കളമശ്ശേരി: കുസാറ്റിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 25 വിദ്യാര്‍ത്ഥികളെ കളമശ്ശേരി പോലീസ് അറസ്റ്റു ചെയ്തു. ഇന്നലെ വെളുപ്പിനെവരെ നീണ്ട സംഘര്‍ഷത്തിനിടെ കളമശ്ശേരി എസ്ഐ അടക്കം 6 പോലീസുകാര്‍ക്കും 6 വിദ്യാര്‍ത്ഥികള്‍ക്കും പരിക്ക്
ഇന്നലെ വൈകിട്ട് ഇരു സംഘങ്ങള്‍ തമ്മില്‍ കൈയേറ്റം നടന്നതാണ് സംഭവപരമ്പരകളുടെ തുടക്കം. തുടര്‍ന്ന് രാത്രി 8.30 ന് കൊച്ചി സര്‍വ്വകലാശാലയിലെ എസ്എഫ്ഐയുടെ നിയന്ത്രണത്തിലുള്ള യൂണിയന് ഓഫീസ് ഒരു സംഘം വിദ്യാര്‍ത്ഥികള്‍ അടിച്ചു തകര്‍ത്തു. ജില്ലാ കമ്മിറ്റിയംഗം ടി.പി. ജിബിന്‍, യൂണിറ്റ് സെക്രട്ടറി ഗുഫ്രാന് എന്നിവര്‍ എറണാകുളം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. ദേഹമാസകലം ഇരുവര്‍ക്കും പരുക്കുണ്ട്. ഇതിന് മറുപടിയായി തുടര്‍ച്ചയായി ഇരു സംഘങ്ങളും പുലര്‍ച്ചെവരെ ആക്രമണം നടത്തി. ഹോസ്റ്റലിലേക്കും സംഘര്‍ഷം വ്യാപിച്ചു. ഇത് തടയാനായി പരിസരത്ത് എത്തിയപ്പോഴാണ് പോലീസിന് നേരെയും ആക്രമണം എസ്എഫ്ഐ പ്രവര്‍ത്തകര്‍ അഴിച്ചുവിട്ടത്.
രാത്രി 11.30 ന് ബിടെക് ഹോസ്റ്റലില്‍ ഇരു സംഘങ്ങള്‍ ഏറ്റുമുട്ടുന്നതിനിടയിലാണ് ബിയര്‍ കുപ്പിയേറുകൊണ്ട് കളമശേരി എസ്ഐ പ്രശാന്ത് ക്ലിന്റ് അടക്കം 6 പോലീസുകാര്‍ക്ക് പരിക്കേറ്റത്. സംഘര്‍ഷങ്ങള്‍ തുടര്‍ന്നാല്‍ സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റിവയ്ക്കാനും അധികൃതര്‍ നിര്‍ബന്ധിതരാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: