ഇന്ത്യയില്‍ മറ്റ് എവിടത്തേതിനെ അപേക്ഷിച്ചും കേരളത്തില്‍ വൈദീക മതത്തിന്റെ ആധിപത്യം പൂര്‍ണ്ണമായിരുന്നു എന്ന് നമ്പൂതിരി കുടിയേറ്റത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ മനസിലാക്കുവാന്‍ സാധിക്കും. ഇതര നാടുകളെ അപേക്ഷിച്ച് കേരളത്തിലെ ഭൂമിയില്‍ മാത്രമല്ല ബ്രാഹ്മണര്‍ ആധിപത്യം ഉറപ്പിച്ചത്. അതിനു പുറമെ വര്‍ഗ്ഗം, വര്‍ണ്ണം, സാമൂഹികം, ബൗദ്ധികം, വിദ്യാഭ്യാസപരം, സാമ്പത്തികം, രാഷ്ട്രീയം തുടങ്ങിയ സമസ്ഥ മേഖലകളിലും ഏതാണ്ട് രണ്ട് സഹസ്രാബ്ദകാലത്തിനടുത്ത് മറ്റൊരാള്‍ക്കും ഇട നല്‍കാതെ ഒന്നാമിടം ഉറപ്പിക്കുവാന്‍ ഒരു സമുദായം എന്ന നിലയ്ക്ക് നമ്പൂതിരിക്ക് സാധിച്ചിട്ടുണ്ട്. എതാണ്ട് പത്തൊമ്പതാം നൂറ്റാണ്ട് വരെ ഈ ഔന്നത്യം അനുഭവിക്കുവാന്‍ നമ്പൂതിരിക്ക് സാധിച്ചു. എന്ത് കൊണ്ടാണു, എങ്ങിനെയാണു ഇത് സാധിച്ചത്..? അത്ര എളുപ്പം ഉത്തരം പറയുവാന്‍ ഒക്കുന്ന ഒന്നല്ല ഇത്. വളരെ ആഴത്തിലുള്ള പഠനത്തിനു സാധ്യതയുള്ള ഒരു കാര്യമാണു അത്.
വേദങ്ങളും, ഉപനിഷത്തുക്കളും, സ്മൃതികളുമൊന്നുമല്ല കേരളത്തില്‍ വൈദീക മതത്തെ പ്രബലമാക്കിയത്. നിസ്തുലമായ സംഘടനാ ശക്തിയുടേയും, കായികാധ്വാനത്തിന്റേയും, നിരന്തരമായ വിജ്ഞാന വിതരണത്തിന്റേയും ശക്തിയാലാണത് സാധ്യമായത്. നൂറ്റാണ്ടുകളുടെ പരിണാമ പ്രക്രിയയിലൂടെ നമ്പൂതിരിമാര്‍ ഇവിടത്തെ മണ്ണിലും, ഇതര വിഭാഗങ്ങള്‍ക്കിടയിലും ആധിപത്യം നേടിയെടുത്തു. കായിക വൃത്തിയേയും, അധ്വാന പരതയേയും കുറിച്ച് വേദങ്ങളില്‍ കാണുന്ന ആയിരക്കണക്കിനു സൂക്തങ്ങള്‍ വ്യക്തമാക്കുന്നത് കാര്‍ഷികവൃത്തിയിലും, കായിക അധ്വാനത്തിലും ബ്രാഹ്മണര്‍ വച്ച് പുലര്‍ത്തിയിരുന്ന നിഷ്ക്കര്‍ഷ തന്നെയാണു. പരശുരാമ കഥ ഈ അധ്വാനപരതയെ പ്രതീകവത്കരിച്ചതും ആകാം. പില്ക്കാലത്ത് തൊഴിലധിഷ്ടിതമായ വിഭജനം ജാതിവ്യവസ്ഥയിലേക്ക് പരിണമിക്കുകയും ബ്രാഹ്മണര്‍ വൈദീകവൃത്തിയില്‍ മാത്രം വ്യാപൃതരാവുകയും ചെയ്യുവാന്‍ തുടങ്ങുന്നത് വരെ ഈ അധ്വാന തല്‍പ്പരത അവര്‍ കാത്ത് സൂക്ഷിച്ചിരുന്നുവെന്നും അനുമാനിക്കാം. പില്ക്കാലത്ത് ഇതര വിഭാഗങ്ങളുടെ അധ്വാനത്തിന്റെ ഫലഭോക്താക്കളായി നിരവധിയായ കാര്‍ഷിക വിജ്ഞാന ഭണ്ഡാരമായ വേദങ്ങളുടെ പ്രയോക്താക്കള്‍ മാറി എന്നത് ഒരു വിരോധാഭാസവും ആയി പരിഗണിക്കേണ്ടി വരും.
ചാതുര്‍വര്‍ണ്യം കേരളത്തില്‍.
തൊഴിലിനെ അടിസ്ഥാനമാക്കിയ വര്‍ണ്ണ വ്യവസ്ഥ വൈദീകമതത്തിന്റെ ആണിക്കല്ലുകള്‍ ആയിരുന്നു. ബ്രാഹ്മണന്, ക്ഷത്രിയന്, വൈശ്യന്, ശൂദ്രന് എന്ന വര്‍ഗ്ഗ വിഭജനം ആ വര്‍ണ്ണവ്യവസ്ഥയുടെ തുടര്‍ച്ചയായി സംഭവിച്ചത് ആണു. അതില്‍ നിന്നും വികാസം പ്രാപിച്ച ഉപ ഉല്‍പ്പന്നമാണു ജാതിവ്യവസ്ഥ. എന്നാല്‍ ചാതുര്‍വര്‍ണ്യം എന്ന വൈദീക മതത്തിന്റെ വര്‍ഗ്ഗവിഭജനത്തെ ഭാരതത്തിന്റെ ഇതര ദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തില്‍ ഉയര്‍ന്ന് വന്ന സമ്പ്രദായം അടിസ്ഥാനപരമായിത്തന്നെ വിഭിന്നമായിരുന്നു എന്ന് കാണാം. വൈദീക മതത്തിന്റെ പ്രയോക്താക്കള്‍ ആയ ബ്രാഹ്മണര്‍ ഇവിടെ കുടിയേറിയെങ്കിലും, കേരളത്തിലെ ഇതര ജാതി വിഭാഗങ്ങള്‍ ചാതുര്‍വര്‍ണ്യശ്രേണിയിലെ മറ്റ് മൂന്ന് തട്ടുകള്‍ ആയിരുന്നു എന്ന് സ്ഥാപിക്കാന്‍ തക്ക തെളിവുകള്‍ ഇല്ല. അതായത് കേരളത്തിലെ ഇതര ജാതി വിഭാഗങ്ങളില്‍ വലിയൊരു ശതമണവും ബ്രാഹ്മണര്‍ക്ക് മുന്‍പോ ശേഷമോ ഇവിടെ കുടിയേറിയവര്‍ ആണു. ബാക്കിയുള്ളവരാകട്ടെ മഹാശിലായുഗ കാലത്ത് തന്നെ ഇവിടെ അധിവസിച്ചിരുന്നവരുടെ പിന്മുറക്കാരും ആയിരുന്നു. അതായത് ബ്രാഹ്മണര്‍ കേരളത്തിലെത്തിയ ശേഷം, ഇവിടെ വൈദീകമതത്തിന്റെ വ്യാപനത്തിന്റെ തുടര്‍ച്ചയായി ഇവിടെ ഉള്ള ഇതര വിഭാഗങ്ങളെ ചാതുര്‍വര്‍ണ്യം എന്ന വൈദീക മതത്തിന്റെ ചട്ടക്കൂട്ടിലേക്ക് ഉള്‍ക്കൊള്ളിക്കുകയാണു ഉണ്ടായത് എന്ന് വേണം മനസിലാക്കുവാന്‍. അത് പക്ഷേ സംഘടിതമായി ബോധപൂര്‍വ്വം ചെയ്ത ഒരു പ്രവര്‍ത്തിയാകണമെന്നില്ല. കാലക്രമത്തില്‍ അന്നത്തെ സാമൂഹിക ചുറ്റുപാടില്‍ വന്ന് ഭവിച്ച സ്വാഭാവിക പ്രക്രിയയാകുവാനേ തരമുള്ളൂ. കേരള ഗസറ്റിയറിന്റെ രചയിതാവ് അഡൂര്‍ കെ.കെ രാമചന്ദ്രന് നായര്‍ ഇക്കാര്യം നിരീക്ഷിച്ചത് ഇപ്രകാരമാണു. ”ഉത്തരേന്ത്യയിലേത് മാതിരി ജാതി സമ്പ്രദായത്തെ ചാതുര് വര്‍ണ്യത്തില്‍ ഉള്‍പ്പെടുത്തുവാന്‍ ഇവിടെ ബ്രാഹ്മണര്‍ക്ക് സാധിച്ചിട്ടില്ല. ജാതി സമ്പ്രദായത്തില്‍ തന്നെ മൊത്തം ആശയക്കുഴപ്പം വരുത്തും വിധം പല ഉപ വിഭാഗങ്ങളായി അവ പരിണമിക്കുകയാണു ഉണ്ടായത് ‘.
ബ്രാഹ്മണര്‍ ഇവിടെ ഉണ്ടാക്കുയെടുത്ത പദവിക്ക് അനുസൃതമായി കാലക്രമേണ സ്വയമേവ ഉരുത്തിരിഞ്ഞതാണു കേരളത്തിലെ ജാതിവ്യവസ്ഥ എന്ന് പി.കെ ബാലകൃഷ്ണനും അഭിപ്രായപ്പെടുന്നുണ്ട്. തൊഴിലിന്റെ അടിസ്ഥാനത്തിലാണു ജാതികളും, ഉപജാതികളും ഉരുത്തിരിഞ്ഞത് എങ്കിലും, ബ്രാഹ്മണരോട് ഏറ്റവും അടുത്തിടപഴകുന്ന വിഭാഗങ്ങളും സമൂഹത്തില്‍ ഉന്നതമായ സ്ഥാനം അലങ്കരിച്ചു. അതായത് നമ്പൂതിരിമാര്‍ക്ക് വേണ്ടി ചെയ്യുന്ന ദാസ്യവൃത്തിയുടെ ഏറ്റക്കുറച്ചിലുകള്‍ ആണു സമൂഹത്തിലെ പദവികളും, ജാതികളുടെ ഉച്ച നീചത്വങ്ങളും നിര്‍ണ്ണയിച്ചത്. നമ്പൂതിരിമാരല്ലാത്ത ഇതര ബ്രാഹ്മണര്‍ക്ക് പോലും ഈ പറഞ്ഞ ചാതുര്‍വര്‍ണ്യത്തിന്റെ കേരള മാതൃകയില്‍ മേല്‍ത്തട്ട് പരിഗണന ലഭിച്ചിരുന്നില്ല എന്നത് വളരെ വിചിത്രമായ ഒരു കാര്യമാണു. അതായത് തമിഴ്, തുളു, ഹവ്യഗ ബ്രാഹ്മണരെ പോലും നമ്പൂതിരി രണ്ടാംകിട പൗരന്മാരായാണു പരിഗണിച്ചിരുന്നത്. ചാതുര്‍വര്‍ണ്യ ഘടനയില്‍ മേല്‍ത്തട്ട്കാരായി നിലനില്‍ക്കുമ്പോഴും ഇവര്‍ക്ക് നമ്പൂതിരിക്കൊപ്പം പന്തിഭോജനം ചെയ്യാന്‍ അനുവാദമില്ലാത്ത അത്രയും ആശയക്കുഴപ്പം നിറഞ്ഞതായിരുന്നു കേരളത്തിലെ ജാതി സമ്പ്രദായം എന്ന് ചുരുക്കം.
വൈദീക മതത്തിന്റെ വ്യാപനം, കല സാംസ്കാരിക രംഗങ്ങളിലെ വളര്‍ച്ച
വൈദീകമതം യാഗങ്ങള്‍ക്കും യജ്ഞങ്ങള്‍ക്കും ആണ് മുന്തിയ പ്രാധാന്യം കോടുത്തിരുന്നത് എങ്കിലും അധികം വൈകാതെ തന്നെ ക്ഷേത്ര കേന്ദ്രീകൃത ആരാധനാ ചിട്ടകളിലേക്ക് വഴിമാറി. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് വേദ പാഠശാലകളും, വേദ മത്സരങ്ങളും വ്യാപകമായി. വേദങ്ങളുടെ തുടര്‍ച്ചയോ അല്ലെങ്കില്‍ സ്വതന്ത്ര ശാഖയോ ആയ തന്ത്രശാസ്ത്രം തികച്ചും കേരളീയമായ പദ്ധതികളില്‍ പുനരാവിഷ്ക്കരിക്കപ്പെട്ടു. കേരളീയ തന്ത്രമെന്ന ആ ആരാധനാ പദ്ധതിയിലൂടെ കേരളത്തിലെമ്പാടും വ്യതിരിക്തമായ വാസ്തുഘടനയോട് കൂടിയ ക്ഷേത്ര സമുചയങ്ങള്‍ ഉയര്‍ന്നു വന്നു. അക്കാലമത്രയും വനദേവതാരാധനകളും, വീരാരാധനകളും മാത്രം നടത്തിയിരുന്ന ഇതര സമുദായങ്ങളും ഈ പുതിയ ആരാധനാക്രമങ്ങളില്‍ ആകൃഷ്ടരായി. എന്നാല്‍ ചാതുര്‍വര്‍ണ്യം ഇവിടെയും മതില്‍ക്കെട്ടുകള്‍ സൃഷ്ടിച്ചു. പക്ഷെ അപ്പോഴും ആ മതിക്കെട്ടുകള്‍ക്കപ്പുറം നിന്നും അതിനകത്തെ ചലനങ്ങള്‍ക്കനുസൃതമായി ആ വ്യവ്സ്ഥകള്‍ ചലിച്ചു. വൈദിക മതത്തിന്റെ ചട്ടക്കൂടുകള്‍ക്കുള്ളില്‍ അവ നിര്‍ണ്ണയിക്കപ്പെട്ട് കൊണ്ടിരുന്നു.
സംസ്കൃതത്തെ മുഖ്യഭാഷയാക്കിയ വൈദീകമതം കലാ സാംസ്കാരിക രംഗത്ത് നല്കിയ സംഭാവനകളും നിരവധിയാണു. കൂടിയാട്ടം, പുരാണ കഥാകഥനം പോലുള്ള ക്ഷേത്ര കലകള്‍ ഇവിടെ പ്രാബല്ല്യം നേടി. കൂടിയാട്ടത്തില്‍ നിന്ന് ഉരുത്ത് വന്ന വിദൂഷക കൂത്ത് പില്ക്കാലത്ത് പ്രചുരപ്രചാരം നേടി. തോല കവിയെപ്പോലുള്ളവരുടെ പരീക്ഷണങ്ങള്‍ കൂത്തിനെ കൂടുതല്‍ രസാവഹമാക്കി. വൈദീക മതസ്ഥരുമായുള്ള സമ്പര്‍ക്കം നിമിത്തം സംസ്കൃത ഭാഷ പ്രാദേശിക ഭാഷകളില്‍ സ്വാധീനം ചെലുത്തിത്തുടങ്ങി. ഇതിന്റെ തുടര്‍ച്ചയായാണു മലയാളം ഉള്‍പ്പടെയുള്ള ദക്ഷിണേന്ത്യന്‍ ഭാഷകള്‍ മൂല ശൈലികളില്‍ നിന്ന് മാറി സംസ്കൃത സങ്കര ഭാഷകളായി വികാസം പ്രാപിക്കുന്നത്. ഒഴികി വരുന്ന നദി കടലിലേക്ക് എന്നത് പോലെ, ഭിന്ന വര്‍ഗ്ഗക്കാരായ ജനങ്ങള്‍ ഇടകലര്‍ന്നപ്പോള്‍ അവരുടെ ഭാഷാ സംസ്കാരങ്ങളും ഇടകലര്‍ന്നു എന്ന് കേരള പാണിനീയത്തില്‍ എ.ആര് രാജരാജ വര്‍മ്മ അഭിപ്രായപ്പെടുന്നുണ്ട്. മണിപ്രവാളം എന്ന സാഹിത്യ ശാഖ ഈ മിശ്രഭാഷാ സാഹിത്യത്തിന്റെ സൃഷ്ടിയാണു.
സ്വത്തുടമാ സമ്പ്രദായം
ബ്രാഹ്മണ കേന്ദ്രീകൃത ഗ്രാമവ്യവസ്ഥയുടെ തുടര്‍ച്ചയായാണു ഭൂമി ഒരു സ്വത്ത് എന്ന നിലയിലേക്ക് മാറുന്നത്. ഭൂമി കേവലം ഒരു പ്രദേശം മാത്രമാണെന്ന് വന്യ ഗോത്ര രീതിയില്‍ നിന്ന് മാറി സ്ഥിരമായ കൃഷിഭൂമികള്‍ എന്ന രീതിയിലേക്ക് പരിവര്‍ത്തനപ്പെട്ടത് നമ്പൂതിരി കുടിയേറ്റത്തിന്റെ തുടര്‍ച്ചയാണു. ഈ സമ്പ്രദായത്തിന്റെ തുടക്കക്കാരെന്ന നിലയ്ക്ക് പ്രായേണ അത് നമ്പൂതിരിമാരുടെ ജന്മസ്വത്തായി പരിണമിച്ചു. ഈ സ്വത്തുടമസ്ഥത രാഷ്ട്രീയ ഭരണാധികാരത്തോട് യാതൊരു പരാമര്‍ശവും ഇല്ലാത്ത സമ്പൂര്‍ണ്ണ സ്വത്തുടമസ്ഥതയായി മാറി. ഇതിന്റെ തുടര്‍ച്ചയായി കേരളത്തിലെ ഏതാണ്ട് മുഴുവനും ഭൂമിയുടേയും ഉടമസ്ഥത നമ്പൂതിരി എന്നൊരു സമൂഹത്തിന്റെ കൈകളിലൊതുങ്ങി. ജന്മി കുടിയാന് വ്യവസ്ഥ ഇതിന്റെ തുടര്‍ച്ചയായി സംഭവിച്ച ഒരു സാമൂഹിക വ്യവസ്ഥിതിയാണു.
കേരളത്തിലേക്ക് കുടിയേറിയ കാലത്ത് തമിഴ് ബ്രാഹ്മണരുടെ അഗ്രഹാരങ്ങള്‍ മാതിരി ഒരു കൂട്ടായ ആവാസ വ്യവസ്ഥിതിയല്ല നമ്പൂതിരിമാര്‍ തെരഞ്ഞെടുത്തത് എന്ന് മുന്‍ അദ്ധ്യായത്തില്‍ ചര്‍ച്ച ചെയ്താണു. ഒരു പക്ഷേ അങ്ങിനെ ഒരു വന്‍ സംഘമായുള്ള കുടിപാര്‍പ്പ് സമ്പ്രദായം ആയിരുന്നു നമ്പൂതിരിമാര്‍ കേരളത്തില്‍ നടപ്പാക്കിയിരുന്നത് എങ്കില്‍ കേരളത്തിലെ സ്വത്തുടമാ സമ്പ്രദായം ഇന്ന് കാണുന്ന രീതിയില്‍ ആയിരിക്കില്ല വികസിക്കുക. വ്യക്തി കേന്ദ്രീകൃത, അല്ലെങ്കില്‍ കുടുംബ കേന്ദ്രീകൃത സ്വത്തുടമാ സമ്പ്രദായത്തിനു പകരം കൂട്ടുടമസ്ഥതാ സമ്പ്രദായത്തിലുള്ള കൃഷി സമ്പ്രദായമായിരുന്നേനെ കേരളത്തില്‍ ഉരുത്തിരിയുക. ഇനി ഒരു പക്ഷേ ആദ്യകാലത്ത് കൂട്ടുടമസ്ഥതയില്‍ ആരംഭിച്ച് പില്ക്കാലത്ത് വേര്‍പിരിഞ്ഞത് ആകാം എന്ന് കരുതിയാല്‍ ആ വാദത്തിനും നിലനില്‍പ്പ് ഇല്ല. കാരണം അങ്ങിനെ ഒരിക്കല്‍ കൂട്ടുടമസ്ഥതയില്‍ ആയിരുന്ന ഭൂസ്വത്ത് ഭാഗം പിരിയുമ്പോള്‍ എല്ലാവര്ക്കും തത്തുല്ല്യമായി വീതിക്കാനേ സാധ്യത ഉള്ളൂ. എന്നാല്‍ കേരളത്തില്‍ നമ്പൂതിരി ജന്മത്തിന്റെ കണക്ക് പരിശോധിച്ചാല്‍ ഒരിടത്തും തുല്ല്യത കാണുവാന്‍ സാധിക്കില്ല. തുല്ല്യ ഭാഗമായിരുന്നുവെങ്കില്‍ ഭൂസ്വത്തിന്റെ അടിസ്ഥാനത്തില്‍ വലിയ ജന്മിമാരും, ചെറുകിട ജന്മിമാരും എന്ന വിഭജനം നമ്പൂതിരിമാര്‍ക്കിടയില്‍ ഉണ്ടാകുമായിരുന്നില്ല. സ്വത്തിന്റെ അളവനുസരിച്ച് ആഢ്യനും, ആസ്യനും എന്ന രണ്ട് തട്ട് ആയുള്ള വര്‍ഗ്ഗ വിഭജനം നമ്പൂതിരിമാര്‍ക്കിടയില്‍ തന്നെ ഉണ്ടാകുമായിരുന്നില്ല. സ്വത്തിനു പുറമെ വേറെയും ചില മാനദണ്ഡങ്ങള്‍ ഇതില്‍ ഉണ്ടെങ്കിലും ആഢ്യന്‍/ആസ്യന്‍ വിഭജനത്തില്‍ ഉണ്ട് എങ്കിലും വലിയൊരളവോളം സ്വത്ത് ഇതിന്റെ ഒരു മുഖ്യ ഘടകം തന്നെയായിരുന്നു എന്നത് തര്‍ക്കമില്ലാത്ത വസ്തുതയാണു. എന്തായാലും സാമൂഹിക പരിണാമത്തിന്റെ പൊതു രീതി വച്ച് നോക്കുമ്പോള്‍ തികച്ചും അസ്വാഭാവികമായ ഒരു സ്വത്തുടമസ്ഥതയും, അത് സൃഷ്ടിച്ചതെങ്കിലും അതിലേറെ അസ്വാഭാവികമായ രാഷ്ട്രീയ സംവിധാനവുമാണു ഇവിടെ നിലനിന്നത് എന്ന് കാര്യങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ചാല്‍ ബോദ്ധ്യം വരും.
ആദ്യ ഭാഗങ്ങള്‍ ഇവിടെ വായിക്കാം
നമ്പൂതിരി ഇതര ബ്രാഹ്മണരില്‍ നിന്ന് വ്യത്യസ്ഥനാകുന്നത് എന്ത്കൊണ്ട്..?
നമ്പൂതിരിമാരുടെ കേരളത്തിലേക്കുള്ള കുടിയേറ്റം ഒരു പലായനമായിരുന്നോ..?
കേരളത്തിലെ നമ്പൂതിരി കുടിയേറ്റം
ദുര്‍ബ്ബലമാകുന്ന ആര്യന് സിദ്ധാന്തം
പ്രതികരിക്കാൻ ഇവിടെ എഴുതുക: