ചൂതുകളിയാണ് ഇന്നു കേരളത്തില്‍. മനുഷ്യന്റെ ആരോഗ്യം വച്ചുള്ള ചൂതുകളി. പകിടയുരുട്ടാന്‍ ഒരു വശത്തു സര്‍ക്കാരും ആരോഗ്യ മന്ത്രി കെ.കെ. ശൈലജയും. മറുവശത്തു സര്‍ക്കാര്‍ ഡോക്ടര്‍മാര്‍. പൊതുജനം ഇവിടെ പണയ വസ്തു മാത്രം. വയനാട്ടില്‍ ചികില്‍സ കിട്ടാതെ മരിച്ച ഒരു വനവാസി ആദ്യ രക്തസാക്ഷിയായിക്കഴിഞ്ഞു. പകര്‍ച്ച വ്യാധികളും പകര്‍ച്ചപ്പനിയും വിതറിയ ദുരിതത്തിന്റെ ഓര്മ മങ്ങും മുന്‍പാണ് ഉത്തരവാദിത്തം മറന്ന് വാശിയോടെ ഇരുപക്ഷവും പോരടിക്കുന്നത്.
സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ പണിമുടക്ക് തുടങ്ങിയിട്ടു ദിവസം നാലായി. ഇരുപക്ഷത്തും അയവില്ല. സമരം നിര്‍ത്തി ഡ്യൂട്ടിക്ക് എത്തിയാല്‍ മാത്രം ചര്‍ച്ചയാവാമെന്നു സര്‍ക്കാര്‍. ആവശ്യങ്ങള്‍ക്കു പരിഹാരമായാല്‍ സമരം നിര്‍ത്താമെന്നു ഡോക്ടര്‍മാര്‍. ഇരുഭാഗവും സംസാരിക്കുന്നതു രോഗികളുടെ പക്ഷത്തു നിന്നു തന്നെയാണുതാനും. സമരം ധൃതിപിടിച്ചുള്ള പരിഷ്കാരത്തിനെതിരെയാണെന്നും ഈ നിലയിലായാല്‍ രോഗികളെ പരിചരിക്കാന്‍ സമയം വേണ്ടത്ര കിട്ടാതെ വരുമെന്നും ഡോക്ടര്‍മാര്‍ പറയുമ്പോള്‍ പുതിയ സംവിധാനം ജനനന്മയ്ക്കാണെന്നും ഡോക്ടര്‍മാര്‍ക്കു പണിയെടുക്കാന്‍ മടിയായതാണു സമരത്തിനു കാരണമെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു. ഇതിനിടയില്‍ നിസ്സഹാരായ രോഗികള്‍ അനുഭവിക്കുന്ന ദുരിതം ഏതുകണക്കില്‍ പെടുത്തും?
പ്രാഥമികാരോഗ്യ കേന്ദങ്ങളെ കുടുംബാരോഗ്യ കേന്ദങ്ങളാക്കുന്ന ആര്‍ദ്രം പദ്ധതിയുടെ വരവോടെയാണു പ്രശ്നങ്ങളുടെ തുടക്കം. ആവശ്യത്തിനു ഡോക്ടര്‍മാരെ നിയമിക്കാതെയാണു പദ്ധതി തുടങ്ങിയതെന്നു ഡോക്ടര്‍മാര്‍ ആരോപിച്ചു. ഓരോ കേന്ദ്രത്തിലുമുള്ള മൂന്നു ഡോക്ടര്‍മാര്‍ക്കു നാലര മണിക്കൂറാണ് ഒപി സമയം. രാവിലെ ഒന്‍പതു മുതല്‍ 1.30 വരെയും 1.30 മുതല്‍ ആറു വരെയും. സഹായത്തിനു ഫാര്‍മസിസ്റ്റും സ്റ്റാഫ് നഴ്സുമാരും ഉണ്ടാവും. ഈ നാലര മണിക്കൂര്‍ ഒപി ജോലി ചെയ്യാന്‍ ഡോക്ടര്‍മാര്‍ തയ്യാറാകാത്തതാണു പ്രശ്നമെന്നാണു സര്‍ക്കാരിന്റെ വിശദീകരണം. എന്നാല്‍ ഒപി സമയത്തെ കുറിച്ചല്ല പരാതിയെന്നാണു ഡോക്ടര്‍മാരുടെ വിശദീകരണം. അഞ്ചു ഡോക്ടര്‍മാരെങ്കിലും ഉണ്ടെങ്കിലേ സര്‍ക്കാര്‍ നിര്‍ദേശിക്കും പോലെ ഡ്യൂട്ടി ചെയ്യാന്‍ കഴിയൂ എന്നാണ് അവരുടെ നിലപാട്. ഫീല്‍ഡ് ഡ്യൂട്ടിയുടെ ചുമതലകൂടി ഡോക്ടര്‍ക്കാണ്. പ്രതിരോധ കുത്തിവയ്പ്പു പോലുള്ള കാര്യങ്ങളില്‍ വീഴ്ചവരുന്നതു വലിയ ദുരന്തത്തിനു കാരണമാകുമെന്നും അവര്‍ പറയുന്നു. ഫാര്‍മസിസ്റ്റിനും ശുചീകരണ ജോലിക്കാര്‍ക്കും ജോലി സമയം നാലു മണിവരെയാണെന്നിരിക്കെ ഇവരുടെ സഹായമില്ലാതെ ഡോക്ടര്‍മാര്‍ എങ്ങനെ ആറുവരെ ജോലിചെയ്യും എന്നും അവര്‍ ചോദിക്കുന്നു.
വേണ്ടത്ര സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കാതെയാണു പദ്ധതി തുടങ്ങിയതെന്നാണ് കേരള ഗവണ്മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസ്സോസിയേഷന്റെ(കെജിഎംഒഎ) പരാതി. എന്നാല്‍, പദ്ധതി വഴി ഡോക്ടര്‍മാരുടെ ജോലി ഭാരം കുറയുകയേയുള്ളു എന്നു സര്‍ക്കാര്‍ വിശദീകരിക്കുന്നു. ഒരു ഡോക്ടര്‍ മാത്രമുണ്ടായിരുന്നിടത്താണു മൂന്നു ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കിയതെന്നാണു വിശദീകരണം. സഹായത്തിനു നാലു സ്റ്റാഫ് നഴ്സുമാരും ഫാര്‍മസിസ്റ്റും ലാബ് ടെക്നീഷ്യനുമുണ്ട്. ചികില്‍സ, പ്രതിരോധ കുത്തിവയ്പ്, ഫീല്‍ഡ് ഡ്യൂട്ടി എന്നിവ ഒരു ഡോക്ടര്‍ തന്നെ ചെയ്തിരുന്ന സ്ഥാനത്താണ് ഇതെന്നു ആരോഗ്യ മന്ത്രി കെ. കെ ശൈലജ പറഞ്ഞു. സംസ്ഥാനത്തെ 170 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളാണു കുടുംബാരോഗ്യ കേന്ദ്രങ്ങളായി പ്രഖ്യാപിച്ചത്. ഇതില്‍ 62 എണ്ണം പ്രവര്‍ത്തനം തുടങ്ങി. പാലക്കാട് ജില്ലയിലെ കുമരംപുത്തൂരിലെ കുടുംബാരോഗ്യ കേന്ദ്രത്തിലെ ഒരു ഡോക്ടര്‍ക്കെതിരെ നടപടിയെടുത്തതാണു വ്യാഴാഴ്ച രാത്രി സമരം തുടങ്ങാന്‍ പെട്ടെന്നു കാരണമായത്. ഈ ഡോക്ടര്‍ സര്‍ക്കാരിന്റെ പദ്ധതി തകര്‍ക്കാനുള്ള പ്രവര്‍ത്തി നടത്തിയതിനാലാണു നടപടി വേണ്ടിവന്നതെന്നാണ് ശൈലജയുടെ വിശദീകരണം. കെജിഎംഒഎ ഭാരവാഹികളെ സ്ഥലംമാറ്റിയെന്ന ആരോപണം ശരിയല്ലെന്നും മന്ത്രി പറഞ്ഞു. കെജിഎംഒഎ പ്രസിഡന്റ് ഡോ. എ. റൗഫിനേയും ജനറല്‍ സെക്രട്ടറി ഡോ. വി. ജിതേഷിനേയും സ്ഥലംമാറ്റിയെന്നു വാര്‍ത്ത പരന്നിരുന്നു.
നോട്ടീസ് നല്‍കിയല്ല സമരം തുടങ്ങിയതെന്നും സമരം തുടര്‍ന്നാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പു നല്കുമ്പോള് സമരം ശക്തമാക്കുമെന്ന നിലപാടിലാണു ഡോക്ടര്‍മാര്‍. നടപടിയുണ്ടായാല്‍ കൂട്ടരാജിയുണ്ടാകുമെന്നും നാളെ മുതല്‍ കിടത്തി ചികില്‍സയും ഒഴിവാക്കുമെന്നും മുന്നറിയിപ്പുണ്ട്. സമവായത്തിന് ഐഎംഎയും രംഗത്തിറങ്ങിയിട്ടുണ്ട്. പ്രൊബേഷനിലുള്ള ഡോക്ടര്‍മാര്‍ സമരത്തില്‍ പങ്കെടുത്താല്‍ പിരിച്ചുവിടുമെന്നു മാന്ത്രി ശൈലജ പറഞ്ഞു. ഇവര്‍ ഏതാണ്ടു പകുതിയോളം വരും. 4345 സര്‍ക്കാര്‍ ഡോക്ടര്‍മാരില്‍ 2000 പേര് പ്രൊബേഷന്‍ പൂര്‍ത്തിയാക്കാത്തവരാണ്. ഇത്രയും ഡോക്ടര്‍മാരുടെ അഭാവം സംസ്ഥാനത്തെ ചികില്‍സാ സംവിധാനത്തെ കാര്യമായി ബാധിക്കുമെന്നു തീര്‍ച്ച. ഇന്നലെയും ആയിരക്കണക്കിനു രോഗികള്‍ ചികില്‍സ കിട്ടാതെ വലഞ്ഞു. ഗ്രാമീണ മേഖലയെയാണു സമരം കാര്യമായി ബാധിച്ചത്. പ്രാഥമികാരോഗ്യ മേഖലയും കമ്യൂണിറ്റി മെഡിസിന് മേഖലയും മിക്കവാറും പൂര്‍ണമായി നിലച്ചു. ജനറല്‍ ആശുപത്രികളില്‍ ചില ഡോക്ടര്‍മാര്‍ ഒപ്പിടാതെ ഹാജരായി പ്രവര്‍ത്തിക്കുന്നതിനാല്‍ നഗര മേഖലകളില്‍ കാര്യങ്ങള്‍ താരതമ്യേന ഭേദമാണെന്നു മാത്രം. ഈ ചൂതുകളി ഇനി എത്രനാള്‍ നീളും. അതിനിനി എത്രപേരുടെ ദുരിതത്തിന്റെ പണയം വേണ്ടിവരുമോ ആവോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: