മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ വീണ്ടും കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. അമ്മയ്ക്കൊപ്പം നഴ്സറിയിലേക്ക് പോകുകയായിരുന്ന നാല് വയസുകാരനെയാണ് തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചത്. നഗരസഭ അഞ്ചാംവാര്‍ഡിലെ കടവുംപാട് റോഡില്‍ ഇന്നലെ രാവിലെ 10 ഓടെയാണ് സംഭവം.
കടവുംപാട് പൈനായില്‍ അഷറഫിന്റെ മകന് അബി(4)നെയാണ് തട്ടിയെടുക്കാന്‍ ശ്രമിച്ചത്. അമ്മ അജ്നുവിനൊപ്പം നഴ്സറിയിലേക്ക് പോകുകയായിരുന്നു കുട്ടി. ആസാദ് റോഡ് ഭാഗത്തുനിന്നും എത്തിയ കാര്‍ ഇവരുടെ മുന്നില്‍ നിറുത്തി. തുടര്‍ന്ന് കാറിലുണ്ടായിരുന്നവര്‍, കുട്ടിയോട് കാറില്‍ കയറാന്‍ ആവശ്യപ്പെട്ടു. ഭയന്നുപോയ കുട്ടിയും അമ്മയും സ്തബ്ധരായി നില്‍ക്കുന്നതിനിടെ പെട്ടന്ന് വാതില്‍ തുറന്ന് ഒരാള്‍ പുറത്തിറങ്ങി കുട്ടിയെ എടുക്കാനായി ശ്രമിച്ചു. ഇതോടെ കുട്ടിയേയും എടുത്ത് അജ്നു അടുത്തുള്ള വീട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. കറുത്ത നിറത്തിലുള്ളതായിരുന്നു കാര്‍. സംഭവം അറിഞ്ഞ് മൂവാറ്റുപുഴ പോലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
പെരുമറ്റത്തും മുറവൂരിലും കഴിഞ്ഞദിവസം കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നിരുന്നു. കുട്ടികളെ തട്ടികൊണ്ട് പോകുന്ന അജ്ഞാത സംഘത്തെ പിടികൂടാന്‍ നടപടി വേണമെന്നാവശ്യപ്പെട്ട് എല്‍ദോ എബ്രഹാം എംഎല്‍എ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്കി. മൂന്നോളം സംഭവങ്ങളാണ് മൂവാറ്റുപുഴയിലരങ്ങേറിയത്. ഇക്കാര്യത്തില്‍ പ്രത്യേക പോലീസ് സംഘത്തെ അന്വേഷണം ഏല്‍പ്പിക്കണമെന്നും രക്ഷിതാക്കളുടേയും കുട്ടികളുടേയും സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: