കര്‍മ്മപഥത്തില്‍ പതറാതെ ഒന്നരയേക്കറില്‍ ഭക്ഷണം വിളയുന്ന കാടൊരുക്കിയും അരയേക്കറില്‍ ജൈവകൃഷി ചെയ്തും പരിസ്ഥിതിയുടെ കാവലാളായി ഒരാള്‍. പ്രകൃതിയുടെ സംഗീതം ആസ്വദിച്ച് കാടിനുള്ളിലെ ശ്രീകോവില്‍ വീട്ടില്‍ അടുപ്പമുള്ളവര്‍ അണ്ണനെന്നു വിളിക്കുന്ന ആലപ്പുഴ മുഹമ്മ സ്വദേശി കെ.വി ദയാല്‍ തന്റെ ആശയങ്ങള്‍ പ്രായോഗിക തലത്തില്‍ എത്തിക്കാന്‍ കഠിന വ്രതത്തിലാണ്. ജൈവ കൃഷിയുടെ പാഠപുസ്തകമായ ഇദ്ദേഹം ഇപ്പോള്‍ എഴുപതിന്റൈ നിറവിലാണ്. പ്രകൃതിയിലേയ്ക്ക് ചെന്നെത്താന്‍ കുറുക്കുവഴികളില്ല. പ്രകൃതിയെ അടുത്തറിഞ്ഞ ശേഷം അതിന് ഇണങ്ങുന്ന രീതി നടപ്പാക്കുകയാണ് വേണ്ടത്.
സ്വന്തം കാമനകളുടെ സാഫല്യം തേടിയുള്ള യാത്രയില്‍ പഠനക്ലാസുകള്‍, പ്രഭാഷണങ്ങള്‍,ചികിത്സാവിധികള്‍,ജൈവകൃഷി രീതികള്‍ എന്നിവ ജനങ്ങളെ പഠിപ്പിച്ചും സ്വയം ചെയ്തുകാണിച്ചും ദയാല്‍ മുന്നേറുകയാണ്. വെറുതെ പറയുകയല്ല. പരീക്ഷണ നിരീക്ഷണങ്ങളിലൂടെ പ്രവര്‍ത്തിപഥത്തില്‍ എത്തിക്കുകയാണ്.
മൂന്ന് പതിറ്റാണ്ടിലേറെയായി ദയാല്‍ പരിസ്ഥിതി പ്രവര്‍ത്തിന് ചുക്കാന്‍ പിടിക്കാന്‍ തുടങ്ങിയിട്ട്. പിതാവ് കൂരിതോട്ടുങ്കല്‍ കെ.ജി. വാസു 60 കൊല്ലം നടത്തിവന്ന കയര്‍ വ്യവസായം 1970-ല്‍ ഏറ്റെടുത്തു. ഇഴപിരിയുന്ന കയര്‍വ്യവസായത്തിലെ നന്മ തിന്മകള് മനസിലാക്കി നാല്‍പ്പത് കൊല്ലം ഈ തൊഴിലുമായി മുന്നോട്ടുനീങ്ങി. കയറ്റുമതി ആരംഭിച്ചത് ഈ കാലയളവിലാണ്.
1985-ല്‍ പരിസ്ഥിതിയുടെയും ജൈവകൃഷിയുടെയും ചൂളംവിളികേട്ട് ബിസിനസ് സാമ്രാജ്യം മക്കളായ അനില്‍ ദയാലിനെയും കണ്ണന് ദയാലിനെയും ഏല്‍പ്പിച്ച് തന്റെ നിയോഗത്തിലേക്ക് വഴി മാറി.
നമുക്ക് ആഹാരം തന്നും ദാഹജലം തന്നും ജീവവായു തന്നും പോറ്റിവളര്‍ത്തുന്ന പ്രകൃതിയുടെ മടിത്തട്ടിലേയ്ക്കാണ് അമ്മ നമ്മെ പ്രസവിച്ചത്. പെറ്റമ്മ കാലഗതിയില്‍ മരിച്ചുപോകും. പക്ഷേ പോറ്റമ്മയ്ക്ക് മരണമില്ല. വരും തലമുറകളെ ഏറ്റുവാങ്ങി വളര്‍ത്തേണ്ടത് പോറ്റമ്മയാണ്. എന്നാല്‍ മണ്ണിലിടുന്ന ഓരോ തരി രാസവളവും കീടനാശിനിയും കളനാശിനിയും പ്രകൃതിയെ നീറ്റി കൊല്ലുകയാണെന്നും നാം ഓര്‍ക്കേണ്ടേ”ദയാല്‍ ചോദിക്കുന്നു.
പ്രകൃതിയോടുള്ള മനുഷ്യന്റെ ക്രൂരത തിരിച്ചറിഞ്ഞ് പരിസ്ഥിതിയുമായി ബന്ധപ്പെട്ട് 1985-ല്‍ മുഹമ്മയില്‍ വേമ്പനാട് നേച്ചര്‍ ക്ലബ്ബിന് രൂപം നല്കി. പ്രൊഫ. ജോണ്‍.സി.ജക്കബ് അധ്യക്ഷനായ ഒരേ ഭൂമി, ഒരേ ജീവന് എന്ന സംഘടനയുടെ തുടക്കക്കാരില്‍ ഒരാളായത് 1988-ലാണ്. ഈ പ്രപഞ്ചത്തിലെ ജീവജാലങ്ങളുടെ ഐക്യം പരസ്പര പൂരകവും പരസ്പര ആശ്രിതവുമാണ്.
ആഹാരത്തിന്റെ ഏക ഉറവിടം കാടാണ്. കാടുണ്ടെങ്കിലെ കൃഷിയുണ്ടാവൂ. കാടിന്റെ മാതൃകയിലുള്ള ഒരു കൃഷിയ്ക്ക് മാത്രമേ നിലനില്ക്കാനും പട്ടിണി അകറ്റാനും കഴിയൂ. ഈ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് 1992-ല്‍ കേരള ജൈവ കര്‍ഷക സമിതിയ്ക്ക് രൂപം നല്‍കിയത്. രാസവളങ്ങള്‍ ഉപയോഗിച്ചുള്ള കൃഷി മണ്ണും വെള്ളവും വായുവും ഭക്ഷണവും വിഷലിപ്തമാക്കുന്നു. മാരകരോഗങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ഇതിനുള്ള പ്രതിവിധി ജൈവകൃഷി മാത്രമാണ്. ജൈവ കൃഷിയുടെയും പരിസ്ഥിതി പ്രവര്‍ത്തനത്തിന്റെയും പ്രചാരകനായി മാറിയ ദയാലിനെ തേടി 2006-ല്‍ വനമിത്ര പുരസ്ക്കാരമെത്തി.
2011-ല്‍ മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ ലൈഫ് ലോംങ് ലേണിംഗ് ആന്‍ഡ് എക്സ്റ്റന്‍ഷന്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ കീഴില്‍ ഓര്‍ഗാനിക് ഫാമിംഗ് സര്‍ട്ടിഫിക്കേറ്റ് കോഴ്സ് ആരംഭിക്കാന്‍ പ്രേരണയായത് കെ.വി. ദയാലാണ്. 11 ബാച്ച് പിന്നിട്ട ഈ കോഴ്സിന്റെ കോ-ഓര്‍ഡിനേറ്റര്‍ ആദ്യം മുതല്‍ ദയാലാണ്. കോഴ്സിന്റെ മഹത്വം തിരിച്ചറിഞ്ഞ് കാലിക്കറ്റ് യൂണിവേഴിസിറ്റിയിലും ഈ കോഴ്സ് 2017 മുതല്‍ ആരംഭിച്ചിട്ടുണ്ട്.
ഭാരതീയ ദര്‍ശനങ്ങളും മൂല്യബോധവും തിരിച്ചറിഞ്ഞ് പത്തനംതിട്ട കല്ലൂപാറയില് എല്‍ കെ ജി മുതലുള്ള കുട്ടികള്‍ക്ക് പഠനത്തോടൊപ്പം പ്രകൃതിയെ അറിയാനുള്ള പാഠശാലയ്ക്ക് രൂപം നല്കി. ഗൗരവമുള്ള വിദ്യാഭ്യാസം ലക്ഷ്യം വെച്ചാണ് പാഠശാല ആരംഭിച്ചത്.
പെന്ഷന് പറ്റിയവര്‍ക്കായി ആരംഭിച്ച വിദ്യാഭ്യാസ പദ്ധതിയാണ് വാനപ്രസ്ഥം. ദയാലിന്റെ ദീര്‍ഘവീക്ഷണത്തിന് തെളിവാണ് ഈ വയോജന പാഠശാല. അന്നശാസ്ത്രം, ആനന്ദശാസ്ത്രം, സ്വാസ്ഥ്യശാസ്ത്രം, സംഘശാസ്ത്രം എന്നിവയാണ് പാഠ്യപദ്ധതി. നാല് കേന്ദ്രങ്ങളില്‍ വാനപ്രസ്ഥം പ്രവര്‍ത്തിക്കുന്നുണ്ട്.
2009-ല്‍ ഇന്‍ഫോസിസ് മുന്‍ സിഇഒ എസ്.ഡി. ഷിബുലാല്‍ വിഭാവന ചെയ്ത സരോജിനി ദാമോദരന്‍ ഫൗണ്ടേഷന് അക്ഷയശ്രീ ജൈവകര്‍ഷക അവാര്‍ഡ് കമ്മറ്റിയുടെ ജനറല്‍ കണ്‍വീനറാണ് ഇദ്ദേഹം. ഭക്ഷ്യസുരക്ഷ, വിഷമില്ലാത്ത ഭക്ഷണം, പുതുതലമുറയെ കൃഷിയിലേയ്ക്ക് ആകര്‍ഷിക്കുക എന്നീ ലക്ഷ്യങ്ങള്‍ വെച്ചാണ് അക്ഷയശ്രീ അവാര്‍ഡ് നല്‍കുന്നത്. ജൈവപച്ചക്കറി കര്‍ഷകരെ സഹായിക്കാനായി കൊച്ചി പാടിവട്ടത്ത് അസീസിയ ഓര്‍ഗാനിക് വേള്‍ഡ് ആരംഭിക്കാന്‍ ചുക്കാന്‍പിടിച്ചത് ദയാലാണ്. കൃഷിയുടെ സങ്കീര്‍ണ്ണമായ എല്ലാ മേഖലകളിലും ദയാലിന്റെ കൈയൊപ്പ് പതിഞ്ഞിട്ടുണ്ട്. കര്‍ഷകര്‍ക്ക് യൂണിവേഴ്സിറ്റി വിദ്യാഭ്യാസത്തോടൊപ്പം പച്ചക്കറി മാര്‍ക്കറ്റിങ്ങിനും അസീസിയ മെച്ചപ്പെട്ട പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നത്. അറിവ്, പ്രോത്സാഹനം, സാമ്പത്തിക ഉന്നമനം എന്നിവ ലക്ഷ്യംവെച്ചാണ് ഈ പ്രവര്‍ത്തനം നടത്തിവരുന്നത്.
ഹെല്‍ത്ത് ആന്‍ഡ് ഇക്കോളജി എന്ന സമഗ്ര ചികിത്സാപദ്ധതിക്ക് രൂപം കൊടുത്ത ദയാല്‍ ആരോഗ്യ രംഗത്തെ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടുന്നു. ശരീരത്തിന് ഉള്ളിലെ മാലിന്യം നീക്കാന്‍ നൂതനമായ എക്സര്‍സൈസ് സംവിധാനം ഇതിന്റെ ഭാഗമാണ്. ആരോഗ്യ രംഗത്ത് വിപ്ലവകരമായ മാറ്റം ഉണ്ടാക്കാന്‍ സാധിച്ചുവെന്നതും നേട്ടമാണ്.
മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനായി വേയ്സ്റ്റ് മാനേജുമെന്റ് സംവിധാനം ഇദ്ദേഹത്തിന്റെ കണ്ടെത്തലാണ്. ഉമിക്കരി ഉപയോഗിച്ചുള്ള കാര്‍ബണ്‍ കംപോസ്റ്റിംഗ് സിസ്റ്റമാണിത്. ഭക്ഷ്യാവശിഷ്ടം മനുഷ്യവിസര്‍ജ്യം, മത്സ്യം, മാംസം എന്നിവയുടെ അവശിഷ്ടങ്ങളില്‍ നിന്ന് ജൈവവളം നിര്‍മ്മിക്കുകയാണ് ഇതിന്റെ ലക്ഷ്യം.
നേച്ചര്‍ സിഗ്നേച്ചര്‍ ഫൗണ്ടേഷന് (പ്രകൃതിയുടെ കൈയൊപ്പ്) എന്ന കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായ ദയാല്‍ സാമൂഹ്യസേവനം നടത്തുന്നതോടൊപ്പം ഇക്കോ ടൂറിസം കണ്‍സള്‍ട്ടന്റായും പ്രവത്തിക്കുന്നു. ഉര്‍വ്വരതയുടെ സംഗീതം, ജൈവകൃഷിയുടെ പ്രാഥമിക പാഠങ്ങള്‍, പച്ചമണ്ണിന്റെ മണം എന്നീ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ഭാര്യ:ജയ്ന. അമ്മ:പി.കെ പത്മാക്ഷി.
അതിജീവനത്തിനായി പ്രകൃതിയുടെ ഭാഷ തിരിച്ചറിഞ്ഞ് അതിന്റെ ഇച്ഛയ്ക്കൊത്ത് സഞ്ചരിക്കാന്‍ ധാരാളംപേര്‍ എത്തുന്നുണ്ട് എന്നത് ജൈവ കൃഷിയ്ക്ക് ആശാവഹമാണെന്നാണ് ദയാലിന്റെ കാഴ്ചപ്പാട്.
പ്രകൃതിയുടെ പാഠപുസ്തകം;പരിസ്ഥിതിയുടെ കാവലാള്‍
ഭക്ഷണം വിളയുന്ന കാട് സൃഷ്ടിച്ചെടുക്കാനുള്ള യജ്ഞത്തില്‍ കഴിഞ്ഞ 22 കൊല്ലമായി പരീക്ഷണത്തിലാണ്. ഒരു പുല്ലുപോലും കിളിര്‍ക്കാത്ത ചൊരിമണലാണ് നാച്വറല്‍ ഇക്കോ സിസ്റ്റത്തിനായി തിരഞ്ഞെടുത്തത്. പ്രദേശികമായി സംരക്ഷിക്കപ്പെടേണ്ട ഇരുന്നൂറിനുമേല്‍ ഇനം സസ്യങ്ങളാണ് ഒന്നരയേക്കറില്‍ നട്ടുപിടുപ്പിച്ചത്.
കൃഷിയില്ലാ കൃഷിയിലേക്കുള്ള തുടക്കമാണോ കാട് നിര്‍മ്മാണം?
സ്വാഭാവികമായ കാട് നില്ക്കുന്നതുപോലെ വളര്‍ന്നുവരണം എന്നാണ് ആഗ്രഹിച്ചത്. എങ്കിലേ ശരിയായ ഫലം കിട്ടുകയുള്ളൂ. ഒന്നരയേക്കറിലെ പത്ത് ശതമാനം ഭൂമിയില്‍ കാവും കുന്നും കുളവും ഉണ്ട്. പഴങ്ങള്‍ കായ്ക്കുന്ന കാടും പാഴ്മരങ്ങള്‍ കൊണ്ടുള്ള കാടും വിളകള്‍ ഉല്‍പ്പാദിപ്പിക്കുന്ന കാടും ഇതില്‍പെടും. താന്നി,കാര,ഇലഞ്ഞി,മരോട്ടി,തമ്പകം,ഉറിഞ്ചി,മട്ടി,പൂവം,ഞാവല്‍,നാഗലിംഗം തുടങ്ങിയ കാട്ടുമരങ്ങളും ഓര്ക്കാഡോ,ബറാബ,ചാമ്പ,പീനട്ട് ബട്ടര്‍,റംബുട്ടാന്,മുള്ളാത്ത,നാടന്‍ ആത്തകള്‍ എന്നീ പഴവര്‍ഗ്ഗങ്ങളും നാച്വറല്‍ ഇക്കോ സിസ്റ്റത്തിലൊരുക്കിയ കാട്ടിലുണ്ട്. മൂന്ന് വര്‍ഷം കൂടി കഴിഞ്ഞാലെ ഇതില്‍ നിന്നും ശരിയായ ഫലം കിട്ടുകയുള്ളു.
ജൈവകൃഷിയുടെ പ്രചാരകനാകാനുള്ള കാരണമെന്ത്?
രണ്ടേക്കറില്‍ തെങ്ങ് കൃഷി ചെയ്ത് പരാജയപ്പെട്ടപ്പോഴാണ് ജൈവ കൃഷി എന്ന ആശയത്തില്‍ എത്തപ്പെട്ടത്. കൂമ്പു ചീയല്‍ മൂലം തെങ്ങുകളെല്ലാം നശിച്ചു. പിന്നീട് രാസമാര്‍ഗം ഉപയോഗിച്ചെങ്കിലും അതും പരാജയപ്പെട്ടു. തെങ്ങിനെ ബാധിച്ച മണ്ഡരി ,കൂമ്പുചീയല്‍ തുടങ്ങിയ രോഗങ്ങള്‍ മൂലം തെങ്ങ്കൃഷി നാശത്തിലെത്തി. കേരളത്തില്‍ തെങ്ങും കയറും ഇല്ലാതാവുകയാണ്. തെങ്ങിനെ രക്ഷിച്ചാലെ കയര്‍ വ്യവസായം നിലനില്ക്കുകയുള്ളു.
എന്ത് പരിഹാരമാണ് നിര്‍ദേശിക്കാനുള്ളത്?
50 വര്‍ഷം മുമ്പുള്ള തെങ്ങ് കൃഷി രീതി തിരികെ കൊണ്ടുവരണം. തെങ്ങിനെ രക്ഷിക്കുവാനുള്ള വഴി അന്വേഷിക്കുകയും പഠിക്കുകയും ചെയ്തു. ലക്ഷദ്വീപില്‍ ഇപ്പോഴും കാറ്റുവീഴ്ച,മണ്ഡരി,കൂമ്പുചീയല്‍ തുടങ്ങിയ രോഗങ്ങളില്ല. അവിടുത്തെ മണ്ണ് പരിശോധനയ്ക്ക് വിഥേയമാക്കി. അത്തരം മണ്ണുപോലെ കേരളത്തിലെ മണ്ണും സമ്പുഷ്ടമാക്കിയാലെ കേരം തിങ്ങും കേരളനാടായി ഇത് മാറുകയുള്ളു.
ജൈവ കൃഷിയിലേയ്ക്ക് തിരിഞ്ഞത്?
തെങ്ങുകൃഷിയെക്കുറിച്ചുള്ള അന്വേഷണമാണ് ജൈവ കൃഷിയിലേയ്ക്ക് തിരിയാനുള്ള കാരണം. കൃഷിയുടേയും കൃഷിക്കാരന്റെയും പ്രശ്നങ്ങള്‍ വളരെ സങ്കീര്‍ണ്ണമാണ്. ജൈവ കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം മാര്‍ക്കറ്റിംഗാണ്.
കര്‍ഷകന്റെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുന്ന മാര്‍ക്കറ്റിംഗ് സംവിധാനം ഇവിടെ ഇതേവരെ ഉണ്ടായിട്ടില്ല. കര്ഷകന് ന്യായമായ വില ലഭിക്കണം. വിഷമില്ലാത്ത ഭക്ഷണം ഉല്‍പ്പാദിപ്പിക്കുന്ന കര്ഷകന് ഉല്പ്പാദനച്ചിലവിന് തുല്യമായ വിലയും നല്കാന് പൊതു സമൂഹത്തിന് ബാധ്യതയുണ്ട്. അവന് പെന്‍ഷനും നല്‍കണം. കൂടുതല്‍ ഉല്പ്പാദിപ്പിക്കുന്നവന് കൂടുതല്‍ പെന്ഷന് നല്‍കണം.
ഹെല്‍ത്ത് ആന്‍ഡ് ഇക്കോളജി എന്ന സമഗ്ര ചികിത്സാ പദ്ധതിയെക്കുറിച്ച്?
ആരോഗ്യരംഗം അപകടകരമായ നിലയിലാണ്. ധാരാളം ചികിത്സാ സംവിധാനം ഉണ്ടായിട്ടും ഒരു വീടുപോലും രോഗവിമുക്തമല്ല. മനുഷ്യന്റെ രോഗ പ്രതിരോധ ശേഷി കുറഞ്ഞതാണ് പലതരം രോഗങ്ങളുടെ വരവിന് കാരണം. ഹെല്‍ത്ത് ആന്‍ഡ് ഇക്കോളജി ചികിത്സാ സംവിധാനം ഇതിന് പരിഹാരമാണ്. നാല് കാരണങ്ങള്‍ ഉണ്ടെങ്കിലേ രോഗം വരികയുള്ളു.
1. ശരീരത്തിനുള്ളിലെ മാലിന്യം
2. അസിഡിറ്റി
3. പോഷകാഹാരക്കുറവ്
4. ശരീരത്തിന്റെ താളം തെറ്റല്‍
ഉദാ: ചുമ നമ്മളെ സംബന്ധിച്ചടത്തോളം രോഗവും ലക്ഷണവുമാണ്. തുമ്മലും പനിയും ഇതേപോലെ തന്നെയാണ്. ശരീര മാലിന്യങ്ങളെ പുറംതള്ളാനുള്ള ശരീരത്തിന്റെ പദ്ധതിയാണിത്. ചുമയും പനിയും തുമ്മലും വന്നിട്ടും ശരീര മാലിന്യങ്ങള്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ വൈറസുകള്‍ കടന്നുവരും. ശരീരത്തിലെ മാലിന്യ നിര്‍മ്മാര്‍ജ്ജനമാണ് രോഗ വിമുക്തിക്കുള്ള ശരിയായ വഴി. രക്തത്തിലെ പിഎച്ച് 7.35 നും 7.45നും ഇടയില്‍ നിലനിര്‍ത്തിയാല്‍ ഒരു രോഗവും വരില്ല. ഉണ്ടാവുന്ന രോഗങ്ങളുടെ 95 ശതമാനവും രക്തത്തിലെ പിഎച്ചുമായി ബന്ധപ്പെട്ടിരിക്കുന്നു.
മലബന്ധം, ഉറക്കമില്ലായ്മ, വിയര്‍ക്കാതിരിക്കല്‍, ടെന്‍ഷന്‍, പ്രോട്ടീന്‍ ഭക്ഷണം, പുളിപ്പിച്ച ആഹാരം എന്നിവ അസിഡിറ്റിക്ക് കാരണമാകും. വിറ്റാമിന്‍ സിയാണ് രോഗപ്രതിരോധ ശക്തി നിലനിര്‍ത്തുന്നത്. എന്നാല്‍ വിറ്റാമിന്‍ സി മനുഷ്യ ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കുന്നില്ല.
നെല്ലിക്ക, പേരക്ക, നാരങ്ങ എന്നിവയില്‍ വിറ്റാമിന്‍ സി ധാരാളമുണ്ട്. ഇവ നിത്യഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയാണ് വേണ്ടത്. ഇവയുടെ പോരായ്മ കാന്‍സറിന്റെ കാരണങ്ങളിലൊന്നാണ്. അയഡൈസ്ഡ് ഉപ്പ് നല്കുന്ന അയഡിന്‍ ഫലപ്രദമല്ല. ഇപ്പോള്‍ ജൈവഅയഡിന് ലഭ്യമാണുതാനും.
108 മൂലകങ്ങള്‍ ശരീരത്തിന്റെ പ്രതിരോധശക്തിക്ക് അനിവാര്യമാണ്. ഇവ ജൈവ കൃഷിക്കല്ലാതെ മറ്റൊരു സംവിധാനത്തിനും നല്കാന് സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: