മണിശങ്കര്‍ അയ്യര്‍ക്കാണോ കോണ്‍ഗ്രസ്സിനാണോ സമനില തെറ്റിയത്? അതോ രണ്ടു കൂട്ടര്‍ക്കുമോ? വിറളിപിടിച്ചു പായുന്ന മാനസികാവസ്ഥയിലാണ് ഇരുവരും. കോണ്‍ഗസ് കര്‍ണാടകയില്‍ ടിപ്പുവിന്റെ ജയന്തി കൊണ്ടാടി. അയ്യര്‍ പാക്കിസ്ഥാനില്‍ പോയി മുഹമ്മദലി ജിന്നയെ പുകഴ്ത്തി. ഇന്ത്യ ഇന്ത്യയാണെന്നും പാക്കിസ്ഥാന് പാക്കിസ്ഥാനാണെന്നും തിരിച്ചറിയാന്‍ ഈ ദേശീയ പാര്‍ട്ടിക്കും അതിന്റെ നേതാക്കള്‍ക്കും ഇനി എത്ര നാള് വേണ്ടിവരും! തിരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ താത്ക്കാലിക നേട്ടം ലക്ഷ്യമിട്ടു നടത്തുന്ന ഇത്തരം നടപടികള്‍ സൃഷ്ടിക്കുന്ന പ്രശ്നങ്ങള്‍ രാജ്യത്തേയും സമൂഹത്തേയും എങ്ങനെ ബാധിക്കുമെന്നതില്‍ തെല്ലും ഉത്ക്കണ്ഠ ആ പാര്‍ട്ടിക്കില്ലെന്നു ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പുകാലത്തെ നടപടികള്‍ തെളിയിച്ചതാണ്. അതിന്റെ തുടര്‍ച്ചയാണ്, കര്‍ണാടക തെരഞ്ഞെടുപ്പു സമയത്തെ ഈ നടപടികള്‍. അലിഗഡ് സര്‍വകലാശാലയില്‍ ജിന്നയുടെ ചിത്രം വയ്ക്കുന്നതു സംബന്ധിച്ച വിവാദം നിലനില്‍ക്കുമ്പോഴാണ് അയ്യരുടെ പ്രസ്താവന എന്നതു കാര്യത്തിനു ഗൗരവം കൂട്ടും. അതുകൊണ്ടുതന്നെ ഇതു യാദൃശ്ചികമെന്നു കരുതാനും വിഷമമാണ്.
ന്യൂനപക്ഷ വോട്ടു ലക്ഷ്യമാക്കി മുസ്ലീം വികാരം ഇളക്കിവിടാന്‍ പാക്കിസ്ഥാനെയോ ജിന്നയേയോ കൂട്ടുപിടിക്കണമെങ്കിലും തയ്യാറാണെന്ന വിളംബരമാണു കോണ്‍ഗ്രസ്സിന്റേത്. അത്തരം ചിന്താഗതി രാജ്യത്തെ എവിടെക്കൊണ്ട് എത്തിക്കുമെന്ന്, ആ പാര്‍ട്ടിയിലെ ദേശീയബോധമുള്ള നേതാക്കള്‍ ചിന്തിക്കുന്നതു നന്നായിരിക്കും. പാരമ്പര്യത്തേക്കുറിച്ചു നാഴികയ്ക്കു നാല്പതുവട്ടം പറയുന്ന പാര്‍ട്ടിയാണല്ലോ കോണ്‍ഗ്രസ്. രാജ്യത്തിന്റെ ചരിത്രവും പാരമ്പര്യവും അവര്‍ക്കറിയില്ലെന്നു പറയാനാവുമോ?
ഇന്ത്യയെ വെട്ടിമുറിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച ജിന്ന ഈ ഉപഭൂഖണ്ഡത്തില്‍ അന്നുമുതല്‍ ഇന്നു വരെ നിലനില്‍ക്കുന്ന അസ്വസ്ഥതയ്ക്കു വഴിവച്ചയാളാണ്. ഹിന്ദു-മുസ്ലീം ചേരിതിരിവിനും വര്‍ഗീയ വികാരത്തിനും വിത്തുപാകിയവരില്‍ ഒന്നാം സ്ഥാനക്കാരനെന്നും വിശേഷിപ്പിക്കാം. ഇന്നും ഉണങ്ങാത്ത ആ മുറിവിലാണു കോണ്‍ഗ്രസ്സും അയ്യരും മുളകുപുരട്ടുന്നത്. വിഭജന കാലത്തെ സ്വീകാര്യത ജിന്നയ്ക്കു പാക്കിസ്ഥാനില്‍ പോലും ഇന്ന് ഉണ്ടെന്നു തോന്നുന്നില്ല. ബംഗ്ളാദേശ് പണ്ടേ അദ്ദേഹത്തെ കൈവിട്ടിരുന്നു. പതിറ്റാണ്ടുകളോളം ഈ രാജ്യം ഭരിച്ച പാര്‍ട്ടിക്ക് ഇന്നും ആ നേതാവിനെ തോളിലേറ്റുകയും സമയാസമയങ്ങളില്‍ എടുത്ത് ഉപയോഗിക്കുകയും ചെയ്യുന്നതില്‍ അപാകത കാണാനാകാത്തതാണു വിചിത്രം. തലമുറകള്‍ മാറിയാലും ചരിത്രം മാറുന്നില്ലല്ലോ.
പാക്കിസ്ഥാനില്‍ ചെന്നും അല്ലാതെയും ഇന്ത്യാ വിരുദ്ധവും പാക്കിസ്ഥാന് അനുകൂലവുമായ പ്രസ്താവനകള്‍ നടത്തിയ ചരിത്രം അയ്യര്‍ക്കു മുന്‍പുമുണ്ടല്ലോ. അതു കോണ്‍ഗ്രസ്സിനെ തിരിഞ്ഞുകുത്തിയിട്ടുമുണ്ട്. അനുഭവങ്ങള്‍കൊണ്ടു പഠിക്കാത്ത സ്വഭാവം ആ പാര്‍ട്ടിയെ ജനങ്ങളില്‍ നിന്ന് അകറ്റുന്നതിനു തെളിവാണ് തുടര്‍ച്ചയായി നേരിടുന്ന പരാജയങ്ങള്‍. പക്ഷേ, പിടിച്ചുനില്ക്കാന് കോണ്‍ഗ്രസ് തെറ്റുകള്‍ ആവര്‍ത്തിക്കുകയാണ്. ന്യൂനപക്ഷത്തെ പ്രീണിപ്പിക്കുകയും ഭൂരിപക്ഷത്തെ ഭിന്നിപ്പിക്കുകയും ചെയ്താല്‍ നേട്ടമുണ്ടാക്കാമെന്ന മിഥ്യാധാരണയാകാം കാരണം. കര്‍ണാടകയും കേരളവുമടക്കം ദക്ഷിണേന്ത്യയില്‍ ടിപ്പുനടത്തിയ പടയോട്ടത്തില്‍ തകര്‍ക്കപ്പെട്ടതും കൊള്ളയടിക്കപ്പെട്ടതുമായ ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങള്‍ ഇന്നും ഓര്‍മപ്പെടുത്തലുകളായി ബാക്കി നില്‍ക്കുന്നുണ്ട്.
കൊലചെയ്യപ്പെട്ടവരുടേയും മതംമാറ്റപ്പെട്ടവരുടേയും നൊമ്പരം ഈ മണ്ണിലും വായുവിലുമുണ്ട്. നേതാക്കളുടെ പ്രസ്താവനകൊണ്ടോ ജയന്തി ആഘോഷംകൊണ്ടോ അതിന് അറുതി വരാന്‍ പോകുന്നുമില്ല. ഒരു വിഭാഗത്തെ സ്വാധീനിക്കാന്‍ അവരുടെ വികാരത്തെ ഉണര്‍ത്തുമ്പോള്‍ അതു മറ്റു ചിലരുടെ വികാരത്തെ വേദനിപ്പിക്കുമെന്ന കാര്യം മറക്കരുത്. ചരിത്രത്തെ വളച്ചൊടിക്കാതിരിക്കാനുള്ള പക്വത പ്രസ്ഥാനത്തെ നയിക്കുന്നവര്‍ക്കുണ്ടാകണം. അതിന് മണിശങ്കര്‍ അയ്യരെപ്പോലുള്ള നേതാക്കളുടെ നാവിന് അടിയന്തരമായി മണികെട്ടണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: