ഇഷ്ടിക കൊണ്ട് മുഖത്തേറ്റ ഇടി, മാനസിക കേന്ദ്രത്തിലെ പീഡനം, കഴുത്തില്‍ കത്തി വെച്ചുള്ള മുസ്ലീം തീവ്രവാദികളുടെ ഭീഷണി, ഇതൊക്കെ അനുഭവിക്കാന്‍ മാത്രം ചെയ്ത കുറ്റമോ, ഇഷ്ടപ്പെട്ട എഴുത്തുകാര്‍ ആരൊക്കെയെന്ന ചോദ്യത്തിന് സല്മാന് റുഷ്ദി എന്ന പേര് മറുപടിയായി പറഞ്ഞു. ബോള്‍ഗാട്ടി പാലസില്‍ അന്താരാഷ്ട്ര സാഹിത്യോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയ ദക്ഷിണാഫ്രിക്കന്‍ എഴുത്തുകാരിയും ഇന്ത്യന്‍ വംശജയുമായ സൈനുബ് പ്രിയ ഡാലയ്ക്ക് പറയാനുള്ളത് അവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനു മേലുണ്ടായ കടന്നാക്രമണത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ്.
ഓര്‍മ്മയിലെ കരിയാത്ത മുറിവ്
2015 ലെ ആ ദിവസത്തെക്കുറിച്ചോര്ക്കാന് സൈനുബ് പ്രിയയ്ക്ക് ഇന്നും പേടിയാണ്. വാട്ട് എബൗട്ട് മീര എന്ന ആദ്യ നോവല്‍ പുറത്തിറങ്ങാന്‍ പോകുന്നതിന്റെ ആവേശത്തിലായിരുന്നു പ്രിയ. പുസ്തകത്തിന്റെ പ്രചരണാര്‍ത്ഥം പല പൊതുപരിപാടികളിലും പങ്കെടുക്കുകയും ആളുകളുമായി ആശയവിനിമയം നടത്തുകയുമായിരുന്നു ആ ദിവസങ്ങളിലെ പ്രിയയുടെ പ്രധാന പരിപാടി. അങ്ങനെ ഒരു സ്കൂളില്‍ പ്രഭാഷണം നടത്താന്‍ ചെന്നതായിരുന്നു അവര്‍. പരിപാടിക്കിടെ സദസ്സില്‍ നിന്ന് പല ചോദ്യങ്ങളും ഉയര്‍ന്നു. അതില്‍ ഒരു ചോദ്യം ആരൊക്കെയാണ് പ്രിയയുടെ പ്രിയപ്പെട്ട എഴുത്തുകാര്‍ എന്നതായിരുന്നു. സത്യസന്ധതയോടെ അതിനവര്‍ ഉത്തരം നല്കി. എന്നാല്‍ ആ ഉത്തരം വരുത്തി വെക്കാന്‍ പോകുന്ന ആപത്തിനെക്കുറിച്ച് അന്ന് പ്രിയയ്ക്ക് തീര്‍ച്ചയുണ്ടായിരുന്നില്ല. പറഞ്ഞ പേരുകളില്‍ ബുക്കര്‍ സമ്മാന ജേതാവും ഇന്തോ – ബ്രിട്ടീഷ് എഴുത്തുകാരനുമായ സല്മാന് റുഷ്ദിയുടെ പേരുമുണ്ടായിരുന്നു. അത് ആകെ വിനയായി.
സാത്താനിക് വേഴ്സസ് എന്ന പുസ്തകം പുറത്തുവന്നതോടെ റുഷ്ദിക്കെതിരെ മുസ്ലീം സമുദായം ഫത്വ ഏര്‍പ്പെടുത്തിയിരുന്നു. അങ്ങനെയുള്ള ഒരാളുടെ സൃഷ്ടികള്‍ പ്രിയയെ ആകര്‍ഷിച്ചു എന്ന വാക്കുകള്‍ അവിടെയുണ്ടായിരുന്ന മുസ്ലീം സമുദായാംഗങ്ങളില്‍ നീരസമുണ്ടാക്കി. അധ്യാപകരടക്കം നിരവധി പേര് സദസ്സില്‍ നിന്ന് ഇറങ്ങിപ്പോയി. പിന്നീടുള്ള ദിവസങ്ങളില്‍ സൈനുബ് പ്രിയ എന്ന വ്യക്തിക്ക് കടന്നു പോകേണ്ടി വന്നത് തീരാ ദുരിതങ്ങളിലൂടെയായിരുന്നു.
തൊട്ടടുത്ത ദിവസം ഡര്‍ബനിലെ സാഹിത്യോത്സവത്തില്‍ പങ്കെടുത്ത് കാറില്‍ ഒറ്റയ്ക്ക് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പ്രിയയെ ഒരു കൂട്ടം മുസ്ലീം തീവ്രവാദികള്‍ കിലോമീറ്ററുകളോളം പിന്തുടര്ന്നു. വാഹനം തടഞ്ഞു നിര്‍ത്തി കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തി. ഇതിനിടെ അക്രമികളിലൊരാള്‍ ഇഷ്ടികകൊണ്ട് മുഖത്തിടിച്ചു. റുഷ്ദിയുമായി ബന്ധപ്പെടുത്തി അശ്ലീലം പറഞ്ഞു.
അവിടം കൊണ്ടും പ്രശ്നങ്ങള്‍ അവസാനിച്ചില്ല.
ഡര്‍ബനിലെ ഉന്നത മുസ്ലീം വ്യവസായ കുടുംബത്തിലെ അംഗമായിരുന്നു പ്രിയയുടെ ഭര്‍ത്താവ്. പ്രാര്‍ത്ഥനയില്‍ മുഴുകാനും വാക്കുകള്‍ പിന്‍വലിച്ച് മാപ്പു പറയാനുമുള്ള കുടുംബാഗങ്ങളുടെയും സമുദായത്തിന്റെയും നിര്‍ബന്ധം വര്‍ധിച്ചു വന്നു. ആദ്യ പുസ്തകം പുറത്തിറങ്ങാതെ കുറേ ദിവസങ്ങള്‍ കൂടി ഇരുട്ടില്‍ കിടന്നു. വായിക്കുന്നതിന് മുന്‍പ് ആളുകള്‍ പുസ്തകത്തെ വിമര്‍ശിക്കാന്‍ തുടങ്ങി.
ആക്രമണത്തിന്റെ മാനസികാഘാതത്തില്‍ നിന്ന് പുറത്ത് കൊണ്ടുവരാന്‍ എന്ന് ധരിപ്പിച്ച് ചില മതപണ്ഡിതന്മാര് മുന്‍കൈയെടുത്ത് ഒരു മാനസികാരോഗ്യ കേന്ദ്രത്തിലാക്കി. പിന്നെ ദിവസങ്ങളോളം നാലു ചുവരുകള്‍ക്കുള്ളില്‍. എല്ലാം വീണ്ടും പഴയപടിയാകും എന്ന പ്രതീക്ഷയോടെയുള്ള ജീവിതം.
തന്റെ ചിന്തകളെ ഇല്ലാതാക്കാനുള്ള ഗൂഢനീക്കമാണ് നടക്കുന്നതെന്ന് മനസ്സിലാക്കിയ പ്രിയ, മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് പുറത്തുകടക്കാനുള്ള ശ്രമം തുടങ്ങി. പ്രിയയ്ക്കു നേരിടേണ്ടി വന്ന ആക്രമണത്തിന്റെ വാര്‍ത്തകള്‍ ലോകം മുഴുവന്‍ പ്രചരിക്കുന്നുണ്ടായിരുന്നു. അങ്ങനെ എഴുത്തുകാരുടെ അന്താരാഷ്ട്ര സംഘടനയായ പെന്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ വിഷയത്തില്‍ ഇടപെട്ടു. തന്റെ കൃതികളോടുള്ള ഇഷ്ടം ഏറ്റുപറഞ്ഞുവെന്ന തെറ്റിന് ക്രൂര പീഡനത്തിനിരയാക്കപ്പെട്ട പ്രിയയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് സല്മാന് റുഷ്ദിയും രംഗത്തെത്തി.
പ്രിയയുടെ അച്ഛനും എഴുതുമായിരുന്നു. അവള് എഴുതിത്തുടങ്ങിയ കാലത്തേ അച്ഛന് പറയുമായിരുന്നു ഇതൊരു അപകടം പിടിച്ച പണിയാണെന്ന്. എന്നാല്‍ അന്നു മനസ്സിലാകാതിരുന്ന ആ വാക്കുകളുടെ പൊരുള്‍ തനിക്കു നേരെയുണ്ടായ ആക്രമണവും പിന്നീടുള്ള ദുരിതങ്ങളുമാണ് മനസ്സിലാക്കി തന്നതെന്ന് പ്രിയ പറയുന്നു. അതോടെ ജീവിതത്തില്‍ പല മാറ്റങ്ങളും ഉണ്ടായി. ഒരു സാധാരണ സൈക്കോളജിസ്റ്റ് മാത്രമായിരുന്ന പ്രിയ ഒരു രോഗിയുടെ വീക്ഷണകോണില്‍ നിന്നുകൂടി കാര്യങ്ങള്‍ കാണാന്‍ പഠിച്ചു. മെല്ലെമെല്ലെ സാധാരണ ജീവിതത്തിലേക്ക് തിരികെവന്നു.
ഇന്ത്യയോടും പ്രിയം
മൂന്ന് തലമുറകള്‍ക്ക് മുമ്പാണ്് സൈനുബ് പ്രിയയുടെ കുടുംബം ദക്ഷിണാഫ്രിക്കയിലേക്ക് കുടിയേറിയത്. കരിമ്പിന് തോട്ടങ്ങളില്‍ അടിമ വേല ചെയ്യാന്‍ ഇന്ത്യയില്‍ നിന്ന് കടല്‍ മാര്‍ഗ്ഗം ആഫ്രിക്കയിലെത്തിച്ചതാണവരെ. ജനിച്ചതും വളര്‍ന്നതും ഇന്ത്യയിലല്ലെങ്കിലും ദശകങ്ങളായി കുടിയേറ്റക്കാരായ ഇന്ത്യന്‍ സമൂഹത്തിനിടയിലാണ് അവള് ജീവിച്ചത്. പ്രിയയുടെ സൃഷ്ടികളില്‍ ഇന്ത്യന്‍ പേരുകളും ബോളിവുഡുമൊക്കെ നിറഞ്ഞ് നില്ക്കുവാന് കാരണവും അതുതന്നെ. ദക്ഷിണാഫ്രിക്കയിലെ ജീവിതത്തിനിടയിലും എങ്ങനെയും സ്വന്തം നാടിനെക്കുറിച്ചും അസ്തിത്വത്തെക്കുറിച്ചും അറിയണമെന്നുള്ള അതിയായ ആഗ്രഹമായിരുന്നു പ്രിയയുടെ പിതാവിന്. കുടുംബത്തിന്റെ വേരുകള്‍ തേടിയുള്ള അദ്ദേഹത്തിന്റെ യാത്ര ചെന്നവസാനിച്ചത് യുപിയിലെ ഗോരഖ്പൂരിലായിരുന്നു. എന്നാല്‍ അവിടെ തങ്ങളുടേതെന്ന് പറയാനാകുന്ന ഒന്നും അദ്ദേഹത്തിന് കണ്ടെത്താനായില്ല. പിന്നീട് പ്രിയയും പല ശ്രമങ്ങള്‍ നടത്തി. ഇന്ത്യയിലെത്തുന്നത് സ്വന്തം വീട്ടിലേക്കുള്ള മടങ്ങിവരവാണ് പ്രിയയ്ക്ക്.
പ്രിയ പറയുന്ന അപ്രിയസത്യങ്ങള്‍
വാട്ട് എബൗട്ട് മീര, ആര്‍ക്കിടെക്ചര്‍ ഓഫ് ലോസ് എന്നിങ്ങനെ പ്രിയയുടെ രണ്ട് നോവലുകളാണ് പുറത്തിറങ്ങിയിട്ടുള്ളത്. ആര്‍ക്കിടെക്ചര്‍ ഓഫ് ലോസ് അടുത്തിടെ ഇന്ത്യയിലും പ്രസിദ്ധീകരിച്ചു. പുസ്തകത്തിന്റെ പ്രചരണാര്‍ത്ഥം കൂടിയാണ് കൊച്ചിയിലെ സാഹിത്യോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. ദക്ഷിണാഫ്രിക്കയില്‍ വര്‍ണ്ണവിവേചനത്തിനെതിരെ പോരാടിയ ധീരവനിതയുടെ വീരഗാഥയാണ് ഈ നോവല്‍. പോരാട്ടങ്ങള്‍ക്കിടയില്‍ ഒരമ്മയും മകളും തമ്മില്‍ രൂപപ്പെടുന്ന മാനസികാകല്ച്ചയും പിന്നീടുള്ള പൊരുത്തപ്പടലുമാണ് ആര്‍ക്കിടെക്ചര്‍ ഓഫ് ലോസിന്റെ കഥാതന്തു. ഇന്ത്യയിലെ വായനക്കാരും പുസ്തകത്തെ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്നാണ് പ്രിയ പ്രതീക്ഷിക്കുന്നത്.
ഇന്ത്യയെ മാത്രമല്ല ഇവിടുത്തെ സംസ്കാരവും കലയുമൊക്കെ സൃഷ്ടികളില്‍ ഉള്‍പ്പെടുത്തുവാന്‍ പ്രിയ ശ്രമിക്കാറുണ്ട്. ഇന്ത്യന്‍ സംഗീതത്തോട്, പ്രത്യേകിച്ച് ഗസലിനോടുള്ള അടങ്ങാത്ത പ്രണയമാണ് പ്രിയയുടെ അടുത്ത നോവല്‍. ഉര്‍ദു കവിയുടെ കഥയാണത്.
ആദ്യ നോവല്‍ വാട്ട് എബൗട്ട് മീരയും ദക്ഷിണാഫ്രിക്കയില്‍ ഏറെ ചര്‍ച്ചയായി. മാനസികവൈകല്യമുള്ള കുഞ്ഞുങ്ങളെ ചികിത്സിക്കുന്ന മീര നരേന് എന്ന ഡോക്ടറുടെ കഥ പറഞ്ഞ നോവല്‍ മിനാരാ അസീസ് ഹാസിം സാഹിത്യ സമ്മാനമടക്കം നിരവധി പുരസ്കാരങ്ങള്‍ നേടി. ദക്ഷിണാഫ്രിക്കയിലെ ഏറ്റവും വലിയ സാഹിത്യപുരസ്കാരമായ ബാരി റോഞ്ച് ഫിക്ഷന്‍ സമ്മാനത്തിന്റെ സാധ്യതാ പട്ടികയിലും വാട്ട് എബൗട്ട് മീര ഇടംപിടിച്ചു.
ഇന്ത്യ വിട്ട് ദക്ഷിണാഫ്രിക്കയിലേക്ക് ചേക്കേറിയ ഒരു വലിയ ജനസമൂഹത്തിന്റെ ശബ്ദമാണിന്ന് പ്രിയ. അവളുടെ കഥകളിലൂടെ ലോകം വായിക്കുന്നതാകട്ടെ രണ്ടു സംസ്കാരങ്ങള്‍ക്കിടയില്‍ സ്വന്തം സ്വത്വം തേടുന്ന കുറേ മനുഷ്യരുടെ ജീവിതങ്ങളും. ആ മനുഷ്യരില്‍ താനുമുണ്ടെന്നറിയാം പ്രിയയ്ക്ക്. അവര്‍ക്കു വേണ്ടി എഴുതുന്ന അക്ഷരങ്ങളില്‍ തന്നെത്തന്നെ കാണുകയാണ് അവള്…അതുകൊണ്ടാണ് അവള് ഇപ്പോഴും എഴുതുന്നത്…
ബോള്‍ഗാട്ടിയുടെ തീരത്ത് വെയില് അവസാനിക്കുന്നു….പലപാടു ചിതറി പ്രിയയുമായുള്ള സംഭാഷണവും…
പ്രതികരിക്കാൻ ഇവിടെ എഴുതുക: