കുടമാളൂര്‍: കുടമാളൂര്‍ പള്ളയില്‍ ദുഃഖവെള്ളിയാഴ്ച എത്തുന്ന വിശ്വാസികള്‍ക്ക് ഉച്ചകഞ്ഞി വിളമ്പി സായൂജ്യം നേടുകയാണ് കുലാലബ്രാഹ്മണര് തലമുറകളായി തുടരുന്ന ഈ പുണ്യപ്രവൃത്തി ഇന്നും ദൈവനിയോഗമായി അവര്‍ കരുതുന്നു.
പെസഹാദിനത്തില്‍ മുട്ടില്‍ നീന്തുന്ന ചടങ്ങുള്ള ഏക ദേവാലയമാണിത്. വ്യാഴാഴ്ച രാവിലെ തുടങ്ങുന്ന ഈ ചടങ്ങ് വെള്ളിയാഴ്ച രാത്രിവരെ തുടരും. ദൂരെദേശങ്ങളില്‍ നിന്ന് വരെ ധാരാളം ആളുകള്‍ ഈ ചടങ്ങിനായി എത്തും. ദുഃഖവെള്ളിയാഴ്ച ഉച്ചയോടെ പള്ളിയില്‍ നടക്കുന്ന നഗരി കാണിക്കല്‍ ചടങ്ങിന് ശേഷമാണ് കുലാല ബ്രാഹ്മണ സമുദായത്തില്‍പ്പെട്ടവര്‍ ഉച്ചക്കഞ്ഞി വിതരണം നടത്തുന്നത്.
ചെമ്പകശ്ശേരി രാജാവിന്റെ ആശ്രിതരായി തമിഴ്നാട്, കര്‍ണ്ണാടക, സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരാണ് കുലാല ബ്രാഹ്മ്ണര്. മണ്‍പാത്ര നിര്‍മ്മാണമാണ് ഇവരുടെ കുലത്തൊഴില്‍. ക്ഷേത്രങ്ങളിലെ പൂജാദികാര്യങ്ങള്ക്കുള്ള പാത്രങ്ങളും ക്ഷേത്രനിര്‍മ്മാണവും ഇവര്‍ ചെയ്തുവന്നിരുന്നു. അക്കാലത്ത് ഇവരുടെ കുടുംബത്തില്‍ ആണ് സന്തതികള്‍ ഇല്ലാതെ വന്നതിനാല്‍ കുടമാളൂര്‍ മുക്തിയമ്മയോട് ദുഃഖവെള്ളിയാഴ്ച പള്ളിയിലെത്തുന്ന മുഴുവന്‍ വിശ്വാസികള്‍ക്കും കഞ്ഞി നല്കിക്കൊള്ളാമെന്ന് പ്രാര്‍ത്ഥിക്കുകയും ഇതിന്റെ ഫലമായി ആണ്‍കുട്ടികള്‍ ജനിച്ചുവെന്നും അന്നുമുതല്‍ കഞ്ഞി വിതരണം ആരംഭിക്കുകയും ചെയ്തുവെന്നാണ് വിശ്വാസം. ഇന്ന് നടക്കുന്ന കഞ്ഞിവിതരണത്തിന് 250കിലോ അരിയാണ് കഞ്ഞിയാക്കുന്നത്. പയര്‍തോരനും, മാങ്ങാഅച്ചാറും നല്‍കും.
പഴയകാലത്ത് കഞ്ഞിയും ചക്ക എരിശേരിയുമാണ് നല്‍കിയിരുന്നത്. എട്ട് കുടുംബങ്ങള്‍ ചേര്‍ന്നാണ് ഇത് നടത്തുന്നത്. കുടമാളൂര്‍ പള്ളിക്ക് സമീപം തന്നെയാണ് ഇവരുടെ താമസവും. ചെമ്പകശ്ശേരി രാജാവ് കരമൊഴിവായി നല്‍കിയതാണ് ഇവര്‍ താമസിക്കുന്ന സ്ഥലം. ഭക്തിയും വിശ്വാസവും എല്ലാ ഇഴചേര്‍ന്ന് കിടക്കുന്ന കുടമാളൂരിന്റെ മറ്റൊരു പ്രത്യേകതയാണ് കുലാല ബ്രാഹ്മണര്‍ ദശാബ്ദങ്ങളായി നടത്തിവരുന്ന ഈ കഞ്ഞിവിതരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: