എണ്‍പതുകളില്‍ നിരത്തുകള്‍ അടക്കിഭരിച്ചിരുന്ന ഇരുചക്ര രാജാക്കന്മാരെ തുരമ്പെടുത്തു പോകാതെ ചായംപൂശി കൊണ്ടുനടക്കുന്ന ഒരുകൂട്ടം ചെറുപ്പക്കാര്‍, അവര്‍ ചേര്‍ന്ന് തുടങ്ങിയ ഒരു കൂട്ടായ്മ ഇന്ന് കോട്ടയം പട്ടണത്തിലെ ഏറ്റവും വലിയ സ്കൂട്ടര്‍ കൂട്ടായ്മയായിരിക്കുകയാണ്. പഴയ സ്കൂട്ടറുകളോടുള്ള സ്നേഹം പങ്കുവയ്ക്കാനായി അഞ്ച് സുഹൃത്തുക്കള്‍ ചേര്ന്നാരംഭിച്ചതായിരുന്നു കോട്ടയം ക്ലാസിക് സ്കൂട്ടര്‍ ക്ലബ്ബ്.
ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ സ്കൂട്ടറുകളുടെ നീണ്ടനിരയാണ് ഇവരുടെ ഒപ്പം ചേര്‍ന്നിരിക്കുന്നത്. വിന്‍ഡേജ്, ക്ലാസിക്ക് സ്കൂട്ടറുകളുടെ ഒരു നീണ്ട നിര…! രവിശങ്കര്‍, ജഗന്, ബിലാല്‍, അഖില്‍, വിഷ്ണു എന്നിവര്‍ ചേര്‍ന്ന് 2016 ല്‍ ക്ലബ്ബ് ആരംഭിച്ചപ്പോള്‍ അവരോര്‍ത്തില്ല ഇത്രക്ക് ‘പഴമക്കാര്‍’ കോട്ടയത്തുണ്ടാവുമെന്ന്.
അവര്‍ തങ്ങളുടെ കൈവശമുണ്ടായിരുന്ന പഴഞ്ചന്‍ വണ്ടികളെ സുന്ദരക്കുട്ടപ്പന്മാരാക്കാന് തുടങ്ങിയപ്പോള്‍ തോന്നിയ ആശയമായിരുന്നു ഒരു ഒത്തുചേരല്‍. ക്ലാസിക് കുടുംബത്തിലെ അംഗങ്ങളെ കാണാനും സൗഹൃദം പങ്കുവയ്ക്കാനുമായി അവരൊന്നിച്ചു കൂടി. ഒന്നല്ല പലതവണ. അങ്ങനെ സോഷ്യല്‍മീഡിയയില്‍ ഒരു ഗ്രൂപ്പാരംഭിച്ചു. ഇന്ന് അയ്യായിരത്തിലധികം അംഗങ്ങളുള്ള കുടുംബമാണ് ഈ ക്ലാസിക് സ്കൂട്ടര്‍ ക്ലബ്ബ്. എല്ലാ ആഴ്ചാവസാനവും ഇവര്‍ ഒന്നിച്ചു കൂടുന്നു. സൗഹൃദം പങ്കുവയ്ക്കുന്നു. പുതിയ വണ്ടിക്കഥകള്‍ പറയുന്നു…
പലരുടേയും വീടുകളില്‍ ഒതുക്കി വച്ചിരുന്ന വണ്ടികളെല്ലാം പുതിയ രൂപത്തിലും മോഡലിലും അണിയിച്ചൊരുക്കി നിരത്തിലിറക്കി. വര്‍ഷങ്ങള്‍ കടന്നുപോയതിനാല്‍ സ്പെയര്‍പാട്സിനായി കടകള്‍ തോറും അലയേണ്ടിവന്നവരുടെ സാഹസിക കഥകളും കേള്‍ക്കാം. ചെറുപ്പക്കാര്‍ മാത്രമല്ല മുതിര്‍ന്ന വരും ഇവരുടെ സംഘത്തിലുണ്ട്. പഴമയെയും 2സ്ട്രോക്ക് വാഹനങ്ങളെയും സംരക്ഷിക്കണമെന്നാണ് ഈ യുവാക്കളുടെ ആവശ്യം.
വെറുതെയൊരു ഒത്തുചേരല്‍ മാത്രമല്ല കേട്ടോ! കഴിഞ്ഞ വര്‍ഷം പ്ലാസ്റ്റിക്കിനെതിരെ ബോധവത്കരണത്തിനായി ഒരു സ്കൂട്ടര്‍ പട തന്നെ ഇറങ്ങി, പ്ലാസ്റ്റിക് മാലിന്യത്താല്‍ പൊറുതിമുട്ടുന്ന ആലപ്പുഴയ്ക്കുവേണ്ടി. കഴിയുംവിധം പ്ലാസ്റ്റിക് കുപ്പികള്‍ എടുത്തുമാറ്റി ഭംഗിയാക്കി. ഒരുയാത്രയിലും ഹെല്‍മറ്റ് ഒഴിവാക്കാറില്ല, ഹെല്‍മറ്റില്ലാത്ത യാത്രയെ പ്രോത്സാഹിപ്പിക്കാറുമില്ല.
ഇന്ന് ഓട്ടോ എക്സ്പോകളിലെ നിത്യസാന്നിധ്യമാണ് ഇക്കൂട്ടര്‍. ചേതക്കും വെസ്പയും ലാമ്പിയും കണ്ടിട്ടുപോലുമില്ലാത്ത പുതുതലമുറയുടെ മുന്നിലൂടെ ഇവര്‍ ചീറിപ്പായുന്നു. ‘പുകതുപ്പി’യെന്ന ചീത്തപ്പേരുണ്ടായിട്ടും യുവമനസ്സുകീഴടക്കിയ 2സ്ട്രോക്ക് സ്കൂട്ടറുകളുമായി. ഹാര്ളിക്കും പുതുതലമുറ ഇരുചക്രവാഹനങ്ങള്‍ക്കും മുന്നില്‍ ഇന്നും ഈ പഴമക്കാര്‍ തന്നെ രാജാക്കന്മാര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: