ഇന്ത്യയിലെ ജുഡിഷ്യറിയുടെയും, സുപ്രീം കോടതിയുടെയും ചരിത്രത്തെത്തെയും വര്‍ത്തമാനത്തെയും കുറിച്ച് ഗവേഷണം നടത്തുന്ന ഒരാള്‍ക്കും തിരുവിതാംകൂറിന്റെ പഴയ വാണിജ്യകേന്ദ്രം ആയ കോട്ടയത്തെ അതിരമ്പുഴ എന്ന ഗ്രാമത്തെ കുറിച്ച് പരാമര്‍ശിക്കാതെ പഠനം പൂര്‍ത്തിയാക്കാന്‍ സാധിക്കില്ല. അത്രയ്ക്ക് ബന്ധം ആണ് അതിരമ്പുഴ ഗ്രാമത്തിലെ കുറ്റിയില്‍ കുടുംബത്തിന് സുപ്രീം കോടതിയും ആയി ഉള്ളത്. ജസ്റ്റിസ് കെ കെ മാത്യു ആണ് അതിരമ്പുഴയില്‍ നിന്ന് സുപ്രീം കോടതിയില്‍ എത്തുന്ന ആദ്യ ജഡ്ജി. ജസ്റ്റിസ് കെ കെ മാത്യുവിന്റെ മകനും ഉത്തരാഖണ്ഡ് ഹൈകോടതി ചീഫ് ജസ്റ്റിസും ആയ കെ എം ജോസഫ് എന്ന അതിരമ്പുഴകാരന് സുപ്രീം കോടതിയില്‍ ജഡ്ജി ആകുമോ എന്ന ചോദ്യത്തിന് ഇപ്പോഴും കൃത്യമായ ഉത്തരം ഇല്ല. ജസ്റ്റിസ് കെ എം ജോസഫിന്റെ നിയമനം സംബന്ധിച്ച വിവാദങ്ങള്‍ ജുഡിഷ്യറിയിലും, സുപ്രീം കോടതിയിലും, രാഷ്ട്രീയ രംഗത്തും ഒക്കെ വിവാദങ്ങളുടെ വേലിയേറ്റം ആണ് സൃഷ്ടിച്ച് കൊണ്ടിരിക്കുന്നത്.
ചരിത്രത്തില്‍ സമാനതകള്‍ ഇല്ലാത്ത സംഭവങ്ങള്‍ക്ക് ആണ് സുപ്രീം കോടതി ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത് എന്നാണ് ചില നിരീക്ഷകര്‍ പറയുന്നത്. എന്നാല്‍ കോടതിയും ആയി ബന്ധപ്പെട്ട പുസ്തകങ്ങള്‍ വായിക്കുന്നവര്‍ക്ക് ഇതിലും മോശമായ ഒരു കാലഘട്ടത്തിലൂടെ ആണ് സുപ്രീം കോടതി കടന്ന് വന്നത് എന്ന് വ്യക്തമാണ്. ഇന്ദിര ഗാന്ധിയുടെ ഭരണകാലഘട്ടത്തില്‍ ആയിരുന്നു സുപ്രീം കോടതിയുടെ ചരിത്രത്തിലെ ആ കറുത്ത ദിനങ്ങള്‍. മൗലിക അവകാശങ്ങള്‍ ഭേദഗതി ചെയ്യാന്‍ പാര്‍ലമെന്റിന് അവകാശം ഇല്ല എന്ന് ഗോലക്നാഥ് കേസില്‍ 1967 ല്‍ പുറപ്പടിവിച്ച വിധി ആണ് ഇന്ദിര ഗാന്ധിയും സുപ്രീം കോടതിയും തമ്മില്‍ ഉള്ള ശീതസമരത്തിന് വഴി വച്ചത്. ഇതിന് പിന്നാലെ ബാങ്ക് ദേശസാത്കരണ കേസിലും, പ്രിവി പേഴ്സ് നിറുത്തലാക്കിയ കേസിലും സുപ്രീം കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ടതോടെ ഇന്ദിരയും കോടതിയും തമ്മില്‍ ഉള്ള ബന്ധം വഷളായി. ശക്തമായ ജുഡീഷ്യറി ആയിരുന്നു ഒന്നാം ഇന്ദിര ഗാന്ധി സര്‍ക്കാരിന്റെ അലട്ടിയിരുന്ന തലവേദന.
1971 മാര്‍ച്ച് 16. ‘ഗരീബി ഹട്ടാവോ’ മുദ്രാവാക്യവും ആയി തെരഞ്ഞെടുപ്പിനെ നേരിട്ട് 43.68 ശതമാനം വോട്ടും 352 അംഗങ്ങളുടെ പിന്തുണയോടെ ഇന്ദിര ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രി ആയി രണ്ടാം തവണയും സത്യപ്രതിജ്ഞ ചെയ്ത ദിവസം. ഭിന്നാഭിപ്രായങ്ങള്‍ ഉണ്ടെങ്കില്‍ പോലും ചരിത്രം വായിക്കുന്നവര്‍ക്ക് ഒരു കാര്യം വ്യക്തമാണ്. ഭരണഘടനയില്‍ പോലും കാതലായ മാറ്റങ്ങള്‍ വരുത്താന്‍ ഇന്ദിര ഗാന്ധി അക്കാലത്ത് തീരുമാനിച്ചിരുന്നു. ഗോലക്നാഥ് കേസിലും, ബാങ്ക് ദേശസാല്‍ക്കരണ കേസിലും, പ്രിവി പേഴ്സ് നിറുത്തലാക്കിയ കേസിലും സുപ്രീം കോടതിയില്‍ നിന്ന് ഏറ്റ തിരിച്ചടിക്ക് മറുപടി നല്കാന് ഇന്ദിര ഗാന്ധിക്ക് വ്യക്തമായ പദ്ധതികള്‍ ഉണ്ടായിരുന്നു.
കോടതിയെ വരുതിയില്‍ നിറുത്താന്‍ മൂന്ന് അംഗ സംഘത്തിന് ഇന്ദിര ഗാന്ധി രൂപം നല്‍കിയിരുന്നതായി സോളി സൊറാബ്ജിയും, അരവിന്ദ് ദത്താറും ചേര്‍ന്ന് എഴുതിയ ‘നാനി പല്‍ക്കിവാല ദി കോര്‍ട്ട്റൂം ജീനിയസ്’ എന്ന പുസ്തകത്തില്‍ വിശദീകരിച്ചിട്ടുണ്ട്. അക്കാലത്തെ നിയമമന്ത്രി എച്ച് ആര് ഗോഖലെ, കോണ്‍ഗ്രസ് നേതാക്കള്‍ ആയ മോഹന്‍കുമാരമംഗലം, സിദ്ധാര്‍ത്ഥ ശങ്കര്‍ റേ എന്നിവര്‍ ഉള്‍പ്പെടുന്നത് ആയിരുന്നു ആ മൂന്ന് അംഗ സംഘം. ജോര്‍ജ് ഗഡ്ബോയ്സ് എഴുതിയ ‘ജഡ്ജസ് ഓഫ് സുപ്രീം കോര്‍ട്ട് ഓഫ് ഇന്ത്യ 1950 – 89’ എന്ന പുസ്തകത്തില്‍ ഇന്ദിര ഗാന്ധി ജഡ്ജിമാരുടെ നിയമനത്തില്‍ ഇടപെട്ടതിനെ കുറിച്ച് വിശദീകരിക്കുന്നുണ്ട്. അക്കാലത്ത് നിയമിക്കപ്പെട്ട ജഡ്ജിമാരില്‍ രണ്ട് പേര് ഇന്ദിര ഗാന്ധിയുടെയും, രണ്ട് പേര് സിദ്ധാര്‍ത്ഥ ശങ്കര്‍ റേയുടെയും, രണ്ട് പേര് നിയമമന്ത്രി എച്ച് ആര് ഗോഖലയുടെയും, ഒരാള്‍ മോഹന്‍ കുമാരമംഗലത്തിന്റെയും നോമിനികള്‍ ആയിരുന്നു എന്നാണ് ജസ്റ്റിസ് ജഗന്മോഹന് റെഡ്ഡി എഴുതിയ ‘വി ദി റിപ്പബ്ലിക്’ എന്ന പുസ്തകത്തെ ഉദ്ദരിച്ച് ജോര്‍ജ് ഗഡ്ബോയ്സ് എഴുതിയത്. ചീഫ് ജസ്റ്റിസ് ആയിരുന്നു എസ് കെ സിക്രിയുടെ നോമിനി ആയി അക്കാലത്ത് സുപ്രീം കോടതിയില്‍ എത്തിയത് ജസ്റ്റിസ് കെ ആര് ഖന്ന മാത്രം ആയിരുന്നു.
അതിരമ്പുഴ കുറ്റിയില്‍ കുടുംബ അംഗം കെ കെ മാത്യു സുപ്രീം കോടതി ജഡ്ജി ആയി ചുമതല ഏല്‍ക്കുന്നത് 1971 ഒക്ടോബര്‍ 4 ആണ്. അതായത് രണ്ടാം ഇന്ദിര ഗാന്ധി സര്‍ക്കാര്‍ അധികാരം ഏറ്റെടുത്ത് ആറര മാസത്തിന് ഉള്ളില്‍ കേരള ഹൈകോടതി ജഡ്ജി ആയിരുന്ന കെ കെ മാത്യുവിനെ സുപ്രീം കോടതിയിലേക്ക് ഉയര്‍ത്താന്‍ നടപടി ഉണ്ടായി. മോഹന്‍ കുമാരമംഗലത്തിന്റെ നോമിനി ആയാണ് കെ കെ മാത്യു സുപ്രീം കോടതിയില്‍ എത്തിയത് എന്ന് ജോര്‍ജ് ഗഡ്ബോയ്സ് എഴുതിയിട്ടുണ്ട്. സുപ്രീം കോടതിയില്‍ എത്തുന്നതിന് മുമ്പ് ജസ്റ്റിസ് കെ കെ മാത്യു എട്ട് മാസം കേരള ഹൈകോടതിയില്‍ ജഡ്ജി ആയിരുന്നു. ഇന്ദിര ഗാന്ധിയും ചീഫ് ജസ്റ്റിസ് സിക്രിയും തമ്മില്‍ ഉള്ള ബന്ധം വഷളാക്കുന്നതിനിടയില്‍ ആണ് ജസ്റ്റിസ് കെ കെ മാത്യു സുപ്രീം കോടതി ജഡ്ജി ആയി ചുമതലഏല്ക്കുന്നത്.
ജസ്റ്റിസ് കെ കെ മാത്യു സുപ്രീം കോടതിയില്‍ എത്തുന്നതിനും മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് 1971 ജൂലൈ 22 ന് 24, 25 ഭരണഘടന ഭേദഗതി ബില്ലുകള്‍ ഇന്ദിര ഗാന്ധി സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ഭരണഘടന പൗരന് ഉറപ്പ് നല്കുന്ന മൗലിക അവകാശങ്ങള്‍ ഭേദഗതി ചെയ്യാന്‍ പാര്‍ലമെന്റിന് അധികാരം ഇല്ലെന്ന ഗോലക്നാഥ് കേസിലെ വിധി മറികടക്കുന്നത് ആയിരുന്നു 24 ആം ഭരണഘടന ഭേദഗതി. ഇന്ത്യയുടെ നീതി ന്യായ ചരിത്രത്തില്‍ നാഴികകല്ല് എന്ന് വിശേഷിപ്പിക്കാവുന്ന കേശവാനന്ദ ഭാരതി കേസിലെ സുപ്രീം കോടതി നടപടികള്‍ക്ക് വിത്ത് പാകിയത് 24 ആം ഭരണഘടനാ ഭേദഗതി ആയിരുന്നു.
15 ജഡ്ജിമാര്‍ ആയിരുന്നു അക്കാലത്ത് സുപ്രീം കോടതിയില്‍ ഉണ്ടായിരുന്നത്. ഇതില്‍ ജസ്റ്റിസ് അളഗിരിസാമിയും, ജസ്റ്റിസ് ഇന്ദര്‍ ദേവ് ദുവയും ഒഴികെ ഉള്ള 13 ജഡ്ജിമാര്‍ അടങ്ങുന്ന ഭരണഘടന ബെഞ്ച് ആണ് കേശവാനന്ദ ഭാരതി കേസില്‍ വാദം കേട്ടത്. 68 ദിവസം നീണ്ടു നിന്ന മാരത്തോണ്‍ വാദം ആയിരുന്നു കേശവാനന്ദ ഭാരതി കേസില്‍ സുപ്രീം കോടതിയില്‍ നടന്നത്. അത്യന്തം നാടകീയം ആയ പല സംഭവങ്ങള്‍ക്കും കേസിന്റെ വാദം കേള്‍ക്കുന്നതിനിടയില്‍ സുപ്രീം കോടതിയില്‍ അരങ്ങേറി. അതേ കുറിച്ച് കേരളത്തിന് വേണ്ടി ഹാജര്‍ ആയിരുന്ന സീനിയര്‍ അഭിഭാഷകന് എച്ച് എം സീര്‍വായിയുടെ ജൂനിയര്‍ ആയ ടി ആര് അന്ത്യാര്‍ജ്ജുന ‘ദി കേശവാനന്ദ ഭാരതി കേസ് – ദി അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് സ്ട്രഗിള്‍ ഫോര്‍ സുപ്രമേസി ബൈ സുപ്രീം കോര്‍ട്ട് ആന്‍ഡ് പാര്‍ലമെന്റ്’ എന്ന പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്.
കേശവാനന്ദ ഭാരതി കേസിലെ അണിയറ നാടകങ്ങള്‍ മനസിലാകാന്‍ ടി ആര് അന്ത്യാര്‍ജ്ജുന എഴുതിയ പുസ്തകത്തെ പോലെ തന്നെ ഭരണഘടന ബെഞ്ചിലെ അംഗം ആയിരുന്ന ജസ്റ്റിസ് ജഗന് മോഹന്‍ റെഡ്ഡി എഴുതിയ ‘ദി ജുഡീഷ്യറി ഐ സെര്വേഡ്’ എന്ന പുസ്തകവും സഹായകരം ആണ്. കേശവാനന്ദ ഭാരതി കേസിലെ വാദം 68 ദിവസം നീണ്ടു നിന്നു എങ്കിലും ആദ്യ ദിവസം തന്നെ എല്ലാ ജഡ്ജിമാരും വ്യക്തമായ രാഷ്ട്രീയ നിലപാടും ആയാണ് കോടതിയില്‍ എത്തിയത് എന്ന് ജസ്റ്റിസ് ജഗന്മോഹന് റെഡ്ഡി തന്റെ ആത്മകഥയില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. വാദം കേള്‍ക്കലിന്റെ അവസാന ദിവസങ്ങളില്‍ ഒരു ഞാറാഴ്ച ചീഫ് ജസ്റ്റിസ് സിക്രിയുടെ വീട്ടില്‍ ജസ്റ്റിസ് മാരായ ഷെലാത്ത്, ഹെഡ്ഡെ, ഗ്രോവര്‍, ഖന്ന, മുഖര്ജീ, ചന്ദ്രചൂഡ് എന്നിവര്‍ ഒത്ത് കൂടിയതായും, ഈ അനൗപചാരിക യോഗത്തിലേക്ക് തന്നെ വിളിച്ചതായും ജസ്റ്റിസ് ജഗന്മോഹന് റെഡ്ഡി വെളുപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇന്ദിര ഗാന്ധിയുടെ വിശ്വസ്തര്‍ ആയ ജസ്റ്റിസ് എ എന്‍ റേ. കെ കെ മാത്യു, ഡി ജി പലേക്കര്‍, എം എച്ച് ബേഗ്, എസ് എന്‍ ദിവേദി എന്നിവരെ ജസ്റ്റിസ് സിക്രി അടിപിച്ചിരുന്നില്ല എന്നും റെഡ്ഡി അവകാശപ്പെട്ടിട്ടുണ്ട്. ഇന്നത്തതിനെ കാളും ഭിന്നത ജഡ്ജിമാര്‍ക്ക് ഇടയില്‍ അക്കാലത്ത് ഉണ്ടായിരുന്ന എന്ന ചരിത്ര സത്യം വിസ്മരിക്കാന്‍ കഴിയില്ല.
കേശവാനന്ദ ഭാരതി കേസ് കേട്ടിരുന്ന 13 അംഗ ബെഞ്ചില്‍ ചീഫ് ജസ്റ്റിസ് എസ് എം സിക്രിക്ക് ഉണ്ടായിരുന്ന നേരിയ ഭൂരിപക്ഷത്തെ കുറിച്ച് ഇന്ദിര ഗാന്ധിക്ക് വ്യക്തമായ ധാരണ ഉണ്ടായിരുന്നു. ഒരു ഘട്ടത്തില്‍ കേസ് കേള്‍ക്കുന്നത് വൈകിപ്പിക്കുന്നതിന് ഉള്ള ശ്രമം പോലും ഇന്ദിര ഗാന്ധിയുടെ ഭാഗത്ത് നിന്ന് ഉണ്ടായി. ബെഞ്ചില്‍ അംഗം ആയിരുന്ന ജസ്റ്റിസ് ബേഗ് 1973 ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ ആയി അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചു. ഇതേ തുടര്‍ന്ന് ഭരണഘടന ബെഞ്ച് ഇരിക്കുന്നത് നീട്ടിവയ്ക്കണം എന്ന ആവശ്യം കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായി. എന്നാല്‍ ചീഫ് ജസ്റ്റിസ് എസ് എം സിക്രി അതിന് തയ്യാര്‍ ആയില്ല. ഒടുവില്‍ കേസില്‍ അഭിഭാഷകര്‍ എല്ലാം തങ്ങളുടെ വാദം ബേഗ് ന് എഴുതി നല്‍കുക ആണ് ഉണ്ടായത്.
ചീഫ് ജസ്റ്റിസ് എസ് എം സിക്രി വിരമിക്കുന്നതിന് തൊട്ട് തലേ ദിവസം അതായത് 1973 ഏപ്രില്‍ 24 ന് കേശവാനന്ദ ഭാരതി കേസിലെ 13 അംഗ ബെഞ്ചിന്റെ വിധി പ്രസ്താവിച്ചു. 703 പേജ് വിധിയില്‍ ചീഫ് ജസ്റ്റിസ് എസ് എം സിക്രിയും മറ്റ് ആറു ജഡ്ജിമാരും ഒരേ നിലപാട് സ്വീകരിച്ചു. ജസ്റ്റിസ് റേയും, മാത്യു അടക്കം മറ്റ് ആറു ജഡ്ജിമാര്‍ ഭൂരിപക്ഷ വിധിയോട് യോജിച്ചില്ല. ഫോട്ടോ ഫിനിഷ് എന്ന് പറയാവുന്ന വിധി 7 : 6 അനുപാതത്തില്‍ ഇന്ദിര ഗാന്ധി സര്‍ക്കാരിന് എതിരായി. കേന്ദ്ര സര്‍ക്കാരിന് എതിരായ നിലപാട് ആണ് അന്ന് സീനിയോറിറ്റിയില്‍ ഒന്ന് മുതല്‍ നാല് വരെ സ്ഥാനങ്ങളില്‍ ഉണ്ടായിരുന്ന ചീഫ് ജസ്റ്റിസ് എസ് എം സിക്രി, ജസ്റ്റിസ് മാരായ ജെ എം ഷെലാത്ത്, കെ എസ് ഹെഡ്ഡെ, എ എന്‍ ഗ്രോവര്‍ എന്നിവര്‍ സ്വീകരിച്ചിരുന്നത്. ഈ നിലപാട് സ്വീകരിച്ചതിന് ഇന്ദിര ഗാന്ധി ഇവര്‍ക്ക് മാപ്പ് നല്കാന് തയ്യാര്‍ ആയിരുന്നില്ല.
1973 ഏപ്രില്‍ 25. ഓള് ഇന്ത്യ റേഡിയോയുടെ ഉച്ചക്ക് ഉള്ള ബുള്ളറ്റിനില്‍ ആ വാര്‍ത്ത ബ്രേക്ക് ചെയ്തു. സുപ്രീം കോടതിയിലെ അടുത്ത ചീഫ് ജസ്റ്റിസ് ആയി ഇന്ദിര ഗാന്ധി സര്‍ക്കാര്‍ ജസ്റ്റിസ് എ എന്‍ റേ യെ നിയമിച്ചു. സീനിയോറിറ്റിയില്‍ മൂന്ന് ജഡ്ജിമാരെ മറികടന്നാണ് ജസ്റ്റിസ് എ എന്‍ റേ യെ ഇന്ദിര ഗാന്ധി സര്‍ക്കാര്‍ ചീഫ് ജസ്റ്റിസ് ആയി നിയമിച്ചത്. റേ യെ കാളും ഇന്ദിര ഗാന്ധിക്ക് താത്പര്യം അതിരമ്പുഴ കുറ്റിയില്‍ കുടുംബാംഗം ജസ്റ്റിസ് കെ കെ മാത്യുവിനെ ചീഫ് ജസ്റ്റിസ് ആക്കുന്നത് ആയിരുന്നു എന്നും എന്നാല്‍ സീനിയോറിറ്റിയില്‍ വളരെ ജൂനിയര്‍ ആയ തനിക്ക് ചീഫ് ജസ്റ്റിസ് ആകേണ്ടത് ഇല്ലെന്ന് കെ കെ മാത്യു ഇന്ദിര ഗാന്ധിയെ അറിയിച്ചതായും ചിലര്‍ എഴുതിയത് വായിച്ചിട്ടുണ്ട്. ഏതായാലും ജസ്റ്റിസ് കെ കെ മാത്യുവിന് ഇന്ദിര ഗാന്ധി അങ്ങനെ ഒരു സ്ഥാനം വാഗ്ദാനം നല്കിയിട്ടുണ്ടെങ്കില്, അത് ഏറ്റെടുക്കാതിരുന്നത് നന്നായി. കാരണം ഇന്ത്യന്‍ ജനാധിപത്യത്തിലെ ആ കറുത്ത എടിന് ഒപ്പം അതിരമ്പുഴ കുറ്റിയില്‍ കുടുംബത്തിന്റെ പേരും ചരിത്രത്തില്‍ രേഖപെടുത്തിയേനെ.
ഏപ്രില്‍ 25 ന് വൈകിട്ട് സുപ്രീം കോടതിയില്‍ സ്ഥാനം ഒഴിയുന്ന ചീഫ് ജസ്റ്റിസ് എ എസ് സിക്രിക്ക് ആയി ഒരുക്കിയ അത്താഴ വിരുന്നില്‍ പങ്കെടുക്കാന്‍ എത്തിയ ജസ്റ്റിസ് എ എന്‍ റേ യോട് ജസ്റ്റിസ് സിക്രി പൊട്ടിതെറിച്ചു. ‘സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയി ചുമതല ഏല്ക്കാന് തീരുമാനിച്ച നിമിഷത്തെ കുറിച്ച് ഓര്‍ത്ത് നിങ്ങള്‍ ദുഃഖിക്കും’ എന്നായിരുന്നു ജസ്റ്റിസ് സിക്രിയുടെ പ്രതികരണം. ജസ്റ്റിസ് എ എന്‍ റേ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ആയതോടെ, സുപ്രീം കോടതിയില്‍ ഇന്ദിര ഗാന്ധിക്ക് പിടിമുറുക്കാന്‍ ആയി. പക്ഷേ ഇന്ദിര ഗാന്ധിയുടെ രാഷ്ട്രീയ ജീവിതത്തില്‍ നിര്‍ണ്ണായകം ആയ പല കേസുകളിലും സുപ്രീം കോടതിയില്‍ നിന്ന് തിരിച്ചടി നേരിട്ട് കൊണ്ടിരുന്നു. അതില്‍ ഒന്നാണ് കേശവാനന്ദ ഭാരതി കേസിലെ പുനഃപരിശോധന. ഇതും ആയി ബന്ധപ്പെട്ട് ജസ്റ്റിസ് കെ കെ മാത്യൂവിന് എതിരെ ഒരു ആരോപണവും പില്കാലത്ത് ഉയര്‍ന്നിരുന്നു.
2015 ജൂലൈ 8 ടി ആര് അന്ത്യാര്ര്ജ്ജുന ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രത്തില്‍ എഴുതിയ ‘വെന്‍ ദി ബെഞ്ച് ബക്കിള്‍ഡ്’ എന്ന ലേഖനത്തില്‍ ഗൗരവ്വം ഏറിയ ഒരു ആരോപണം ജസ്റ്റിസ് കെ കെ മാത്യൂവിന് എതിരെ ഉന്നയിച്ചിട്ടുണ്ട്. സത്യം എന്താണ് എന്ന് അറിയില്ല പക്ഷേ ഈ ആരോപണം പിന്നീട് ആരും നിഷേധിച്ച് കണ്ടിട്ടില്ല. തെരഞ്ഞെടുപ്പ് കേസില്‍ അലഹബാദ് ഹൈകോടതി വിധിക്ക് എതിരെ ഇന്ദിര ഗാന്ധി നല്കിയ അപ്പീലില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തി ആയതിന് ശേഷം 1975 ഒക്ടോബര്‍ 20 ന് ചീഫ് ജസ്റ്റിസ് എ എന്‍ റേ, കേശവാനന്ദ ഭാരതി കേസിലെ വിധി പുനഃപരിശോധിക്കാന്‍ 13 അംഗ ബെഞ്ച് രൂപീകരിച്ച് ഉത്തരവ് ഇറക്കി. ആരും പുനഃപരിശോധന ഹര്‍ജി നല്‍കാത്ത കേസില്‍ ആയിരുന്നു സ്വമേധയാ ചീഫ് ജസ്റ്റിസ് സിക്രി പുനഃപരിശോധന നടത്താന്‍ പതിമൂന്ന് അംഗ ബെഞ്ച് രൂപീകരിച്ചത്. കേശവാനന്ദ ഭാരതി കേസില്‍ വിധി പ്രസ്താവിച്ച 13 ജഡ്ജിമാരില്‍ 5 പേര് മാത്രം ആയിരുന്നു പുനഃപരിശോധന ഹര്‍ജി പരിഗണിച്ച ബെഞ്ചില്‍ ഉണ്ടായിരുന്നത്. ജസ്റ്റിസ് വി ആര് കൃഷ്ണ അയ്യര്‍ അടക്കം 8 ജഡ്ജിമാര്‍ പുതുമുഖങ്ങള്‍ ആയിരുന്നു. പക്ഷേ 13 അംഗ ബെഞ്ചില്‍ ഭൂരിപക്ഷവും കേന്ദ്ര സര്‍ക്കാരിന് അനുകൂലം ആയിരുന്നു.
പുനഃപരിശോധന ഹര്‍ജിയില്‍ ആദ്യ രണ്ട് ദിവസവും വാദിച്ചത് നാനി പല്‍ക്കിവാല. രണ്ടാം ദിവസത്തെ വാദം പൂര്‍ത്തി ആയതിന് ശേഷം, ജസ്റ്റിസ് വി ആര് കൃഷ്ണ അയ്യര്‍, ജസ്റ്റിസ് കെ കെ മാത്യുവിനോട് പല്‍ക്കിവാലയുടെ വാദം ശക്തമാണ് എന്ന് അഭിപ്രായപെട്ടതായി ടി ആര് അന്ത്യാര്‍ജ്ജുന ഇന്ത്യന്‍ എക്സ്പ്രസ്സ് ലേഖനത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ജസ്റ്റിസ് മാത്യു ഇക്കാര്യം ചീഫ് ജസ്റ്റിസ് റേയെ അറിയിച്ചതായും ലേഖനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസ് കൃഷ്ണഅയ്യര്‍ ഭരണഘടനാ ബെഞ്ചിലെ മറ്റ് അംഗങ്ങളെ ഒരുമിപ്പിച്ച് പുനഃപരിശോധന ഹര്‍ജി തള്ളാന്‍ ശ്രമിക്കുന്നത് ആയി ചീഫ് ജസ്റ്റിസ് എ എന്‍ റേ സംശയിച്ചിരുന്നു.
1975 നവംബര്‍ 12. കേശവാനന്ദ ഭാരതി കേസില്‍ പുനഃപരിശോധന ഹര്‍ജി വാദം കേള്‍ക്കുന്നതിന്റെ മൂന്നാം ദിവസം. ബെഞ്ച് ഇരുന്ന ഉടനെ തന്നെ ചീഫ് ജസ്റ്റിസ് എ എന്‍ റേ ഒരു പ്രഖ്യാപനം നടത്തി. ‘ഈ ബെഞ്ച് പിരിച്ച് വിടുന്നു’ ചീഫ് ജസ്റ്റിസ് എ എന്‍ റേ എന്ത് കൊണ്ട് ഇങ്ങനെ ഒരു നിലപാട് സ്വീകരിച്ചു എന്ന് ആ ബെഞ്ചില്‍ ഉണ്ടായിരുന്ന മറ്റ് 12 പേര്‍ക്കും അറിവ് ഉണ്ടായിരുന്നതായി കരുതുന്നില്ല എന്ന് ‘നാനി പല്‍ക്കിവാല ദി കോര്‍ട്ട്റൂം ജീനിയസ്’ എന്ന പുസ്തകത്തില്‍ സോളി സൊറാബ്ജിയും, അരവിന്ദ് ദത്താറും വിശദീകരിച്ചിട്ടുണ്ട്.
ചീഫ് ജസ്റ്റിസ് എ എന്‍ റേ സുപ്രീം കോടതിയില്‍ നിന്ന് വിരമിച്ച ശേഷം 99 വയസ്സ് വരെ കൊല്‍ക്കത്തയില്‍ ആയിരുന്നു ജീവിച്ചത്. ഒരിക്കല്‍ പോലും എന്ത് കൊണ്ടാണ് കേശവാനന്ദ കേസിലെ പുനഃപരിശോധനയ്ക്ക് ആയി ബെഞ്ച് രൂപീകരിച്ചത് എന്നും, എന്ത് കൊണ്ട് രണ്ട് ദിവസത്തിന് ശേഷം ആ ബെഞ്ച് പിരിച്ചു വിട്ടു എന്നും അദ്ദേഹം മരണം വരെ ഒരിടത്തും എഴുതുകയോ, പറയുകയോ ചെയ്തതായി കണ്ടിട്ടില്ല. ആ ദുരൂഹത അദ്ദേഹത്തോട് ഒപ്പം മണ്ണടിഞ്ഞു പോയി. അന്ത്യാര്ജുനയുടെ ഇന്ത്യന്‍ എക്സ്പ്രസ് ലേഖനം മാത്രം ഒരു അവകാശവാദം ആയെങ്കിലും ഇന്ന് അവശേഷിക്കുന്നത്. എ ഡി എം ജബല്‍പൂര്‍ കേസില്‍ ഭൂരിപക്ഷ വിധിയോട് വിയോജിപ്പ് രേഖപെടുത്തി പ്രത്യേക വിധി എഴുതിയ ജസ്റ്റിസ് എച്ച് ആര് ഖന്നയെ മറികടന്ന് ജസ്റ്റിസ് എം എച്ച് ബേഗിനെ ചീഫ് ജസ്റ്റിസ് ആക്കിയതും ഇന്ദിര ഗാന്ധിയുടെ തീരുമാനം ആയിരുന്നു.
1976 ജനുവരി രണ്ടിന് ആണ് ജസ്റ്റിസ് കെ കെ മാത്യു സുപ്രീം കോടതിയില്‍ നിന്ന് വിരമിക്കുന്നത്. നാല്പത് വര്‍ഷങ്ങള്‍ക്ക് ഇപ്പുറം അതിരമ്പുഴ കുറ്റിയില്‍ കുടുംബത്തിലെ മറ്റ് ഒരു അംഗം സുപ്രീം കോടതി ജഡ്ജി ആയി നിയമിക്കുന്നതിനെ ചൊല്ലി ആണ് കേന്ദ്ര സര്‍ക്കാരും ജുഡീഷ്യറിയും തമ്മില്‍ കൊമ്പ് കോര്‍ക്കുന്നത്. ചീഫ് ജസ്റ്റിസ് എ എന്‍ റേ യെ പോലെ, ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും സര്‍ക്കാരിനോട് ഏറെ വിധേയന് ആണ്. ജസ്റ്റിസ് കെ കെ മാത്യു പ്രധാനമന്ത്രി ആയിരുന്ന ഇന്ദിര ഗാന്ധിക്ക് പ്രീയപെട്ടവന്‍ ആയിരുന്നു എങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കണ്ണിലെ കരടാണ് ജസ്റ്റിസ് കെ എം ജോസഫ്. 70 കളില്‍ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവും പരമാധികാരവും പിച്ചി ചീന്താന്‍ നടന്ന ഇന്ദിര ഗാന്ധിയുടെ പിന്‍ഗാമികള്‍ ആണ് ഇന്ന് ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം സംരക്ഷിക്കാന്‍ ജസ്റ്റിസ് കെ എം ജോസഫിന് പിന്നില്‍ അണിനിരക്കുന്നത്.
ജസ്റ്റിസ് കെ എം ജോസഫിന്റെ നിയമനം സംബന്ധിച്ച വിവാദം ഇനി എങ്ങനെ പുരോഗമിക്കും എന്ന് ആര്‍ക്കും ഒരു എത്തും പിടിയും ഇല്ല. കൊളീജിയം വീണ്ടും ശുപാര്‍ശ സര്‍ക്കാരിന് തിരിച്ച് അയച്ചാല്‍ അത് സര്‍ക്കാരിന് അംഗീകരിക്കേണ്ടി വരും എന്ന് സുപ്രീം കോടതി വിധികളെ ഉദ്ദരിച്ച് ചിലര്‍ ചൂണ്ടിക്കാട്ടുന്നു. അത് അല്ല കൊളീജിയം ശുപാര്‍ശ കേന്ദ്ര സര്‍ക്കാരിന് കോടതിയില്‍ തന്നെ ചോദ്യം ചെയ്യാവുന്നത് ആണെന്ന് മറ്റ് ചിലര്‍. ജുഡിഷ്യറിയുടെയും, സുപ്രീം കോടതിയുടെയും പരമാധികാരത്തെ ശക്തിപ്പെടുത്തുന്ന തരത്തില്‍ ഈ വിവാദം അവസാനിക്കട്ടെ എന്ന് പ്രതീക്ഷിക്കുന്നു. രണ്ട് വരി കൂടി എഴുതി നിറുത്താം. ജസ്റ്റിസ് കെ എം ജോസഫിന്റെ നിയമനശുപാര്‍ശ പുനഃ പരിശോധിക്കണം എന്ന് ആവശ്യപ്പെട്ട് കേന്ദ്ര നിയമമന്ത്രി രവി ശങ്കര്‍ പ്രസാദ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് അയച്ച കത്തില്‍ കേരളത്തെ ഒരു കൊച്ച് സംസ്ഥാനം എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. രവിശങ്കര്‍ പ്രസാദിന്റെ വാദത്തോട് വിയോജിക്കുന്നില്ല. പക്ഷേ സുപ്രീം കോടതിയുടെ ചരിത്രത്തില്‍ ഈ കൊച്ച് സംസ്ഥാനത്തിന് ഉള്ള പങ്ക് ആര്‍ക്കും അവഗണിക്കാന്‍ ആകില്ല.
( ഡോ. ബാലഗോപാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് )
പ്രതികരിക്കാൻ ഇവിടെ എഴുതുക: