വനത്തെക്കുറിച്ചു പറയുമ്പോള്‍ ആകാശത്തോളം നീണ്ടുപോകും കഥകള്‍. കാടിനെക്കുറിച്ചു പറയാത്തതോ എഴുതാത്തതോ ആയതൊന്നുമില്ല. ഹരിതാഭയുടെ ഒരു വനപ്രദേശം ഓരോരുത്തരും മനസില്‍കൊണ്ടു നടക്കുന്നുണ്ട്. അതൊക്കെ കണ്മുന്നില് കത്തിയും കൊഴിഞ്ഞും പോകുമ്പോള്‍ വനദിനമായ ഇന്നും ഓര്‍മിപ്പിക്കുന്നത് വെട്ടിയും വേരെടുത്തും നശിക്കുന്ന മരവിലാപങ്ങള് മാത്രം.
ഓരോ വനദിത്തിലും ആവര്‍ത്തിക്കുന്നത് വനനശീകരണത്തിന്റെ കഥകള്‍ തന്നെയാണ്.വനനിബിഡതയെക്കുറിച്ചൊന്നും അത്രയ്ക്കു കേള്‍ക്കാനാവുന്നില്ല. പക്ഷേ അടുത്തകാലത്ത് കേരളിയരെ ചുട്ടുപൊള്ളിച്ച് കണ്ണീരുകുടിപ്പിച്ച കഥയുണ്ട്. ആദ്യമായിട്ടാകും ഇത്തരമൊരു തീക്കടച്ചില്‍. 17പേരാണ് കുരങ്ങിണി മലയില്‍ കാട്ടുതീയില്‍ വെന്തുരുകിയത്. ഏക്കറുകണക്കിനു കാടിനൊപ്പം വിലപ്പെട്ട ജീവനും ആവിയായതിന്റെ ഞെട്ടലില്‍നിന്ന് കേരളവും തമിഴ്നാടും ഇനിയും ഉണര്‍ന്നിട്ടില്ല. വിദേശങ്ങളില്‍ മാസങ്ങളോളം നീണ്ടുനില്‍ക്കുന്ന കാട്ടുതീയെക്കുറിച്ച് കേട്ടിട്ടുണ്ട്.പതിനായിരക്കണക്കിന് ഹെക്ടറുകളാണ് അങ്ങനെ കത്തിനശിക്കുന്നത്.ജന്തുക്കളും പക്ഷികളും കാടനുബന്ധമായുള്ള മറ്റു ജീവനുകളും അതില്‍ ചാമ്പലാകാറുണ്ട്.അപ്പോഴും മനുഷ്യക്കുരുതികള്‍ ഏറെയൊന്നും കേള്‍ക്കാറില്ല.കാര്യമായ വിവരമോ നേര്‍വഴികാട്ടാനുള്ള വനപരിചിതരോ ഇല്ലാതെ പുതിയ ഭാഷയില്‍ ട്രക്കിങ്ങെന്ന പൊങ്ങച്ചത്തിന്റെ സാഹസികതയുള്ള മലകയറ്റമായിരുന്നു അത്.തീപടര്‍ന്നപ്പോള്‍ ദിക്കറിയാതെ നാലുപാടും ഓടിയവരില്പ്പെട്ടവരാണ് ഇങ്ങനെ മരിച്ചത്.യാതൊരുവിധ ഉത്തരവാദിത്തവുമില്ലാതെ, പണത്തിനായി ട്രക്കിംങ് ക്ളെബെന്നും ഫോറസ്റ്റ് ഹോം എന്നൊക്കെ ഓമനപ്പേരിട്ട അനധികൃത ഏര്‍പ്പാടുകളുടെ വലയില്കുടുങ്ങിവരാണ് ഇങ്ങനെ കാട്ടുതീയില്‍ അകപ്പെട്ടതെന്നാണുവിവരം.
മാറി വരുന്ന ഓരോ സര്‍ക്കാരിനും വനം മന്ത്രിയും വനംവകുപ്പും ഉണ്ടെന്ന ആശ്വാസത്തില്‍ മാത്രം ഒതുങ്ങുന്നതാണ് വനനയം എന്നുതോന്നുന്നു.വനസ്വഭാവമറിയാതെ വെറുതെ കാടുകാണുന്നവരായിമാത്രം ഒതുങ്ങുന്നതാണ് വനംവകുപ്പ്.കാട്ടുകള്ളന്മാര്ക്കൊപ്പം കാടിനെ വഞ്ചിച്ച് കഴിയുന്നവരും ഇവരിലുണ്ട്.കാടിനെ ജീവനായിത്തന്നെപ്രണയിച്ചവരും ഇക്കൂട്ടരില്‍ ഇല്ലാതില്ല.ഉള്ളവനം സംരക്ഷിക്കാനോ വെച്ചുപിടിപ്പിച്ച മരങ്ങള്‍ വളര്‍ത്തുവാനോ കഴിയാതെ വെറും ധൂര്‍ത്തിന്റെ ആഘോഷമായിപ്പോകുകയാണ് നമ്മുടെ വനമഹോത്സവങ്ങള്‍. ഏതെങ്കിലും സര്‍ക്കാര്‍ താല്പ്പര്യങ്ങള്കൊണ്ടോ കവികളുടെ മനോഹരമായ കവിതകള്‍കൊണ്ടോ നിലനില്ക്കുന്നവയല്ല വനങ്ങള്‍. മരം മനുഷ്യന് വരം എന്ന മുദ്രാവാക്യത്തിനും കേള്‍ക്കാന്‍ ഇമ്പത്തെക്കാള്‍ വലിയ പ്രസക്തിയില്ല.മനുഷ്യന്റെ നിലനില്‍പ്പിന്റെ ഭാഗമായി മരങ്ങളെ സംരക്ഷിക്കാന്‍ കഴിയണം.ഓരോ പ്രദേശത്തും അങ്ങനെ മരങ്ങള്‍ നട്ടുവളര്‍ത്തി സംരക്ഷിച്ചവരുണ്ട്.കണ്ടല്‍ക്കാടുകളുടെ മിത്രമായ പൊക്കുടന് ഇത്തരമൊരു മികച്ച മാതൃകയാണ്.
വികസനത്തിന്റെ പേരുള്ള നഗരവല്ക്കരണത്തില് നഷ്ടമാകുന്നുണ്ട് വനങ്ങള്‍.വനത്തിന്റെ പച്ചപ്പ് നശിപ്പിച്ച് പകരം കോണ്‍ക്രീറ്റുവനങ്ങള്‍ ഉയര്‍ത്തുകയെന്നത് നമ്മുടെ പുരോഗതിയായിട്ട് നാളുകള്‍ അനവധിയായി.കേരളത്തിന്റെ ജലസമ്പത്തായ 44 നദികള്‍ പുറപ്പെടുന്നത് പശ്ചിമഘട്ട വനപ്രദേശങ്ങളില്നിന്നുമാണ്.അതെങ്കിലും നമുക്കുപിടിച്ചു നിര്‍ത്തണം.
വനസംരക്ഷണം ഭാരതീയ പൈതൃകമാണ്.വൃക്ഷ പൂജ അന്നും ഇന്നും നിലനില്‍ക്കുന്നുണ്ട്.വൃക്ഷ സംരക്ഷണവും അവയെ ആരാധിക്കലും നമ്മുടെ രാജാക്കന്മാരുടെ ജീവിതരീതി തന്നെയായിരുന്നു.ഭാരതീയ ഇതിഹാസങ്ങളും കാളിദാസ കൃതികളും വനസ്വഭാവം അറിഞ്ഞവയാണ്.മനുഷ്യനെ കാടകം കാണാന്‍ തുടര്‍ച്ചയായി ക്ഷണിക്കുന്ന മഹത്തായ പുസ്തകമാണ് തോറോയുടെ വാള്ഡന്.ലോകത്തിലെ മികച്ച ഇതിഹാസ രചനയായിത്തന്നെ ഇതു വാഴ്ത്തപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: