ഒടുവില്‍ ബിജെപി-മോദി വിരോധികളുടെ മുഖംമൂടി പരമോന്നത നീതിപീഠം തന്നെ വലിച്ചുകീറിയിരിക്കുന്നു. സൊറാബുദ്ദീന്‍ ഏറ്റുമുട്ടല്‍ കൊലക്കേസില്‍ വാദം കേട്ടിരുന്ന ജഡ്ജി ബി.എസ്. ലോയയുടെ മരണം പുനരന്വേഷിക്കണമെന്ന ആവശ്യം തള്ളിയ സുപ്രീംകോടതി, ഹര്‍ജിക്കാരെ അതിനിശിതമായി വിമര്‍ശിക്കുകയും ചെയ്തു.
ലോയയുടേത് സ്വാഭാവിക മരണമാണെന്നതില്‍ സംശയമില്ലെന്നും, ലോയയ്ക്കൊപ്പം നാഗ്പൂരിലേക്ക് പോയി ഒപ്പം താമസിച്ച നാല് ജഡ്ജിമാരുടെ മൊഴികള്‍ അവിശ്വസിക്കേണ്ടതില്ലെന്നുമാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കിയിരിക്കുന്നത്. സഹപ്രവര്‍ത്തകന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മുംബൈയില്‍ നിന്ന് നാഗ്പൂരില്‍ എത്തിയ ലോയ 2014 ഡിസംബര്‍ ഒന്നിന് മരണമടഞ്ഞത് ഹൃദയാഘാതം മൂലമാണെന്ന് ശ്രീകാന്ത് കുല്‍ക്കര്‍ണി, ശ്രീരാം മോദക്, ആര്.റാഠി, വിജയകുമാര്‍ ബര്‍ദെ എന്നീ ജഡ്ജിമാര്‍ മൊഴി നല്‍കിയിരുന്നു.
ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായതാണ് സൊറാബുദ്ദീന്‍ കേസിന്റെ വാദംകേട്ട ലോയയുടെ മരണം വിവാദമാക്കാന്‍ സ്ഥാപിതശക്തികളെ പ്രേരിപ്പിച്ചത്. കോടതി ഷായെ കുറ്റവിമുക്തനാക്കിയിരുന്നു. ലോയ മരിച്ച് മൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍ ‘കാരവന്’ മാസിക പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടാണ് വിവാദത്തിന്റെ തുടക്കം. ലോയയുടെ മരണം സ്വാഭാവികമല്ലെന്നും, അതിനുപിന്നില്‍ ദുരൂഹതയുണ്ടെന്നുമുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഹര്‍ജികള്‍.
മുഖ്യമായും രണ്ട് പൊരുത്തക്കേടുകളാണ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട് ‘കാരവന്’ നല്കിയ റിപ്പോര്‍ട്ടിലുണ്ടായിരുന്നത്. വിവാഹസല്‍ക്കാരത്തിനിടെ കുഴഞ്ഞുവീണ ലോയയെ ആശുപത്രിയിലെത്തിച്ചത് ഓട്ടോറിക്ഷയിലായിരുന്നുവെന്നാണ് ഇതിലൊന്ന്. ഇസിജി എടുത്തിരുന്നില്ല എന്നതാണ് മറ്റൊന്ന്. ഇത് രണ്ടും വെറും നുണകളാണെന്ന് വിധിന്യായം ചൂണ്ടിക്കാട്ടുന്നു. ഒരു പ്രാദേശിക ജഡ്ജിയുടെ കാറിലാണ് ലോയയെ ആശുപത്രിയിലെത്തിച്ചത്. ആദ്യം പ്രവേശിപ്പിച്ച ആശുപത്രിയില്‍ ഇസിജി എടുത്തെന്നു മാത്രമല്ല, പിന്നീട് പ്രവേശിപ്പിച്ച ആശുപത്രിയിലേക്ക് അത് റഫര്‍ ചെയ്യുകയുമുണ്ടായി.
ജഡ്ജി ലോയയുടെ മരണത്തില്‍ തങ്ങള്‍ക്ക് സംശയമൊന്നുമില്ലെന്ന് അദ്ദേഹത്തിന്റെ മകനും കുടുംബാംഗങ്ങളും വിവാദത്തിന്റെ തുടക്കത്തില്‍ത്തന്നെ വ്യക്തമാക്കിയിരുന്നു. ഇത് മുഖവിലയ്ക്കെടുക്കാതെ വിവാദം സജീവമാക്കി നിര്‍ത്തി നരേന്ദ്രമോദി സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനാണ് ഹര്‍ജിക്കാര്‍ ശ്രമിച്ചത്. പരമോന്നത നീതിപീഠത്തെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനും കോണ്‍ഗ്രസ്സ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിച്ചു. ഇക്കൂട്ടരുടെ ദുഷ്ടലാക്ക് കോടതി പൂര്‍ണമായും തുറന്നുകാട്ടിയിരിക്കുകയാണ്.
രാഷ്ട്രീയവൈരം തീര്‍ക്കാന്‍ കോടതിയെ ഉപയോഗിച്ച ഹര്‍ജിക്കാര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി എടുക്കേണ്ടതാണെന്ന് കുറ്റപ്പെടുത്തുന്ന വിധി, പാവപ്പെട്ടവന് നീതി നല്‍കാനുള്ള കോടതിയുടെ വിലപ്പെട്ട സമയമാണ് രാഷ്ട്രീയ പകപോക്കല്‍ ലക്ഷ്യംവച്ചുള്ള ഇത്തരം പൊതുതാല്‍പ്പര്യ ഹര്‍ജിക്കാര്‍ പാഴാക്കുന്നതെന്നും വിമര്‍ശിച്ചു. ലോയയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിക്കുന്ന എല്ലാ നിയമനടപടികളും ഈ വിധിയോടെ അവസാനിച്ചിരിക്കുകയാണെന്നും കോടതി പ്രഖ്യാപിച്ചിട്ടുണ്ട്. രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ ഭരണഘടനാ സ്ഥാപനങ്ങളുടെ പവിത്രത നശിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പുകൂടിയാണ് ഈ വിധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: