പറവൂര്‍: കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന വ്യാജ സന്ദേശം സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച ഓട്ടോ ഡ്രൈവറും സുഹൃത്തും അറസ്റ്റില്‍. വെടിമറ സ്റ്റാന്റില്‍ ഓട്ടോറിക്ഷ ഡ്രൈവറായ വെടിമറ കാഞ്ഞിരപ്പറമ്പില്‍ അബൂബക്കര്‍ (45) സുഹൃത്ത് മന്നം ജാറപ്പടി തോപ്പില്‍ പറമ്പില്‍ ഷിബു (34) എന്നിവരെയാണ് പറവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
പറവൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നെന്നും രക്ഷപ്പെടുത്തിയ കുട്ടിയും ബന്ധുക്കളും പറവൂര്‍ പോലീസ് സ്റ്റേഷനിലുണ്ടെന്നും ഇന്നലെ ഉച്ചയോടെയാണ് സോഷ്യല്‍ മീഡിയ വഴി പ്രചാരണം ഉണ്ടായത്. നിരവധി പേര് സ്റ്റേഷനില്‍ ഇതുസംബന്ധിച്ച് അന്വേഷിച്ചപ്പോഴാണ് പോലീസ് വിവരം അറിയുന്നത്. വ്യാജ പ്രചാരണം നടത്തിയ ഫോണ്‍ നമ്പര്‍ കണ്ടെത്തി ഷിബുവിനെ കസ്റ്റഡിയിലെടുത്തു. അബുബക്കര്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് വിവരം പ്രചരിപ്പിച്ചതെന്ന് ഷിബു പോലീസിനോട് പറഞ്ഞു. അബുബക്കറെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോള്‍ ഇന്നലെ രാവിലെ ജാറപ്പിടിക്കു സമീപത്തുള്ള ഇടറോഡില്‍ വെച്ച് ബൈക്ക് ഓട്ടോറിക്ഷയില്‍ ഇടിച്ചെന്നും ബൈക്കിലുണ്ടായിരുന്ന ആളുടെ ജാക്കറ്റിന്റെ ഇടയില്‍ നിന്നും കുട്ടി റോഡില്‍ തെറിച്ചു വീണു. പുറകേ ഓടിവന്ന ബന്ധുക്കള്‍ കുട്ടിയെ രക്ഷിച്ച് വീട്ടിലേയ്ക്ക് മടങ്ങിയെന്നും അബുബക്കര്‍ പറഞ്ഞു.
പോലീസ് കൂടുതല്‍ അന്വേഷണം നടത്തിയപ്പോള്‍ ഇങ്ങിനെയൊരു സംഭവം നടന്നതായി സമീപവാസികള്‍ക്ക് അറിയില്ലെന്നു കണ്ടതിനെ തുടര്‍ന്ന് വീണ്ടും അബൂബക്കറെ ചോദ്യം ചെയ്തു. ജനങ്ങളെ ഭീതിപ്പെടുത്താന്‍ പറഞ്ഞു പരത്തിയതാണെന്ന് അബൂബക്കര്‍ സമ്മതിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ ഡിജിപിയുടെ നിര്‍ദ്ദേശ പ്രകാരം വ്യാജ പ്രചാരണം നടത്തിയതിനെ രണ്ടു പേരെയും പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഷിബുവിന്റെ ഫോണ്‍ പോലീസ് പരിശോധിച്ചു വരികയാണ്. ഇവര്‍ ഇതിനു മുമ്പും ഇത്തരം വ്യാജ പ്രചരണം നടത്തിയിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: