ചാലക്കുടി: ഉത്സവത്തിന്റെ ആറാട്ടിനായി പോകുന്നതിനിടെ ആംബുലന്‍സിന്റെ ശബ്ദം കേട്ട് ആന ഇടഞ്ഞോടിയത് പരിഭ്രാന്തി പരത്തി. ആനപ്പുറത്തു നിന്നും വീണ ശാന്തിക്കാരന് പരിക്കുകളോടെ രക്ഷപ്പെട്ടു. പാലിശ്ശേരി അമ്പലശ്ശേരി വീട്ടില്‍ വിജിഷ് (29)നാണ് പരിക്കേറ്റത്. ഇയാളെ സെന്റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാവേലിക്കര ശ്രീകണ്ഠന് എന്ന ആനയാണ് ഇടഞ്ഞ് ഓടി പരിഭ്രാന്തി പരത്തിയത്.
ദേശീയ പാതയില്‍ പോട്ട സിഗ്നിലിന് സമീപത്ത് ഇന്നലെ രാവിലെ ഒന്‍പതരയോടെ ആനിയിടഞ്ഞത്. വി.ആര്.പുരം ശാസ്താംകുന്ന് ശ്രീ ധര്‍മ്മ ശാസ്ത ക്ഷേത്രത്തിലെ മഹോത്സവത്തിന് സമാപനം കുറിച്ചുള്ള ആറാട്ടിനായി ചാലക്കുടി പുഴയിലെ ആറങ്ങാലി കടവിലേക്ക് പോകുന്നതിനിടയിലാണ് സംഭവം. സമീപത്തുകൂടി സൈറണ്‍ മുഴക്കികടന്നുപോയ ആംബുലന്‍സിന്റെ ശബ്ദംകേട്ട് പേടിച്ച ആന സമീപത്തെ പാടത്തേയ്ക്ക് ഇറങ്ങിയോടുകയായിരുന്നു. തിടമ്പുമായി പുറത്തിരുന്ന ശാന്തി ആനയുടെ ഓട്ടത്തിനിടയിലാണ് താഴെ വീണത്.
പാടത്തേക്ക് ഓടിയിറങ്ങിയ ആന ഏകദേശം അര കിലോമീറ്ററിലധികം ദൂരം ഓടി. ഇടഞ്ഞോടിയ ആന വി.ആര്.പുരം പറമ്പിക്കാട്ടില്‍ വാസുവിന്റെ വീട്ടുമുറ്റത്തെ സ്കൂട്ടര്‍ തട്ടിത്തെറിപ്പിച്ചു. മുറ്റത്തെ മരങ്ങള്‍ പറിച്ചെറിയുകയും ചെയ്തു. എന്നാല്‍ വീടിന്റെ പുമുഖത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടുകുട്ടികളെ ഉപദ്രവിക്കാതെ ആന മറ്റൊരു ഭാഗത്തേയ്ക്ക് പോയി. ഇതിനിടെ പിന്നാലെ ഉണ്ടായിരുന്ന പാപ്പാന്മാര് കൂച്ചുവിലങ്ങിട്ട് ഇതിനെ തളച്ച് ആനയെ സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. ചാലക്കുടി പോലീസും വനപാലകരും സ്ഥലത്തെത്തി. താഴെ വീണ ദേവന്റെ തിടമ്പ് ശുദ്ധി വരുത്തിയ ശേഷം പിന്നീട് ആനയില്ലാതെ ആറാട്ടും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: