മാര്‍ക്സിസ്റ്റുകള്‍ക്ക് തിരിച്ചറിവ് വരുമ്പോഴേക്കും കാലം കുറെ കഴിഞ്ഞിരിക്കുമെന്ന് പറയാറുണ്ട്. അപ്പോഴേക്കും ഒന്നുകില്‍ കാര്യം തീര്‍ന്നിരിക്കും, അല്ലെങ്കില്‍ നടപ്പാക്കാന്‍ പറ്റാതെ ആയിട്ടുണ്ടാവും. ഏതാണ്ട് ഇതേ പോലെയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ കഴിഞ്ഞ ദിവസത്തെ പ്രതികരണം. നിയമസഭയില്‍ സംസാരിക്കുമ്പോഴാണ് അദ്ദേഹം സിപിഐ ഉള്‍പ്പെടെയുള്ള കക്ഷികളുടെ എവിടെയും കൊടികുത്തുന്ന പ്രാകൃത നിലപാടിനെ തള്ളിപ്പറഞ്ഞത്. ഒരളവുവരെ സ്വന്തംപാര്‍ട്ടിയുടെ സ്വഭാവത്തിനെതിരെയുള്ള പ്രതികരണവുമായി അത്. കേരളത്തിന്റെ സാമൂഹിക പശ്ചാത്തലത്തില്‍ ഏറെ പ്രസക്തമായ ഒരു കാര്യത്തിലേക്കാണ് മുഖ്യമന്ത്രി ശ്രദ്ധക്ഷണിച്ചിരിക്കുന്നത്.
ഗള്‍ഫില്‍ ചോരനീരാക്കി പ്രവര്‍ത്തിച്ചതിന്റെ സമ്പാദ്യവുമായി സ്വന്തം നാട്ടില്‍ ഇനിയുള്ള കാലം കഴിയാമെന്ന സുഗതന് എന്ന പ്രവാസിയുടെ പ്രതീക്ഷയാണ് സിപിഐയും അവരുടെ യുവജനവിഭാഗവും തല്ലിക്കെടുത്തിയത്. വര്‍ക്ക് ഷോപ്പ് തുടങ്ങാനായി ഒരു സ്ഥലം പാട്ടത്തിനെടുത്ത സുഗതനെ നിരന്തരം സമ്മര്‍ദ്ദത്തിലാക്കി വന്‍ തുക വസൂലാക്കുകയായിരുന്നു കമ്യുണിസ്റ്റു പാര്‍ട്ടി. ഒടുവില്‍ നില്ക്കക്കള്ളിയില്ലാതായതോടെ അദ്ദേഹം സ്വന്തം വര്‍ക്ക്ഷോപ്പില്‍ തൂങ്ങിമരിച്ചു. ഇത് സമൂഹത്തില്‍ വന്‍ പ്രതിഷേധത്തിനിടയാക്കി. നിയമസഭയില്‍ പ്രസ്തുതവിഷയം ഉയര്‍ന്നുവന്നതിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രി ഇത്തരം സംഭവഗതികള്‍ക്കെതിരെ തുറന്നടിച്ചത്. ഒരു പ്രവാസി ബസ് സര്‍വീസ് തുടങ്ങി കുത്തുപാളയെടുക്കുന്നത് ചിത്രീകരിച്ച ‘വരവേല്‍പ്പ്’ സിനിമ ഇത്തരുണത്തില്‍ ആരുടേയും ഓര്‍മയിലെത്തും.
വികസനം മുരടിപ്പിക്കുകയും അതുവഴി സമൂഹത്തെ അരാജകത്വത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്ന രീതിയാണ് ഇരുകമ്യൂണിസ്റ്റുകള്‍ക്കുമുള്ളത്. ഒരുഭാഗത്ത് പിടിച്ചെടുക്കലെങ്കില്‍ മറുഭാഗത്ത് വെട്ടിനിരത്തല്‍ ആണെന്ന വ്യത്യാസമേയുള്ളൂ. കൈ നനയാതെ മീന്‍ പിടിക്കുന്ന സ്വഭാവത്തിലേക്ക് യുവസമൂഹത്തെ നയിക്കുകയും, അവരെ നിഷ്ക്രിയമാക്കുകയും ചെയ്യുകയെന്നതും അതിനൊപ്പമുണ്ട്. ഒടുവില്‍ അവരെ കുറ്റവാളി സംസ്കാരത്തില്‍ കൊണ്ടുചെന്നെത്തിക്കുന്നു. സംസ്ഥാനത്തിന്റെ വികസനം മുടക്കുന്നതില്‍ ഏത് കമ്യൂണിസറ്റ് പാര്‍ട്ടിയാണ് മുമ്പിലെന്ന കാര്യത്തിലേ തര്‍ക്കമുള്ളൂ. എവിടെയും പാര്‍ട്ടി കൊടികുത്തി പിടിച്ചെടുക്കുന്ന സ്ഥിതിവിശേഷം പാടില്ലെന്ന തിരിച്ചറിവില്‍ മുഖ്യമന്ത്രി എത്തിയിട്ടുണ്ടെങ്കില്‍ അത് സ്വാഗതാര്‍ഹമാണ്. പക്ഷേ, ഇതില്‍ ആത്മാര്‍ത്ഥതയുണ്ടോ എന്ന് സംശയിക്കാതെ വയ്യ.
സിപിഐയുടെ നേതൃത്വത്തില്‍ നടന്ന സമരമായതിനാല്‍ നടപ്പു രാഷ്ട്രീയസാഹചര്യം മുതലെടുക്കാനല്ലേ ഇതെന്ന് സമൂഹം സംശയിച്ചാല്‍ തെറ്റുപറയാനാവില്ല. ‘കൊടിനാട്ടി പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ അനുവദിക്കില്ല. നിയമം കൈയിലെടുക്കാന്‍ ആരെയും അനുവദിക്കില്ല’ എന്ന് മുഖ്യമന്ത്രി പറയുമ്പോള്‍ ഇതിനൊക്കെ ഇടയാക്കിയതിന്റെ കുറ്റബോധം അദ്ദേഹത്തെ വേട്ടയാടുന്നുണ്ടാവാം. സിപിഐ ആയാലും സിപിഎം ആയാലും മനുഷ്യര്‍ക്കുവേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന നിലപാടാണ് സ്വീകരിക്കേണ്ടത്. എന്തും തല്ലിത്തകര്‍ത്ത് വിജയം കൊയ്യുകയെന്ന പ്രാകൃത നിലപാടില്‍നിന്ന് എന്തും സ്വാംശീകരിച്ച് മുന്നോട്ട് പോവുകയെന്ന മാനുഷികനിലപാടിലേക്കാണ് ഉണര്‍ന്നെഴുനേല്‍ക്കേണ്ടത്. അങ്ങനെയൊരു വികാരം ഉണര്‍ത്താന്‍ മുഖ്യമന്ത്രിയുടെ നിയമസഭയിലെ പരാമര്‍ശം ഇടവരുത്തിയാല്‍ അത് വലിയൊരുനേട്ടമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: