ഏഴുവര്‍ഷത്തെ അഭിനയജീവിതത്തിനിടെ വ്യത്യസ്ത കഥാപാത്രങ്ങളെ തേടിയുള്ള യാത്രയാണ് ഉണ്ണികൃഷ്ണന് മുകുന്ദനെ നല്ലൊരു നടനാക്കി മാറ്റിയത്. 100 കോടി ക്ലബ്ബിലെത്തിയ, ‘ബാഗമതി’യിലൂടെ തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകരുടെ ഇഷ്ടനടനായി മാറിയ ഉണ്ണി മുകുന്ദന്, കണ്ണന് താമരക്കുളം സംവിധാനം ചെയ്യുന്ന ‘ചാണക്യതന്ത്ര’ത്തില്‍ അഞ്ച് ഗെറ്റപ്പുകളിലെത്തുകയാണ്. പ്രേംനസീര്‍, എംജിആര്‍, കമല്ഹാസന്, വിക്രം, പ്രകാശ് രാജ്, ശരത് കുമാര്‍, ജയംരവി, ദിലീപ് തുടങ്ങിയവര്‍ അഭിനയിച്ചു ഫലിപ്പിച്ച സ്ത്രീവേഷം അവതരിപ്പിക്കുകയെന്ന വെല്ലുവിളി ഉണ്ണി മുകുന്ദനും ഏറ്റെടുത്തു. ‘ചാണക്യ തന്ത്ര’ത്തില്‍ ‘കരിഷ്മ’യെന്ന സ്ത്രീ വേഷത്തിലൂടെ മലയാളത്തിന്റെ മസില്മാന് പ്രേക്ഷകരെ കൈയിലെടുക്കുകയാണ്. ഉണ്ണി മുകുന്ദന്റെ വിശേഷങ്ങളിലേക്ക്.
‘ചാണക്യ തന്ത്ര’ത്തിലേക്കെത്തുന്നത്
കണ്ണന്റെ ‘അച്ചായന്‍സി’ന്റെ വേളയിലാണ് ഞങ്ങളൊരുമിക്കുന്നത്. അന്നുമുതല്‍ നല്ലൊരു സൗഹൃദമുണ്ട്. ‘ചാണക്യതന്ത്ര’ത്തിലെ അര്ജ്ജുന് റാം മോഹന്‍ വ്യത്യസ്തതയുള്ള കഥാപാത്രമാണ്. ത്രില്ലര്‍ സ്വഭാവമുള്ള സിനിമ. അനൂപ് മേനോന്, ഹരീഷ് കണാരന്, രമേശ് പിഷാരടി, ഇന്ദ്രന്‍സ്, ശ്രുതി രാമചന്ദ്രന്, ശിവദ എന്നിവര്‍ ഒപ്പമുണ്ട്. അഞ്ചുവേഷങ്ങളിലൊന്നില് ‘കരിഷ്മ’യെന്ന സ്ത്രീവേഷമാണ് പ്രത്യേകത.
‘കരിഷ്മ’യാവാന്‍ വലിയ ബുദ്ധിമുട്ടുകള്‍ ഒന്നുമുണ്ടായില്ല. സ്ത്രീകള്‍ നമ്മളെപ്പോലെ തന്നെയാണ് പെരുമാറുന്നത്. എന്റേതായ രീതിയില്‍ അഭിനയിച്ചിട്ടുണ്ട്. മേക്കപ്പ്മാന് പ്രദീപ് രംഗനും കോസ്റ്റ്യൂമര്‍ അരുണ്‍ മനോഹറിനുമാണ് ക്രെഡിറ്റ്. അത്യാവശ്യം മസില് ഒക്കെയുള്ള എന്നെ അതൊന്നും ബാധിക്കാത്ത രീതിയില്‍ നല്ല സ്ത്രീ കഥാപാത്രമാക്കുക എന്ന വെല്ലുവിളി അവരുടേതായിരുന്നു. പിന്നെ പുരികം ത്രെഡ് ചെയ്യുമ്പോള്‍ ചെറുതായി വേദനിച്ചിരുന്നു. ഷൂട്ടിങ്ങിന് അധികദിവസമില്ലാതിരുന്നതുകൊണ്ട് ഒരുപാട് തയ്യാറെടുപ്പുകളില്ലായിരുന്നു. ഭാരം കുറയ്ക്കാനൊന്നും ശ്രമം നടത്തിയില്ല. സ്ഥിരമുള്ള വര്‍ക്കൗട്ട് നിര്‍ത്തിവച്ചു.
അനുഷ്കഷെട്ടിയുടെ പിന്തുണ
നല്ല സുഹൃത്താണവര്‍. ‘ബാഗമതി’യുടെ ഷൂട്ടിങ് വേളയില്‍ ‘ചാണക്യതന്ത്ര’ത്തിലെ വേഷത്തെക്കുറിച്ച് പറഞ്ഞു. വളരെയധികം പ്രോത്സാഹിപ്പിച്ചു. ഏതുതരം വസ്ത്രങ്ങള്‍ വേണം എന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നു. വളരെ മനോഹരമായി വസ്ത്രധാരണം ചെയ്യുന്നവരാണവര്‍. സ്ത്രീവേഷമണിഞ്ഞുള്ള ഒരു ഡിജിറ്റല്‍ സ്കെച്ച് തയ്യാറാക്കി ഞാനവര്‍ക്ക് അയച്ചുകൊടുത്തു. പ്രോത്സാഹിപ്പിച്ചുകൊണ്ട് മറുപടിയും തന്നു.
‘ചാണക്യതന്ത്ര’ത്തില്‍ ഗായകനായും
‘അച്ചായന്‍സ്’ എന്ന സിനിമയിലാണ് ആദ്യം പാടിയത്. ഞാനെഴുതിയ വരികള്‍ തന്നെയായിരുന്നു. ആ അനുഭവം വച്ചാണ് കണ്ണന് ‘ചാണക്യതന്ത്ര’ത്തിലും പാടണമെന്ന് ആവശ്യപ്പെട്ടത്. ഞാനൊരു നല്ല ഗായകനൊന്നുമല്ല. വര്‍ഷങ്ങളായി സംഗീതം പഠിച്ച് സാധകം ചെയ്യുന്നവരുടെ അടുത്തെങ്ങും നമ്മള് എത്തില്ല. പക്ഷേ ഒരു സിനിമയില്‍ ഒരു നടന് പാടുമ്പോള്‍ കൗതുകമുണ്ടാവും. സിനിമയുടെ പ്രൊമോഷനും അത് ഗുണമാവും. ‘അച്ചായന്‍സ്’ ബോറാക്കിയില്ല എന്ന് തോന്നിക്കാണും. കൈതപ്രത്തിന്റെ വരികളില്‍ ഷാന്‍ റഹ്മാന്റെ സംഗീതത്തില്‍ ‘ഏതോ വഴിത്താരയില്‍’ എന്ന ഗാനമാണ് ‘ചാണക്യതന്ത്ര’ത്തില്‍.
ഇതൊക്കെ ഒരു ഭാഗ്യമല്ലേ. അഭിനയിക്കുന്നില്ലെങ്കിലും മമ്മൂട്ടി നായകനായ ‘കുട്ടനാടന്‍ ബ്ലോഗി’ലും ഒരു ഗാനമാലപിച്ചുകഴിഞ്ഞു.
ഉണ്ണികൃഷ്ണന് മുകുന്ദന് ഉണ്ണി മുകുന്ദനായത്
തൃശൂര്‍ വില്ലടത്തായിരുന്നു അച്ഛന് മുകുന്ദന്റെ കുടുംബം. ബിസിനസ്സായിരുന്നു അച്ഛന്. നാട്ടില്‍ മെച്ചമൊന്നുമില്ലാതായതോടെ അഹമ്മദാബാദിലേക്ക് കുടുംബസമേതം വണ്ടികയറി. പഠിച്ചതും വളര്‍ന്നതുമെല്ലാം അഹമ്മദാബാദില്‍. പ്രഗതി ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ പഠനം. കോളജ് വിദ്യാഭ്യാസം ഗുജറാത്ത് യൂണിവേഴ്സിറ്റിയില്‍. അതിനുശേഷം ബിപിഒ ഇന്‍ഡസ്ട്രിയില്‍ ജോലി. അപ്പോഴാണ് സിനിമയെന്ന സ്വപ്നത്തിലേക്ക് യാത്ര തുടങ്ങിയത്. അഭിനയമല്ലായിരുന്നു ലക്ഷ്യം. സംവിധാനമോഹവുമായി പത്തൊമ്പതാം വയസ്സില്‍ കേരളത്തിലേക്കു വണ്ടികയറി സൂര്യ ടിവിയിലെ സെന്സേഷന് എന്ന പരിപാടി കണ്ട് ലോഹിതദാസ് സാര്‍ ബന്ധപ്പെട്ടതായിരുന്നു ജീവിതത്തിലെ വഴിത്തിരിവ്. ഒന്നരവര്‍ഷം അദ്ദേഹത്തിനൊപ്പം. സംവിധാനം പഠിക്കാനെത്തിയ എന്നോട് നിനക്ക് അഭിനയം വഴങ്ങുമെന്നും, ചെയ്യാന്‍ പോകുന്ന ‘ഭീഷ്മര്‍’ എന്ന സിനിമയില്‍ അഭിനയിക്കണമെന്നും പറഞ്ഞു. പക്ഷേ അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിക്കാനുള്ള ഭാഗ്യമുണ്ടായില്ല. ‘നന്ദന’ത്തിന്റെ തമിഴ് റീമേക്കായ ‘സീഡനാ’യിരുന്നു ആദ്യ ചിത്രം.
അന്യഭാഷാ ചിത്രങ്ങളിലേക്ക്
‘സീഡനി’ല്‍ അഭിനയിച്ചുകഴിഞ്ഞപ്പോഴാണ് ‘ബാങ്കോക്ക് ഇന്‍ സമ്മര്‍’ എന്ന ചിത്രം വരുന്നത്. ‘ബോംബെ മാര്‍ച്ച് 12’ ലും അവസരം ലഭിച്ചു. മലയാളമായിരുന്നു പ്രിയപ്പെട്ട സിനിമകള്‍ തന്നത്. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ അവസരം ലഭിച്ചു. വാണിജ്യ സിനിമകള്‍ മാത്രമേ പക്ഷേ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ടാവൂ. ‘ബാങ്കോക്ക് ഇന്‍ സമ്മറി’ല്‍ വില്ലന്‍ വേഷം ചെയ്യാനായില്ല. ‘ഒറീസ’യില്‍ 60 വയസുകാരന്റെ റോളായിരുന്നു. കെ.എല്‍.10, കാറ്റും മഴയും, ക്ലിന്റ് എന്നിവയിലെല്ലാം വേറിട്ട വേഷങ്ങളായിരുന്നു.
മലയാളത്തില്‍ എത്തിയപ്പോള്‍ എനിക്ക് മലയാളം ഡയലോഗ് പറയാന്‍പോലും കഴിയുമായിരുന്നില്ല. ആദ്യകാല സിനിമകളില്‍ ഡബ്ബ് ചെയ്യാന്‍ കഴിയുമായിരുന്നില്ല. സിനിമയ്ക്ക് ഭാഷ ഉണ്ടെന്ന് കരുതുന്നില്ല. ഉത്തരേന്ത്യന്‍ ഭാഷകള്‍ വശമാണ്. അതുകൊണ്ട് തന്നെ ഹിന്ദിയടക്കം മറ്റു ഭാഷകളില്‍ നല്ല അവസരം കിട്ടിയാല്‍ ചെയ്യും. ‘ജനതാ ഗ്യാരേജ്’ ‘ബാഗമതി’ എന്നിവ ഹിറ്റായതോടെ തെലുങ്കില്‍നിന്ന് ധാരാളം പ്രോജക്ടുകള്‍ വരുന്നുണ്ട്. നമ്മുടെ രാജ്യത്ത് 28 ഓളം ഭാഷകളില്‍ ചിത്രങ്ങള്‍ ഇറങ്ങുന്നുണ്ട്. എല്ലാ ഭാഷയിലും ഒരു നല്ല ചിത്രം. ഒരു അഭിനേതാവ് എന്ന നിലയില്‍ എന്റെ സ്വപ്നമതാണ്.
സംവിധാനമോഹം
ഉറപ്പായും. സംവിധാനം മാത്രമല്ല നിര്‍മാണവും. ഒരു സ്റ്റുഡിയോ മോഹവും മനസ്സിലുണ്ട്. ഇംഗ്ലീഷ് കവിതകള്‍ എഴുതുന്ന ശീലമുണ്ടായിരുന്നു. രണ്ട് വര്‍ഷമായി അത് നിലച്ചു.33 ലേറെ കവിതകള്‍ എഴുതിയത് ഇരിപ്പുണ്ട്.
വിവാദങ്ങള്‍ക്കൊപ്പം
ഞാന്‍ ഒരു സാധാരണ മനുഷ്യനാണ്. അങ്ങനെയേ പെരുമാറാന്‍ അറിയൂ. മലയാള സിനിമ ‘ഡിപ്ലോമസി’യുടെ ലോകമാണ്. ഏതിനും വിനയം, തെറി പറഞ്ഞാലും ചിരിച്ചു കാണിക്കണം. അതാണ് ശരിയെങ്കില്‍ ഞാന്‍ തെറ്റുകാരനാണ്. എന്റെ പെരുമാറ്റം ഒരു കണ്ണാടിപോലെയാണ്. നിങ്ങള്‍ ഒരു കണ്ണാടിയുടെ മുന്നില്‍നിന്ന് എന്ത് ചെയ്യുന്നോ അതിന്റെ പ്രതിഫലനമുണ്ടാവും. എന്റെ മുന്നില്‍ വന്ന് ചിരിച്ചാല്‍ ഞാനും ചിരിക്കും. തെറി പറഞ്ഞാല്‍ അത് തിരിച്ചുകിട്ടും. ബഹുമാനം കൊടുക്കൂ, ബഹുമാനം നേടൂ എന്ന നിലപാടുകാരനാണ് ഞാന്‍. എന്റെ കൂട്ടുകാര്‍ക്കും കുടുംബത്തിനും എന്നെ അറിയുന്ന പ്രേക്ഷകര്‍ക്കും ഉണ്ണി മുകുന്ദന് എന്ന വ്യക്തിയെ അറിയാം. വേണമെന്നുള്ളവര്‍ക്ക് ഈ കണ്ണാടിയില്‍ നോക്കാം. ഇഷ്ടമില്ലാത്തവര്‍ക്ക് ഇത് കല്ലെറിഞ്ഞു പൊട്ടിക്കാം. പക്ഷേ കല്ലെറിഞ്ഞുപൊട്ടിക്കുമ്പോല് മനസ്സിലാക്കേണ്ടത്, ഒരു കണ്ണാടി പൊട്ടുമ്പോള്‍ അതുപോലെ നൂറു കണ്ണാടികള്‍ ഉണ്ടാകുമെന്നാണ്.
വിവാഹം അന്നുനടന്നില്ല
ഇപ്പോള്‍ 30 വയസ്സായി. 25 വയസ്സില്‍ കല്യാണം കഴിക്കണമെന്ന് ആഗ്രഹം തോന്നിയിരുന്നു. അന്നത് നടന്നില്ല. ഇപ്പോള്‍ അങ്ങനെയൊരു ആഗ്രഹമില്ല. അഞ്ച് വര്‍ഷം കൂടി കഴിയട്ടെ. ഈ പ്രായത്തിലുള്ള ബാച്ചിലര്‍മാരില്‍ ആരോടു ചോദിച്ചാലും ഇതാവും മറുപടി. എല്ലാറ്റിനും അതിന്റേതായ സമയമുണ്ട്. പെണ്‍കുട്ടിയെക്കുറിച്ച് എല്ലാവര്ക്കും ഉള്ളതുപോലെ എന്റേതായ ചില ആഗ്രഹങ്ങളുണ്ട്. അത് ആരോടും അങ്ങനെ വെളിപ്പെടുത്തിയിട്ടില്ല. അന്വേഷിച്ചു തുടങ്ങുമ്പോള്‍ മതിയല്ലോ.
പുതിയ സിനിമകള്‍
മലയാളത്തില്‍ പുതിയ രണ്ട് സംവിധായകര്‍ക്ക് ഡേറ്റ് കൊടുത്തിട്ടുണ്ട്. തമിഴിലും തെലുങ്കിലും രണ്ട് പ്രൊജക്ടുകളുടെ ചര്‍ച്ച നടക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: