മീനച്ചൂടു കനക്കുന്നു. കനത്ത വേനലിലേക്കാണു പോകുന്നത്. കിണറുകള്‍ വറ്റിത്തുടങ്ങി.അപൂര്‍വമായുള്ള കുളങ്ങള്‍ വറ്റിക്കഴിഞ്ഞു. ഇത്തവണ വെള്ളത്തിനുള്ള അലച്ചില്‍ നേരത്തേ തന്നെ തുടങ്ങിയിരിക്കുന്നു. അതിനിടെ കഴിഞ്ഞ ദിവസങ്ങളില്‍ ചെറുതായി ചാറിയ മഴ ചൂടു കൂട്ടിയെങ്കിലും ഒരു കുളിര്‍മയായി. കേരളത്തേപ്പോലുള്ള ജലസമൃദ്ധമായ ഒരു നാട് വെള്ളത്തിനായി കേഴുന്നത് ഒട്ടും ആശാസ്യമല്ല. പക്ഷേ യാഥാര്‍ത്ഥ്യം അതായിരിക്കുന്നു. ജലം ഇത്രയേറെ പാഴാക്കുന്ന ഒരു നാട് ലോകത്തില്‍ വേറെയുണ്ടോ?
ഭാരതത്തിലെ മരുഭു പ്രദേശം രാജസ്ഥാന് ഗുജറാത്ത് തുടങ്ങിയ മേഖലകളിലാണ്. എത്രയോ നൂറ്റാണ്ടുകളായി ജലപരിമിതിയുടെ വിലയറിഞ്ഞവരാണ് അവര്‍. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കു മുന്‍പ് അഹമ്മദാബാദിനടുത്തുള്ള ഒരു stepwell കാണാന്‍ അവസരമുണ്ടായി. ഗുജറാത്തുകാര്‍ ‘ വാവ് ‘ എന്നാണീ ജലസംഭരണിക്ക് പറയുക. പടിക്കിണര്‍ അഥവാ പടവുകിണര്‍ എന്ന് മലയാളം. കുടിക്കാനും കുളിക്കാനും അലക്കാനും ഈ പടിക്കിണറുകളായിരുന്നു ജനങ്ങള്‍ക്ക് ആശ്രയം. 5 മുതല്‍ 19 വരെയുള്ള നൂറ്റാണ്ടുകളിലായിരുന്നു ഇത്തരം കിണറുകളുടെ നിര്‍മ്മിതി. ബംഗളാദേശു മുതല്‍ പാകിസ്ഥാന് വരെ നീണ്ടു കിടക്കുന്ന ബെല്‍റ്റില്‍ 140 ല്‍ അധികം പടിക്കിണറുകള്‍ അവശേഷിക്കുന്നുണ്ട്- ഭൂഗര്‍ഭ ജലം കൂടാതെ മഴവെള്ള സംഭരണവും ആണ് ഇത്തരം കിണറുകളുടെ സംഭരണ രീതി. ഉന്നതമായ വാസ്തുവിദ്യയുടേയും നിര്‍മ്മാണ സമ്പ്രദായത്തിന്റേയും ഉദാഹരണങ്ങളാണ് ഈ stepwell കള്‍. ഹൈന്ദവ ഇസ്ലാമിക പാരമ്പര്യ പശ്ചാത്തലമാണ് ഇതിന്റെ നിര്‍മ്മാണത്തില്‍ അവലംബിച്ചിരിക്കുന്നത്.
എനിക്ക് സന്ദര്‍ശിക്കാന്‍ കഴിഞ്ഞത് അഹമ്മദാബാദ് നഗരത്തിനടുത്ത് ആദാലാജ് ഗ്രാമത്തിലുള്ള ആദാലാജ് stepwell അല്ലെങ്കില്‍ രുദാബായ് stepwell ആയിരുന്നു. 1498 ല്‍ വഗേല രാജവംശത്തിലെ റാണാ വീര്‍ സിംഗ് ആണ് അതു പണി കഴിപ്പിച്ചത്. അത്യാഢംബര പൂര്‍ണ്ണമായ ഈ Stepwell പൂര്‍ത്തിയാവുന്നതിനു മുന്‍പു സമീപ രാജ്യത്തെ മഹമൂദ് ബെഗാദ എന്ന മുസ്ലിം ഭരണാധികാരിയുമായുള്ള യുദ്ധത്തില്‍ റാണാ വീര്‍ സിംഗ് കൊല്ലപ്പെട്ടു. അതിനു ശേഷം മെഹമൂദ് ബെഗാദ രാജാവാണ് ഈ stepwell പൂര്‍ത്തീകരിച്ചത്. അതു കൊണ്ടു തന്നെ ഒരു ഇന്തോ – ഇസ്ലാമിക് നിര്‍മ്മിതീ ശൈലിയാണ് ഈ പടിക്കിണറിനുള്ളത്. ഈ Stepwell ഒരു തീര്‍ത്ഥാടന കേന്ദ്രം കൂടിയാണ്. നിരവധി കൊത്തുപണികളുടെ കൂട്ടത്തില്‍ നവഗ്രഹങ്ങളും ഇവിടെ ആലേഖിതമാണ്. വിവാഹ അവസരങ്ങളില്‍ ഇത് ഭക്തിപൂര്‍വം ആരാധന നടത്തുന്ന രീതി ഇപ്പോള്‍ നിലനില്ക്കുന്നു. ഒരു പശ്ചാത്തല കഥയും ഇതിന്റെ ചരിത്രവുമായി ഇഴ ചേര്‍ന്നു കിടക്കുന്നു.
റാണാ വീര്‍ സിംഗിന്റെ മരണശേഷം അദ്ദേഹത്തിന്റെ അതി സുന്ദരിയായ വിധവ രുദാബായിയെ പുതിയ ഭരണാധികാരി മഹമൂദ് ബെഗാദ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചു. വിധവയായ റാണിക്ക് ആ സംസ്ക്കാരത്തോടു യോജിക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ ഒരു നിബന്ധനയോടെ അവര്‍ വിവാഹത്തിനു സമ്മതിച്ചു. തന്റെ ഭര്‍ത്താവിന്റെ പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ ‘വാവ് ‘പണി തീര്‍ത്തു കഴിഞ്ഞാല്‍ വിവാഹത്തിനു തയ്യാറാവാമെന്നായിരുന്നു അത്. അതു പ്രകാരം ആ പടിക്കിണര്‍ മനോഹരമായ ശില്പചാതുരിയോടെ രാജാവ് പൂര്‍ത്തീകരിച്ചു. ആഗ്രഹം നിറവേറ്റിയതിനുള്ള പ്രതിഫലമായി വിവാഹത്തിനു സമ്മതിക്കാന്‍ മഹമുദ് ബെഗാദ ആവശ്യപ്പെട്ടപ്പോള്‍ രുദാബായ് ഭക്തിപൂര്‍വ്വം ‘വാവ് ‘ വലംവച്ച് അതിലേക്കെടുത്തു ചാടി ആത്മാഹുതിവരിച്ചു.
എന്തായാലും നൂറ്റാണ്ടുകളായി ജലദൗര്‍ലഭ്യനുഭവിക്കുന്ന ഒരു നാടിന്റെ ജലസ്രോതസ്സായി രുദാബായിയുടെ പേരില്‍ ഈ ‘വാവ് ‘ അറിയപ്പെടുന്നു.
വെള്ളം. പ്രത്യേകിച്ചു ജീവവായു പോലെ പ്രധാനമായ കുടിവെള്ളം എത്രത്തോളം പ്രധാനമാണ്. ജലസമൃദ്ധിയില്‍ നാം മറന്നു പോകുന്ന ജലത്തിന്റെ അമൂല്യത ഇതു പോലുള്ള ചരിത്ര സ്തംഭങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: