തിക്കാനാണ് താല്പര്യം.
-സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച്
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിലവാരം കുറവാണെന്ന് പല റിപ്പോര്‍ട്ടുകളും പുറത്തു വന്നിട്ടുണ്ട്. ടെക്നോളജി ഒരോ ദിവസവും വളര്‍ന്നുകൊണ്ടിരിക്കുകയാണ്. അതിനനുസരിച്ചുള്ള നിലവാരം കോളജുകളിലേക്ക് എത്തുന്നില്ല. സിലബസ് അപ്ഡേഷന് ഉണ്ടാകുന്നില്ല. പഠിച്ചിറങ്ങിയ ശേഷം ജോലിയില്‍ പ്രവേശിക്കുമ്പോള്‍ സോഫ്ട്വെയറുകളും അപ്ഡേറ്റഡായിരിക്കും. അങ്ങനെ വരുമ്പോള്‍ കുട്ടികള്‍ക്ക് ഒന്നും അറിയില്ലെന്ന അവസ്ഥയാകും. ബുക്കിലുള്ളത് പഠിക്കുന്ന രീതിയാണ് ഇപ്പോള്‍ കൂടുതലായിട്ടുള്ളത്.
പരീക്ഷയില്‍ ജയിക്കാനായി മാത്രം ശ്രമിക്കുമ്പോള്‍ പ്രാക്ടിക്കലായി ചെയ്യാനുള്ള കഴിവ് ലഭിക്കില്ല. അത് മാറണം. പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്താണെങ്കില് പല സ്ഥാപനങ്ങളിലും ലാബ് സൗകര്യങ്ങള്‍ പോലും നല്‍കാറില്ല. ജോലിക്കുതകുന്ന കഴിവ് ഉദ്യോഗാര്ത്ഥിക്കില്ലെന്നുള്ള ആക്ഷേപവും ഉയരുന്നുണ്ട്. ഇതെല്ലാം ഉള്‍ക്കൊണ്ടുള്ള വിദ്യാഭ്യാസ സംവിധാനം കൊണ്ടുവരണം. കുട്ടികളില്‍ ശുഭാപ്തി വിശ്വാസം ഉണ്ടാക്കിയെടുക്കണം. ഇന്റര്‍വ്യു ബോര്‍ഡിനെ നേരിടുമ്പോള്‍ എങ്ങനെ ആശയവിനിമയം നടത്തണമെന്ന് പറഞ്ഞുകൊടുക്കുന്നതും നന്നായിരിക്കും.
-സ്കൂള്‍ തലത്തിലും ചിട്ടയായ പഠനം ഉണ്ടായിരുന്നോ?
പഠനത്തില്‍ മികവ് പുലര്‍ത്താന്‍ സാധിച്ചിട്ടുണ്ട്. സ്കൂള്‍ കോളജ് തലത്തില്‍ നല്ല മാര്‍ക്ക് വാങ്ങിയാണ് ജയിച്ചത്. പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തിരുന്നു. മലയാളം ഉപന്യാസം, പദ്യപാരായണം തുടങ്ങിയ മത്സരങ്ങളില്‍ പങ്കെടുത്തിരുന്നു. സ്കൂളില്‍ പഠിക്കുമ്പോഴും ബിടെക് ചെയ്യുമ്പോഴും ഇത് തുടര്‍ന്നു. മലയാളം ഐച്ഛിക വിഷയമായി എടുത്തപ്പോള്‍ ഇത് ഏറെ ഗുണം ചെയ്തു.
-മലയാളം ഐച്ഛിക വിഷയമാക്കുമ്പോള്‍…
ഇത്തവണ നൂറുപേരോളം മലയാളം ഐച്ഛിക വിഷയമായി തിരഞ്ഞെടുത്തവരായിരുന്നു. അതില്‍നിന്ന് ഫൈനല്‍ ലിസ്റ്റില്‍ പത്തില്‍ കൂടുതല്‍ കുട്ടികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എഴുതുന്ന എല്ലാവര്ക്കും കിട്ടണമെന്നില്ല. മലയാളം എടുത്തതുകൊണ്ട് കൂടുതല്‍ മാര്‍ക്ക് ലഭിക്കുന്നില്ല. സമകാലിക വിഷയങ്ങളെ എഴുതി ഫലിപ്പിക്കാന്‍ കഴിഞ്ഞാല്‍ മാത്രമേ മാര്‍ക്ക് ലഭിക്കുകയുള്ളൂ.
-ഈ നേട്ടം പ്രതീക്ഷിച്ചിരുന്നോ?
പ്രധാന പരീക്ഷയ്ക്കു മുന്‍പ് ഒട്ടേറെ പരിശീലന പരീക്ഷകള്‍ എഴുതിയിരുന്നു. അതില്‍ മികച്ച മാര്‍ക്ക് ലഭിച്ചിരുന്നു. ഇന്റര്‍വ്യുവിന് മികച്ച രീതിയിലാണ് പോയത്. അതുകൊണ്ട് നല്ല മാര്‍ക്ക് ലഭിക്കുമെന്ന് പ്രതീക്ഷിച്ചു.
-വിജയത്തിനു പിന്നിലെ പഠനക്രമം
വളരെ ആസ്വദിച്ചാണ് പഠിച്ചിരുന്നത്. ദിവസേന നാല് മുതല്‍ അഞ്ച് മണിക്കൂര്‍ വരെ പഠിക്കും. പാഠഭാഗങ്ങളെ വിഭജിച്ച് പല ഭാഗങ്ങളായി തിരിച്ചിരുന്നു. ഓരോ ദിവസവും ഇത്ര ഭാഗം പഠിക്കണമെന്ന് നിശ്ചയിച്ചിരുന്നു. തീരുമാനിച്ച അത്രയും ഭാഗം പൂര്‍ത്തിയായ ശേഷമേ നിര്‍ത്തൂ. ഏതു സമയത്തും പഠിക്കാം. ചോദ്യപേപ്പറുകള്‍ ഉപയോഗിച്ച് ഉത്തരങ്ങള്‍ കണ്ടെത്തുമായിരുന്നു.
-അച്ഛന്റെ പങ്ക്
സിവില്‍ സര്‍വ്വീസ് എന്ന ആശയം മനസ്സിലേക്ക് കൊണ്ടുവന്നത് അച്ഛനായിരുന്നു. വായനയും എഴുത്തും ശീലമാക്കിയിരുന്ന ആളായിരുന്നു അച്ഛന്. ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ എഴുതുമ്പോള്‍ അച്ഛനെ കാണിച്ച് സംശയങ്ങള്‍ തീര്‍ക്കുമായിരുന്നു. ഉപന്യാസം, പദ്യപാരായണം തുടങ്ങിയ മത്സരവേദികളില്‍ ഒരു എതിര്‍പ്പും കൂടാതെ പങ്കെടുക്കാന്‍ അദ്ദേഹം സഹായിച്ചു. ഇത്തരം മത്സരങ്ങള്‍ ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എന്റെ വിജയത്തിന് സഹായകമായി.
-കുടുംബ പശ്ചാത്തലം
അച്ഛന് കെ.കെ. സുരേന്ദ്രന്. അസുഖബാധിതനായതോടെ ജോലി ഉപേക്ഷിച്ചു. സിലോ സുരേന്ദ്രന് ആണ് അമ്മ. വീടിന് സമീപത്തുള്ള സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. സഹോദരി നിവ വിവാഹിതയാണ്. മുത്തശ്ശി ഭവാനി. ഇവരടങ്ങുന്നതാണ് കുടുംബം.
-സങ്കല്‍പ്പിലെ പരിശീലനത്തെക്കുറിച്ച്
കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ടുകളെല്ലാം ഒരേ ഓറിയന്റേഷനാണ് നല്‍കുന്നത്. ദല്‍ഹിയിലേക്ക് പോകുന്നത് ആദ്യമായിട്ടായിരുന്നു. ഒരു വീടിന്റെ അന്തരീക്ഷം അവിടെ ലഭിച്ചു. പഠനത്തിന് നല്ല സഹായമാണ് ലഭിച്ചത്. വീട്ടില്‍ തിരികെ വന്നപ്പോഴും പഠനസാമഗ്രികള്‍ അവര്‍ ഇ-മെയിലായി അയച്ച് തന്നിരുന്നു. ഉത്തര പേപ്പറുകള്‍ പരിശോധിച്ച് തരുമായിരുന്നു. അങ്ങനെ എല്ലാ കാര്യത്തിലും ഏറെ സഹായിച്ചു. അഭിമുഖത്തിനും നല്ല മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ലഭിച്ചു. ദല്‍ഹിയില്‍ പോകണമെന്ന് നിശ്ചയിച്ചപ്പോള്‍ ഏതൊക്കെയാണ് മികച്ച സ്ഥാപനങ്ങള്‍ എന്ന് അന്വേഷിച്ചിരുന്നു. അങ്ങനെയാണ് സങ്കല്‍പ്പിനെക്കുറിച്ച് അറിയുന്നതും അവിടെ ചേര്‍ന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: