മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തിലെ മുളവൂര്‍, പെരുമറ്റം, നഗരസഭയിലെ കടവുംപാലം എന്നിവിടങ്ങളില്‍ കുട്ടികളെ തട്ടികൊണ്ടുപോയെന്ന പരാതിയില്‍ സിഐ സി. ജയകുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി. സംഭവം നടന്ന സ്ഥലങ്ങളില്‍ പോലീസിന്റെ നേതൃത്വത്തില്‍ പരിശോധനയും സമീപവാസികളില്‍നിന്ന് തെളിവുകളും ശേഖരിച്ചുതുടങ്ങി.
അടുത്തദിവസങ്ങളില്‍ മൂവാറ്റുപുഴ നഗരത്തിലും സമീപപ്രദേശങ്ങളിലും വാതിലുകളില്‍ കറുത്ത സ്റ്റിക്കര്‍ പതിച്ച സംഭവങ്ങള്‍ ഇതുമായി ബന്ധപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കും. തട്ടികൊണ്ടുപോകല്‍ പ്രചരണം വ്യാപകമായതോടെ ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നതാരെന്നും ഉദ്ദേശ്യമെന്തെന്നും അന്വേഷണം നടക്കുന്നുണ്ട്.
മിഷന് കെയറിന്റെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. കുട്ടികളുടെ സംരക്ഷണം ഉറപ്പ് വരുത്തുക, കുടുംബങ്ങളുടെ ഭീതി അകറ്റുക, അധികാരികളുടെ അവഗണന അവസാനിപ്പിക്കുക എന്നി ആവശ്യങ്ങളുന്നയിച്ചായിരുന്നു പരിപാടി. മൊബൈല്‍ ലൈറ്റ് തെളിയിച്ചും മെഴുകുതിരി കത്തിച്ചുമായിരുന്നു പ്രതിഷേധം. മൂവാറ്റുപുഴപാലത്തില് കണ്‍വീനര്‍മാരായ മുഹമ്മദ് റാഫി പൂക്കടശ്ശേരി, സാദീഖ് അലി എന്നിവരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജ്വാലയില്‍ നൂറ്കണക്കിന് ആളുകള്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: