അഗര്‍ത്തല: അന്ന് മോദി, പിന്നെ യോഗി, ഇന്ന് വിപ്ലവ് കുമാര്‍. അവര്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതും എന്താണെന്ന് നോക്കണ്ട, അവര്‍ക്കെതിരേ കുപ്രചാരണം നടത്തുക. ജനത്തിന് വെറുക്കപ്പെട്ടവരാക്കുക. അതാണ് കമ്യൂണിസ്റ്റ് കുതന്ത്രം. അതവര് എക്കാലത്തും എതിരാളികളില്‍ നടത്തുന്ന പ്രചാരണ തന്ത്രമാണ്. അതിനുകൂട്ടായി ചില മാധ്യമങ്ങളും ചേരുമ്പോള്‍ നുണകള്‍ മാത്രമേ ജനം അറിയൂ. ത്രിപുര മുഖ്യമന്ത്രി വിപ്ലവ് കുമാര്‍ ദേവിനെതിരേയാണ് ഇപ്പോള്‍ പ്രചാരണം സജീവം. കാരണം അടുത്ത പൊതു തെരഞ്ഞെടുപ്പിലെ പ്രചാരണ സംഘത്തിലെ പ്രമുഖരില്‍ ഒരാള്‍ വിപ്ലവാണെന്ന് അവര്‍ക്ക് ഉറപ്പുണ്ട്. കമ്യൂണിസ്റ്റുകളെ തറപറ്റിച്ച വിപ്ലവ നായകന്.
നരേന്ദ്ര മോദി ഗുജറാത്തില്‍ മുഖ്യമന്ത്രിയായി ആദ്യ അഞ്ചുവര്‍ഷം കഴിഞ്ഞപ്പോള്‍ മുതല്‍ മോദിക്കെതിരേ പ്രചാരണം തുടങ്ങിയിരുന്നു. ഭൂകമ്പത്തില്‍ തകര്‍ന്നുപോയ ഗുജറാത്തിനെ ഭരണതന്ത്രംകൊണ്ട് ഉയര്‍ത്തിയെടുത്തപ്പോള്‍ മുതല്‍ മോദി നോട്ടപ്പുള്ളിയായിരുന്നു. പിന്നീട് ഗുജറാത്തിലെ ഗോധ്ര സംഭവം, തുടര്കലാപങ്ങള് ഇവയിലൂടെയെല്ലാം മോദിയെ ജനനായക സ്ഥാനത്തുനിന്ന് പ്രതിനായക സ്ഥാനത്തു പ്രതിഷ്ഠിക്കാന്‍ മത്സരമായിരുന്നു. കമ്യൂണിസ്റ്റ് ബുദ്ധിയില്‍, കോണ്‍ഗ്രസ് സഹായത്തില്‍, ചില മാധ്യമങ്ങളുടെ കുഴലൂത്തില്‍ പ്രചാരണം ഗുജറാത്തില്‍, ഇന്ത്യയില്‍, ലോകമെമ്പാടും തന്നെയും നടത്തി. പ്രധാനമന്ത്രിസ്ഥാനാര്ത്ഥിയായേക്കുമെന്നുറപ്പായ മോദിക്ക് വിസ കൊടുക്കരുതെന്ന് വിദേശ രാജ്യങ്ങളോട് അഭ്യര്‍ത്ഥിക്കാന്‍ കമ്യൂണിസ്റ്റുകളും അതിനു കൂട്ടുനില്ക്കാന് കേന്ദ്രഭരണത്തിലുണ്ടായിരുന്ന കോണ്‍ഗ്രസും പിന്തുണയ്ക്കാന്‍ ചില മാധ്യമങ്ങളുമുണ്ടായിരുന്നു. പക്ഷേ, മോദിയെ ജനപ്രിയനായ പ്രധാനമന്ത്രിയാക്കാനേ അതു സഹായിച്ചുള്ളു.
യുപിയില്‍ ബിജെപിയെ തോല്‍പ്പിക്കാന്‍ നടത്തിയ പരിശ്രമങ്ങളെല്ലാം ഇക്കൂട്ടര്‍ക്ക് പിഴച്ചു. മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചാല്‍ മോദിവിരുദ്ധപ്രചാരണം പോലെയൊന്ന് നടത്തുമെന്നും അത് തെരഞ്ഞെടുപ്പ് അജണ്ട മാറ്റുമെന്നും മുന്‍കൂട്ടിക്കണ്ടാണ് ബിജെപി അവിടെ മുഖ്യമന്ത്രിയെ തെരഞ്ഞെടുപ്പു വിജയം കഴിഞ്ഞ് പ്രഖ്യാപിച്ചത്. അങ്ങനെ യോഗി ആദിത്യനാഥിനെ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ തുടങ്ങിയതാണ് യോഗിക്കെതിരേയുള്ള കുപ്രചാരണങ്ങള്‍. ആശുപത്രിയിലെ ശിശുമരണം മുതലിങ്ങോട്ട് താജ്മഹല്‍ വിഷയത്തിലും ഭീകര-ഗുണ്ടാവേട്ടക്കാര്യത്തിലുമുള്പ്പെടെ നടത്തിയ പ്രചാരണങ്ങള്‍ കുറേയെല്ലാം ഫലിച്ചു.
ഒടുവില്‍ യോഗിക്കും ബിജെപിക്കുമെതിരേ എസ്പി-ബിഎസ്പി സഖ്യമുണ്ടാക്കി ബിജെപിയെ തോല്‍പ്പിച്ചപ്പോള്‍ ലക്ഷ്യം യോഗിയുടെ ഉയര്‍ച്ചയും വളര്‍ച്ചയും തടഞ്ഞുവെന്ന സമാധാനത്തിലാണ് എതിര്‍പക്ഷം. പക്ഷേ, കര്‍ണാടകത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ യോഗിക്കു കിട്ടുന്ന ജനപിന്തണയും സ്വീകാര്യതയും ബിജെപിയുടെ കണക്കുകൂട്ടലുകള്‍ പിഴയ്ക്കുന്നില്ലെന്നു വ്യക്തമാക്കുന്നു.
ഹരിയാന മുഖ്യമന്ത്രി ഖട്ടാറിനെതിരേ സംവരണ വിഷയത്തിലും തുടര്‍ സംഭവങ്ങളിലും മാധ്യമങ്ങളില്‍ വന്ന പ്രചാരണവും ഇടത്-കോണ്‍ഗ്രസ് സംരംഭങ്ങളായിരുന്നു. ഖട്ടാറിന് പകരക്കാരെ കണ്ടെത്താന്‍ ബിജെപി യോഗം ചേരുന്നുവെന്നുവരെ ആറു മാസംമുമ്പ് വാര്‍ത്തവന്നു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാനെതിരേ നടത്തിയ കുപ്രചാരണങ്ങള്‍ക്ക് കണക്കില്ല. വ്യാപം അഴിമതിയില്‍ മുഖ്യമന്ത്രിക്കും ഭാര്യയ്ക്കും പങ്കെന്നുവരെ വാര്‍ത്ത പരത്തി. പക്ഷേ, കേന്ദ്രത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിച്ചകാലത്തും ആ സംഭവത്തില്‍ ചൗഹാനെ ഉള്‍പ്പെടുത്താനുള്ള ഒരു പഴുതും കണ്ടെത്താനായില്ല.
കമ്യൂണിസ്റ്റുകള്‍ക്ക് കരണത്തു കിട്ടിയ അടിയാണ് ത്രിപുരയിലെ തെരഞ്ഞെടുപ്പുഫലം. കാല്‍നൂറ്റാണ്ട് പാര്‍ട്ടി അടക്കിവാണ സംസ്ഥാനത്തുനിന്ന് അവരെ വേരോടെ പിഴുത് പുറത്തെറിഞ്ഞ വിപ്ലവ് കുമാര്‍ ദേവ് എന്ന യുവാവിനെ അവര്‍ വരും നാളുകളില്‍ മോദിയേക്കാള്‍, യോഗിയേക്കാള്‍ ഭയക്കുന്നു. അതുകൊണ്ടുതന്നെ എതിരാളിയാകാന്‍ സാധ്യതയുള്ളവരെ കോമാളികളാക്കി ചിത്രീകരിക്കുന്ന തന്ത്രം വിപ്ലവിനു നേരേ പ്രയോഗിക്കുകയാണ്. അറിഞ്ഞുകൊണ്ട് ചില മാധ്യമങ്ങള്‍ അവര്‍ക്കൊപ്പം നില്‍ക്കുകയും ചെയ്യുന്നു. കേരളത്തില്‍ ഇടതുപക്ഷ മാധ്യമങ്ങളും ഇടതുപ്രവര്‍ത്തകരുടെ സാമൂഹ്യ മാധ്യമ സംവിധാനങ്ങളും ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ അപകീര്‍ത്തിപ്പെടുത്തുന്നതില്‍ മത്സരിക്കുന്നതും ഈ പദ്ധതിയുടെ ഭാഗമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: