നടി ആക്രമിക്കപ്പെട്ട കേസ് ഭൂകമ്പത്തിലും തുടര്‍ന്നുണ്ടായ ആരോപണ പ്രളയത്തിലും മുങ്ങിപ്പോയതാണ് താരസംഘടനയായ അമ്മ. അങ്ങനെയൊരു സംഗതിയെക്കുറിച്ച് പിന്നീട് അതിന്റെ മേലാളന്മാര്ക്കുപോലം പറയാന്‍ പേടിയായിരുന്നു. അമ്മയെ തള്ളിപ്പറയുന്നവരായിരുന്നു അധികവും.വലിയ സൂപ്പര്‍ താരങ്ങളുടെ ചുണ്ടുകള്‍ക്കുപോലും ക്ലിപ്പ് വീണു. ഈ സംഘടനകൊണ്ട് ഗുണം കിട്ടിയവരും കേമത്തം കാട്ടിയവര്‍ക്കും മിണ്ടാട്ടംമുട്ടി. സോഷ്യല്‍ മീഡിയയിലൂടെ അമ്മയെകൊന്നു കൊലവിളിക്കുകയായിരുന്നു പ്രേക്ഷകര്‍. എന്തായാലും അമ്മ എന്ന സംഘടന ആരോപണം എന്ന വിഷംതീണ്ടി ചത്തു എന്ന നിലയിലായിരുന്നു. അതിനെക്കുറിച്ച് സിനിമാക്കാര് ഓര്‍ക്കാന്‍ പേടിക്കുകയും പ്രേക്ഷകര്‍ മറക്കുകയും ചെയ്തു.
അമ്മ പ്രസിഡന്റ് ഇന്നസന്റും കൂടെയുള്ളവരും ഒഴിയുകയാണെന്നു വന്നതോടെ അമ്മയുടെ പ്രേതം ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ള തയാറെടുപ്പിലാണെന്നു തോന്നുന്നു. ചതിയും പാരയും അസൂയയും കുശുമ്പും കുന്നായ്മയും മാത്രമായിരുന്നു ഈ സംഘടനയുടെ ആസ്തി. താരവമ്പന്മാര്ക്കും അവരുടെ സില്ബന്ധികള്ക്കും മാത്രമുള്ളതായിരുന്നു അമ്മ. തങ്ങള്ക്കിഷ്ടമില്ലാത്തവരേയും വളര്ന്നുവരുന്നവരേയും ഉപദ്രവിക്കുക പിഴുതെറിയുക തുടങ്ങിയ ശാപമേറ്റ കലാപരിപാടികളായിരുന്നു ഈ അമ്മ ചെയ്തിരുന്നത്. ഇന്നസന്റ് പ്രസിഡന്റായിരുന്നതു തന്നെയാണ് ഈ സംഘടനയുടെ നേട്ടവും കോട്ടവും. ഇങ്ങനെയൊരു കോമാളി നേതൃത്വം ഉണ്ടായിരുന്നതുകൊണ്ടാണ് ഇത്രയുംകാലം ഇത് തട്ടിയും മുട്ടിയും പോയത് എന്നതും മറ്റൊരുകാര്യം.
അമ്മ ഇനി നിലനില്‍ക്കില്ല എന്നുതന്നെയാണ് സിനിമാര്ക്കിടയിലേയും വിശ്വാസം. ഇപ്പോള്‍തന്നെ പരസ്പരം വിഴുപ്പലക്കലും ചേരി തിരിവുമൊക്കെ ധാരാളമാണ്. പല ഗ്രൂപ്പുകളായി അതു തിരിഞ്ഞിട്ടുമുണ്ട്. ഒരു തിരഞ്ഞെടുപ്പുണ്ടായാല്‍ സിനിമാ സ്റ്റൈലില്‍ പോര്‍വിളികളും വിവിധതരം സ്റ്റണ്ടുകള്‍ തന്നെ നടക്കാനും സാധ്യതയുണ്ടെന്നാണ് കേള്‍വി. പിളര്‍ന്ന് പലതായിത്തീരാനും തെരഞ്ഞെടുപ്പിന്റെ പേരില്‍തന്നെ ഇല്ലാതാകാനുമുള്ള ആയുസേ ഈ സംഘടനയ്ക്കുള്ളൂ എന്നും കേള്‍ക്കുന്നു. നിവാരമില്ലാത്തവരുടെകൂടി സംഘടനയാണ് അമ്മ എന്നുവരെ നടി ആക്രമിക്കപ്പെട്ട കേസുണ്ടാകുകയും അമ്മ പ്രതിക്കൂട്ടിലാകുകയും ചെയ്തപ്പോള്‍ ആരോപണമുണ്ടായിരുന്നു.
സംഘടനകൊണ്ട് താരങ്ങളിലെ വല്യേട്ടന്മാര്ക്കും അവരുടെ കൂടെയുളളവര്‍ക്കും മാത്രമേ ഗുണമുണ്ടായിട്ടുള്ളൂ. ഇനിയും അതാകാനേ തരമുള്ളൂ. മലയാള സിനിമയ്ക്ക് സംഘടനകൊണ്ട് ഒരു നേട്ടവും ഉണ്ടായിട്ടില്ല. അങ്ങനെയൊരു സംഘടന എന്തിനു നിലനില്‍ക്കണം. താരങ്ങളെ വളര്‍ത്തുന്നത് സംഘടനയല്ല, പ്രേക്ഷകരാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: