തൃശൂര്‍: മഞ്ജു വാര്യരെ നായികയാക്കി സാജിദ് യഹിയ സംവിധാനം ചെയ്യുന്ന ‘മോഹന്‍ലാല്‍’ സിനിമയുടെ പ്രദര്‍ശനത്തിന് സ്റ്റേ. തൃശൂര്‍ ജില്ലാ കോടതിയാണ് സ്റ്റേ അനുവദിച്ചത്. തന്റെ കഥ മോഷ്ടിച്ചാണ് മോഹന്‍ലാല്‍ എന്ന സിനിമ ഒരുക്കിയിരിക്കുന്നതെന്ന് ആരോപിച്ച് തിരക്കഥാകൃത്ത് കലവൂര്‍ രവികുമാര്‍ നല്കിയ ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ്. ഏപ്രില്‍ 13നാണ് ചിത്രം റിലീസ് ചെയ്യേണ്ടിയിരുന്നത്.
താന്‍ രചിച്ച ‘മോഹന്‍ലാലിനെ എനിക്കിപ്പോള്‍ ഭയങ്കര പേടിയാണ്’ എന്ന കഥാസമാഹാരത്തെ അനുകരിച്ചാണ് സുനീഷ് വാരനാട് തിരക്കഥാരചന നിര്‍വഹിച്ച മോഹന്‍ലാല്‍ എന്ന ചിത്രം ഒരുക്കിയിരിക്കുന്നതെന്നു കാണിച്ചാണ് രവികുമാര്‍ പരാതി നല്‍കിയത്. ഇതേ പരാതി ഉന്നയിച്ച് രവികുമാര്‍ നേരത്തെ ഫെഫകയ്ക്കും പരാതി നല്‍കിയിരുന്നു. തന്റെ കഥയുടെ പകര്‍പ്പാണെന്ന് ഫെഫ്ക കണ്ടെത്തുകയും തനിക്ക് പ്രതിഫലം നല്‍കാനും കഥയുടെ അവകാശം നല്‍കാനും വിധിക്കുകയും ചെയ്തതായും രവികുമാര്‍ പറഞ്ഞു. എന്നാല്‍ ഇതെല്ലാം അവഗണിച്ച് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ചിത്രവുമായി മുന്നോട്ടുപോവുകയായിരുന്നെന്നും രവികുമാര്‍ പറഞ്ഞു.
മഞ്ജുവാര്യരും ഇന്ദ്രജിത്തുമാണ് മോഹന്‍ലാലിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇന്ദ്രജിത്ത് സേതുമാധവനായും മഞ്ജു മീനുക്കുട്ടിയുമാണ് വേഷമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: