പാരമ്പര്യ വൈദ്യകുടുംബത്തിലെ പിന്തുടര്ച്ചക്കാരന് എന്ന നിലയില്‍ ലഭിച്ചതും നിരന്തരമായ അന്വേഷണം, ഗവേഷണം എന്നിവയിലൂടെയും കണ്ടെത്തിയ അറിവുകളും പ്രകൃതി കനിഞ്ഞുനല്കിയ അമൂല്യ ഔഷധ സസ്യങ്ങളും അടങ്ങുന്ന ജൈവസമൃദ്ധിയുടെ നന്മകള് വരുംതലമുറയ്ക്ക് പകര്‍ന്നു നല്‍കുകയും വരുംകാലങ്ങളിലേക്ക് കരുതിവെയ്ക്കുകയുമാണ് കരുനാഗപ്പള്ളി നമ്പരുവികാല കാക്കാന്റയ്യത്ത് കെ.നരേന്ദ്രന്.
പേരെടുത്ത വൈദ്യന്മാരായിരുന്ന മാവേലിക്കര കാവുള്ളതില്‍ പപ്പുവൈദ്യരുടേയും കായംകുളത്തെ രാഘവന് വൈദ്യരുടേയും പൊന്തത്തറയില്‍ മാധവന് വൈദ്യരുടേയും പിന്മുറക്കാരനാണ് നരേന്ദ്രന്. പാരമ്പര്യവൈദ്യത്തിലും ഔഷധ സസ്യപരിപാലനത്തിലും ചെറുപ്പം മുതലേ ഇദ്ദേഹം തല്പരനായിരുന്നു.
അഞ്ചു പതിറ്റാണ്ടിന്റെ കഠിനാധ്വാനവും നിരന്തരയാത്രകളും കൊണ്ട് മണ്മറഞ്ഞതും, അത്യപൂര്‍വങ്ങളുമായ ആയിരത്തിലധികം സസ്യങ്ങളുടെ സാമ്രാജ്യമാണ് വീടിനോടുചേര്‍ന്നുള്ള അന്‍പത് സെന്റില്‍ ഇദ്ദേഹം കെട്ടിപ്പടുത്തിട്ടുള്ളത്. പുല്കൃഷിയിലാണ് തുടക്കം. പുല്ലുവളര്‍ത്തലില്‍ മൂന്നാറില്‍ നിന്നും പരിശീലനം നേടി. വിവിധതരം പുല്ലുകള്‍ ശാസ്ത്രീയമായി വീട്ടുവളപ്പില്‍ നട്ടുവളര്‍ത്തി. സ്വിറ്റ്സ്വര്‍ലന്റ് സര്‍ക്കാരിന്റെ ‘ഗ്രാസ്കിങ്’ പുരസ്കാരം ലഭിച്ചു. കൃഷിയും പശുപരിപാലനവും ഉള്‍പ്പെടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച നരേന്ദ്രന് അവിടെ എല്ലാം ബഹുമതികളും അംഗീകരങ്ങളും തേടിയെത്തിയ ചരിത്രമാണുള്ളത്. തുടര്‍ന്ന് ഔഷധസസ്യ സംരക്ഷണമാണ് തന്റെ മേഖലയെന്നു തിരിച്ചറിഞ്ഞ് ആ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
പ്രമേഹ ശമനത്തിനുള്ള പൊന്‍കുരണ്ടി, നേത്രചികിത്സയ്ക്കുള്ള ഒരിലത്താമര, വന്ധ്യതയ്ക്കുള്ള പുത്രാന്ജീവ, കുഷ്ഠത്തിനും സോറിയാസിസിനുമുള്ള ദന്തപ്പാല, വാതത്തിനുള്ള കല്ലുവാഴ, മൂത്രാശയരോഗങ്ങള്‍ക്കുള്ള കല്ലൂര്‍വഞ്ചി, കഫ-പിത്തരോഗങ്ങള്ക്കുള്ള ഒരുകാല്‍ഞൊണ്ടി, ഉറക്കക്കുറവിനുള്ള ജടാമാഞ്ചി, കൂടാതെ അഞ്ചിനം ചങ്ങലംപരണ്ട, ആറിനം തിപ്പലി, 24 ഇനം കറ്റാര്‍വാഴ, വിവിധയിനം കുറിഞ്ഞി, ചിലന്തിപ്പച്ച, സോമലത, ഗുല്ഗുലു, ചെറുകടലാടി, ഇടംപിരി വലംപിരി, നാഗവയമ്പ്, കര്‍പ്പൂരം, ചമത, കമ്പിപ്പാല തുടങ്ങി നിരവധി ഔഷധച്ചെടികളും ഔഷധ സംയുക്തങ്ങളായ നാല്പ്പാമരം, ഷഡ്ഫലം, പഞ്ചസുഗന്ധം, ത്രിഫല, പത്തില, ദശമൂലം, പഞ്ചാമ്ലം, ജന്മനക്ഷത്രവൃക്ഷങ്ങള്‍ എന്നിവയും ഈ വീട്ടുവളപ്പിലുണ്ട്.
കഫ ചികിത്സയ്ക്കുള്ള നീല്‍ഗിരി യൂക്കാലി, വെള്ളപ്പാണ്ടിനുള്ള ചെറുതേക്ക്, ത്വക്ക് രോഗങ്ങള്‍ക്കുള്ള രക്തചന്ദനം തുടങ്ങി, കാട്ടടയ്ക്ക, കുന്തിരിക്കം, കുമ്പിള്, വേങ്ങ, മരോട്ടി, ഞാവല്‍, അശോകം, നാഗപ്പൂ, ചെറുപുന്ന, ചതുരക്കള്ളി, അണലി വേഗം, വള്ളി പോലെ വളരുന്ന മുള, ലാത്തിമുള, ക്ഷണനേരം കൊണ്ട് മുറിവു കരിക്കുന അല്ലം, ഇന്‍സുലിന്‍ എടുക്കുന്ന മണിമരുന്ന്, കൊതുകിനെ വിറപ്പിക്കുന്ന കൊതുകുവിരട്ടി, വെരിക്കോസ്വെയിനിനുള്ള ഞരമ്പോടല്‍, ആനമയക്കി, വിഷചികിത്സയ്ക്കുള്ള ഗരുഡപ്പച്ച, ഒടിഞ്ഞ അസ്ഥികളെ സംയോജിപ്പിക്കുന്ന എല്ലാടിയന്, ഫെവിക്കോള്മരം, കോളാമരം, പുരാണങ്ങളില്‍ കേട്ടിട്ടുള്ള ശിംശിപാവൃക്ഷം, മരവുരി, കമണ്ഡലു, രുദ്രാക്ഷം, മൃതസഞ്ജീവനി.. തുടങ്ങി നിരവധി മണ്മറഞ്ഞതും അല്ലാത്തതുമായ ഔഷധസസ്യങ്ങളുടെ വനമാണിവിടെ കാണാന്‍ കഴിയുന്നത്.
കേരളത്തിലും ഇതരസംസ്ഥാനങ്ങളിലും കാടുകളിലും മലമുകളിലും നടത്തിയ നിരന്തര സഞ്ചാരത്തിന്റെയും പര്യവേഷണത്തിന്റേയും ഫലമായിട്ടാണ് വിലമതിക്കാനാകാത്ത ജൈവസമ്പത്ത് നരേന്ദ്രന് തന്റെ വീട്ടുവളപ്പില്‍ നട്ടുവളര്‍ത്താന്‍ സാധിച്ചത്. ഇതുകൂടാതെ ആസ്ത്മ ചികിത്സയ്ക്കുപയോഗിക്കുന്ന കൃഷ്ണവാല്, ക്ഷയത്തിനുള്ള ഇരട്ടക്കരിമീന്, കാഞ്ഞിരോട്ടുകാലി, വാകവരാല്‍ തുടങ്ങിയ അപൂര്‍വ്വ ഔഷധ മത്സ്യങ്ങളെയും ഇദ്ദേഹം വളര്‍ത്തുന്നുണ്ട്.
ഇവിടെ ഉള്ള ഓരോ സസ്യത്തിന്റെ പേരും അവയുടെ ശാസ്ത്രീയ നാമവും അതിന്റെ പ്രത്യേകതകളും ഉപയോഗവും ബോര്‍ഡുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വിദേശികളും സ്വദേശികളും ആയുര്‍വേദ വിദ്യാര്‍ത്ഥികളും ഗവേഷകരും ഔഷധ നിര്‍മ്മാതാക്കളും കൃഷി, വനംവകുപ്പ് ഉദ്യോഗസ്ഥരും ഇദ്ദേഹത്തിന്റെ ഉപദേശം തേടി എത്താറുണ്ട്.
അപൂര്‍വ്വ ഇനം ഔഷധ സസ്യങ്ങളുടെ സംരക്ഷകനെ തേടിയെത്തിയത് നിരവധി പുരസ്കാരങ്ങളാണ്. കേന്ദ്രസര്‍ക്കാരിന്റെ 2016 ലെ പിപിവി ആന്‍ഡ് എഫ്ആര്‍ അതോറിറ്റി (പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്റ് വെറെറ്റീസ് ആന്‍ഡ് ഫാര്‍മേഴ്സ് റൈറ്റ്സ് അതോറിറ്റി) അവാര്‍ഡ് നരേന്ദ്രനാണ് ലഭിച്ചത്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന പുരസ്കാരം കേന്ദ്രകൃഷി-കര്‍ഷകക്ഷേമ വകുപ്പു മന്ത്രി രാധാ മോഹന്‍ സിങ് ന്യൂദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ അദ്ദേഹത്തിന് സമ്മാനിച്ചു. 2014-15ലെ കേരള വനംവകുപ്പിന്റെ പ്രകൃതി മിത്ര അവാര്‍ഡ്, 2000 ലെ വൃക്ഷമിത്ര അവാര്‍ഡ്, കര്‍ഷക രത്നം അവാര്‍ഡ്, കേരള സംസ്ഥാന ജൈവ വൈവിധ്യബോര്‍ഡിന്റെ ഹരിതം പുരസ്ക്കാരം, കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ കല്‍പ്പകം പുരസ്കാരം, ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്റെ പുരസ്കാരം തുടങ്ങിയവയും ഈ 72 കാരനെ തേടി എത്തി. 2002 ല്‍ വനം വകുപ്പിന്റെ ദക്ഷിണമേഖലയിലെ ഏറ്റവും മികച്ച ഔഷധത്തോട്ടമായും ഈ തോട്ടം തിരഞ്ഞെടുക്കപ്പെട്ടു.
ധാരാളം പേരാണ് നരേന്ദ്രന്റ തോട്ടം കാണാന്‍ എത്താറുള്ളത്. അവര്‍ക്ക് ഒപ്പം ചെടികളെപ്പറ്റി പറഞ്ഞും പഠിപ്പിച്ചും മണിക്കൂറുകള്‍ ചെലവിടാനും ഇദ്ദേഹത്തിന് മടിയില്ല. പ്രകൃതി കനിഞ്ഞുനല്കിയ ഈ അമൂല്യനിധികള്‍ സംരക്ഷിക്കപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന തിരിച്ചറിവ് വരുംതലമുറയ്ക്കും ഉണ്ടാകണമെന്നാണ് ഇദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന. അച്ഛന്റെ ആഗ്രഹപൂര്‍ത്തീകരണത്തിന് പൂര്‍ണ പിന്തുണ നല്കി അരുണ്‍ ബേബിയും ബാബു ബേബിയും നരേന്ദ്രനെ സഹായിക്കുന്നു. ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിച്ച ഭാര്യ തങ്കച്ചിയും പിന്തുണയുമായി ഒപ്പമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: