കൊച്ചി: രാജ്യത്തെ 204 പ്രത്യേക സാമ്പത്തിക മേഖലകള്‍ 2017-18 സാമ്പത്തിക വര്‍ഷം 18 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 2016-2017 സാമ്പത്തിക വര്‍ഷം 2,30,797 കോടിയായിരുന്ന ചരക്ക് -വ്യാപാര കയറ്റുമതി കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 2,73,487 കോടിയായി ഉയര്‍ന്നതായി കേന്ദ്ര വാണിജ്യ വകുപ്പിന് കീഴിലുള്ള എക്സ്പോര്‍ട്ട് പ്രമോഷന് കൗണ്‍സില്‍ ഓഫ് ഇന്ത്യ അറിയിച്ചു.
പശ്ചിമ ബംഗാളിലെ ഫാള്ട്ടയും കൊച്ചി പ്രത്യേക സാമ്പത്തിക മേഖലയുമാണ് ഏറ്റവുമധികം വളര്‍ച്ച രേഖപ്പെടുത്തിയത്. കൊച്ചി കയറ്റുമതിയില്‍ 111 ശതമാനം വളര്‍ച്ച കൈവരിച്ച് രണ്ടാം സ്ഥാനത്താണ്. ഫാള്‍ട്ട ് 112 ശതമാനം വളര്‍ച്ചയോടെ ഒന്നാം സ്ഥാനത്തെന്ന്് ഇപിസിഇഎസ് ചെയര്മാന് ഡോ.വിനയ് ശര്‍മ്മ പറഞ്ഞു.
പ്രത്യേക സാമ്പത്തിക മേഖലകളില്‍ നിന്നുള്ള സോഫ്റ്റ് വെയര്‍ കയറ്റുമതി 17 ശതമാനം വര്‍ദ്ധിച്ചു. 2,77,857 കോടിയുടെ സോഫ്റ്റ് വെയറാണ് കഴിഞ്ഞ വര്‍ഷം കയറ്റുമതി ചെയ്തത്. കണ്ട്ല സോണ്‍ സോഫ്റ്റ് വെയര്‍ കയറ്റുമതിയില്‍ 75 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തി. എന്നാല്‍ മൂല്യത്തില്‍ ഇന്‍ഡോറും ഫാള്ട്ടയുമാണ് മുന്നില്‍.
വ്യാപാരസാധനങ്ങളും സോഫ്റ്റ് വെയറും ചേര്‍ന്നുള്ള കയറ്റുമതി 5,51,344 കോടിയുടേതാണ്.
പാരമ്പര്യേതര ഊര്‍ജ്ജ ഉപകരണങ്ങളുടെ കയറ്റുമതിയില്‍ 113 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ രാജ്യത്തിന് വിദേശ നാണ്യം ലഭ്യമാക്കാനുള്ള പുതിയ വരുമാനമാര്‍ഗ്ഗമായി ഇത് മാറി.
ഇന്ത്യയിലെ പ്രത്യേക സാമ്പത്തികമേഖലകള്‍ക്ക് ചൈന ഭീഷണിയാണെങ്കിലും ഇന്ത്യയിലെ എസ്ഇസെഡുകളില് നിന്നും ചൈനയിലേക്കുള്ള കയറ്റുമതിയില്‍ 84 ശതമാനം വര്‍ദ്ധനവുണ്ടായത് നേട്ടമായി വിലയിരുത്തപ്പെടുന്നു. രണ്ട് വര്‍ഷത്തിനുള്ളില്‍ പ്രത്യേക സാമ്പത്തിക മേഖലകളില്‍ വ്യവസായം ആരംഭിച്ചവര്‍ 17,355 കോടിയുടെ കയറ്റുമതിയാണ് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: