കൊച്ചി: ചികിത്സയ്ക്കെത്തിയ വയോധിക ദമ്പതികളെ കബളിപ്പിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ന്നു. സേലത്തുനിന്നും കൊച്ചിയില്‍ ചികിത്സയ്ക്കെത്തിയ അന്തോണി-മേരി എന്നിവരെ കബളിപ്പിച്ചാണ് 15,000 രൂപയും മൊബൈല്‍ ഫോണും ചികിത്സാ രേഖകളും കവര്‍ന്നത്.
പാതിതളര്‍ന്ന ഭാര്യയെ എംജി റോഡിലുള്ള ആയുര്‍വേദ ക്ലിനിക്കില്‍ ചികിത്സയ്ക്ക് കൊണ്ടുവന്നതാണ് അന്തോണി. ഇന്നലെ രാവിലെ ആറിനാണ് എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. ഭാര്യയെ റെയില്‍വേ പ്ളാറ്റ് ഫോമിലിരുത്തിയശേഷം പുറത്തിറങ്ങി ഒരാളോട് ആശുപത്രിയിലേയ്ക്കുള്ള വഴി അന്വേഷിച്ചു.
അന്തോണിയേയും കൂട്ടി ഓട്ടോറിക്ഷയില്‍ ആശുപത്രിയിലെത്തിയ ഇയാള്‍ ഒപി ടിക്കറ്റ് എടുത്തുതരാമെന്നും ഫോണ്‍ ചാര്‍ജ്ജ് ചെയ്യാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചശേഷം ആശുപത്രിയിലേക്ക് പോയി. എന്നാല്‍ കുറെസമയം കാത്തുനിന്നിട്ടും കാണാതായപ്പോഴാണ് ചതി മനസിലായത്. കൃഷി ചെയ്ത് സമ്പാദിച്ച രൂപയാണ് നഷ്ടമായത്. എറണാകുളം സെന്‍ട്രല്‍ പോലീസില്‍ പരാതി നല്കി. റെയില്‍വേ സ്റ്റേഷനിലെ പോര്‍ട്ടര്‍മാര്‍ ഇരുവര്‍ക്കും ഭക്ഷണവും തിരിച്ച് നാട്ടിലേയ്ക്കുള്ള ടിക്കറ്റും എടുത്ത് നല്കി.
ഒരുവര്‍ഷം മുമ്പ് വീടിന്റെ ടെറസില്‍ നിന്ന് കാല്‍വഴുതിവീണ് ഗുരുതരമായി പരിക്കേറ്റ മേരിയെ നിരവധി ചികിത്സയ്ക്ക് വിധേയയാക്കിയെങ്കിലും പാതിതളര്‍ന്ന അവസ്ഥയിലാണ്. അയല്‍വാസി പറഞ്ഞതനുസരിച്ചാണ് ചികിത്സയ്ക്കായി ഭാര്യയുമൊത്ത് അന്തോണി കൊച്ചിയിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: