ഭരണകൂടം തങ്ങളെ അധികാരത്തിലേറ്റിയ ജനതയോട് യുദ്ധം ചെയ്യുന്ന അപൂര്‍വ കാഴ്ചകള്‍ക്കാണ് കീഴാറ്റൂരിലെ വയല്‍ സാക്ഷ്യം വഹിക്കുന്നത്. നെല്‍പ്പാടം കര്‍ഷകരുടേതും കര്‍ഷക തൊഴിലാളികളുടേതുമാണെന്നും പോലീസിന് പാടത്ത് കാര്യമില്ലെന്നുമുള്ള സമരക്കാരുടെ മുന്നറിയിപ്പിനുള്ള മറുപടി, നിങ്ങള്‍ കര്‍ഷകരല്ല, വയല്‍ക്കിളികളല്ല, കഴുകന്മാരാണെന്നുള്ള, കവി കൂടിയായ മന്ത്രിയുടെ നിയമസഭാ പ്രസംഗമാണ്. അധികാരം ദുഷിപ്പിക്കുമെന്നും കൂടുതല്‍ അധികാരം കൂടുതല്‍ ദുഷിപ്പിക്കുമെന്നുമുള്ള ചൊല്ലിന് തെളിവ് വേറെ വേണ്ട.
തങ്ങള്‍ വികസനത്തിനെതിരല്ലെന്നു പറയുമ്പോള്‍ത്തന്നെ വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തി ദേശീയ പാത പണിയുന്നത് തങ്ങളുടെ ജീവിത സ്രോതസ്സുകളെയാണ് ഇല്ലാതാക്കുന്നതെന്ന് വയല്‍ക്കിളികള്‍ അധികാരികളോട് പറയുന്നു. എന്നാല്‍ ബദലുകളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ ചെവി കൊടുക്കുന്നില്ല. കീഴാറ്റൂരിലെ വയലിലൂടെ റോഡ് നിര്‍മ്മിക്കാന്‍ 29 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കണമെന്നാണ് സിപിഎമ്മിനെ എന്നും അനുകൂലിച്ച ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പഠനം മുന്നോട്ട് വയ്ക്കുന്നത്. കുവ്വോട്, കീഴാറ്റൂര്‍ പ്രദേശങ്ങളിലെ വയല്‍ പൂര്‍ണ്ണമായും ഇല്ലാതാകുകയും, വയലിനു ചുറ്റുമുള്ള മൂന്നു കുന്നുകളിലെ വെള്ളം ഒഴുകിയെത്തുന്നതോടെ സമീപത്തെ കരപ്രദേശങ്ങള്‍ വെള്ളക്കെട്ടിലാകുമെന്നും പരിഷത്തും നാട്ടുകാരും സര്‍ക്കാരിനെ ഓര്‍മ്മിപ്പിക്കുന്നു. വയലിലൂടെ റോഡ് പണിയാന്‍ മൂന്നര മീറ്ററെങ്കിലും മണ്ണിട്ടുയര്‍ത്തേണ്ടി വരും. കുന്നുകളിടിക്കാതെ ഒരു ലക്ഷത്തി മുപ്പതിനായിരം ലോഡ് മണ്ണെവിടെ നിന്ന് ലഭിക്കുമെന്ന ചോദ്യവും ഉയരുന്നു.
ദേശീയ പാതയുടെ ആദ്യ രൂപരേഖ മാറ്റിയതെന്തിന് എന്ന ചോദ്യത്തിന് സര്‍ക്കാര്‍ ഇനിയും ഉത്തരം നല്‍കിയിട്ടില്ല. റോഡരികിലെ വന്‍ കച്ചവട സ്ഥാപനങ്ങളുടെ മുതലാളിമാര്‍ക്കുള്ള വിലപേശല്‍ മൂല്യം കീഴാറ്റൂരിലെ ദരിദ്ര കര്‍ഷക ജനതയ്ക്കുണ്ടാവില്ല. തളിപ്പറമ്പിലും പരിസര പ്രദേശങ്ങളിലും പാര്‍ട്ടിയുടെ ചാവേറുകളായി പ്രവര്‍ത്തിച്ച പാരമ്പര്യമുള്ള ഒരു പ്രദേശത്തെ ജനതയ്ക്കല്ല, മറിച്ച് നഗരവല്‍ക്കരിക്കപ്പെട്ട കേരളത്തിലെ പുത്തന്‍ സാമ്പത്തിക ശക്തികള്‍ക്കാണ് പാര്‍ട്ടിയില്‍ മേല്‍ക്കൈ എന്നതിന്റെ ജീവിക്കുന്ന തെളിവുകൂടിയാണ് കീഴാറ്റൂരിലെ സമരവും അതിനെതിരെയുള്ള സര്‍ക്കാരിന്റെ ആക്രമണവും.
കൃഷി ഭൂമി നശിപ്പിക്കരുതെന്ന് പറഞ്ഞ് സമരം ചെയ്ത പന്ത്രണ്ടുപേരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ചരിത്രമാണ് കണ്ണൂരിലെ സിപിഎമ്മിനുള്ളത്. തങ്ങള്‍ക്കിഷ്ടമില്ലാത്തവരെ ജീവിക്കാനനുവദിക്കില്ലെന്ന പുതിയ തമ്പ്രാക്കന്മാരുടെ ഉത്തരവുകളാണ് കീഴാറ്റൂരില്‍ നടപ്പാക്കുന്നത്. കര്‍ഷകത്തൊഴിലാളികളുടെ സമര പാരമ്പര്യത്തെക്കുറിച്ച് അഭിമാനംകൊണ്ടിരുന്ന പാര്‍ട്ടി അത്തരക്കാരെ ‘കടക്ക് പുറത്ത്’ എന്ന് ആജ്ഞാപിച്ച് പടിയടയ്ക്കുകയാണ്. ഭരണകൂടവും പാര്‍ട്ടി യന്ത്രവും പാവപ്പെട്ട ജനവിഭാഗത്തെ ശത്രുപക്ഷത്ത് നിര്‍ത്തി യുദ്ധം ചെയ്യുകയാണ്. തളിപ്പറമ്പ് റോഡില്‍ സ്ഥല ലഭ്യതയ്ക്കനുസരിച്ച് വീതി കൂട്ടുക, നിലവിലെ റോഡിന് മേല്‍പ്പാത നിര്‍മ്മിക്കുക, തുടങ്ങിയ ബദല്‍ സാദ്ധ്യതകളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പോലും സര്‍ക്കാര്‍ തയാറാവുന്നില്ല. അധികാരത്തിന്റെ ബലത്തില്‍ പോലീസിനെ ഉപയോഗിച്ച് സമരക്കാരെ അറസ്റ്റ് ചെയ്യുകയും എന്തും ചെയ്യാന്‍ മടിക്കാത്ത പാര്‍ട്ടി അണികളെക്കൊണ്ട് സമരപ്പന്തല്‍ തീവെപ്പിക്കുകയും ചെയ്യുന്ന ‘നീതിയാണ്’ കീഴാറ്റൂരില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
ദേശീയപാതയുടെ വിന്യാസം മാറ്റാമെന്നും പ്രാദേശിക ജനവിഭാഗത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്കി വികസനം നടപ്പാക്കാമെന്നുമിരിക്കെ, എന്തിനാണ് ഒരു ഗ്രാമത്തോട് ഭരണകൂടം യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത് എന്ന് കേരളം ഒറ്റക്കെട്ടായി ചോദിക്കേണ്ട അവസരമാണിത്. സമരത്തിലുള്ളവരെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും പിന്തിരിപ്പിക്കുകയും സമരം ചെയ്യുന്നവരുടെ കണക്കെടുത്ത് എണ്ണം കുറഞ്ഞു എന്ന് പരിഹസിക്കുകയുമല്ല ഭരണകൂടം ചെയ്യേണ്ടത്. സത്യവും ശരിയും നീതിപൂര്‍വവുമായ യാഥാര്‍ത്ഥ്യം വിളിച്ചുപറയുന്നത് ഒരാള്‍ മാത്രമാണെങ്കില്‍ക്കൂടി അതിന്റെ പക്ഷത്ത് നില്‍ക്കുകയാണ് ഭരണകൂടത്തിന്റെ ബാദ്ധ്യത. കര്‍ഷകരുടെയും ഗോത്രജനവിഭാഗത്തിന്റെയും ആവശ്യങ്ങള്‍ എങ്ങനെ പരിഹരിക്കണമെന്ന് മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ ഈയിടെ തെളിയിച്ചിട്ടുണ്ട്. രാഷ്ട്രീയ അഭിപ്രായ വ്യത്യാസം ഏറെയുണ്ടെങ്കിലും ആ യുവമുഖ്യമന്ത്രിയില്‍ നിന്ന് എഴുപതുകാരനായ പിണറായി പലതും പഠിക്കേണ്ടതുണ്ട്. ആദ്യ പാഠം കീഴാറ്റൂരിലെ കര്‍ഷക ജനതയുടെ സമരം പരിഹരിക്കുന്നതിലൂടെയാവട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: