പതിനാറു വര്‍ഷത്തിനു ശേഷമാണ് എ.ആര്. റഹ്മാനെത്തേടി ദേശീയ ചലച്ചിത്ര പുരസ്കാരമെത്തുന്നത്. ഇത്തവണ ഇരട്ടിമധുരമാണത്, മികച്ച പശ്ചാത്തലത്തിനും മികച്ച ഈണത്തിനും. ശ്രീദേവിയെ മികച്ച നടിയാക്കിയ മോം എന്ന ചിത്രത്തിലൂടെയാണ് മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം റഹ്മാന് സ്വന്തമാക്കിയത്.
മികച്ച ഈണത്തിനുള്ള അവാര്‍ഡ് നേടിയത് മണിരത്നം സംവിധാനം ചെയ്ത കാട്രുവെളിയിടൈ എന്ന ചിത്രത്തിലൂടെ ആണെന്നത് മറ്റൊരു സവിശേഷത. ഇരുപത്താറു വര്‍ഷം മുമ്പ്, 1992ല്‍ മണിരത്നത്തിന്റെ റോജയിലൂടെ, ആദ്യ ചിത്രത്തില്‍ ത്തന്നെ ദേശീയ പുരസ്കാരം നേടി റഹ്മാന്. പിന്നീട് റഹ്മാന് മാജിക് എന്നു വിളിക്കാവുന്ന സംഗീതലോകത്ത് ഓസ്കര് അടക്കമുള്ള നക്ഷത്രത്തിളക്കങ്ങള്‍. 1996, 2001, 2002 എന്നീ വര്‍ഷങ്ങളിലും റഹ്മാന് ദേശീയ പുരസ്കാരം നേടി.
റഹ്മാന്-മണിരത്നം കൂട്ടുകെട്ടിന്റെ ഇരുപത്തഞ്ചാം പിറന്നാള്‍ ആഘോഷമായിരുന്നു കാര്‍ത്തി നായകനായ കാട്രുവെളിയിടൈ. ഈ ചിത്രത്തിലെ വാന്‍, വരുവാന്‍, വരുവാന്‍ എന്ന ഗാനമാണ് പതിനാറു വര്‍ഷത്തിനു ശേഷം റഹ്മാനെ ദേശീയ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. ഈ ഗാനം ആലപിച്ച ഷഷാ തിരുപതി മികച്ച ഗായികയുമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: