ന്യൂദൽഹി: ഇന്ത്യൻ ചലച്ചിത്ര ലോകത്ത് ചരിത്രമെഴുതിയ സിനിമ ‘ബാഹുബലി’ പാക്കിസ്ഥാൻ ഇൻ്റർ നാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കാനൊരുങ്ങുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗമായ ബാഹുബലി 2: ദ കൺക്ലൂഷനാണ് കറാച്ചിയിൽ നടക്കുന്ന ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുക. ചിത്രത്തിന്റെ നിർമ്മാതാവ് എസ് എസ് ബാഹുബലിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ ചലച്ചിത്ര രംഗത്ത് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമാണ് ബാഹുബലി 2.
മാർച്ച് 29 മുതൽ ഏപ്രിൽ 1വരെയാണ് കറാച്ചിയിൽ ഫിലിം ഫെസ്റ്റിവൽ നടക്കുന്നത്. നേരത്തെ 2017 മെയ് മാസത്തിൽ സിനിമ പാക്കിസ്ഥാനിൽ മൊഴിമാറ്റി റിലീസ് ചെയ്തിരുന്നു. ആദ്യമായിട്ടായിരുന്നു ഒരു ഇന്ത്യൻ പ്രാദേശിക സിനിമ പാക്കിസ്ഥാനിൽ മൊഴിമാറ്റി റിലീസ് ചെയ്തത്. പാക്ക് പ്രേക്ഷകരിൽ നിന്നും വൻപിന്തുണയാണ് അന്ന് സിനിമയ്ക്ക് ലഭിച്ചത്. പാക്ക് സെൻസർ ബോർഡ് ബാഹുബലിക്ക് ക്ലീൻ ചിറ്റ് നൽകുകയും ചെയ്തിരുന്നു.
ഇന്ത്യയിൽ ഏറ്റവുമധികം കളക്ഷൻ നേടി എന്നതിനപ്പുറം ആഗോള തലത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ഇന്ത്യൻ ചിത്രമെന്ന റെക്കോർഡും ബാഹുബലി 2നുണ്ട്. ചിത്രത്തിന്റെ 105 മില്ല്യൻ ടിക്കറ്റുകളാണ് വിറ്റു പോയതെന്നത് മറ്റൊരു റെക്കോർഡുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: