പെരുമ്പാവൂര്‍: വേങ്ങൂര്‍ തൂങ്ങാലിയില്‍ പ്രവര്‍ത്തിക്കുന്ന ക്രിസ്ത്യന്‍ മാനേജ്മെന്റ് സ്കൂളില്‍ മറ്റു സമുദായങ്ങളിലെ കുട്ടികളുടെ കയ്യില്‍ കഥാ പുസ്തകം എന്നപേരില്‍ ക്രിസ്തുമത പ്രചരണത്തിനുള്ള ലഖുലേഖകള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതായി പരാതി. ഇത്തരം പുസ്തകങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചില കുട്ടികള്‍ വീട്ടില്‍ കൊണ്ടുവന്നപ്പോഴാണ് മാതാപിതാക്കളുടെ ശ്രദ്ധയില്‍ പെട്ടത്. കുട്ടികള്‍ കര്‍ത്താവില്‍ അഭയം പ്രാപിച്ചാല്‍ എല്ലാ പാപങ്ങളും തീരും എന്നൊക്കെയാണ് ഈ പുസ്തകങ്ങളില്‍ പറയുന്നത്.
ജാക്ക് എന്ന രണ്ട് കുട്ടികള്‍ യേശുവിനെ പ്രാര്‍ത്ഥിച്ചപ്പോള്‍ സ്വര്ഗ്ഗരാജ്യത്തെത്തി, അതിനാല്‍ ഓരോരുത്തരും യേശുവിനെ ദൈവമായി പ്രാര്‍ത്ഥിക്കണം എന്ന രീതിയിലാണ് ഇതിലെ കഥകള്‍. പാലായില്‍ നിന്ന് കഴിഞ്ഞ ദിവസം ഈ സ്കൂളിലെത്തിയ ഒരു വൈദികനാണ് പുസ്തകം സ്കൂള്‍ അധികൃതര്‍ക്ക് നല്‍കിയത്. മദ്യത്തില്‍ നിന്നും, മയക്കു മരുന്നില്‍ നിന്നും, പ്രേമം, മറ്റ് ദുശ്ശീലങ്ങള്‍ എന്നിവയില്‍ നിന്നും മോചനം നേടാന്‍ കുട്ടികളെ സഹായിക്കുന്നു എന്ന് പറയുന്ന സ്റ്റുഡന്റ്സ് കൗണ്‍സിലിംഗ് ആന്റ് മോറല്‍ എഡൂക്കേഷന്‍ സൊസൈറ്റി എന്ന സ്ഥാപനത്തിന്റെ പേരിലാണ് പുസ്തക വിതരണം നടത്തിയിട്ടുള്ളത്. ചിത്രങ്ങള്‍ സഹിതമാണ് ഈ കഥാപുസ്തകം ഇറക്കിയിട്ടുള്ളതും. എന്നാല്‍ ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ പ്രതിഷേധവുമായി മാതാപിതാക്കളില്‍ ചിലര്‍ രംഗത്തെത്തി. സ്കൂള്‍ മാനെജ്മെന്റ് നിര്‍ദേശിക്കുന്ന മത ദൈവങ്ങളുടെ ബിംബങ്ങളെ ആരാധിക്കുവാന്‍ കുട്ടികളോട് പറയുന്നത് മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങള്‍ക്ക് സമമാണന്ന് രക്ഷകര്‍ത്താക്കള്‍ പറഞ്ഞു.
വിദ്യാലയങ്ങളിലൂടെ വര്‍ഗ്ഗീയത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നും ആവശ്യമുയരുന്നുണ്ട്. എന്നാല്‍ അബദ്ധത്തില്‍ സംഭവിച്ചു പോയതാണന്ന് സ്കൂള്‍ അധികൃതര്‍ അവസാനം സമ്മതിച്ചതായും രക്ഷിതാക്കള്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: