കളമശ്ശേരി: തീവ്രപരിചരണ വിഭാഗത്തില്‍ കിടത്തിയ നവജാത ശിശുവിന്റെ ശരീരത്തില്‍ ഉറുമ്പിനെ കണ്ടെത്തിയതില്‍ പ്രതിഷേധം ശക്തമായി. മാസം തികയാതെ ഓപ്പറേഷനിലൂടെ പുറത്തെടുത്ത എട്ട് ദിവസം പ്രായമുള്ള നവജാത ശിശുവിന്റെ ശരീരത്തിലാണ് ഉറുമ്പിനെ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് കളമശ്ശേരി ഗവ: മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിനെ ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ഉപരോധിച്ചു.
കുഞ്ഞിന്റെ മാതാപിതാക്കളും ബന്ധുക്കാരുമായി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ സംസാരിച്ചതിന്ശേഷം അന്വേഷിക്കാമെന്ന് ഇവര്‍ക്ക് ഉറപ്പ് നല്കി. ഓര്‍ത്തോ പീഡിയാട്രീഷ്, പീഡിയാട്രിക് വകുപ്പ് മേധാവികളേയും നഴ്സിങ്ങ് സൂപ്രണ്ടിനേയും അന്വേഷിക്കാന്‍ ചുമതലപ്പെടുത്തി. 26നകം അന്വേഷണറിപ്പോര്‍ട്ട് നല്കാന് നിര്‍ദ്ദേശം നല്കി. കുഞ്ഞിന്റെ അച്ഛന് കളമശ്ശേരി ചങ്ങമ്പുഴ നഗറില്‍ കണ്ണോത്ത് കെ.എ. അന്‍വര്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് പരാതി നല്കി.
മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയെത്തിയ അന്‍വറിന്റെ ഭാര്യ ഷാഹിദ, കഴിഞ്ഞ 11-ാം തീയതിയാണ് ഓപ്പറേഷനിലൂടെ മാസം തികയാത്ത പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. തുടര്‍ന്ന് ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം എന്‍ഐസിയുവില്‍ കിടത്തുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച കുട്ടിതെ കാണാന്‍ ഐസിയുവിലെത്തിയപ്പോഴാണ് കുട്ടിയുടെ മുഖത്തും തലയിലും ഉറുമ്പ് കൂടിയ നിലയില്‍ കാണപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: